ശനിയാഴ്‌ച, ഓഗസ്റ്റ് 23, 2014

മദ്യവും മലയാളിയും.

 

കഴിഞ്ഞ കുറച്ചു മാസമായി നാട്ടിലായിരുന്നു. അറുപതു വയസ്സു കഴിഞ്ഞെങ്കിലും ഒരു മുപ്പതു വയസ്സിന്‍റെ ചുറുചുറുക്കോടെ ഓടിനടന്നിരുന്ന ഒരു സ്ത്രീയായിരുന്നു ഞങ്ങളുടെയെല്ലാം വീട്ടില്‍ (എന്റെയും ചേച്ചിമാരുടെയും. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്കിടയില്‍ സ്വകാര്യങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല) സഹായത്തിനുണ്ടായിരുന്നത്. നന്നായി പാട്ടുപാടും. എഴുതാനറിയുമായിരുന്നെങ്കില്‍ സ്വന്തം കഥമാത്രം മതി ഒരു പുസ്തകമാക്കാനെന്നിടക്കിടെ നെടുവീര്‍പ്പുതിര്‍ക്കും. ഓരോരുത്തരും ഉചിതം പോലെ അവരെ അമ്മ, അമ്മായി, ചേച്ചി, എന്നിങ്ങിനെ പേരോട് ചേര്‍ത്തു വിളിക്കുന്നു. ഒന്നൊന്നര മണിക്കൂര്‍ വീട്ടിലുണ്ടാകുമായിരുന്ന അവര്‍ അരമണിക്കൂര്‍ കൊണ്ട് ജോലിയെല്ലാം തീര്‍ക്കും.. ബാക്കിയുള്ള ഒരു മണിക്കൂര്‍ കഥപറയാനാണ്. സ്വന്തം കഥ. അതില്‍ പഴയ കാല ജീവിതം മുതല്‍ അന്ന് അവരുടെ വീട്ടില്‍ വെച്ച കൂട്ടാന്‍റെ എരുവും പുളിയും വരെ വിസ്തരിക്കും. 

കഥ കേള്‍ക്കാനിരുന്നു കൊടുത്തില്ലെങ്കില്‍ ഭയങ്കര സങ്കടവും ദ്വേഷ്യവുമാണ്. കഥയില്‍ അവരുടെ മരിച്ചുപോയ ഭര്‍ത്താവിന്‍റെ  ക്രൂരത ഭയം തോന്നിച്ചു. ഇപ്പൊഴുള്ള ഭര്‍ത്താവിനോടുള്ള പ്രണയം കണ്ട് ഞങ്ങള്‍ അന്തം വിട്ടു. (നിയമപരമല്ല. വെറും ഒരു ലിവിന്‍ റിലേഷന്‍ മാത്രം) പഴയ ഭര്‍ത്താവിലുള്ള മക
ന്‍റെ ഉത്തരവാദിത്വമില്ലായ്മയില്‍ സങ്കടം തോന്നി. മകളുടെയും പേരക്കുട്ടികളുടെയും പെരുമാറ്റം അസഹ്യമായിത്തോന്നി. ഇനിയുമൊരുപാട് കഥപാത്രങ്ങളുണ്ട് പറയാന്‍. പക്ഷെ കഥയതല്ല.

മുന്‍പുണ്ടായിരുന്ന ശാന്തിയുടെയും,ദേവിയുടെയും, കഥകൊണ്ടു നിറച്ച ദേവൂട്ടിയുടെയും പോലെ തന്നെ ഇവരും കഥകളുടെ ഭണ്ഡാരമായിരുന്നു.

ശാന്തിയുടെ കാര്യം രസമായിരുന്നു. ഓരോ ദിവസവും രാവിലെ ഓരോ ഭാഗങ്ങളായി ശരീരത്തില്‍ മുഴച്ചിരിക്കും. പൊട്ടുകളും പോറലുകളുംകൊണ്ട് ചുകന്നിരിക്കും. നിനക്ക് പോലീസില്‍ പരാതികൊടുത്തൂടെ എന്ന ചോദ്യത്തിനു മുന്നില്‍ നിഷ്ക്കളങ്കമായി ചിരിക്കും. (ശരിക്കു പറഞ്ഞാല്‍ കുഞ്ഞി
ന്‍റെ നിഷ്ക്കളങ്കത അവളില്‍ ഇനിയും ഒരുപാട് ബാക്കി കിടപ്പുണ്ട്) "അയ്യൊ അമ്മാ. അവര് പാവം താനെ. കുടിച്ചിരിക്ക്ംപോഴ് മാത്രം കൊഞ്ചം പെശക്...അല്ലതപ്പോ  നല്ല പാശമായിരിക്ക്." എന്തായാലും ദിവസവും ഇതാവര്‍ത്തിച്ചുകൊണ്ടിരിക്കും.

ദേവി പിന്നെ ജീവിതം മരിക്കാനുള്ള ഭയം കൊണ്ട് ജീവിച്ചു തീര്‍ക്കുകയായിരുന്നു.

ദേവൂട്ടിയെ നിങ്ങള്‍ക്കറിയാലൊ.

പക്ഷെ കഥയിതാണ്... മുന്‍പെ പറഞ്ഞ കഥാപാത്രത്തിന് ഭര്‍ത്താവിനോട് അത്യഗാഥ പ്രണയമാണ്. തിരിച്ചും അങ്ങിനെയാണെന്നത് കഥകളില്‍ അവര്‍ തിരിച്ചും മറിച്ചും ഓര്‍മ്മപ്പെടുത്തുന്നുണ്ട് .ക്രൂരനായിരുന്ന ഭര്‍ത്താവുള്ളപ്പോഴും ഇപ്പൊള്‍ കുട്ടികളുടെ ഉപേക്ഷക്കു മുന്നിലും അവരെ ജീവിക്കാന്‍ പ്രേരകമായി നിന്നിരുന്ന നില്‍ക്കുന്ന ഏകഘടകം ഇയാളാണ്. സമൂഹത്തില്‍ അത്യാവശം അറിയപെടുന്ന ആളുകള്‍ ബഹുമാനിക്കുന്ന ആരോഗ്യമുള്ള ഒരാളുടെ ഭാര്യ എന്തിന് രാവിലെ മുതല്‍ വൈക്കീട്ടു വരെ ആറോ ഏഴോ വീടുകളില്‍ കഷ്ട്ടപെട്ട് ജോലി ചെയ്യുന്നു എന്ന് ചോദിക്കാറുണ്ട്. ആളൊരറിയപ്പെടുന്ന കൊമ്പുവാദകനായതിനാല്‍ അങ്ങിനെയിങ്ങിനെയുള്ള ജോലികള്‍ക്ക് പോകാന്‍ പറ്റുമോയെന്ന് നമുക്കു മനസ്സിലാവാന്‍ വിഷമമുള്ളൊരു കാര്യം അവര്‍ പറഞ്ഞു തരുന്നു.

കഥയിവിടെ നില്‍ക്കുന്നില്ല. ഇത്രയൊക്കെ പ്രണയിക്കുമ്പൊഴും ഞാന്‍ പോരുന്ന ആ ആഴ്ച അവര്‍ അയാളെച്ചൊല്ലി കരഞ്ഞുകൊണ്ടിരുന്നു. അറിയുന്ന ശപവചനങ്ങളെല്ലാം അയാള്‍ക്ക് നേരെ വര്‍ഷിച്ചുകൊണ്ടിരുന്നു. അയാളെ തന്നാലാവുംവിധം തെറി വിളിച്ചു. അയാളില്ലെങ്കില്‍ തനിക്ക് താമസിക്കാനൊരു വീടുപോലുമില്ലെന്നറിയുമ്പോഴും (വീട് അയാളുടെ മുന്‍ഭാര്യയിലെ സ്വന്തം മക്കള്‍ക്കുള്ളതാണല്ലൊ) അങ്ങോര് മരിച്ചു പോയിരുന്നെങ്കില്‍ സമാധാനമുണ്ടായിരുന്നെന്ന് പറഞ്ഞു. കള്ള് കുടിച്ച് അയാള്‍ കാട്ടുന്ന വൃത്തികേടുകളെക്കൊണ്ട് ഞങ്ങളുടെ വീടുപോലും നാറിപ്പുളിച്ചു. ഇനി നിങ്ങള്‍ വീട്ടില്‍ പോണ്ട ഇവിടെയെവിടെയെങ്കിലും താമസിച്ചോളു എന്നു സ്നേഹത്തോടെ പറഞ്ഞു നോക്കി. അതു വയ്യെന്ന് അയാളെ ഒറ്റയ്ക്കാക്കാന്‍ വയ്യെന്ന് അവരുടെ അപ്പൊഴും വറ്റാത്ത പ്രണയം കണ്ണീരൊഴുക്കി. അയാളിവിടെ വന്ന്‍ ചീത്ത വിളിച്ചാല്‍ എനിക്കും നിങ്ങള്‍ക്കും നാണക്കേടെന്ന് ഭയന്നു. എങ്കിലിനി നിങ്ങളുടെ കഥ എനിക്കു കേള്‍ക്കേണ്ടെന്ന് ഞാന്‍ അവര്‍ വരുമ്പോള്‍ ഉറക്കം നടിച്ചു.

നമുക്കിത് കഥയാണ്... കഥ മാത്രമാണ്... അവര്‍ക്ക് പക്ഷേ ജീവിതവും... ഉറക്കം നടിക്കാന്‍ പറ്റാത്ത പച്ചയായ ജീവിതം.

കഥയിലെ കാര്യമിതാണ്..... കേരളത്തി
ന്‍റെ താഴെക്കിടയിലുള്ളവരുടെ ജീവിതത്തിന്‍റെ ഒരു പരിച്ഛേദമാണിത്. നമുക്ക് ആഘോഷങ്ങളെ കൊഴുപ്പിക്കാനുള്ള ഒരുപാധി മാത്രമാണ് കള്ള്. എന്നാല്‍ പലര്‍ക്കും ജീവിതം തിരിച്ചുപിടിക്കാമെന്ന് സ്വപ്നം കാണാന്‍ പോലും കഴിയാത്ത വിധം കൈവിട്ടുപോകാനുള്ള ഒരു കാരണമാണ്. മദ്യവും അതിനെചുറ്റിപ്പറ്റി നാം മെനയുന്ന തമാശകളും തമാശകളാകുന്നത് അത് നമ്മളില്‍ , നമ്മുടെ പ്രയപ്പെട്ടവരില്‍ വിഷം പോലെ അഡിക്ഷനായി ജീവിതം തുലയാത്തതുകൊണ്ട് മാത്രമാണ്. അങ്ങിനെയല്ലാത്ത 'അയാളെപ്പോലുള്ള എന്നിട്ടും അയാളെ പ്രണയിക്കുന്ന തിരിച്ചുകിട്ടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്ന അവരെപ്പോലുള്ളവരാണ് കേരളത്തിലധികവും