വ്യാഴാഴ്‌ച, ഡിസംബർ 11, 2014

വീണ്ടുമിതുപോലെയൊന്നാവില്ല...



വികൃതികാട്ടി മതിയാകാതെ
മരിച്ച കുഞ്ഞുങ്ങളാവണം
അടുത്ത ജന്മത്തില്‍
മഴയായി പെയ്യുന്നത്.
കാറ്റായി നിറയുന്നത്.
കടലായി ഇരച്ചു തുളുമ്പുന്നത്.

നനയാനിഷ്ടപ്പെട്ടിരുന്ന
നനക്കുമ്പോള്‍
കളിയായി വെള്ളം ചീറ്റിയിരുന്ന കുട്ടി
അമ്മയില്‍ നിന്നടിമേടിച്ച്
തോരാമഴയിലേക്കിറങ്ങിനടന്നിരിക്കും
(മഴയെന്നുമൊരു മറയാണ്....
മുഖം മറയ്ക്കുന്ന കുടക്കുള്ളിലെ
കണ്ണീര്‍ മറയ്ക്കുന്ന മഴത്തുള്ളികള്‍)
മഴജന്മം ചോദിച്ചുചോദിച്ച് വാങ്ങിയിരിക്കും.

തൂവലുകളൂതിയൂതി പുറകെയോടിയിരുന്ന കുട്ടി
കാറ്റായും
അപ്പൂപ്പന്താടിക്ക് പിറകെപ്പിറകെ ഓടിയിരുന്ന കുട്ടി
മേഘമായും
വിമാനങ്ങളെനോക്കിനോക്കി കൊതിച്ചിരുന്ന കുട്ടി
പക്ഷിയായും
തീക്കായാകാന്‍ മോഹിച്ചുമോഹിച്ച് മരിച്ച കുട്ടി
തീനാളമായും
ഉമ്മകള്‍ ഇഷ്ടപ്പെട്ടിരുന്ന കുട്ടി ചുണ്ടുകളായും
പുനര്‍ജ്ജനിക്കാന്‍ കൊതിച്ചിരിക്കും.

കാലുകള്‍ തളര്‍ന്ന കുഞ്ഞ്
ഒരു കാല്‍പ്പന്താവാനും
വാക്കുകള്‍ പിണങ്ങിപ്പോയ കുഞ്ഞ്
പേനയിലൂടെ ഒഴുകി നിറയാനും
ദൈവത്തിനോട് വാശിപിടിച്ചിട്ടുണ്ടാവണം.

വിശന്ന വയറുമായി
ഭക്ഷണം സ്വപ്നംകണ്ട കുട്ടി
വെടിയുണ്ടയില്‍
നെഞ്ചുതകര്‍ന്ന കുട്ടി
പച്ചമാംസമെന്ന് പിച്ചിച്ചീന്തപ്പെട്ട കുട്ടി
ഏതുജന്മമാവും കൊതിച്ചിരിക്കുക...
ഒലീവിലകൊത്തിപ്പറക്കുന്ന വെള്ളരിപ്രാവിന്‍റെയോ
വെടിയുണ്ടയുടേയോ....

ശനിയാഴ്‌ച, നവംബർ 22, 2014

ഉടുപ്പുകള്‍ വരച്ച് വരച്ച്........


"എന്താ ചെയ്യുന്നത്

വരയ്ക്കുന്നു...

ചന്ദ്രോദയം?”

“സൂര്യാസ്തമയവുമാവാം..”

ഇതൊരു കാടല്ലേ.”

എങ്ങിനെ?"

നിറയെ മരങ്ങള്‍...

ഇടയില്‍ പുല്ലും കുറ്റിച്ചെടികളുമുണ്ട്.

എവിടെ?

തമ്മില്‍പ്പിണഞ്ഞുപിണഞ്ഞു മുറുകുന്ന വള്ളികളുണ്ട്
അവയില്‍ പൂക്കളുണ്ട് ശലഭങ്ങളുണ്ട്.

“കാണാനില്ലല്ലോ!”

ഇരപിടിക്കുന്ന മൃഗങ്ങളുണ്ട് ചേക്കേറുന്ന പക്ഷികളുണ്ട്..

“ഒന്നും വരച്ചിട്ടില്ലല്ലോ!

“മണ്‍പുറ്റിലൂടൂര്‍ന്നിറങ്ങിയാല്‍ മഹാസംസ്കാരം തന്നെയുണ്ട്”


“ഞാനൊന്നും കാണുന്നില്ല”
 
പിന്നെങ്ങിനെയിതു കാടാകും?

“പെരുമരങ്ങളല്ലെ കാടാവുന്നത്....”

“ആണോ! ”


തൊലിപ്പുറം നീളത്തില്‍  വരഞ്ഞ് വരഞ്ഞ് കരിമരുതെന്ന്

തൊലിപ്പുറം മിനുക്കി മിനുക്കി വെണ്‍തേക്കെന്ന്

ചുകപ്പിച്ച് ചുകപ്പിച്ച് രക്തചന്ദനമെന്ന്

കള്ളികള്‍ കൊത്തിക്കൊത്തി വാകയെന്ന്

മുഖക്കുരുപ്രായത്തില്‍ ഏഴിലം പാലയെന്ന്

മുള്ളിലവെന്ന്

മുരുക്കെന്ന്


വേരുകളിണചേരുന്ന

ശാഖികള്‍ ഇറുകെപ്പുണര്‍ന്ന

കാട്ടിലെ മരങ്ങളെ

ഉടുപ്പുകള്‍ വരച്ച് വരച്ച്

പരിഭാഷപ്പെടുത്തികൊണ്ടിരിക്കുമ്പോള്‍..............

ശനിയാഴ്‌ച, ഒക്‌ടോബർ 11, 2014

അതനുഭവിച്ചുതന്നെ അറിയണം......

 


പാമ്പുകളോട് വല്ലാത്ത പകയായിരുന്നു വാസുണ്ണിക്ക്.
രണ്ടരവയസ്സുള്ളപ്പോള്‍ 
അച്ഛനെ വിഷംതീണ്ടിയ മൂര്‍ഖനെയെന്നോണം 
മുന്നില്‍ വന്നുപെട്ടവയെയെല്ലാം 
അണലിയെയും വെള്ളിക്കെട്ടനെയും മണ്ഡലിയെയും 
കണ്ണുകാണാത്ത കുരുടിപ്പാമ്പിനെപ്പോലും
തച്ചുകൊന്നവന്‍ പകതീര്‍ത്തു.
പാമ്പുകളാണെങ്കില്‍ 
അവന്‍റെ കൈകൊണ്ട് ചാവുന്നത് സുകൃതമെന്ന് 
അവന്‍ വരുമ്പോള്‍ നടവരമ്പില്‍
അവനിറങ്ങുമ്പോള്‍ പടിയിറമ്പില്‍ 
കുളിമുറിയില്‍ തുളസിത്തറയില്‍ 
അങ്ങിനെയങ്ങിനെ മയങ്ങി മയങ്ങി
കുറ്റബോധത്താലെന്നോണം കിടന്നുകൊടുത്തു...
തച്ച് തച്ച്, ചത്തിട്ടും പിന്നേം തച്ച്
കയ്യ് കഴക്കുമ്പോള്‍ 
തച്ച വടിയില്‍ തൂക്കിയെടുക്കും 
വൈക്കോല്‍ കൂട്ടി ചിതയൊരുക്കും.
ചാവാതെ ബാക്കികിടന്ന ഇത്തിരിജീവനും
ഞെരിഞ്ഞുപുളഞ്ഞ് 
വാലറ്റത്തൂടെ അപ്രത്യക്ഷമാവും.

അച്ചാച്ചനെ വെഷംതീണ്ടീട്ടല്ലേന്ന് 
ദാക്ഷിണ്യമില്ലാതെ മക്കളകത്തേക്ക് കേറുമ്പോള്‍
വാസുണ്ണിക്ക് ഒരു മോന്ത നിറയെ 
കിണറിന്‍റെ കുളിര്‍മയും കോരി വരുന്ന ഭാര്യയില്‍ നിന്ന്‍ 
“ഇതോണ്ടൊന്നും മരിച്ചുപോയോര് 
തിരിച്ചുവരില്ല്യാട്ടോ” ന്നൊരു നെടുവീര്‍പ്പ് 
കാറ്റില്‍ പറന്ന്‍ പറന്ന്‍ പോകുന്നുണ്ടായവും ....
ഇനി ഈപ്പാമ്പന്ന്യാവ്വോ ആപ്പാമ്പെന്ന 
മക്കളുടെ വേവലാതി 
എത്രനെറച്ചാലും നെറയാത്ത ദിവസക്കൊട്ടയിലേക്ക് 
ചുരുണ്ടുമടങ്ങിവീണ് കാണാതാവും.


അങ്ങിനെ മറന്ന്‍ മറന്ന്‍ 
അറിഞ്ഞോ അറിയാതെയോ ചവിട്ടിയിറങ്ങിയ കാലുകളേയും 
വേദനിച്ചുതീണ്ടിയ വിഷത്തേയും മറന്നു തുടങ്ങിയ ഒരുദിവസം 
ചവിട്ട്പടിയുടെ ചോട്ടിലോ 
നടവഴിയുടെ ഓരത്തോ വന്നു കിടക്കും 
തച്ച്തച്ച് വെന്തുവെന്ത് ഒരു കുറ്റബോധം... 
അവസാനജീവനും ഞെരിഞ്ഞുപുളഞ്ഞ്
വാലറ്റത്തൂടെ മോക്ഷം പ്രാപികുമ്പോഴും 
ഒരു വാക്കുപോലും പ്രതികരിക്കാതെ
അങ്ങിനെ കിടക്കുന്നുകൊടുക്കുന്നതിലുള്ള ഒരു സുഖം

അതനുഭവിച്ചുതന്നെ അറിയണം......

ബുധനാഴ്‌ച, സെപ്റ്റംബർ 24, 2014

കരിമഷിയെ കാടെന്ന് നിരൂപിക്കുമ്പോള്‍....



ചര്‍ച്ചകള്‍
സംവാദങ്ങള്‍
സമരങ്ങള്‍

ബന്ദുകള്‍
ഹര്‍ത്താലുകള്‍
കലാപങ്ങള്‍
രക്തസാക്ഷികള്‍
അനുസ്മരണങ്ങള്‍!

ചര്‍ച്ചകള്‍
സംവാദങ്ങള്‍
സമരങ്ങള്‍

ബന്ദുകള്‍....

കരിമഷിക്കാട്
വരച്ച്
പച്ചകിളിര്‍ക്കുന്നത് 
സ്വപ്നം കാണുമ്പോലെ
നടുവിലൊരു കിണറുവരച്ച്
ഉറവു കിനിയുമെന്ന്
കാത്തിരിക്കും പോലെ... !


അങ്ങിനിരിക്കെ  കാട്ടിലും കലാപം വരും.
മരങ്ങള്‍ക്കായി ഒരു കാട് 
വള്ളികള്‍ക്കായി ഒരു കാട്
കൂട്ടത്തില്‍ മുളകള്‍ക്കായി
പനകള്‍ക്കായി
പതിയെ പടരുകള്‍ക്കായി
പതിരുകള്‍ക്കായി..



പിന്നെപ്പിന്നെ

തേക്ക് 
കരിവീട്ടി
ഇരൂള്‍ 
ചന്ദനം
ഓരോന്നും
സ്വന്തം സ്വന്തം കാടുകളെന്ന്
അതിരുകള്‍ വരയ്ക്കാന്‍ മഷി തിരയും...

പാണവള്ളി
ചിറ്റമൃതുമായി പിണങ്ങിപ്പിരിയും
ചുമന്ന തിരട്ടവള്ളി
ഒന്നൂടെ ചുമന്നു തിണര്‍ത്ത് മാറിപ്പടരും.

ഇല്ലിക്കൂട്ടം ഈറക്കാട്
ഇലപ്പന ഈത്തപ്പന
തൊട്ടാവാടി നിലംപരണ്ടി

കുഞ്ഞ് കുഞ്ഞ് കാടുകളില്‍
വെള്ളമെത്തിച്ച്
തളര്‍ന്ന് പുഴകള്‍ വറ്റിവരളും. ...

കഷണ്ടി കയറുമ്പോലെ
കാടുകള്‍ ശുഷ്ക്കിച്ചു മണല്‍പൊടിയും .
ശോഷിച്ച മരങ്ങള്‍ക്ക് മുകളില്‍
തിളച്ച്കത്തുന്ന ആകാശം
വെളുവെളായെന്ന് പൂത്തുലയും..

കിണര്‍
ഒരിക്കലൊരു കഥ പറഞ്ഞു.
ദാഹിച്ചുവലഞ്ഞെന്ന്  വേരുനീട്ടിയ
ഒരു കുഞ്ഞ്മരത്തിന്‍റെ കഥ..
ചുരന്നുചുരന്ന് പാലാഴിയായ
കിണറ്റിലേക്ക് ആഴ്ന്ന വേരുകളുമായി
മരമിപ്പോള്‍ ആകാശംമുട്ടി നില്‍ക്കുന്നു.
പൊട്ടക്കിണറെന്ന്

പടുവേരുകളിറങ്ങിത്തുടങ്ങിയപ്പോള്‍ 
കിണര്‍ 
പാതാളത്തിലേക്കൂര്‍ന്നുപോയി..

കിണറിന്നുറക്കം വരുമ്പോഴാണത്രേ,
ആഴങ്ങളില്‍ ഭൂമിയുടെ മടിയിലേക്ക്  ചേര്‍ന്ന് കിടക്കും.
ആകാശത്തപ്പോള്‍  സന്ധ്യപൂത്ത മണം പരക്കും...
കാട്ടിലെ മരങ്ങളില്‍ പക്ഷികള്‍ ചേക്കേറും.
ഓരോ മരവും ഓരോ
കൊതിപ്പിക്കുന്ന സെക്കുലാര്‍ റിപ്പബ്ലിക്ക്.....
കിണറിലേക്ക് പടര്‍ന്ന് നിറയുന്ന ഇരുളിനുമേലെ
സ്വപ്നങ്ങളെന്ന് ചിറകുനീര്‍ത്തുന്ന നിറങ്ങള്‍...
ചിട്ടപ്പെടുത്താത്ത സിംഫണികള്‍ക്കൊപ്പം 
ചുവടുകള്‍ വെക്കുന്ന ജീവിതം. 

കേട്ടു കേട്ടു ഉറക്കത്തിലേക്ക് വഴുതി വഴുതി വീഴുമ്പോള്‍  
കൊതിച്ചുപോകും
കിണര്‍ 
നേരം പുലര്‍ന്നിരുന്നില്ലെങ്കിലെന്ന്....


ആഴങ്ങളിലേക്കൊതുങ്ങുന്നകിണറിന്‍റെ
ഓര്‍മ്മകളിലെവിടെയോ
മഴവിരല്‍നീട്ടി തൊട്ടുണര്‍ത്തുന്നുണ്ടാകാശം

വ്യാഴാഴ്‌ച, സെപ്റ്റംബർ 18, 2014

നില്‍പ്പ്......

 

നില്‍ക്കേ നില്‍ക്കേ
പടരുന്നു വേരുകള്‍
വളരുന്നു ശാഖികള്‍
വിടരുന്നു മുകുളങ്ങള്‍
പുള
യുന്നു പുതുനാമ്പുകള്‍...

ചൊവ്വാഴ്ച, സെപ്റ്റംബർ 16, 2014

"...................."




വെറുതെയാണോ മരണമേ നിന്നിലെന്‍

പ്രണയമിത്രയും ഭ്രാന്തമാകുന്നത്....


അരിയ കരുതലില്‍ നിന്നു നിന്‍ പ്രണയവും


രതിനിബദ്ധമായ് മാറുന്നതിന്‍ മുന്‍പ്



മുറുകെയെന്‍ കണ്‍കള്‍ ചേര്‍ത്തടച്ചേക്കുക

ഹൃദയധമനിയില്‍ മഞ്ഞുനീരോട്ടുക...

വെള്ളിയാഴ്‌ച, സെപ്റ്റംബർ 12, 2014

വീട്....



ലിഫ്റ്റിറങ്ങും മുന്‍പേ അറിയുന്നുണ്ടായിരുന്നു
വീട്ടിനകന്തൊക്കെയോ തിക്കും തിരക്കും....
വാതില്‍ തുറന്നതും നിറയുന്നുണ്ടായിരുന്നു
പ്രാര്‍ത്ഥനക്ക് മണിയടിച്ചപോലെ നിശ്ശബ്ദത....
എട്ടുമാസം ചെറിയ കാലമല്ലല്ലോ
വീടിന് വീര്‍പ്പുമുട്ടിയിരിക്കും
കാണണമെന്ന് തോന്നിയിരിക്കും
ആ സങ്കടം മൌനമായി നിറഞ്ഞിരിക്കും .
ഉള്ളില്‍ കാലെടുത്തുവെച്ചപ്പോള്‍ പുണര്‍ന്ന വായുവില്‍നിന്നും
ഒതുക്കി വെച്ചതെല്ലാം പടര്‍ന്ന് കയറുന്നുണ്ടായിരുന്നു.
ചുമരുകള്‍ കുടഞ്ഞെണീറ്റുവന്നു
മുറുകെപ്പുണര്‍ന്ന് ഞെരിക്കുമെന്ന് തോന്നി.
ഓരോ വാതിലുകളായിതുറന്ന്
വീട് എന്നെ സ്വന്തമാക്കിക്കൊണ്ടിരുന്നു..
പരിചയമില്ലാതെന്തൊക്കെയോ എന്നിട്ടും,
ശ്വാസം ആഞ്ഞുവലിക്കുമ്പോള്‍
അപരിചിതമായ ഒരു മണം
കാതോര്‍ക്കുമ്പോള്‍
കുനുകുനായെന്ന് ചെവിയില്‍ വന്നു നിറയുന്ന മുറുമുറുപ്പുകള്‍
ഞാന്‍ വീടിനുനേരെ കണ്ണുയര്‍ത്തുന്നു.
മുഖം തരാതെ ഒഴിഞ്ഞുമാറി
ഒന്നുമില്ലാ ഒന്നുമില്ലായെന്ന് തലയിളക്കുന്നു വീട്.
ഉണ്ട് ഉണ്ട് എന്ന്‍ ഞാന്‍ തിരച്ചില്‍ നിര്‍ത്താതെ...
അവസാനം,
ഒരുള്ളുതുറക്കലിനവസാനം
ചിതലരിച്ച ഓരോ ഉള്ളറകളായി തുറന്നു കാട്ടുന്നു വീട്.

ഞായറാഴ്‌ച, സെപ്റ്റംബർ 07, 2014

പൂക്കളം....




പല നിറം പൂവുകള്‍
പൂക്കളം തീര്‍ക്കാനായി
പലതരം കുമ്പിളില്‍
ചേര്‍ത്തു വെച്ചതാണെല്ലാം.

തെച്ചിയും മന്ദാരവും
കാക്കപ്പൂ കഴുത്തറ്റ
തുമ്പയും തുടുപ്പേറും
ചെമ്പരത്തിപ്പൂക്കളും
വേരോടെപിഴുതിട്ട
മുക്കുറ്റിയോണപ്പൂവും
മഞ്ചാടിമണിയുതിര്‍
തേവിടിശ്ശിപ്പൂക്കളും.

മെഴുകിയകളം നടുവില്‍
തൂവെള്ളയരിയണി-
മാതേവര്‍  നിറുകയില്‍
മുക്കുറ്റി മലര്‍ക്കുട.

ചുറ്റിലും കഴുത്തറ്റ
നറുതുമ്പകള്‍തന്‍ ജഢം
ഇതളുകള്‍ പിച്ചിപ്പിച്ചി
അടുക്കിയ മന്ദാരപ്പൂ
ചിതറിയ രക്തം പോലെ
ചെമ്പരത്തിപ്പൂക്കളും
വരികള്‍ കൂട്ടം തെറ്റി
തെച്ചിയുമരിപ്പൂവും.

എതയോ ലോലമീ
കാക്കപ്പൂ മഷിക്കണ്ണില്‍
ഇത്രയും വിഷാദത്തെ
യങ്ങിനെയൊളിപ്പിച്ച്.

ഒരുകുനു കാറ്റിന്‍ കൂടെ
പായുന്നു കുഞ്ഞാമിതള്‍
വെറുതെ കിംഫൂക്കിന്‍റെ
ഭാവ്യഭാവങ്ങള്‍ ചാര്‍ത്തി!

തേവിടിശ്ശിപ്പുവേയെ-
ന്നാരുപേര്‍ വിളിച്ചതീ
ക്കാട്ടില്‍ നിന്‍ നിറച്ചാര്‍ത്തി
താരിത്ര ഭയക്കുന്നു!

ഇതളുകള്‍ പിച്ചിയ
പൂവില്‍ നിന്നൂറുന്നത്
മധുരം കിനിയും തേനോ
ചുടുകണ്ണുനീരുപ്പോ!

വേരുകള്‍ പിഴുതേതോ
മുടിയില്‍ മകുടമായ്
വാണാലും പ്രവാസത്തിന്‍
നോവതിലെരിഞ്ഞിടും.

പൂക്കളെക്കുഞ്ഞുങ്ങളായ്
ചേര്‍ത്തു വെയ്ക്കുമ്പോഴിന്നീ
പൂക്കളമൊരു യുദ്ധ-
ക്കളംപോല്‍ തോന്നിക്കുന്നു.

പൂക്കളം തീര്‍ത്തു  ചുറ്റും
ചിതറിയ നുള്ളും മുള്ളും
തൂത്തെടുക്കവേ വെറുതെ
ഓര്‍ക്കുന്നീവിധമെന്തിനോ...

വെള്ളിയാഴ്‌ച, സെപ്റ്റംബർ 05, 2014

കേളപ്പന്മാഷ്...



അവന്‍റച്ഛനും എന്‍റച്ഛനും കൂട്ടായിരുന്നു.
അവനും ഞാനും ഒരു ക്ലാസ്സിലും.
രണ്ടുപേരും മാഷ്മ്മാരായിരുന്നു.
ഒരുവ്യത്യാസം
അവന്‍റച്ഛന് കാറുണ്ടായിരുന്നു .
വടകര ഡി ഇ ഓ വിനെക്കാണാന്‍ പോകുമ്പോ
കോഴിക്കോട് കൊപ്പര വിക്കാന്‍ പോകുമ്പോ
അവന്‍റച്ഛന്‍റെ കാറിലാണ്
എന്‍റച്ഛന്‍ ബസ്സ് കേറാന്‍ പോകാറ്.
അങ്ങിനെയാണൊരു ദിവസം
അവന്‍റച്ഛന്‍റെ കാറില്‍ ഞാനും കേറിയത്.
ആ വഴിയിലാണ് കേളപ്പന്‍മാഷ്
കാറിന് കൈകാട്ടിയത്.
മാഷ് എന്‍റെ ക്ലാസ്സ്മാഷായിരുന്നു
അവന്‍റെയും..
കാണുമ്പോള്‍ കഷണ്ടിത്തലക്കുകീഴെ
കണ്ണടക്കണ്ണുകളില്‍ സ്നേഹം പൂക്കുന്ന
കറുകറുത്ത മുഖത്ത്
വെളുവെളുത്ത ചിരി വിരിയുന്ന
മാഷെ ഞങ്ങള്‍ക്ക് വലിയ ഇഷ്ടമായിരുന്നു.
മാഷിന് ഞങ്ങളെയും..
അതുകൊണ്ടാവണം
കുട്ട്യോള്‍ടെ മാഷല്ലേ നീക്കണേണ്
അച്ഛന്‍ പറഞ്ഞിട്ടും
കാറ് നിര്‍ത്താതെ പോയ
അവന്‍റച്ഛനോട് ദ്വേഷ്യംവന്നത്.
അന്ന്‍ മാഷെ അങ്ങിനെ നിര്‍ത്തിയതിന്ന്
ഇന്നും സങ്കടം വരുന്നത്..
അവന്‍റെയച്ഛനെയോര്‍ക്കുന്നതിനെക്കാള്‍
കേളപ്പന്‍ മാഷെയോര്‍ക്കുന്നത്.
എപ്പഴും അവന്‍റെ കൂടെ കേളപ്പന്‍ മാഷും
മനസ്സിലേക്ക് ചിരിച്ചുകൊണ്ട് കയറി വരുന്നത്.
പാവം മാഷ്
ചിരിക്കാന്‍ മാത്രേ അറിയുമായിരുന്നുള്ളൂ.
അതുകൊണ്ടുതന്നെ
ആര്‍ക്കും വിലയുണ്ടായിരുന്നില്ല.
അതുകൊണ്ട് തന്നെ ഞങ്ങള്‍ കുട്ടികള്‍ക്ക്
മാഷെന്നാല്‍ ജീവനായിരുന്നു.
മാഷ് മാഷായിരുന്നിട്ടും ഞങ്ങളിലൊരാളായിരുന്നല്ലോ.

തിങ്കളാഴ്‌ച, സെപ്റ്റംബർ 01, 2014

ബോറടിക്കുന്നുണ്ടാവും വീടിന്....



പൂവിരിയും പോലെ
പൂമണം പരക്കും പോലെ
നനഞ്ഞ മണ്ണില്‍നിന്നും തലയുയര്‍ത്തി
വിത്ത് ഇലവിരിക്കുമ്പോലെ
നനുത്ത ശ്വാസം പോലെ കണ്മിഴിക്കണമെന്ന്‍
ഒളിച്ചുവെച്ചതാണൊരു സ്വകാര്യം
കണ്ണെത്താതൊരിരുള്‍മൂലയില്‍.

ഉറങ്ങിപ്പോയിരുന്നു വീട്
ഞെട്ടിയുണര്‍ന്ന് നാലുപാടും നോക്കുന്നുണ്ട്.
ഓരോ മൂലയിലേക്കും കാറ്റിനെ പായിക്കുന്നുണ്ട് .
ചുറ്റിയടിച്ചെത്തുന്ന ഓരൊ കാറ്റിലേക്കും മൂക്കു വിടര്‍ത്തുന്നുണ്ട്.
എന്താണൊരിടയിളക്കമെന്ന്‍..
എന്താണ് ഇതുവരെയില്ലാത്ത എന്തൊക്കെയോ
എന്താണ്? എന്താണ് എന്ന്‍?

ബോറടിക്കുന്നുണ്ടാവും വീടിന്
കാറ്റില്‍ നമ്മുടെ മിഡ് ലൈഫ് ക്രൈസിസുകളില്‍ നിന്നും
പൊട്ടിമുളയ്ക്കുന്ന ചൂടന്‍ നിശ്വാസങ്ങള്‍
രസനകളില്‍ പഴകിയ പ്രണയത്തിന്‍റെ വിയര്‍പ്പുപ്പുകള്‍
നിന്‍റെയിഷ്ടങ്ങള്‍ എന്‍റെയിഷ്ടങ്ങള്‍
വഴക്കുകള്‍ പിണക്കങ്ങള്‍ ഇണക്കങ്ങള്‍
കാലഹരണപ്പെട്ട നമ്മുടെ വിശ്വാസങ്ങള്‍
കാത്തുനില്‍ക്കാനാവില്ലെന്ന്
നമ്മളെയും കടന്നു മറഞ്ഞ കാലത്തിന് മുന്നില്‍
തോറ്റുനില്‍ക്കുന്ന നമ്മള്‍
ചിറകുമുളച്ചാവോ എന്ന്‍ തിരക്കാനായും മുന്‍പ്
കൂടുവിട്ട് പറന്നു പോയ പക്ഷിക്കുഞ്ഞുങ്ങള്‍.....


ബോറടിക്കുന്നുണ്ടാകും വീടിന്
ചാനലുകളുടെ ഉച്ചഘോഷണങ്ങള്‍
യുദ്ധങ്ങള്‍, പോരടിയ്ക്കുന്ന രാജ്യങ്ങള്‍
ദേശങ്ങള്‍ ആളുകള്‍ രാഷ്ട്രീയം ദൈവം
ജീവിച്ചുതുടങ്ങും മുന്‍പ്
ലോകത്തെപ്പറ്റി പരാതിപറയാന്‍
ദൈവത്തെത്തേടിപ്പോയ കുഞ്ഞുങ്ങള്‍
ജീവിക്കാന്‍ മറന്നുപോയ അവരുടെ അച്ഛനമ്മമാര്‍
ഉറഞ്ഞുപോയ ചുമരുകള്‍ക്ക്
കാലുള്ളവരോടസൂയ തോന്നിത്തുടങ്ങും
വെറുത്ത് വീര്‍ക്കുന്ന മോന്തായം
ചിറകുകള്‍ സ്വപ്നം കാണാന്‍ തുടങ്ങും.

ബോറടിക്കുന്നുണ്ടാകും വീടിന്
വീടിനെക്കാള്‍ വലുത് നാടെന്ന്
ഇടക്കിടെ വീടിനെ തനിച്ചാക്കിപ്പോകുന്ന നമ്മള്‍
ഒറ്റയ്ക്കിരുന്ന് ആഘോഷങ്ങളെ സ്വപ്നം കാണുന്ന വീട്.
നമുക്കായി ഉറങ്ങാതെ കാത്തിരുന്ന വീടിനെ മറന്ന്‍
നാടിനെപ്പറ്റി നീട്ടിനീട്ടിയെഴുത്തുന്ന കവിതകള്‍
വീട് കണ്ടിട്ടില്ലാത്ത
നാട്ടിലെമഴ, നാട്ടിലെപ്പുഴ, നാട്ടിലെപ്പച്ച
നാട്ടിലെ വീട്........
ഇഷ്ടികകള്‍ നാഴികകള്‍ക്കപ്പുറത്തേതോ കളിമണ്‍പാടങ്ങളോര്‍ക്കും
മണല്‍ത്തരികള്‍ ഏതോ പുഴയോരങ്ങളെ
വാതിലുകള്‍ കോടപുതച്ച മലനിരകളെയപ്പാടെ
വീടിന്‍റെ മനസ്സിപ്പോളെവിടെയാവും.....

ബോറടിക്കുന്നുണ്ടാകും വീടിന്
ചൊറിഞ്ഞുതിണര്‍ക്കുന്ന പപ്പടപ്പൊള്ളങ്ങളാല്‍
എത്രമുറുക്കിയാലും അപസ്വരമുതിര്‍ക്കുന്ന കണ്ണീര്‍തന്ത്രികളാല്‍
വീടത് നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കും.
വീടിന്‍റെ കാര്യത്തില്‍ തീരെ ശ്രദ്ധയില്ലെന്ന
നമ്മളാന്യോന്യം കുറ്റപ്പെടുത്തും
എന്തുപറ്റി എന്തുപറ്റി എന്ന്‍
ഓരോ ചുമരുകളെയും തൊട്ടുതഴുകി
ഇങ്ങിനെ കരയല്ലേയെന്ന്
ജലതരംഗങ്ങളെ ചിട്ടപ്പെടുത്തി
അപ്പോള്‍ വീടിന് തോന്നും സ്നേഹിക്കപ്പെടുന്നതായി.
അപ്പോള്‍മാത്രമാകണം വീടൊരു വീടാകുന്നത്
നാലുചുമരുകള്‍ കൈകോര്‍ത്ത് മേല്‍ക്കൂര മുഖം ചേര്‍ത്ത്
നമ്മളെ വീടിന്‍റെ സ്വന്തമാക്കുന്നത്....

പൂവിരിയും പോലെ
പൂമണം പരക്കും പോലെ
നനഞ്ഞ മണ്ണില്‍നിന്നും തലയുയര്‍ത്തി
വിത്ത് ഇലവിരിക്കുമ്പോലെ
നനുത്ത ശ്വാസം പോലെ കണ്മിഴിക്കണമെന്ന്‍
ഒളിച്ചുവെച്ചതാണൊരു സ്വകാര്യം
വീടിന്‍റെ കണ്ണെത്താതൊരിരുള്‍മൂലയില്‍.
തിരഞ്ഞുപിടിച്ചോളും പതുക്കെ....
ഒരേമണം
ഒരേ നിറം
ഒരേസ്വാദ്
ബോറടിക്കുന്നുണ്ടാകും വീടിന്....

ശനിയാഴ്‌ച, ഓഗസ്റ്റ് 23, 2014

മദ്യവും മലയാളിയും.

 

കഴിഞ്ഞ കുറച്ചു മാസമായി നാട്ടിലായിരുന്നു. അറുപതു വയസ്സു കഴിഞ്ഞെങ്കിലും ഒരു മുപ്പതു വയസ്സിന്‍റെ ചുറുചുറുക്കോടെ ഓടിനടന്നിരുന്ന ഒരു സ്ത്രീയായിരുന്നു ഞങ്ങളുടെയെല്ലാം വീട്ടില്‍ (എന്റെയും ചേച്ചിമാരുടെയും. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്കിടയില്‍ സ്വകാര്യങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല) സഹായത്തിനുണ്ടായിരുന്നത്. നന്നായി പാട്ടുപാടും. എഴുതാനറിയുമായിരുന്നെങ്കില്‍ സ്വന്തം കഥമാത്രം മതി ഒരു പുസ്തകമാക്കാനെന്നിടക്കിടെ നെടുവീര്‍പ്പുതിര്‍ക്കും. ഓരോരുത്തരും ഉചിതം പോലെ അവരെ അമ്മ, അമ്മായി, ചേച്ചി, എന്നിങ്ങിനെ പേരോട് ചേര്‍ത്തു വിളിക്കുന്നു. ഒന്നൊന്നര മണിക്കൂര്‍ വീട്ടിലുണ്ടാകുമായിരുന്ന അവര്‍ അരമണിക്കൂര്‍ കൊണ്ട് ജോലിയെല്ലാം തീര്‍ക്കും.. ബാക്കിയുള്ള ഒരു മണിക്കൂര്‍ കഥപറയാനാണ്. സ്വന്തം കഥ. അതില്‍ പഴയ കാല ജീവിതം മുതല്‍ അന്ന് അവരുടെ വീട്ടില്‍ വെച്ച കൂട്ടാന്‍റെ എരുവും പുളിയും വരെ വിസ്തരിക്കും. 

കഥ കേള്‍ക്കാനിരുന്നു കൊടുത്തില്ലെങ്കില്‍ ഭയങ്കര സങ്കടവും ദ്വേഷ്യവുമാണ്. കഥയില്‍ അവരുടെ മരിച്ചുപോയ ഭര്‍ത്താവിന്‍റെ  ക്രൂരത ഭയം തോന്നിച്ചു. ഇപ്പൊഴുള്ള ഭര്‍ത്താവിനോടുള്ള പ്രണയം കണ്ട് ഞങ്ങള്‍ അന്തം വിട്ടു. (നിയമപരമല്ല. വെറും ഒരു ലിവിന്‍ റിലേഷന്‍ മാത്രം) പഴയ ഭര്‍ത്താവിലുള്ള മക
ന്‍റെ ഉത്തരവാദിത്വമില്ലായ്മയില്‍ സങ്കടം തോന്നി. മകളുടെയും പേരക്കുട്ടികളുടെയും പെരുമാറ്റം അസഹ്യമായിത്തോന്നി. ഇനിയുമൊരുപാട് കഥപാത്രങ്ങളുണ്ട് പറയാന്‍. പക്ഷെ കഥയതല്ല.

മുന്‍പുണ്ടായിരുന്ന ശാന്തിയുടെയും,ദേവിയുടെയും, കഥകൊണ്ടു നിറച്ച ദേവൂട്ടിയുടെയും പോലെ തന്നെ ഇവരും കഥകളുടെ ഭണ്ഡാരമായിരുന്നു.

ശാന്തിയുടെ കാര്യം രസമായിരുന്നു. ഓരോ ദിവസവും രാവിലെ ഓരോ ഭാഗങ്ങളായി ശരീരത്തില്‍ മുഴച്ചിരിക്കും. പൊട്ടുകളും പോറലുകളുംകൊണ്ട് ചുകന്നിരിക്കും. നിനക്ക് പോലീസില്‍ പരാതികൊടുത്തൂടെ എന്ന ചോദ്യത്തിനു മുന്നില്‍ നിഷ്ക്കളങ്കമായി ചിരിക്കും. (ശരിക്കു പറഞ്ഞാല്‍ കുഞ്ഞി
ന്‍റെ നിഷ്ക്കളങ്കത അവളില്‍ ഇനിയും ഒരുപാട് ബാക്കി കിടപ്പുണ്ട്) "അയ്യൊ അമ്മാ. അവര് പാവം താനെ. കുടിച്ചിരിക്ക്ംപോഴ് മാത്രം കൊഞ്ചം പെശക്...അല്ലതപ്പോ  നല്ല പാശമായിരിക്ക്." എന്തായാലും ദിവസവും ഇതാവര്‍ത്തിച്ചുകൊണ്ടിരിക്കും.

ദേവി പിന്നെ ജീവിതം മരിക്കാനുള്ള ഭയം കൊണ്ട് ജീവിച്ചു തീര്‍ക്കുകയായിരുന്നു.

ദേവൂട്ടിയെ നിങ്ങള്‍ക്കറിയാലൊ.

പക്ഷെ കഥയിതാണ്... മുന്‍പെ പറഞ്ഞ കഥാപാത്രത്തിന് ഭര്‍ത്താവിനോട് അത്യഗാഥ പ്രണയമാണ്. തിരിച്ചും അങ്ങിനെയാണെന്നത് കഥകളില്‍ അവര്‍ തിരിച്ചും മറിച്ചും ഓര്‍മ്മപ്പെടുത്തുന്നുണ്ട് .ക്രൂരനായിരുന്ന ഭര്‍ത്താവുള്ളപ്പോഴും ഇപ്പൊള്‍ കുട്ടികളുടെ ഉപേക്ഷക്കു മുന്നിലും അവരെ ജീവിക്കാന്‍ പ്രേരകമായി നിന്നിരുന്ന നില്‍ക്കുന്ന ഏകഘടകം ഇയാളാണ്. സമൂഹത്തില്‍ അത്യാവശം അറിയപെടുന്ന ആളുകള്‍ ബഹുമാനിക്കുന്ന ആരോഗ്യമുള്ള ഒരാളുടെ ഭാര്യ എന്തിന് രാവിലെ മുതല്‍ വൈക്കീട്ടു വരെ ആറോ ഏഴോ വീടുകളില്‍ കഷ്ട്ടപെട്ട് ജോലി ചെയ്യുന്നു എന്ന് ചോദിക്കാറുണ്ട്. ആളൊരറിയപ്പെടുന്ന കൊമ്പുവാദകനായതിനാല്‍ അങ്ങിനെയിങ്ങിനെയുള്ള ജോലികള്‍ക്ക് പോകാന്‍ പറ്റുമോയെന്ന് നമുക്കു മനസ്സിലാവാന്‍ വിഷമമുള്ളൊരു കാര്യം അവര്‍ പറഞ്ഞു തരുന്നു.

കഥയിവിടെ നില്‍ക്കുന്നില്ല. ഇത്രയൊക്കെ പ്രണയിക്കുമ്പൊഴും ഞാന്‍ പോരുന്ന ആ ആഴ്ച അവര്‍ അയാളെച്ചൊല്ലി കരഞ്ഞുകൊണ്ടിരുന്നു. അറിയുന്ന ശപവചനങ്ങളെല്ലാം അയാള്‍ക്ക് നേരെ വര്‍ഷിച്ചുകൊണ്ടിരുന്നു. അയാളെ തന്നാലാവുംവിധം തെറി വിളിച്ചു. അയാളില്ലെങ്കില്‍ തനിക്ക് താമസിക്കാനൊരു വീടുപോലുമില്ലെന്നറിയുമ്പോഴും (വീട് അയാളുടെ മുന്‍ഭാര്യയിലെ സ്വന്തം മക്കള്‍ക്കുള്ളതാണല്ലൊ) അങ്ങോര് മരിച്ചു പോയിരുന്നെങ്കില്‍ സമാധാനമുണ്ടായിരുന്നെന്ന് പറഞ്ഞു. കള്ള് കുടിച്ച് അയാള്‍ കാട്ടുന്ന വൃത്തികേടുകളെക്കൊണ്ട് ഞങ്ങളുടെ വീടുപോലും നാറിപ്പുളിച്ചു. ഇനി നിങ്ങള്‍ വീട്ടില്‍ പോണ്ട ഇവിടെയെവിടെയെങ്കിലും താമസിച്ചോളു എന്നു സ്നേഹത്തോടെ പറഞ്ഞു നോക്കി. അതു വയ്യെന്ന് അയാളെ ഒറ്റയ്ക്കാക്കാന്‍ വയ്യെന്ന് അവരുടെ അപ്പൊഴും വറ്റാത്ത പ്രണയം കണ്ണീരൊഴുക്കി. അയാളിവിടെ വന്ന്‍ ചീത്ത വിളിച്ചാല്‍ എനിക്കും നിങ്ങള്‍ക്കും നാണക്കേടെന്ന് ഭയന്നു. എങ്കിലിനി നിങ്ങളുടെ കഥ എനിക്കു കേള്‍ക്കേണ്ടെന്ന് ഞാന്‍ അവര്‍ വരുമ്പോള്‍ ഉറക്കം നടിച്ചു.

നമുക്കിത് കഥയാണ്... കഥ മാത്രമാണ്... അവര്‍ക്ക് പക്ഷേ ജീവിതവും... ഉറക്കം നടിക്കാന്‍ പറ്റാത്ത പച്ചയായ ജീവിതം.

കഥയിലെ കാര്യമിതാണ്..... കേരളത്തി
ന്‍റെ താഴെക്കിടയിലുള്ളവരുടെ ജീവിതത്തിന്‍റെ ഒരു പരിച്ഛേദമാണിത്. നമുക്ക് ആഘോഷങ്ങളെ കൊഴുപ്പിക്കാനുള്ള ഒരുപാധി മാത്രമാണ് കള്ള്. എന്നാല്‍ പലര്‍ക്കും ജീവിതം തിരിച്ചുപിടിക്കാമെന്ന് സ്വപ്നം കാണാന്‍ പോലും കഴിയാത്ത വിധം കൈവിട്ടുപോകാനുള്ള ഒരു കാരണമാണ്. മദ്യവും അതിനെചുറ്റിപ്പറ്റി നാം മെനയുന്ന തമാശകളും തമാശകളാകുന്നത് അത് നമ്മളില്‍ , നമ്മുടെ പ്രയപ്പെട്ടവരില്‍ വിഷം പോലെ അഡിക്ഷനായി ജീവിതം തുലയാത്തതുകൊണ്ട് മാത്രമാണ്. അങ്ങിനെയല്ലാത്ത 'അയാളെപ്പോലുള്ള എന്നിട്ടും അയാളെ പ്രണയിക്കുന്ന തിരിച്ചുകിട്ടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്ന അവരെപ്പോലുള്ളവരാണ് കേരളത്തിലധികവും

വെള്ളിയാഴ്‌ച, ജൂലൈ 25, 2014

ദേവൂട്ടി......



എത്ര കാലായീല്ലേ ദേവൂട്ട്യേപ്പറ്റി എന്തെങ്കിലും എഴുതീട്ട്... ബ്ലോഗ് സ്റ്റാറ്റ്സില്‍ ഇടക്കിടെ ആരൊക്കെയോ ദേവൂട്ടിയെ വായിച്ചതായി അടയാളപ്പെടുത്തിക്കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. ഞാന്‍ പോലും മറന്നുതുടങ്ങിയിരുന്ന ചിലത് പൊടിതട്ടിയെടുത്തതിന്നു നന്ദി.

കാലം കൊഴിഞ്ഞുപോയതിനൊപ്പം കാര്യങ്ങളും മാറിമറിഞ്ഞിരിക്കുന്നു. ഇനി അധികം അദ്ധ്വാനമൊന്നും ഇനി വയ്യെന്നു തീരുമാനിച്ച് ദേവൂട്ടി റോഡിനിക്കരെയുള്ള വീടുകളിലെ പണിയെല്ലാം വേണ്ടെന്ന് വെച്ചു.കൂട്ടത്തില്‍ ഞങ്ങളുടെ വീടും പെട്ടു. പകരമിപ്പോള്‍ അമ്മിണിയമ്മ സ്ഥിരമായി.

പിന്നെ ഇതില്‍ എന്‍റെ ഇഷ്ടകഥാപാത്രമായിരുന്ന കൊച്ചൂട്ട്യമ്മ മരിച്ചു. പാവം കാണാന്‍ വന്നവരാരോ കൊടുത്ത ഒരു ആപ്പിള്‍ ഒന്നു മുറിച്ചുതരുമോ എന്നു വഴിയിലൂടെ പോകുന്നവരോട് 'തീട്ടച്ചൂരു'ള്ള മുറിയുടെ ജനലിലൂടെ വിളിച്ച് ചോദിച്ച കൊച്ചൂട്ട്യമ്മ നാട്ടുകാര്‍ക്കൊക്കെ ഒരു സങ്കടമായിരുന്നു. അവരുടെ ഇടപെടലില്‍ മനുഷ്യാവകാശക്കമ്മീഷന്‍ വരെ വന്നു. പിന്നീടെപ്പോഴോ ഒരു ഫോണ്‍ വിളിക്കിടയില്‍ അവര്‍ മരിച്ചൂന്നും അറിഞ്ഞു.

മാങ്ങാക്കാലം വന്നുംപോയുമിരിക്കുന്നു. നേര്‍ക്കുന്ന ഞെരമ്പുകള്‍ കണ്ടില്ലെന്ന്‍ നടിച്ച് ഒരു ബ്ലോക്കുവരുംവരെ ഞാനിങ്ങിനെയൊക്കെയുണ്ടാകുമെന്ന് തോടിപ്പഴും ശീലമെന്നോണം ഋതുക്കള്‍ക്കായി മാത്രം ഒഴുകിക്കൊണ്ടേയിരിക്കുന്നു.  ഈ കാലവര്‍ഷം തകര്‍ത്ത് ആഘോഷിക്കുന്നുണ്ടത്രേ.
അണ്ണാനും  കാക്കയും പൂത്താംകീരികളുമൊക്കെ ഇപ്പോഴും വടക്ക്വോറത്ത് അമ്മിണ്യമ്മോട് സല്ലപിക്കാന്‍ വരാറുണ്ട്. ദേവൂട്ടീടത്രേം   എക്കോഫ്രണ്ട്ലിയല്ലാന്നു തോന്നുന്നു അമ്മിണ്യമ്മ.

ദേവൂട്ടിയുടെ മോളുടെ ജാതകം അച്ചട്ടും ഫലിച്ചു. അതില്‍ പറഞ്ഞപോലെ രണ്ടാം കല്ല്യാണവും  പ്രസവവുമൊക്കെ കഴിഞ്ഞു ദേവൂട്ടിയുടെ മകള്‍  ഭര്‍ത്താവിന്‍റെ വീട്ടില്‍ സന്തോഷമായിരിക്കുന്നു. വീട്ടില്‍ വെറുതെയൊരുദിവസം നില്‍ക്കാന്‍ പോലും വരാറില്ലെന്നതായിരുന്നു ദേവൂട്ടിയുടെ സങ്കടം. നാറാണേട്ടന്‍ പണ്ടത്തെപോലെയൊക്കെത്തന്നെ പകിട നാറാണനായി വിലസുന്നു..

പത്മാവതി ഇപ്പൊഴും കുട്ടിത്തം തോന്നിക്കുന്ന ഭാവാഭിനയങ്ങളുമായി വാതോരാതെ സംസാരിച്ച് ജീവിതം സസന്തോഷം തുടരുന്നു. പക്ഷേ ഇടക്ക് തോട്ടിലൂടെ കിണറ് കുഴിക്കാന്‍ വന്ന ജെസിബിയുടെ ചളിയില്‍ പൂണ്ട വെപ്രാളത്തില്‍ ഞങ്ങളുടെ കടവ് പൊളിഞ്ഞപ്പോള്‍ എല്ലാരും കുളിക്കാന്‍ വരുന്നത് നിന്നു. ഞങ്ങളുടെ മാത്രം കടവായിരുന്നില്ല ഒരിയ്ക്കലും അത്. അതുകൊണ്ടുതന്നെ ഞങ്ങളേക്കാള്‍ സങ്കടം നാട്ടുകാര്‍ക്കായിരുന്നു. ഇപ്പോള്‍ കടവ് വീണ്ടും പഴയപ്പോലെ സജീവം.

“ഒര്ടെ കാര്യം കഷ്ടാ... വടീം കുത്തിപ്പിടിച്ച് പോണ കാണാറ്ണ്ട് ദിവസോം. ഇപ്പോ ഒരു വീട്ടിലെ പണ്യേ ഉള്ളൂത്രേ”ഞങ്ങള്‍ നാട്ടിലുള്ളതറിഞ്ഞ് ദേവൂട്ടി ഒരു ദിവസം വരും വരെ  അമ്മിണ്യമ്മ കുനുഷ്ട് പറയ്വാണെന്നാ ഞങ്ങളെല്ലാരും കരുതിയത്.

അങ്ങിനിരിക്കുമ്പോ ഒരു ദിവസം ദേവൂട്ടി വന്നു. ഒരു വടീം കുത്തി കോലില്‍ തുണിച്ചുറ്റിയപ്പോലെ മെലിഞ്ഞ ദേഹത്ത് സാരി വാരിച്ചുറ്റി കാലുംവലിച്ചുവെച്ച് മുഖം നിറയെ ചിരിയുമായി.

“മുന്നേലെപ്പോലൊന്നും വയ്യന്‍റെ കുഞ്ചാത്തലെ” വന്നു കേറീതും ദേവൂട്ടി പറഞ്ഞു.

“ഇപ്പോദാ ഒരു വീട്ടില്‍ കഷ്ടിച്ച്ങ്ങനെ പോണണ്ട്... കാലിനും കയ്യിന്വൊക്കേ നല്ല വേദനിണ്ടേയ്.....” അത് പറയുമ്പോഴും ദേവൂട്ടി ചിരിച്ചുകൊണ്ടിരുന്നു.

“മോള്ക്കൊരു ചെക്കനുണ്ടായതറിഞ്ഞില്ല്യേ.”

“ഉവ്വ്.. നന്നായി ..”

“ഉം… അങ്ങിന്യൊക്കെണ്ടായി... ഓളിപ്പം ങ്ങട്ടയ്ക്കങ്ങിനെ വരാറൊന്നും ല്ല്യേയ്..” ചിരിക്കിടയില്‍  ദേവൂട്ടി പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ പാവം തോന്നി.

“ ഓള്ടെ  രണ്ടു കല്യാണത്തിനായിട്ട് വാങ്ങിയ കടങ്ങളിനീം ബാക്കിണ്ടേയ്... അതോണ്ട് മാത്രാണ് ഈ വയ്യാത്ത കാലും വെച്ച് .. സ്വര്‍ണ്ണം  മുഴ്വോനെ ഓനെട്ത്തില്ല്യേ… മൂത്ത മര്വോനേയ്.. പാപ്പരാത്രേ .. അങ്ങിന്യായാപ്പിന്നെ ഒന്നും തരണ്ടാത്രേ.. കേസിപ്പഴും നടക്ക്ണ് ണ്ട് വെര്തെ് വക്കില്ന് പൈസ കൊടുക്കാംന്നു മാത്രം.”“തീരെ വയ്യെനിക്കേയ്.... മുന്നത്തെപ്പോലൊന്നും ശരീരം വഴങ്ങില്ല്യേയ്.. അല്ലെങ്കീ ഞാനിവിടത്തെ പണി വേണ്ടായ്ക്ക്യോ”

ഇവിടത്തെ കടമെല്ലാം എഴുതിത്തള്ളി അത്യാവശ്യം നല്ല ‘ഗ്രാറ്റ്യുവിറ്റി’യും വാങ്ങിപ്പോയപ്പോള്‍ വീണ്ടും വരണമെന്ന് മോഹം പറഞ്ഞൂത്രെ ദേവൂട്ടി. വന്ന്‍ ഒരാഴ്ചക്കുള്ളില്‍ പിന്നേയും കടം ചോദിച്ചു. ആ മാസത്തെ ശമ്പളം മുങ്കൂര്‍ വാങ്ങി പോയതില്‍ പിന്നെ അന്നാണ് വരുന്നത്.

എടത്ത്യമ്മ ചായയും പലഹാരവും കൊണ്ടുവെച്ചു. ദേവൂട്ട്യേ സല്‍ക്കരിക്കുന്നതിലെ പ്രതിഷേധമെന്നോണം അമ്മിണ്യമ്മ അകമ്പണികള്‍ മുടക്കി വെറുതേ വളപ്പിലൂടെ നടന്ന്‍ എന്തോതിരയുമ്പോലെ ഭാവിച്ചു.

“ എന്താപ്പദ് കഥ അമ്മിണ്യേമ്മേ... നേരം സൂര്യന്‍ ഉച്ചീല്‍ കേറീലോ.. നിങ്ങടെ പണിനീം കഴിഞ്ഞില്ല്യേ? ഞാന്ണ്ടായിര്ന്നപ്പോ ഇന്നേരാവുമ്പഴക്ക് നിക്ക് പോവാറായിട്ട്ണ്ടാവും... ” .ദേവൂട്ടി ചിരിച്ചുകൊണ്ട് എണ്ണയൊഴിച്ചു. അമ്മിണ്യമ്മ ആളിക്കത്തി. അങ്ങിനെയൊന്നും ആയിരുന്നില്ലല്ലോയെന്ന് പറഞ്ഞ് വെറുതെ ദേവൂട്ട്യേ മുഷിപ്പിക്കേണ്ടെന്ന് ഞങ്ങളും കരുതി.

ചായകുടിച്ച്കഴിഞ്ഞ് ദേവൂട്ടി എഴുന്നേറ്റു. കാലും വലിച്ച് അടുക്കളപ്പുറം വരെ ഗൃഹാതുരതയോടെ നടന്നു. പണ്ടത്തെ ദേവൂട്ടിയുടെ മിഠായി നുണയുന്ന ശബ്ദം കേള്‍ക്കുന്നുണ്ടോയെന്നു ഞാന്‍ കാതോര്‍ത്തുകൊണ്ടിരുന്നു. അടുക്കളമുറ്റത്ത് കാക്കകളും അണ്ണാനും ദേവൂട്ടിയെന്തെങ്കിലും പറയാനായി കാത്തിരിക്കുമ്പോലെ എനിക്കു തോന്നി.  തോടുപോലും ഒഴുകുന്നത് നിര്‍ത്തി  കാതോര്‍ത്തപോലെ. ഇല്ല.. പഴയതില്‍ നിന്നും ദേവൂട്ടി ഒരുപാട് മാറിയിരിക്കുന്നു.  അല്ലെങ്കില്‍ മാറിയെന്ന് നടിക്കുന്നു. മുഖത്തെ മായാത്ത ചിരി ഒരു മുഖംമൂടിപോലെ. ഇല്ലാത്ത ആത്മവിശ്വാസത്തിന്‍റെ. വേലിയേറ്റങ്ങളും ഇറക്കങ്ങളും പ്രതിഫലിപ്പിച്ച് ഉള്ളിലെ നോവുകളെ ഇല്ലെന്ന് ചവച്ചരച്ചുകൊണ്ട് ആരെയോ തോല്‍പ്പിക്കാനെന്നോണം, തോല്‍ക്കില്ല ഞാനെന്ന് സ്വയം ഉറപ്പിക്കാനായെന്നോണം ഒരു രക്ഷാകവചം പോലെ....

“പോട്ടെ കുഞ്ചാത്തലെ.. മഴപെയ്യുംന്ന് തോന്നുന്നു....ഈ കാലുംവലിച്ച് വേണ്ടേ നടക്കാന്‍.. ദൂരം കൊറേണ്ടേയ്...”

“ഇടക്കൊക്കെ വന്നോളുട്ടോ.. വെവരറിയാലോ”... അരിയും, സാരിയുമൊക്കെയാണെന്ന് തോന്നുന്നു ഏടത്ത്യമ്മ എന്തൊക്കെയോ പൊതിഞ്ഞ് ദേവൂട്ടിയെ ഏല്‍പ്പിച്ചു.

മുഖത്തെ ചിരിമായാതെ ദേവൂട്ടി പടികളോരോന്നായി വടികുത്തിയിറങ്ങി. തിരിഞ്ഞുനോക്കാതെ നടവഴിയിലൂടെ നടന്നുപോകുന്ന ദേവൂട്ടിയെ നോക്കിക്കൊണ്ടിരുന്നപ്പോള്‍ എന്തോ വല്ലാത്തൊരു വിഷമം തോന്നി. എന്‍റെ കഥാപാത്രത്തെയാണ് ഞാന്‍ എങ്ങുമില്ലാതെ വഴിയിലിറക്കിവിടുന്നത്. അല്ലെങ്കില്‍ ഇത്രയു നാള്‍ എനിക്കൊപ്പം നടന്ന ഒരു കഥാപാത്രമാണ് നിങ്ങളെനിക്കാരുമല്ലെന്ന്, ഇനിയും ഞാന്‍ നിങ്ങളുടെ കഥാപാത്രമല്ലെന്ന് സ്വമേധയാ ഇറങ്ങിപ്പോകുന്നത്. ഇനിയും  എന്‍റെ കഥകളില്‍ കഥാപാത്രമാവാന്‍ അവളില്ലെന്നത് സങ്കടമായിരുന്നു. തിരിച്ചുവിളിക്കാന്‍ സ്വാര്‍ത്ഥമായ എന്‍റെ മനസ്സ് നിര്‍ബ്ബന്ധിച്ചു കൊണ്ടിരുന്നപ്പോള്‍ പക്വതയാര്‍ജ്ജിച്ച് ഉള്ളിലിരുന്നാരോ തല ഉയര്‍ത്തിപ്പിടിച്ച് നടന്നു മറയുന്ന ദേവൂട്ടിയെ നോക്കി നന്മകള്‍ നേരുന്നു..


ദേവൂട്ടിയുടെ മറ്റ് പോസ്റ്റുകള്‍ ഇവിടെ തുടങ്ങുന്നു.
http://marunadan-prayan.blogspot.in/2010/09/blog-post.

ദേവൂട്ടി.........


തിങ്കളാഴ്‌ച, ജൂലൈ 14, 2014

തലയില്ലാത്ത.........






ആകാശം നോക്കി ഒരേ കിടപ്പാണ്
വെട്ടിയിട്ടതോ
പൊട്ടിവീണതോ
പൂതലിച്ചതോ ഓര്‍മ്മയില്ലാതെ
ഒരിക്കല്‍
ചില്ലകളില്‍ പടര്‍ന്നുകയറിയിരുന്ന
താളസംക്രമം കാത്ത്
ഒരു മരം

ആകാശമേയെന്ന്
പൊങ്ങിയുയരാനുള്ള മന്ത്രം
ഒരിക്കല്‍ക്കൂടി
ഓര്‍ത്തെടുക്കാന്‍ നോക്കി
ഉറന്നു പൊടിയുന്നുണ്ട്
ഊഞ്ഞാല്‍പ്പടി

പൊളിഞ്ഞു വീണതും
അമര്‍ന്നടിഞ്ഞതുമറിയാതെ
മുത്തശ്ശിയുടെ
ഓര്‍മ്മകളിലൂടെ
ശ്വാസം എന്തിവലിച്ച്
ഇടക്കിടെ ജീവന്‍ വെക്കുന്ന
വിറകുപുരയുടെ
ഇല്ലാത്ത മൂലയില്‍
വെറുമൊരു ചിതല്‍ പുറ്റായി
മാന്തുഞ്ചമേയെന്ന്
കുതിക്കാന്‍ കൊതിച്ചു
ഊഞ്ഞാല്‍വള്ളി

കുഞ്ഞനുടുപ്പിട്ടു
പാഞ്ഞുനടക്കുന്ന
ഓര്‍മ്മകളില്‍ നിന്നും
ഊഞ്ഞാല്‍പ്പാട്ടുകള്‍
തിരഞ്ഞെടുത്ത്
വീണ്ടും വീണ്ടും പാടിച്ച്
കാല്‍ച്ചുവടുകള്‍ക്കായി
കാതോര്‍ത്തിരിക്കുന്നു
കേള്‍ക്കാന്‍ മാവില്ലെന്നറിയാതെ
മാഞ്ചുവട്

ഡിമന്‍ഷ്യ
മനുഷ്യരുടെ മാത്രം അസുഖമാണെന്നാരു പറഞ്ഞു....