
വികൃതികാട്ടി മതിയാകാതെ
മരിച്ച കുഞ്ഞുങ്ങളാവണം
അടുത്ത ജന്മത്തില്‍
മഴയായി പെയ്യുന്നത്.
കാറ്റായി നിറയുന്നത്.
കടലായി ഇരച്ചു തുളുമ്പുന്നത്.
നനയാനിഷ്ടപ്പെട്ടിരുന്ന
നനക്കുമ്പോള്‍
കളിയായി വെള്ളം ചീറ്റിയിരുന്ന കുട്ടി
അമ്മയില്‍ നിന്നടിമേടിച്ച്
തോരാമഴയിലേക്കിറങ്ങിനടന്നിരിക്കും
(മഴയെന്നുമൊരു മറയാണ്....
മുഖം മറയ്ക്കുന്ന കുടക്കുള്ളിലെ
കണ്ണീര്‍ മറയ്ക്കുന്ന മഴത്തുള്ളികള്‍)
മഴജന്മം ചോദിച്ചുചോദിച്ച് വാങ്ങിയിരിക്കും.
തൂവലുകളൂതിയൂതി പുറകെയോടിയിരുന്ന കുട്ടി
കാറ്റായും
അപ്പൂപ്പന്താടിക്ക് പിറകെപ്പിറകെ ഓടിയിരുന്ന കുട്ടി
മേഘമായും
വിമാനങ്ങളെനോക്കിനോക്കി കൊതിച്ചിരുന്ന കുട്ടി
പക്ഷിയായും
തീക്കായാകാന്‍ മോഹിച്ചുമോഹിച്ച് മരിച്ച കുട്ടി
തീനാളമായും
ഉമ്മകള്‍ ഇഷ്ടപ്പെട്ടിരുന്ന കുട്ടി ചുണ്ടുകളായും
പുനര്‍ജ്ജനിക്കാന്‍ കൊതിച്ചിരിക്കും.
കാലുകള്‍ തളര്‍ന്ന കുഞ്ഞ്
ഒരു കാല്‍പ്പന്താവാനും
വാക്കുകള്‍ പിണങ്ങിപ്പോയ കുഞ്ഞ്
പേനയിലൂടെ ഒഴുകി നിറയാനും
ദൈവത്തിനോട് വാശിപിടിച്ചിട്ടുണ്ടാവണം.
വിശന്ന വയറുമായി
ഭക്ഷണം സ്വപ്നംകണ്ട കുട്ടി
വെടിയുണ്ടയില്‍
നെഞ്ചുതകര്‍ന്ന കുട്ടി
പച്ചമാംസമെന്ന് പിച്ചിച്ചീന്തപ്പെട്ട കുട്ടി
ഏതുജന്മമാവും കൊതിച്ചിരിക്കുക...
ഒലീവിലകൊത്തിപ്പറക്കുന്ന വെള്ളരിപ്രാവിന്‍റെയോ
വെടിയുണ്ടയുടേയോ....
7 അഭിപ്രായങ്ങൾ:
THIS POEM IS BEAUTIFUL.. IT SOUNDS FOR THE CHILDREN...
നല്ല കവിത.
ഇനി ഈ ലോകത്തില്‍ ജനിക്കുകയേ വേണ്ട എന്നാഗ്രഹിച്ച കുട്ടികളുമുണ്ട്
സമാധാനത്തിനും വെടിയുണ്ടക്കും പുറകിലോരോ ജന്മ സത്യങ്ങളുണ്ട്..ല്ലേ..
തിരശ്ശീലക്കു പുറകിലെ കുഞ്ഞുങ്ങളെക്കൊണ്ടു ഒരു പ്രകൃതി പശ്ചാത്തലം..ഇഷ്ടമായി ചിന്തകളിലെ ആഴം..
വിശപ്പിലും വെടിയുണ്ടയിലും തീർന്നു പോകുന്ന കുഞ്ഞുജന്മങ്ങളുടെ സ്വപ്‌നങ്ങൾ , ആഴമേറിയ ചിന്തയായി ഉള്ളം നനയ്ക്കുന്നു.....
ഹൊ!
ദീർഘദർശം ചെയ്യും ദൈവജ്ഞർ....
കാറ്റായുലയായ് കൊടും തിരകളായ്...
പ്രഹരശേഷിയുണ്ടെങ്കിലും അവർ മൗനം ഭജിക്കയേയുള്ളൂ...
മുതിർന്നവരെക്കാൾ മനഃസാന്നിദ്ധ്യമുള്ളവരാണവർ...
ഈ അടുത്ത കാലത്ത് വായിച്ച ഒരു കവിത ,ആരാ എഴുതിയത് അറിയില്ല
----------------------
കുഞ്ഞുങ്ങളുടെ
ശ്മശാനത്തിനു
കാവലിരിക്കുകയാണു ഞാന്‍
നിങ്ങള്‍ക്കറിയില്ല
അവരെത്രമാത്രം
ശാന്തരായാണുറങ്ങുന്നതെന്ന്
നക്ഷത്രങ്ങളുള്ള രാത്രികളില്‍
മഴവില്ലിന്റെയുടുപ്പണിഞ്ഞു
പൂവിരിയും പോലെ
പുഞ്ചിരിച്ചവര്‍
കഥകേള്‍ക്കാന്‍
വരാറുണ്ട്
നീളമില്ലാത്തരാത്രിയെ
പഴിച്ചു
തീരാത്ത കഥയുമായവര്‍
തിരിച്ചു പോവാറുണ്ട്
നിങ്ങള്‍ കാണുന്നില്ലേ
ശ്വാസം പോലും കേള്‍പ്പിക്കാതെ
ഉറങ്ങിപ്പോയ ശ്മശാനങ്ങളെ
ഒരോ കുഞ്ഞിനെക്കൊല്ലുമ്പോഴും
ഒരു നക്ഷത്രത്തെ
ഊതികെടുത്തുന്നെന്നു
പറയുന്ന കുഴിമാടങ്ങളെ....
മരിച്ചവരെപ്പോലയല്ലവര്‍
ജീവിതത്തെപ്പറ്റി
പരാതിയില്ലാതെ
പറന്നുപോയവര്‍
എന്നത്തേയും പോലെ
ഇന്നുമവർ വരാതിരിക്കില്ല
ഭൂമിയിലെ ഇരുട്ടിനെയാകെ വെളുപ്പിക്കാൻ
അവരല്ലാതെ
പിന്നെയാരാണുള്ളത്?
കവിത നന്നായിട്ടുണ്ട്,,,,ഹിമ്സാവിരുധമായ ഒരു മനസ്സ് ഇതിലുണ്ട്,,,,
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ