വെള്ളിയാഴ്‌ച, ഓഗസ്റ്റ് 14, 2015

കാലമേ നിന്നോടാണ്.......



 നിലമൊരുക്കിയിരുന്നു
ചിലത് ചാണകവും കരിയും കൂട്ടിമെഴുകി,
ചുമന്നകാവി ആറ്റിക്കുറുക്കി
തണുപ്പുമുഴുവന്‍ ചാലിച്ച്  മിനുക്കി,
ചിലതില്‍ പതുപതുത്ത തൂവലുകള്‍
അത്രയും പറന്നു പറന്നു പോയതുകൊണ്ടായിരിക്കണം.
നനഞ്ഞ മണ്ണ് വിരിച്ചത്
ആകാശം തുറന്നിട്ടത്
'തണലേയെന്ന് '
കൊതിച്ചുപോയതുകൊണ്ടാവും.
ചിലതില്‍ ഇരുളുനിറച്ചു
ചിലതില്‍ തുറന്നജനാലകള്‍
ഉറപ്പായും കമ്പിയുള്ളത്
കല്ലും മുള്ളും നിറച്ചത്
സര്‍പ്പങ്ങളെ പോറ്റിവളര്‍ത്തണമെന്ന് കരുതിയതാണ്
വിഷം തീണ്ടിയാല്‍
ചീഞ്ഞുനാറുമെന്ന്
വിഷം പടരുമെന്ന്...
ഓരോ വാതിലുകളും
അപ്പപ്പോള്‍ പൂട്ടി
താക്കോല്‍ വലിച്ചെറിഞ്ഞതാണ്
ഇനിയൊന്ന് തിരിഞ്ഞുനോക്കില്ലെന്ന് കരുതിയതാണ്
നീയതോരോന്നായ് പെറുക്കിയെടുത്തിരുന്നെറിയും വരെ
ഒരോമുറിയായ് തുറന്നിടുന്നതറിയും വരെ...
          *********
എന്തിനാണിവരിങ്ങിനിങ്ങിനെ!
ആരാണ് ചൂണ്ടയിട്ടതിരുളിന്നാഴങ്ങളിലിങ്ങിനെ-
യെത്രനേരമാണിളകാതെ ശ്വാസം പിടിച്ചിരിക്കുന്ന-
തേതുമീനാണ് കുടുങ്ങിപ്പിടയ്ക്കുന്നത് ചൂണ്ടയില-
ല്ലയിതേത് കിണറാണ് തൊട്ടി മുങ്ങി മുങ്ങിനിവരുന്ന-
തെന്തൊരാഴമാണ് കോരിയിട്ടും കോരിയിട്ടും തീരാതെ-
ന്തിനാണീക്കയറിഴയിങ്ങിനെ പിണങ്ങിപ്പിരിയുന്ന-
തെത്രയിഴചേര്‍ത്താണോരിഴപിരിച്ചതിനിയുമഴിയാ-
താരാണീയുരുളിലെണ്ണപോലുമൊഴിക്കാത്തവ-
നേതുവണ്ടിയിലേക്കാണീ ചക്രമോടിച്ചുകേറ്റുന്ന-
തെന്തു വേഗമാണിന്നിതിനേതുസ്റ്റേഷനിലാണുറക്ക-
മിരുളിന്‍ തോളില്‍ക്കയ്യിട്ടിറങ്ങിപ്പോകുന്നിതെ-
ന്നെക്കൂടാതെയൊന്നു തിരിഞ്ഞുപോലും നോക്കാതെ-
യേതു ഞാനാണെന്നെയിങ്ങിനെതുറന്നു വെയ്ച്ചതിവിടെ!

         ********
 ദേവാലയങ്ങൾ
പൊളിഞ്ഞപ്പോൾ
അതുവെറും കല്ലും മണ്ണും.
നിങ്ങളിലൊരാൾപോലുമല്ലെന്ന്
കൈപോലുമൊന്ന് മലർത്താനാവാതെ
സ്വയം കാക്കാനാവാതെ ദൈവം.
ഇനിയുമെന്നോടൊന്നും
ചോദിക്കല്ലേയെന്ന്
പറയാതെ പറയുന്ന
വെറുമൊരു ശില്പത്തിന്റെ നിസ്സംഗത.
പറയുന്നതെത്ര ശരിയാണ്
സത്യമായും ദൈവത്തെ
ആരും തിരിച്ചറിയുന്നില്ല.

            *******
അണ്ണാറക്കണ്ണനും തന്നാലായത്..
തേടിവരുന്ന കൊച്ചു കൊച്ചു സന്തോഷങ്ങളെ
ഒരുമ്മയില്‍ ചേര്‍ത്തുപിടിക്കണമെന്നുണ്ട്,
കെട്ടിപ്പുണരണമെന്നുണ്ട് നിങ്ങളെ....
നിങ്ങളെന്നിലെത്താന്‍ ഭയക്കുമ്പോലെ
ഒന്നു കൈനീട്ടിയാല്‍
ഓടിയൊളിക്കുമോയെന്ന്
നിങ്ങളെയും ഞാന്‍ ഭയക്കുന്നു...
ഞാനെന്ന എന്നെ കൂട്ടിലടച്ച്
എന്നിലെ മിഴിയനക്കം പോലും
നിങ്ങളെ ഭയപ്പെടുത്തരുതെന്ന്
ഞാനെന്റെ ചലനങ്ങളെ വിലക്കി
നിങ്ങള്‍ക്കായ് ലോകം തുറന്നിടുന്നു.....

             ******
 അങ്ങിനെയിരിക്കുമ്പോളൊരു ദിവസം
ഭൂമി കുലുങ്ങുകയോ
കുലുങ്ങാതിരിക്കയോ ചെയ്യും.
നമ്മള്‍ മരണത്തെപ്പറ്റിയോ
മരിച്ചുകിടക്കുന്നതിനെപ്പറ്റിയോ
മരിച്ചുകിടക്കുമ്പോഴുംതമ്മാമ്മില്‍
ഓര്‍ക്കപ്പെടുന്നതിനെപ്പറ്റിയോ
ജീവിച്ചിരിക്കുന്നതിനെപ്പറ്റിത്തന്നെയോ
എന്തെങ്കിലുമൊക്കെ
എഴുതുകയായിരുന്നിരിക്കും
അപ്പോള്‍ ഭൂമി കുലുങ്ങുകയോ
കുലുങ്ങാതിരിക്കയോ ചെയ്യും.

              *****
 ഗ്രീഷ്മമാണിവിടെ
വെറുതെകിട്ടിയ
മഞ്ഞകൊണ്ടാരോ
നിറയെ വരച്ചിട്ട
മരങ്ങളാണിവിടെ
നൂറും നൂറ്റിരണ്ടും
പനിച്ചുകൊഴിയുന്ന
ഇലകളാണിവിടെ
ഇല പൊഴിയുംകാടിന്റെ
മുറുമുറുപ്പാണിവിടെ
ഉഷ്ണമാണിവിടെ
മേഘകാലത്തിൻ
കൊടും തൃഷ്ണയാണിവിടെ..

                  ****
 പനിയെന്നെടുത്തു പുതച്ചതാവണം
പതഞ്ഞുതൂകിത്തിളച്ചതാവണം
പുതഞ്ഞൊരാവിയിൽ കുളിച്ചതാവണം
വിയർത്തതെന്നു നീ നടിച്ചതാവണം.
                 ***
തികച്ചും പ്രതീക്ഷിക്കാതെയായിരുന്നു
കുഴപ്പംപിടിച്ചതെങ്കിലും
സത്യമായതെന്തോപോലെയൊന്ന്..
ഒരു വാചകത്തിലെ
മര്‍മ്മപ്രധാനമായ ഒരു വാക്ക്
ഒര്‍മ്മകളിലൊളിച്ച്
ശാഠ്യം പിടിക്കുമ്പോലെയൊന്ന്
ആ വാക്കില്ലാതെ അര്‍ത്ഥം മാറിപ്പോയ
വാചകം പോലെയൊന്ന്

ഒരക്ഷരത്തിന്നുള്ളില്‍ ഒളിച്ചിരുന്ന്
തമ്മിലൊന്നുമില്ലാഞ്ഞിട്ടും
മറ്റൊരാക്ഷരം
വിലപേശിയത്
‘ദ’ യെന്നൊന്നില്ലെങ്കില്‍
‘അ’ വെറും നു മാത്രമെന്ന്!
               **
 ഭയം തോന്നുന്നു..
മരണത്തെയല്ല
മരണം വരെ
ജീവിച്ചിരിക്കുന്നെന്നു
തെളിവുകൾ
നിരത്തേണ്ടതോർത്ത്.
മരിച്ചിട്ടും
അതറിയാതെ
പോകുന്നവരെയോർത്ത്
ഓർമ്മകൾ
മരിച്ചുപോയവരെയോർത്ത്...

                 *