ചൊവ്വാഴ്ച, ഒക്‌ടോബർ 04, 2011

ചാരിറ്റി..........



അവരിന്നും വിളിച്ചിരുന്നു
പെറുക്കിക്കൂട്ടണമത്രെ...........

പഴകിയ ഉടുപ്പുകള്‍
നിറം മങ്ങിയ പിഞ്ഞാണങ്ങള്‍
മക്കളുടെ കളിപ്പാട്ടങ്ങള്‍

ഉരുള്‍പൊട്ടിയ താഴ്വാരങ്ങളില്‍
ഉറങ്ങാന്‍ കിടന്നവര്‍
ഉടല്‍മാത്രം ബാക്കിയായവര്‍ .

കാറ്റുവന്നു പൊക്കിയെടുത്തപ്പോള്‍
ചിറകുമുളക്കാഞ്ഞവര്‍
താഴെവീണുപോയവര്‍ .

കരയില്‍ കുളിക്കാനിറങ്ങിയ
കടലിനൊപ്പം നീന്താനിറങ്ങിയവര്‍
അവരെ കാത്തു കണ്ണുകഴച്ചവര്‍.

ഭൂമിക്ക് കണ്ണോക്കുമായെത്തിയ
ആകാശത്തിനൊപ്പം കരഞ്ഞ് കരഞ്ഞ്
ചിരിക്കാന്‍ മറന്നുപോയവര്‍ .

ആരോ ചിലര്‍ വലിച്ചെറിഞ്ഞ
ഭൂതത്തിന്റെ അവശിഷ്ടങ്ങളാല്‍
ഭാവിയും വര്‍ത്തമാനവും
വേവിച്ചെടുക്കുന്നവര്‍

പെറുക്കി കൂട്ടുമ്പോള്‍
വേറെയും കിട്ടി ചിലവ.
പൊടിപിടിച്ചു കിടന്നവ

പറ്റെ ഉടഞ്ഞു പോയ ഒരു മനസ്സ്

കുത്തിക്കെട്ടിയ ഏടുകളിലെ
ചിതലരിച്ച ചില മോഹങ്ങള്‍

കണ്ണികള്‍ അടര്‍ന്ന തുടലുകള്‍പോലെ
ചുറ്റിവരിഞ്ഞ് കുറെ ഓര്‍മ്മകള്‍.

കൊടുത്തുനോക്കണം
വാങ്ങാതിരിക്കാന്‍ വഴിയില്ല
സ്വന്തമായി ഒന്നുമില്ലാത്തവരല്ലെ.