വ്യാഴാഴ്‌ച, ഒക്‌ടോബർ 31, 2013

ഒന്നുമില്ലാ ഒന്നിന്നുമല്ലെന്ന് ......



ഇലകളെല്ലാം അവധൂതരെപ്പോലെ

വേരു തേടിയിറങ്ങിയൊരുനേരം

ഒഴുകിനീങ്ങുന്ന ചിത്രപത്രങ്ങളെ

കൊതിയൊടൊരു ചില്ല ചേര്‍ത്തു പിടിച്ചതും

പറയുവാന്‍ബാക്കി വെച്ചതൊന്നാവണം

മരവിരല്‍ത്തുമ്പ് ചിക്കിച്ചികഞ്ഞതും

ഇലകളില്ലാമരത്തിനെ കൈവിട്ട്

കാറ്റുമൂളി തുഴഞ്ഞുനീങ്ങുന്നതും

ഇടയിലൂടെ തെളിയുമാകാശത്തെ

വെറുതെ നോക്കി കൊതിക്കുന്ന ഭൂമിയും

ചുമരതില്ലാതെ ചിത്രം വരയ്ക്കുവാന്‍

നിഴലു നീണ്ടുംനിവര്‍ന്നും കിടന്നതും

മഞ്ഞു ചാറിയോ മഴപെയ്തതോയെന്ന്

പുല്ലിളംനാമ്പു നീട്ടി നുണഞ്ഞതും

എന്തിതെന്നോ എന്തിനാണെന്നോ

പൊന്‍വെയില്‍ത്തിരി താഴ്ത്തുന്നു സൂര്യന്


ഒന്നുമില്ലാ ഒന്നിന്നുമല്ലെന്ന്

കണ്ണിറുക്കി ചിരിക്കുന്നു കാലം...

വ്യാഴാഴ്‌ച, ഒക്‌ടോബർ 24, 2013

അങ്ങിനെത്തന്നെയാണ് വേണ്ടത്...


അങ്ങിനെയൊക്കെത്തന്നെ വളര്‍ത്തണം
നമ്മളവളെ...
അക്ഷരങ്ങളില്‍നിന്നകറ്റി
അശ്ലീലങ്ങള്‍ ഡെലീറ്റ് ചെയ്ത്
ആശകള്‍ സെന്‍സര്‍ ചെയ്ത്
ആകാശം കത്രിച്ച്
മനസ്സില്‍ മതില് പടുത്ത്
ചുറ്റും കോട്ടകള്‍ തീര്‍ത്ത്
ലോകത്തെയവരില്‍ നിന്നും
മറച്ചുപിടിക്കണം.


സ്ത്രീ അമ്മയാണ്, ദേവിയാണ്
ദുര്‍ഗ്ഗയാണ് , ലക്ഷ്മിയാണ്
വീടിന്‍റെ വിളക്കാണ് .
ഭാവശുദ്ധിയെ
കാത്തുവെയ്ക്കേണ്ടവളാണ്
കണ്‍കള്‍താഴ്ത്തി
കാല്‍ വിരലുകളെണ്ണി
മുലകളൊളിപ്പിച്ച്
മടമ്പു മണ്ണിലമരാതെ
നടക്കേണ്ടവളാണ്.
കണ്ടാലും കൊണ്ടാലും മിണ്ടരുത്.


പറയാനും കേള്‍ക്കാനും
തൊടാനും തൊടപ്പെടാനും പാടില്ലാത്ത
ഇച്ചീച്ചികളുടെ പാപഭാരം പേറണം
ശരീരത്തിന്റെ ഓരോ മുക്കും മൂലയും.

വീടിനുള്ളില്‍പോലുമിരുളില്‍
ആരുടെയൊക്കെയോ
വല്ലാതെ വളര്‍ന്ന വിരലുകളെന്ന്
പനിച്ചുതുള്ളുമ്പോള്‍ അവളെ
വഴക്കു പറയണം
ആരൊക്കെയോ ചീത്തയാണെന്ന് പറഞ്ഞതിന്
തല്ലി വായ മൂടണം.

അവസാനം
എന്നെങ്കിലും നേരറിവിന്‍റെ
വരമ്പത്തുകൂടി നടന്ന്‍
സ്കീസോഫ്രേനിയയുടെ
നൂല്‍പ്പാലത്തില്‍ കയറിയവള്‍
നൃത്തം വെക്കുമ്പോള്‍
നാണക്കേടെന്ന് മുറിയിലടച്ചിടണം.
ജീവിതം മടുത്തെന്ന്
ഉറങ്ങിക്കിടക്കുമ്പോള്‍
തന്‍റേടമില്ലാത്തവളെന്ന് മുദ്രകുത്തണം.

അപ്പോഴും തിരിച്ചറിയരുത്
സത്യം മറച്ചുവെക്കേണ്ടയൊന്നല്ലെന്ന്.
ലോകം തുറന്നു കാട്ടേണ്ടതാണെന്ന്.
ശ്ലീലമല്ല
അശ്ലീലമാണ് പൊളിച്ചുകാട്ടേണ്ടതെന്ന്

ശനിയാഴ്‌ച, ഒക്‌ടോബർ 12, 2013

ഇപ്പോഴുണ്ടായിട്ടും നമ്മുടേതല്ലാത്ത വീടിന്.......

നീ പറഞ്ഞപ്പോഴാണ്  ഞാനോര്‍ത്തത് 
സ്വപ്നങ്ങളില്‍ വന്ന് ഇടക്കിടക്ക്
നിങ്ങളുടേതെന്ന് വിതുമ്പുന്ന
നീയെന്നെ മറന്നല്ലോയെന്ന്
ഇടക്കിടെ പായ്യാരം പറയുന്ന
ഇത്രയും കാലമായിട്ടും
ഒന്നു വന്നു കണ്ടില്ലല്ലോയെന്ന്
മൂക്ക് ചീറ്റുന്ന വീടിനു
ഒന്നു ഇവിടം വരെ വന്നാലെന്തായെന്ന്
ഒരു എസ് എം എസ് അയച്ചാലോ എന്ന്‍...............
 
സ്കൂളിലേക്കു പോകുന്ന തിരക്കില്‍
എത്രവിളിച്ചിട്ടും
മുന്നില്‍ വരാതെ വൈകിപ്പിച്ച
ഒരു കഷ്ണം പച്ചറിബ്ബണ്‍
ഒരു കുഞ്ഞു സ്ലേറ്റുപെന്‍സില്‍
ഒരു മുടിപ്പിന്‍, ഒരു ചോക്കുപൊട്ട്,
ഒരു കളര്‍ പെന്‍സില്‍

വലുതാവാന്‍ കൊതിച്ച്
വഴിയിലുപേക്ഷിച്ചു നടന്ന
എന്‍റെ കുട്ടിക്കാലം

അമ്മയുടെ താരാട്ട്
അച്ഛന്‍റെ മൂളലില്‍ നിന്നും
കേട്ടുപഠിച്ച  രണ്ടു വരി കവിത
ചേച്ചിയുടെ ഉമ്മയില്‍ നിന്നും
കട്ടെടുത്തുവെച്ച ഒരു നുള്ള് മധുരം
തല്ലുകൂടിയൊന്നിച്ചപ്പോള്‍
ചിതറിത്തെറിച്ച ഒരു തരി സ്നേഹം

ഞങ്ങളുടെ പ്രണയത്തിന്‍റെ പൊട്ടും പൊടിയും
അമ്മുവിന്‍റെ ആദ്യത്തെ കാലടിപ്പാടുകള്‍
അങ്ങിനെ കയ്യില്‍ കിട്ടിയതെല്ലാം
പെറുക്കിയെടുത്ത് ഓടിവരുമായിരിക്കും.

ഓരോന്നോരോന്നായി
മുന്നിലേക്കുവെച്ച് കൊണ്ടെന്‍റെ
മുഖത്തു വിരിയുന്ന സന്തോഷം 
നോക്കിയിരിക്കുമായിരിക്കും.
മോനെവിടെയെന്ന് മുല ചുരത്തുമായിരിക്കും.

തന്‍റെ കൂടെവരാനായി
ആഴങ്ങളിലെ വെള്ളത്തെയൊരുക്കിയൊരുക്കി
സുല്ലിട്ട കിണറിനെയോര്‍ത്ത്
വല്ലോറമലക്ക് കീഴെ സൂര്യനും ചന്ദ്രനും
ആകാശവും ഭൂമിയും കാറ്റും മഴയും മരങ്ങളും
നിന്നെ മിസ്സ് ചെയ്യുന്നുണ്ടെടായെന്ന് പറഞ്ഞ്
ഉറക്കെയുറക്കെ പൊട്ടിച്ചിരിക്കുമായിരിക്കും.

ഓരോ പടിയിറക്കത്തിലും
ഓരോ ചുവടുനീക്കത്തിലും
ഞാന്‍ ബാക്കി വെച്ചതെല്ലാം
തിരിച്ചുവാങ്ങാന്‍ ഇനിയും
തേടിയെത്തിയില്ലല്ലൊയെന്ന്
കണ്ണു ചുവപ്പിക്കുമായിരിക്കും.........
ഇനി തിരിച്ചു പോകണ്ടാട്ടോയെന്ന്
പറയുന്നതും കാത്തു
കൊതിച്ചിരിക്കുമായിരിക്കും.

പറഞ്ഞു പറഞ്ഞു വരുമ്പോള്‍
കൊതിയാകുന്നുണ്ട് ഒന്നു കാണാന്‍
ഇനി സ്വപ്നത്തില്‍ വരുമ്പോള്‍
നമ്പര്‍ ചോദിക്കണം.

ഞായറാഴ്‌ച, ഒക്‌ടോബർ 06, 2013

ഊടിരമ്പം......




വഴിക്കപ്പോള്‍
അങ്ങിനെകിടന്നാലോചിക്കാനാണ് തോന്നിയത്.
അടിയിലടിയിലടിയിലെവിടേയ്ക്കൊ
നൂണ്ടിറങ്ങി
പിറന്നപാട് നൂല്‍ബന്ധമില്ലാതെ
മലര്‍ന്ന്  കിടന്ന്‍
തോന്നുംപോലൊക്കെ
തിരിഞ്ഞും മറിഞ്ഞും
മറിഞ്ഞും തിരിഞ്ഞും
നീണ്ടു മെലിഞ്ഞും
ചിലപ്പോള്‍ മെലിഞ്ഞു നീണ്ടും
ഒടിമറയുന്ന മൃഗിമകളെ
മെരുക്കിയൊളിപ്പിച്ച്...
മൃഗപദച്ചിത്രങ്ങളുള്ള മണ്ണ് വിരിച്ച്...
കരിയിലപ്പുതപ്പ് പുതച്ച്
കാടിനൊപ്പംതാണ്ഡവമാടി    
മഴവെള്ളത്തിനൊപ്പം
തുടുത്ത് കുത്തിയൊലിച്ച്
അരികുകളിലെ
പൊത്തുകളിലും 
പൊന്തകളിലുമുള്ളവരോട്
കുശലം പറഞ്ഞു  
വിരളമായി കടന്നുപോകുന്ന
മനുഷ്യന്റെ വിയര്‍പ്പേറ്റുവാങ്ങി....
നിലാവില്‍ കുളിച്ചുതോര്‍ത്തി  
ഇരവിനോടിണചേര്‍ന്ന്  
അങ്ങിനെ അങ്ങിനെ...          

ഒറ്റയടി ഒറ്റവരിയായത് 
ഒറ്റവരി ഇരട്ടവരിയായത്
ഇരട്ടവരി എട്ടുവരിയായത്...
കാടുകള് നേര്‍ത്ത്  
പാതകള്‍ തൂര്‍ത്ത്
നഗരം കൈ കോര്‍ത്തത്  
കോണ്‍ഗ്രീറ്റ് കാടുകളായി വളര്‍ന്നത്!

പൊള്ളുന്ന വെയിലില്‍  
നീണ്ട്പരന്ന്‍
കറുത്തുരുകി
അതിവേഗ രഥ്യങ്ങളോട്
വെളിപ്പെട്ടു മടുക്കുമ്പോള്‍
വഴിക്കങ്ങിനെകിടന്നാലോചിക്കാനാണ് തോന്നിയത്   അടിയിലടിയിലടിയിലെവിടേയ്ക്കൊ നൂണ്ടിറങ്ങി
പകലുമിരുള്‍ പുതച്ചുറങ്ങുന്ന
വിജനതയുടെ
പടികടന്നകടന്നുവിരളമായെത്തുന്ന
പദവിന്യാസം കാതോര്‍ത്ത്
വെറുതെ കിടക്കാന്‍
വെറുതെയൊന്നു കൊതിച്ചതിന്ന്
കുറ്റം പറയാന്‍ പറ്റില്ല....  

ഇതുപോലേതോ
ഒരു കൊതിയുടെ പേരിലാണല്ലോ
ഒരുകാലില്‍ നിന്നുംമറ്റേ കാലിലേക്ക്
ജീവിതത്തെ തട്ടിയും
കയറ്റിവെച്ചും
നമ്മളും കാത്തിരിക്കുന്നത്.........