വ്യാഴാഴ്‌ച, ഒക്‌ടോബർ 24, 2013

അങ്ങിനെത്തന്നെയാണ് വേണ്ടത്...


അങ്ങിനെയൊക്കെത്തന്നെ വളര്‍ത്തണം
നമ്മളവളെ...
അക്ഷരങ്ങളില്‍നിന്നകറ്റി
അശ്ലീലങ്ങള്‍ ഡെലീറ്റ് ചെയ്ത്
ആശകള്‍ സെന്‍സര്‍ ചെയ്ത്
ആകാശം കത്രിച്ച്
മനസ്സില്‍ മതില് പടുത്ത്
ചുറ്റും കോട്ടകള്‍ തീര്‍ത്ത്
ലോകത്തെയവരില്‍ നിന്നും
മറച്ചുപിടിക്കണം.


സ്ത്രീ അമ്മയാണ്, ദേവിയാണ്
ദുര്‍ഗ്ഗയാണ് , ലക്ഷ്മിയാണ്
വീടിന്‍റെ വിളക്കാണ് .
ഭാവശുദ്ധിയെ
കാത്തുവെയ്ക്കേണ്ടവളാണ്
കണ്‍കള്‍താഴ്ത്തി
കാല്‍ വിരലുകളെണ്ണി
മുലകളൊളിപ്പിച്ച്
മടമ്പു മണ്ണിലമരാതെ
നടക്കേണ്ടവളാണ്.
കണ്ടാലും കൊണ്ടാലും മിണ്ടരുത്.


പറയാനും കേള്‍ക്കാനും
തൊടാനും തൊടപ്പെടാനും പാടില്ലാത്ത
ഇച്ചീച്ചികളുടെ പാപഭാരം പേറണം
ശരീരത്തിന്റെ ഓരോ മുക്കും മൂലയും.

വീടിനുള്ളില്‍പോലുമിരുളില്‍
ആരുടെയൊക്കെയോ
വല്ലാതെ വളര്‍ന്ന വിരലുകളെന്ന്
പനിച്ചുതുള്ളുമ്പോള്‍ അവളെ
വഴക്കു പറയണം
ആരൊക്കെയോ ചീത്തയാണെന്ന് പറഞ്ഞതിന്
തല്ലി വായ മൂടണം.

അവസാനം
എന്നെങ്കിലും നേരറിവിന്‍റെ
വരമ്പത്തുകൂടി നടന്ന്‍
സ്കീസോഫ്രേനിയയുടെ
നൂല്‍പ്പാലത്തില്‍ കയറിയവള്‍
നൃത്തം വെക്കുമ്പോള്‍
നാണക്കേടെന്ന് മുറിയിലടച്ചിടണം.
ജീവിതം മടുത്തെന്ന്
ഉറങ്ങിക്കിടക്കുമ്പോള്‍
തന്‍റേടമില്ലാത്തവളെന്ന് മുദ്രകുത്തണം.

അപ്പോഴും തിരിച്ചറിയരുത്
സത്യം മറച്ചുവെക്കേണ്ടയൊന്നല്ലെന്ന്.
ലോകം തുറന്നു കാട്ടേണ്ടതാണെന്ന്.
ശ്ലീലമല്ല
അശ്ലീലമാണ് പൊളിച്ചുകാട്ടേണ്ടതെന്ന്

4 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

വിവേകശാലിയായി വളരട്ടെ
കൊള്ളേണ്ടതിനെ കൊണ്ടും തള്ളേണ്ടതിനെ തള്ളിയും!

സൗഗന്ധികം പറഞ്ഞു...

വിവേകശാലിയായി വളരട്ടെ
കൊള്ളേണ്ടതിനെ കൊണ്ടും തള്ളേണ്ടതിനെ തള്ളിയും!

ശ്രീ പറഞ്ഞു...

അങ്ങനെയൊക്കെ തന്നെയാണ് നടക്കുന്നത്...

the man to walk with പറഞ്ഞു...

എങ്ങിനെയാണ് വേണ്ടത് എന്നറിയില്ല
നിഗമനങ്ങൾ മാറിമറിയുന്നു