വ്യാഴാഴ്‌ച, ഡിസംബർ 20, 2012

ഒരു ചൊല്‍ക്കാഴ്ച കൂടി......,



 
യാഥാതഥ്യം........... 

പാലകള്‍ പൂക്കുന്നില്ലി-
വിടെപാരിജാതവും
ഉള്ളതേതോ കൊടും
വിഷത്തിന്‍ ഗന്ധം തപ്തം!

പണ്ടുനിന്‍ പാദങ്ങളില്‍
മുത്തിയിക്കിളിയിട്ട
മീനുകളില്ലാ ജലം
മരിച്ച മണമെങ്ങും !

തിരഞ്ഞു വൃന്ദാവനം
മുഴുക്കെത്തിരഞ്ഞിട്ടും
അരികത്തണഞ്ഞില്ലാ
നിന്‍കുഴല്‍ച്ചെത്തം പോലും !

കൃഷ്ണാ നീ വരൂ വേഗം
യമുന മരിക്കുന്നു,
ശ്വാസം
കിട്ടാതെ നുരയുന്നു
നീയിതുകാണുന്നില്ലെ !

കാളിന്ദി തടത്തിലും
കടമ്പിന്‍ ചുവട്ടിലും
തേടിഞാന്‍ നിനക്കായി
നീയെന്തേയറിഞ്ഞില്ല !

വിധുരരാം ഗോപികള്‍
പതിനാറായിരത്തെട്ടും
വിരഹാഗ്നിയില്‍ വെന്തു
നീറുന്നു നിന്‍പേര്‍ ചൊല്ലി !

തൂവെള്ള വസ്ത്രങ്ങളും
ഭസ്മധൂളിയും ചാര്‍ത്തി
മധുവനമാകെയിവര്‍
ശുഭ്രതയുണക്കുന്നു !

നീയോ ഞാന്‍ കണ്ടൊരു
മണ്ഡപമതില്‍ കല്ലായ്
അതിലും ശൈത്യം നിന്റെ
കണ്‍കളിലുറയുന്നുവോ !

നിന്റെ താണ്ഡവത്താലന്നു
പത്തിതാഴ്ത്തിയ കാളിയന്‍
വിത്തുകളൊരായിരം
പെറ്റതു നീയോര്‍ത്തില്ല !

കാളിന്ദിയും പിന്നെ
യമുനയുമതുപോരാ-
തേതൊരു നദിയിലുമാ
കൊടും വിഷം തന്നെ !

കൃഷ്ണാ നീ വരൂ വേഗം
യമുന മരിക്കുന്നു ശ്വാസം
കിട്ടാതെ നുരയുന്നു
നീയെന്തെയറിയുന്നില്ലാ !

തിരിയെ നടക്കുമ്പോഴും
കൊതിക്കുന്നുണ്ടീമനമൊരു
മുളംതണ്ടിന്നീണം, ചുമലില്‍
ഒരു സാന്ത്വനസ്പര്‍ശം.

പണ്ടുനിന്‍ മുടിച്ചാര്‍ത്തില്‍
നിന്നൂര്‍ന്നമര്‍ന്നൊരു
സപ്തവര്‍ണ്ണത്തുണ്ടെന്റെ
നെഞ്ചില്‍നിന്നടര്‍ത്തിഞാന്‍
കാല്‍ക്കലര്‍പ്പിക്കുന്നു നിന്റെ
അതില്‍നിന്നാവില്ലെനി-
ക്കിനിയും ചായക്കൂട്ടു
ചാലിച്ചു നിറക്കുവാന്‍.

ബുധനാഴ്‌ച, ഡിസംബർ 12, 2012

രാധാമണി.



ഓരൊഴിവുദിവസത്തിന്‍റെ ആലസ്യവും അന്തര്‍മ്മുഖതയും പൂര്‍ണ്ണമായി ഏറ്റെടുത്ത് ഡ്രോയിങ്ങ്റൂമിലെ സോഫയില്‍ വായിച്ചുകൊണ്ടിരുന്ന പുസ്തകത്തെ മാറിലുറങ്ങാന്‍ വിട്ട് കണ്ണുകളടച്ച് ഒരു ധ്യാനാവസ്ഥയില്‍ കിടക്കുകയായിരുന്നു രാധാമണി.

രാധാമണീ...

അവളുടെ പേരിലെ വള്ളിപുളളിവിസര്‍ഗ്ഗങ്ങളൊന്നുപോലും നഷ്ടപ്പെട്ടുപോകരുതെന്നിതിങ്ങിനെ ഫോണിലൂടെ നീട്ടി വിളിക്കുന്നത് നന്ദുവാണ്. അച്ഛന്‍ മടിയിലിരുത്തി ചെവിയില്‍ വിളിച്ച അനന്തകൃഷ്ണന്‍ എന്നപേര് സ്നേഹത്തില്‍ കുറുക്കിയെടുത്ത് നന്ദു എന്ന്‍ അവള്‍ വിളിക്കുന്ന അനന്തന്‍. ചിലസമയങ്ങളില്‍ നന്ദു അനന്തനിലേക്കും അനന്തന്‍ അനന്തകൃഷണനിലെക്കും ഏകതാനതയോടെ തിരിച്ചോടുന്നത് വെളിച്ചത്തിനെക്കാള്‍ വേഗതയിലാണെന്ന് തോന്നാറുണ്ട് രാധാമണിക്ക്.

അവള്‍ പലപ്പോഴും ആലോചിക്കാറുള്ളതാണ്... രാധാമണിയെന്ന പേരിന്‍റെ സാധ്യതകളെപ്പറ്റി. അവള്‍ക്കു ചുറ്റിലും സ്നേഹത്തിനുമുന്നില്‍ ചുരുങ്ങിയൊതുങ്ങിയ പേരുകളായിരുന്നു നിറയെ. ദേവു എന്ന ദേവയാനി, സിനിയെന്ന സുഹാസിനി, മാലു എന്ന മാലതി അങ്ങിനെ സ്നേഹത്തോടെ ചെത്തിയൊതുക്കിയ പേരുകള്‍ നിറയെയാണ്ചുറ്റിലും. അവളുടെ പേരിനു സാധ്യതയില്ലാഞ്ഞിട്ടല്ല. രാധു എന്നാണവളെ വീട്ടില്‍ വിളിച്ചിരുന്നത്. കൂട്ടുകാര്‍ മണിയെന്നും ടീച്ചര്‍മാര്‍ രാധയെന്നും. ആ ഓര്‍മ്മകളെയെന്നപോലെ രാധാമണി ഫോണില്‍പറ്റിപ്പിടിച്ചിരിക്കുന്ന പൊടിയെല്ലാം  വിരലുകളാല്‍ മെല്ലെ തുടച്ചുമാറ്റി.

രണ്ടാമതും ‘രാധാമണീ’യെന്നു നീട്ടിയുള്ള വിളി ഫോണിന്‍റെ അങ്ങേത്തലയില്‍ മുഴങ്ങിയപ്പോള്‍ രാധാമണി ചിന്തകളില്‍ നിന്നും ഞെട്ടിയുണര്‍ന്നു. ഇങ്ങേപ്പുറവും ആളുണ്ടെന്നതിന്നു സമാനമായിഎന്തോ ഒരു ശബ്ദം അവളില്‍നിന്നും പുറത്തുവന്നു. രാവിലെ ടൌണിലെന്തോ അത്യാവശ്യ കാര്യമെന്ന് പറഞ്ഞ് പോയതാണ് അനന്തന്‍.

‘അച്ചു ഒരസൈന്‍മെന്‍റിനായി സിറ്റിയിലെത്തിയിട്ടുണ്ടത്രെ. ഉണ്ണാറാവുമ്പോഴേക്ക് ഞാന്‍ അവനേം കൂട്ടി വരാം. ‘

‘ങൂം’ഫോണ്‍ ഡിസ്ക്കണക്ടായി. അഞ്ചെട്ടുകൊല്ലമായി നന്ദുവിന്‍റെ ചെറിയച്ഛന്‍റെ മകനായ അച്ചുവിനെ രാധാമണി കണ്ടിട്ട്. തങ്ങളുടെ കല്യാണം കഴിഞ്ഞനാളുകളിലെവിടെയോ ചുറ്റിപ്പറ്റിനിന്നു അര്‍ജ്ജുന്‍ എന്ന അന്നത്തെ പത്താം ക്ലാസുകാരനായിരുന്ന അച്ചുവിനെ കുറിച്ചുള്ള അവളുടെ ഓര്‍മ്മകകള്‍. പിന്നീട് ഓരോതവണ നാട്ടിലെത്തുമ്പോഴും അവന്‍ അവന്‍റേതായ തിരക്കിലായിരിന്നു. 

അടുപ്പിച്ചുകിട്ടിയ രണ്ടവധിദിവസങ്ങളില്‍ ആദ്യത്തേത് മടിയുടെ ഭാണ്ഡങ്ങളഴിച്ചും മുറുക്കിയും അവധിയായിത്തന്നെ ആഘോഷിക്കാമെന്ന അവളുടെ തീരുമാനത്തെയാണ് അച്ചുവിന്‍റെ വരവ് പൊളിച്ച് കളഞ്ഞത്. ബാങ്കിലെ തലചൂടാക്കുന്ന തിരക്കുകള്‍ക്കിടയില്‍ ഒരു ബോണസ് പോലെ വീണുകിട്ടുന്ന ഇത്തരം ദിവസങ്ങള്‍ രാധാമണിക്ക് ഒന്നും ചെയ്യാതെ മടിച്ചിരിക്കാനുള്ളതാണ്. തലേദിവസങ്ങളുടെ ബാക്കികള്‍കൊണ്ട് തീന്മേശകളെ ഇടക്കൊരുദിവസം ഒപ്പിച്ചെടുക്കുന്നത് നന്ദു അവള്‍ക്ക് അനുവദിച്ചുകൊടുത്തിട്ടുള്ള ശീലമായിരിക്കുന്നു.

 എന്നാലും രണ്ടുപേര്‍ക്കി ടയിലെ നൈരന്തര്യത്തിലേക്ക് അപ്രതീക്ഷിതമായി എത്തുന്നതെന്തും അവളെ സന്തോഷിപ്പിച്ചിരുന്നു. പതിവുതെറ്റിച്ച് വരുന്ന മഴ, പൊടുന്നനെ ഇരുള്‍മൂടിപ്പുതപ്പിച്ച് ഒളിച്ചിരിക്കുന്ന വെളിച്ചം , ആരില്‍നിന്നോ രക്ഷപ്പെടാന്‍ എന്നപോലെ  പൊടിപടലങ്ങളെ വാരിയെടുത്ത് ആര്‍ത്തലച്ച് ഓടിമറയുന്ന ആന്ധിയെന്ന് ഓമനപ്പേരുള്ള പൊടിക്കാറ്റ്, വഴിതെറ്റി വന്നുകയറുന്ന ഒരു തുമ്പി... ഇത്തരം ആകസ്മികതളെന്തും അവളെ വല്ലാത്തൊരു സന്തോഷത്തിന്‍റെ പാരമ്യതയില്‍ കൊണ്ടുചെന്നെത്തിക്കുമായിരുന്നു.

“ആ ജനലൊന്നുതുറന്നതിനെ പുറത്തുകളയ് രാധാമണി” ചിലപ്പോള്‍ തുമ്പിയുടെ ചിറകടിയൊച്ച അസഹ്യമാകുമ്പോള്‍ നന്ദു പറഞ്ഞുപോകും.
അപ്പോഴവള്‍ക്ക് കുട്ടിക്കാലം ഓര്‍മ്മവരും. മുത്തശ്ശന്‍ ശകാരിക്കുമ്പോഴങ്ങിനെയാണ്.
"അരുതു രാധാമണീ…. വേണ്ട രാധാമണീ...... "

അതുപോലെ ഒരാകസ്മികതയായിരുന്നു ഇപ്പോള്‍ അച്ചുവിന്‍റെ വരവും. തിരക്കിട്ട് അടുക്കളയിലെത്തിയെങ്കിലും എവിടെതുടങ്ങണമെന്നറിയാതെ ഒരുനിമിഷം രാധാമണി പകച്ചുനിന്നു. ഒരു വാരാന്ത്യവ്യാകുലതയായി വിരുന്നുവരുന്ന ഒന്നുമില്ലായ്മയില്‍നിന്നും ഒരുക്കിയെടുക്കേണ്ട വിഭവങ്ങളെ അവള്‍ എന്തൊക്കെയോ പേരിട്ടുവിളിച്ചു.

നന്ദുവിനൊപ്പം കയറിവന്ന അച്ചുവിന് ചുറ്റും അഞ്ചെട്ടുവര്‍ഷങ്ങളായി പറയാന്‍ മുട്ടിനിന്ന വിശേഷങ്ങള്‍ ഓരോന്നായി പുറത്തിറങ്ങി ആരാദ്യമെന്ന് കലപില കൂട്ടുന്നുണ്ടായിരുന്നു. വാതില്‍തുറന്നതും വീടിന്‍റെ ചുവരുകള്‍ അതുവരെ ഒതുക്കിവെച്ചിരുന്ന കാതുകള്‍ അവര്‍ക്കുനേരെ കൂര്‍പ്പിക്കുന്നതും ഒരുപാടുകാലങ്ങള്‍ക്ക് ശേഷം വീട്ടില്‍ ആകെയൊരു ഊര്‍ജ്ജം വന്നു നിറയുന്നതും രാധാമണി അനുഭവിച്ചു, അച്ചുവിന്‍റെ വാക്കുകള്‍ പെരുകിനിറഞ്ഞ് നന്ദു അതിന്‍റെ ഓളങ്ങളില്‍ നീന്തിനടക്കുന്നതും വീട് ആകെ തുള്ളിത്തുളുമ്പുന്നതും അവള്‍ അത്ഭുതത്തോടെ നോക്കിനിന്നു.

അവരൊന്നൊതുങ്ങിയപ്പോള്‍ അച്ചു രാധാമണിയുടെ നേരെ തിരിഞ്ഞു. “ഈ മണ്യോപ്പ ആകെ മാറിയിരിക്കുന്നുട്ടോ” അച്ചു ആരെപ്പറ്റിയാണ് പറയുന്നതെന്ന മട്ടില്‍ നന്ദുവും നഷ്ടപ്പെട്ടുപോയതെന്തൊ കയ്യില്‍ വെച്ചുതന്നപോലെ രാധാമണിയും അച്ചുവിനെ നോക്കി. കൂട്ടുകാര്‍ക്കിടയിലെവിടെയോ പൊടുന്നനേ എത്തിപ്പെട്ടപോലെ ഒരു വിഭ്രാന്തി രാധാമണിയെ ചുറ്റിവരിയാന്‍ തുടങ്ങി.

“അനന്തേട്ടനറിയ്യോ മണ്യോപ്പ കോളജില്‍ വളരെ ആക്ടീവ് ആയിരുന്നൂത്രേ....” അവരുടെ ഗ്രൂപ്പ് ലീഡറായിരുന്നൂത്രേ മണ്യോപ്പ. ങാ ഞാന്‍ പറഞ്ഞില്ലല്ലോ എന്‍റെ ബോസ് എപ്പഴും ചോദിക്കും മണ്യോപ്പേടെ വിശേഷം. ഓര്‍മ്മണ്ടോ നിങ്ങടൊപ്പം പഠിച്ച ......” അച്ചുപിന്നെയുമേന്തോക്കെയോ പറഞ്ഞുകൊണ്ടേയിരുന്നു. വീടിന്‍റെ ചുമരുകളില്‍ പിന്നെയും അച്ചുവിന്‍റെ
വാക്കുകള്‍ തട്ടിച്ചിതറി മഴവില്ല് തീര്‍ത്തുകൊണ്ടിരുന്നു.

അതുവരെ ശ്രദ്ധിക്കാതിരുന്ന നിറം മങ്ങിയ കുര്‍ത്തയിലും ചീകാന്‍ മറന്നുപോയ  മുടിയിലും രാധാമണിക്ക് അപകര്‍ഷത അനുഭവപ്പെടാന്‍ തുടങ്ങിയതെപ്പോഴാണ്! തന്‍റെ ശരീരവും മനസ്സും ഒരു നഷ്ടബോധത്തോടെ യാത്രക്കിടയിലെവിടെയൊക്കെയോ കളഞ്ഞുപോയ എന്തൊക്കെയോ തിരഞ്ഞുപിടിക്കാന്‍ തിടുക്കപ്പെടുന്നത് രാധാമണിയറിഞ്ഞു.

“ഊണായില്ലെ” നന്ദുവിന്‍റെ ചോദ്യമാണ് അവളെ ഉണര്‍ത്തിയത്.
“ഒരു പത്തുമിനിടുകൂടി” രാധാമണി അടുക്കളയിലേക്കോടി. അവളിപ്പോള്‍ പാല്‍പ്പായസത്തിനായി പാല്‍ കുക്കറിലേക്കൊഴിക്കുകയാണ്. ‘അച്ചൂന് പാല്‍പ്പായസം വലിയ ഇഷ്ടമാണ്....’ ഇടക്ക് ചെല്ലുംപോഴെല്ലാം വിളമ്പുന്ന പായസത്തിനൊപ്പം ഊര്‍ന്നുവീഴാറുള്ള ചെറിയമ്മയുടെ ആത്മഗതം രാധാമണിക്കോര്‍മ്മ യുണ്ടായിരുന്നല്ലോ.

അവള്‍, രാധാമണിയെന്ന രാധു ഇപ്പോള്‍ വളരെ സന്തോഷത്തിലാണ്. .... തനിക്ക് നഷ്ടപ്പെട്ടെന്ന് കരുതിയ മണിയും രാധയുമെല്ലാം ഇപ്പോഴവള്‍ക്കടുത്തു തന്നെയുണ്ടല്ലൊ.

“ഡിസക്ഷന്‍ ടേബിളിനുമുന്നില്‍ ബോധംകെട്ടുവീണ നീയിപ്പോ ചിക്കന്‍കറിയുണ്ടാക്കുമോ...’’ ചിക്കന്‍ മസാലയിലുടക്കിയ രാധയുടെ കണ്ണുകളില്‍നോ‍ക്കി രാധാമണി ഊറിച്ചിരിച്ചു.

“നിന്‍റെ കാര്യം ശ്രദ്ധിക്കാന്‍ മാത്രം നിനക്കിപ്പൊ പഴേപോലെ സമയംല്ല്യാണ്ടായി അല്ലേ.....” അവളുടെ മുടിയിഴകളിലൂടെ ഒഴുകിനടന്ന മണിയുടെ വിരലുകള്‍ക്കൊപ്പം രാധാമണിയും ഏതോ കാലങ്ങളിലൂടെ, ദേശങ്ങളിലൂടെ ഒഴുകി നീങ്ങിക്കൊണ്ടിരുന്നു.

”നീയൊരുപാട് മാറിപ്പോയിരിക്കുന്നൂലോ രാധാമണി.....” രാധുമാത്രം ദൂരെനിന്നവളെ നോക്കിക്കണ്ടുക്കൊണ്ടിരുന്നു.... രാധുവിന്‍റെ നെടുവീര്‍പ്പ് രാധാമണിയുടെ കണ്ണുകളെ നനയിച്ച് കുക്കറിന്‍റെ ശബ്ദത്തിലലിഞ്ഞ്
ഭൂതത്തിന്‍റെ ജനലഴികളില്‍ പിടിച്ച് എന്തിനോ പുറത്തേക്ക് നോക്കിനിന്നു.

“രാധാമണീ.....”

നന്ദുവിലൂടെയുള്ള അനന്തകൃഷ്ണന്‍റെ തിരനോട്ടത്തില്‍ തമ്മില്‍ തമ്മില്‍ കണ്ണിറുക്കിച്ചിരിക്കുന്ന രാധയെയും രാധുവിനെയും മണിയേയും കണ്ടില്ലെന്നു നടിച്ച് അവള്‍, രാധാമണിയെന്ന വീട്ടമ്മ എല്ലാവര്‍ക്കും വേണ്ടി തിരക്കിട്ട് ഉണ്മേശയൊരുക്കുകയാണിപ്പോള്‍.

ശനിയാഴ്‌ച, നവംബർ 17, 2012

ധീരസമീരേ യമുനാതീരെ......!




ഇത് യമുന. നിത്യേനയെന്നോണം നമ്മള്‍ ഒഴിച്ചുകൊടുക്കുന്ന വിഷം ഒരു പരാതിയുമില്ലാതെ ഏറ്റുവാങ്ങി നുരഞ്ഞു പതഞ്ഞു നമ്മുടെ രാജ്യതലസ്ഥാനത്ത് നീണ്ടു നിവര്‍ന്ന് കിടന്ന്‍ എല്ലാവരാലും അവഗണിക്കപ്പെട്ട് അന്ത്യശ്വാസം വലിക്കുന്ന, ഇന്നും ഒരുപാട് കഥകളിലൂടെ കവിതകളിലൂടെ പാട്ടുകളിലൂടെ നമ്മെ ആനന്ദിപ്പിയ്ക്കുന്ന ഒരു പാവം നദി.



പുഴകളെ അമ്മയെന്നും ദേവിയെന്നും ശക്തിയെന്നുമൊക്കെ വിളിച്ച് നമ്മള്‍ ആരാധിച്ചിരുന്നു. ബഹുമാനിച്ചിരുന്നു .    നമ്മെ ഇവിടംവരെയെത്തിച്ച നമ്മുടെ യാത്രയ്ക്കിടയില്‍ നമ്മള്‍ ഓരോതവണയും നമ്മളിലേക്കുള്ള പടവുകള്‍ കയറിയത് പല നദിക്കരകളിലായി നമ്മള്‍ ഉയിര്‍ത്തെടുത്ത നമ്മുടെ സംസ്കാരത്തിന്റെ ചുവടുപിടിച്ചാണ്. ഒരു ആത്മ വിശ്വാസത്തിലുപരിയായി നമ്മുടെ ജീവിതത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഏതെങ്കിലും വിധത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയാത്ത നമ്മുടെതന്നെ സൃഷ്ടിയായ കല്ലോമരമോ കൊണ്ടുള്ള വിഗ്രഹങ്ങളോടുള്ള ആരാധനയേക്കാള്‍ എന്തുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്നതാണ് പഞ്ചഭൂതങ്ങളായ ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നിവയോടുള്ള , അതായത് നമ്മുടെ നിത്യമായജീവിതത്തില്‍ അത്യാവശ്യമായ നേരിട്ടനുഭവിക്കാന്‍ കഴിയുന്ന ഇത്തരം അനുഗ്രഹശക്തികളോടുള്ള ആരാധന.

പ്രാകൃതമായ രീതിയില്‍ ഇന്നു നമ്മള്‍ അമ്മയായ പ്രകൃതിയെ കയ്യേറ്റം ചെയ്യുന്നു. കാടുകള്‍ വെട്ടിത്തെളിച്ചും മണലൂറ്റിയും മണ്ണുവാരിയും ഒരു തിരിച്ചുവെയ്ക്കലിന് വകയില്ലാത്തവിധം നമ്മള്‍ ഭൂമിയെ കൊള്ളയടിക്കുന്നു. മഴയുടെ നാടായിരുന്ന കേരളത്തിലിപ്പോള്‍ മഴ എന്നെങ്കിലുമൊരിക്കല്‍ വരുന്ന വിരുന്ന്കാരിയാണ് . നമ്മുടേതെന്ന് നമ്മള്‍ അഹങ്കരിച്ചിരുന്ന തിരുവാതിര ഞാറ്റുവേല എന്നോ പടിയിറങ്ങിപ്പോയി. എന്‍റെകുട്ടിക്കാലത്ത് ഞാന്‍ കണ്ടിരുന്ന ഭാരതപ്പുഴയും ഇന്ന്‍ എന്റെ കുട്ടികള്‍ കാണുന്ന ഭാരതപ്പുഴയും തമ്മിലുള്ള അന്തരം കാണുമ്പോള്‍ അവരുടെ കുട്ടികള്‍ക്കൊ പേരക്കുട്ടികള്‍ക്കൊ സാങ്കല്പിക നദിയായ സരസ്വതിയെപ്പോലെ ഇവിടെയൊരു നദിയുണ്ടായിരുന്നു എന്നു കാട്ടിക്കൊടുക്കേണ്ടിവരും. അന്നീ ബാക്കിയായ മണല്‍ത്തരികള്‍പോലുമുണ്ടാവില്ല അടയാളം കാട്ടാന്‍.അവസാനത്തെ തരിപോലും നമ്മളെടുത്ത് വിറ്റിട്ടുണ്ടാവും. നമ്മള്‍ കുടിച്ചുവളര്‍ന്ന അമ്മയുടെ മുലകള്‍ നമ്മള്‍ തന്നെ വെട്ടിമുറിച്ച് ചന്തയില്‍ വിലപേശുന്നുണ്ടാവും.

ഇത്രയും എന്നെക്കൊണ്ടെഴുതിച്ചത് യമുനയാണ് .

നമ്മള്‍ കഥകളില്‍ കാദംബരിയായി പാട്ടുകളില്‍ കാവ്യകല്ലോലിനിയായി നമ്മെ പുളകം കൊള്ളിച്ച യമുന. രാധയോടും കൃഷ്ണനോടുമൊപ്പം യമുനാനദിക്കരയില്‍ നൃത്തം വെക്കാതെ ഒരു പെണ്‍കുഞ്ഞും വലുതായിരുന്നില്ല. ആ യമുനയാണ് ഇന്നു കാളിന്ദീകുഞ്ചില്‍ എന്‍റെമുന്നില്‍ നുരച്ചുപതഞ്ഞത് ! ശ്വാസവായുവിനായി പിടഞ്ഞത്. ഞങ്ങള്‍ ഡല്‍ഹിക്കാര്‍ക്ക് ഇത് പതിവുകാഴ്ചയാണ്‍. ഇടക്കിടക്ക് പൊടിതട്ടിയെടുക്കുന്ന 'സേവ് യമുന' കാംപെയ്നുകളും സേവനവാരങ്ങളും ശ്രമദാനങ്ങളും വെറും പ്രഹസനങ്ങളോ ആളുകള്‍ക്ക് പേരെടുക്കാനോ പണംപിടുങ്ങാനോ ഉള്ള കുറുക്കുവഴികളോ മാത്രമായി എങ്ങുമെത്താതെ അവസാനിക്കുന്നു.

മഞ്ഞുമൂടിയ യൂറോപ്യന്‍നദികളെ അനുസ്മരിപ്പിക്കുന്ന ഈ ധവളത മുഴുവന്‍ എതൊക്കെയോ ഫാക്ടറികളില്‍ നിന്നും പുറത്തുവിട്ട രാസമാലിന്യങ്ങള്‍ പതഞ്ഞുപൊന്തിയതിന്‍റെ ഫലമാണ്‍. ആര്‍ക്കോ വേണ്ടി ഏതോ കര്‍മ്മം ചെയ്യാന്‍ വന്നവര്‍ ആ നുര വകഞ്ഞുമാറ്റി അക്ഷരാര്‍ത്ഥത്തില്‍ കറുത്ത ജലത്തില്‍ മുങ്ങിക്കുളിക്കുന്നുണ്ട്. ഇറങ്ങാന്‍ മടിക്കുന്നവര്‍ കറുത്ത വെള്ളം പാത്രങ്ങളില്‍ കോരിയെടുത്ത് തലവഴി ഒഴിക്കുന്നുമുണ്ട്.

മെര്‍ക്കുറിയും അമോണിയയും അളവിലും ഒരുപാട് മടങ്ങ് കൂടിയതിനാല്‍ ഇതില്‍ നിന്നു പിടിച്ച മത്സ്യങ്ങള്‍ ആഹാരമാക്കാന്‍ എല്ലാവര്ക്കും ഭയമാണ്‍. ഇവിടെയെനിക്ക് ഗൂഗ്ള്‍ തപ്പി കണക്കുകള്‍ എടുത്തുനിരത്തി പൊടിപ്പും തൊങ്ങലും ചേര്‍ക്കാം. ഇല്ല...... ഇത് രണ്ടു കണ്ണുകള്‍ പറഞ്ഞുകേട്ട കഥ മനസ്സ് നിങ്ങളുടെ മുന്നിലെത്തിച്ചതു മാത്രമാണ്‍. ഞാന്‍ ബാല്‍ക്കണിയില്‍ എന്നും നിറച്ചുവെക്കുന്ന ഇത്തിരിവെള്ളം തീര്‍ന്നാല്‍ അക്ഷമയോടെ കാത്തിരിക്കുന്ന പ്രാവുകള്‍ , അതില്‍ തുടിച്ചുകുളിക്കുന്ന മൈനകള്‍ , മുങ്ങിനിവരുമ്പോള്‍ ഉറക്കെ പാട്ടുപാടി സന്തോഷമറിയിക്കുന്ന ബുള്‍ബുള്‍ ഇവരെല്ലാം നമുക്ക് നല്‍കുന്ന സന്ദേശം വലുതാണ്‍. പുറത്തു പരന്നു കിടക്കുന്ന വെള്ളമത്രയും ഉപയോഗ്യശൂന്യം ആണ് എന്നതുതന്നെ. വരുംതലമുറയുടെ ഭാവി ഭദ്രമാക്കാനെന്ന് നമ്മള്‍ പണമുണ്ടാകാന്‍ നെട്ടോട്ടമോടുമ്പോള്‍ അവര്‍ക്കാക്കായി കരുതിവെക്കുന്നത് ഇതൊക്കെയാണെന്ന് ഓര്‍ത്താല്‍ , അതുകൊണ്ട് നമ്മുടെ പ്രകൃതിയോടുള്ള സമീപനത്തില്‍ ഏതെങ്കിലും വിധത്തില്‍ ചെറുതായെങ്കിലുംഒരു മാറ്റം വന്നാല്‍ അത്രയെങ്കിലുമായല്ലോ.

ശനിയാഴ്‌ച, ഒക്‌ടോബർ 13, 2012

നമ്മള്‍ അറിയാനിടയില്ലാത്തത്.......


അനാഥമെന്നൊരു തല തപ്പുന്നുണ്ടൊരു
വഴിയരുകില്‍ ഉരുണ്ടു പിരണ്ടൊരു ഹെല്‍മറ്റ് .
വലിഞ്ഞു നടന്നു കരഞ്ഞു വിളിക്കുന്നുണ്ട്
വാറുപൊട്ടിയൊരു ചെരിപ്പ് തന്റെ ഇണയെ.

കാറ്റ് വട്ടംചുറ്റി പറക്കുന്നുണ്ട് വെറുതെ
ഉരഞ്ഞുകരിഞ്ഞൊരു റബ്ബര്‍മണത്തിനുചുറ്റും.
കണക്കുകള്‍ പിന്നെയും കൂട്ടിക്കിഴിക്കുന്നുണ്ട്
കഴുത്തൊടിഞ്ഞൊരിരുചക്രവാഹനം.

ഉടല് പോയെന്നൊരു ജീവന്‍ വഴിമുട്ടി
തിരയുന്നുണ്ട് വഴിയിലിറങ്ങിയ ജീവിതത്തെ.
കഥമാറിയെന്ന കഥയറിയാതെ കാത്തിരിപ്പുണ്ടാ
ജീവന്റെ ജീവനെന്ന് കുറെ ജീവിതങ്ങള്‍ .

കഥ പറഞ്ഞുമടുത്തൊരു റോഡുമുത്തശ്ശി
കാലുനീട്ടി മുറുക്കിത്തുപ്പിയിരിക്കുമ്പോള്‍
കോട്ടുവായിട്ടൊരാകാശം നോക്കിയിരിപ്പുണ്ട്
തുപ്പല്‍ ചവിട്ടാതെന്നു പായുന്ന വണ്ടികളെ.

വ്യാഴാഴ്‌ച, ഒക്‌ടോബർ 04, 2012

അവന്‍ മാത്രമാണിപ്പോള്‍ .........


നിറങ്ങളെ കുളിക്കാന്‍ വിളിച്ചപ്പോഴാണ്
അവയെല്ലാം കടലുകാണാന്‍ പോയെന്ന്‍ .......

ശൂന്യമെന്ന് മനസ്സും!


കുടഞ്ഞുനോക്കിയപ്പോള്‍

തെറിച്ചുവീണതും

അവനുമിറങ്ങിനടന്നു.


കയ്യുപിന്നില്‍ കെട്ടി

കുനിഞ്ഞ മുതുകും ചുമന്ന്‍

എടുത്തുപിടിച്ച രോമങ്ങളുമായി

പുറകിലില്ലേ നീയെന്ന്

കണ്ണു കണ്ണില്‍ തട്ടാതെ

ചുമലിന് മുകളിലൂടെ നോക്കി.


അവന്‍ തന്നെയാണ്

ഓരോ വീടുകളിലും കയറിയിറങ്ങി

അമ്മമാരെ വിളിച്ചുണര്‍ത്തിയത്.

അവന്‍ മാത്രമാണിപ്പോള്‍

അവരുടെ കണ്ണുകളിലൂടെ

നമ്മിലേക്കെത്തിനോക്കുന്നത്.


തന്റെ കുഞ്ഞുങ്ങള്‍ക്കും

അവരുടെ കുഞ്ഞുങ്ങള്‍ക്കുമായി

കരുതിവെച്ച രണ്ടുതരി മണ്ണ്

വിഷലിപ്തമാവുമെന്ന


‘ഭയം’


അവന്‍ തന്നെയാണ്

അവരെ ഒന്നിപ്പിക്കുന്നത്.

പൊടിപ്പും തൊങ്ങലും ഏച്ചുകൂട്ടി

നിങ്ങള്‍ പിരിച്ചെടുത്ത

പഴകിയ ചരടുകള്‍

തപ്പിയെടുത്തവരെ

ചേര്‍ത്തു കെട്ടുമ്പോള്‍

അതെല്ലാം പൊട്ടിച്ചെറിഞ്ഞു

അവന്റെ കൈകളാല്‍

ചേര്‍ത്തു മുറുക്കുന്നുണ്ടവരെ

ഒരൊറ്റ ചങ്ങലക്കെട്ടെന്ന്.


ഓരോ അമ്മമാര്‍ക്കും

ചെര്‍ണൊബിലിലും

ഫുക്കുഷിമയിലും വിരിഞ്ഞ

കുറസോവയുടെ സ്വപ്നങ്ങള്‍

അവന്‍ കാഴ്ചവെക്കുന്നു. 
 
അവര്‍ അവന്‍റേത് മാത്രമാവുന്നു.


കുഞ്ഞ് കുഞ്ഞ് ഭയങ്ങളെ

ഒക്കത്തെടുത്ത അമ്മമാര്‍

ഒലിച്ചിറങ്ങിയൊരു കടലായി

വെന്തുതിളച്ച് ആകാശം നിറഞ്ഞ്

പെയ്തുനിറയുന്നുണ്ട്

ലോകത്തുള്ള അമ്മമാരിലെല്ലാം.

തിങ്കളാഴ്‌ച, സെപ്റ്റംബർ 24, 2012

മഴവഴികള്‍ ..........


 മഴ നാം തനിച്ചു നടക്കുന്ന വഴികളാണ്
ഇരുപുറവും നമ്മുടെ ഒരു നോട്ടത്തില്‍ വിരിയാനായി
കൂമ്പിനില്‍ക്കുന്നുണ്ടാവും ഓര്‍മ്മകള്‍ ...
ഒരു കണ്‍ ചാര്‍ത്തിനുമുന്നിലേക്ക് പൊട്ടിമലരും
ജീവിതം നമ്മില്‍നിന്നും തട്ടിത്തെറിപ്പിച്ച നിറങ്ങള്‍
 
ഒരു കാറ്റില്‍ ഭ്രമിച്ച് ഒഴുകിയിറങ്ങിപ്പോയ മണങ്ങള്‍
തിരിച്ചെത്തി ചുറ്റിലും മൂളിപ്പറന്നുകൊണ്ടേയിരിക്കും
ഇനിയുമിനിയുമെന്തൊക്കെയോ മറന്നുവെച്ചിട്ടുണ്ടെന്ന്
നമ്മള്‍ മഴവഴിയിലൂടെ നടന്നുകൊണ്ടേയിരിക്കും.........


തനിച്ചുനടക്കുന്ന വഴികള്‍ക്കുമീതെ കനത്തു നിറയുന്ന
മേഘങ്ങളില്‍നിന്നും കുതറിയിറങ്ങിയ മഴത്തുള്ളികള്‍
കുടത്തുമ്പിലിരുന്നു  നമ്മുടെ ഭാവങ്ങള്‍ ഒപ്പിയെടുക്കും.
ഇറ്റുവീഴുന്ന ഓരോ തുള്ളിക്കുമൊപ്പം നമ്മുടെ മുഖംമൂടികള്‍
ഓരോന്നോരോന്നായി കൊഴിഞ്ഞുവീണുകൊണ്ടേയിരിക്കും.
ഒടുവിലൊരു കുഞ്ഞിന്റെ നിഷ്ക്കളങ്കതയോടെ നമ്മള്‍
മഴയുടെ ചടുലതാളത്തിനൊത്ത് അറിയാതെ നൃത്തം ചവിട്ടും.........
ഇനിയും കാത്തിരിക്കുന്ന വേഷപ്പകര്‍ച്ചകളപ്പോള്‍
മഴച്ചാര്‍ത്തില്‍ അലിഞ്ഞില്ലാതായെങ്കിലെന്ന് കൊതിച്ചുപോകും..........

ഞായറാഴ്‌ച, ഓഗസ്റ്റ് 12, 2012

തുള്ളികള്‍ ...........




ഇറ്റുവീഴുന്ന നീര്‍മണിത്തുള്ളിയില്‍
പെട്ടുപോയൊരു ലോകമുണ്ടാകാം
എറ്റിവീഴ്ത്തിയ കാറ്റിന്റെ ധാര്‍ഷ്ട്യം
ഒട്ടു പൊള്ളിച്ച നേരമുണ്ടാവാം......

ഇറ്റുവീഴുന്ന നീര്‍മണിത്തുള്ളിയെ
ഒട്ടു മോഹിച്ച ചിത്തമുണ്ടാകാം
പറ്റുമോവിരല്‍ത്തുമ്പിലേറ്റാനെ-
ന്നൊട്ടുമോഹിച്ചടങ്ങിയോരുണ്ടാം.....

ഇറ്റുവീഴുന്ന നീര്‍മണിത്തുള്ളിയെ
തൊട്ടുവെറുതെ ഉണര്‍ത്തിയോരുണ്ടാം
ഉറ്റതെന്നോര്‍ത്ത നോവിന്‍ തുടിപ്പുകള്‍
തട്ടിമാറ്റി കുതിക്കുവോരുണ്ടാം......

ഇറ്റുവീണൊരു തുള്ളിമേല്‍ തെറ്റിന്‍
പട്ടുചാര്‍ത്തിയ വിരലുമുണ്ടാകാം
നീറ്റിനീറ്റിയാ ജീവന്റെ സാരമാം
ശിഷ്ടമൂറ്റുന്ന ചിലരുമുണ്ടാകാം......

ചൊവ്വാഴ്ച, ജൂലൈ 31, 2012

മഴപ്പച്ച....



ഒരു വേനലിനിപ്പുറം
പെയ്തു നിറയുന്ന
ഓരോ മഴയിലും
തളിര്‍ത്തു തുടങ്ങുന്നത്
പച്ചയായ ജീവിതമാണ്‍.
കാലുകളില്‍ ചുറ്റി
പിണഞ്ഞു കയറി
മഴപ്പെരുക്കത്തിനൊപ്പം
വളര്‍ന്നു വലുതായി
ഓരോ ഉള്ളറകളിലും
കയറിത്തിരഞ്ഞതു
ഒളിച്ചിരിക്കുന്ന
പൊട്ടികളെയെല്ലാം
തൂത്തെറിയും.
തളിരിലത്തണുപ്പാല്‍
ശുദ്ധികലശം നടത്തും.
ആകെ പച്ചച്ചു
പൂക്കളും കായ്കളും
കാല്‍ക്കല്‍ വെച്ച്
ജീവിതമൊരുക്കും.
ഇനിയുമൊരു വേനല്‍
തിളക്കും വരെ
മഴയെ മറന്ന്
നമ്മള്‍ തിരക്കിട്ടു
ജീവിച്ചുകൊണ്ടിരിക്കും. ..........

ചൊവ്വാഴ്ച, ജൂലൈ 24, 2012

ദേവൂട്ടി........





ഇത്തവണ നാട്ടില്‍പോയപ്പോള്‍ മാങ്ങാക്കാലമായിരുന്നല്ലോ. തോട്ടുവക്കിലെ നാട്ടുമാവില്‍ നെറയെ മാങ്ങ. വീഴുന്നത് പകുതി തോട്ടിലിക്കും ബാക്കി കാട്ടിലേക്കും. ഇപ്പോ നാട്ടിലുള്ള  കുട്ടികള്‍ക്കാണെങ്കില്‍ നാട്ടുമാങ്ങ കടിച്ചുതിന്നുന്ന സ്വഭാവമേയില്ലല്ലോ. പുഴുണ്ടാവുമത്രേ. അവര്‍ക്ക്  മാങ്ങയിഷ്ടമല്ലാന്നല്ല....... ചുരുങ്ങിയത് മൂവാണ്ടന്മാങ്ങയെങ്കിലും ആവണം . പിന്നെ തോലുചെത്തി പൂളി മുന്നില്‍ വെച്ചുകൊടുത്താല്‍ ഇരുന്നുതിന്നോളും.  എന്തായാലും ഞങ്ങള്‍ രണ്ടു വയസ്സന്മാര്‍ ചെന്നപ്പോഴാണ് മാഞ്ചോടൊന്നുഷാറായത്. രാവിലെ നേര്‍ത്തേ ആളുകള്‍ തോട്ടില്‍ കുളിക്കാന്‍ വരും മുന്‍പുള്ള മാങ്ങപെറുക്കല്‍ എട്ടനും ഏറ്റെടുത്തപ്പോള്‍ സംഗതി കലക്കി.
 
"ന്റെ കുട്ട്യേ എടക്കെടയ്ക്ക് നോക്കിയ്ക്ക്വോളണ്ടുട്ടോ.. അല്ലാച്ചാ ഒരുവസ്തും കിട്ടില്ല്യേയ്.’’

“അതെന്തേ അമ്മിണ്യമ്മേ.”

ഇപ്പോ നിങ്ങള് വിചാരിക്കുന്നുണ്ടാവും ദേവൂട്ട്യേകാണാന്‍ വന്നപ്പോ ദ്പ്പാരാ അമ്മിണ്യമ്മാന്ന്..... അതല്ലേ കഷ്ടം ഇത്തവണ ദേവുട്ട്യേ കണ്ടില്യാന്നുള്ളതാണ് സത്യം. പാവം ഇലമുറിക്കാന്‍ പോയപ്പോ വഴുക്കിവീണ് കയ്യിന്റെ എല്ലുപോട്ടീത്രേ.  നേര്യാവാന്‍ ചുരുങ്ങിയത് രണ്ടുമാസം പിടിക്കുന്നാ കേട്ടത്. പണ്ടേദുര്‍ബല പിന്നെ ഗര്‍ഭിണി എന്നു പറഞ്ഞ പോലെയായീന്നു പറഞ്ഞാല്‍ മതീലോ. .

അമ്മിണ്യമ്മക്കു കൊഴപ്പോന്നും ഇല്ല... പക്ഷേ തരം കിട്ട്യാ ദേവൂട്ട്യേ കുറ്റം പറയും ആത്രേയുള്ളൂ.

“നിക്കാ പെണ്ണുങ്ങളെ കണ്ണെടുത്താ കണ്ടൂടാട്ടോ.. വായിലനാവ് സാഹിക്കില്യേയ്”

ഇത് അമ്മിണ്യമ്മേടെ സ്ഥിരം ഡയലോഗാണ്. മാത്രല്ലാ മൂപ്പത്യാര്ക്ക് ദേവൂട്ടീടെ സ്ഥാനത്ത് വന്നാ കൊള്ളാംന്നുണ്ടെയ്. അതെന്തായാലും നടക്കില്ല. എട്ടനും എടത്ത്യമ്മേം പഴേ കമ്യൂണിസ്റ്റാണല്ലോ. അതോണ്ട് ദേവൂട്ടി ഇങ്ങോട്ട് വയ്യാന്നു പറയാതെ ജോലിയില്‍ നിന്നും പറഞ്ഞയക്കില്യാത്രേ . എടത്ത്യമ്മയാണെങ്കില്‍ ഞാനൊന്നും കേട്ടില്യേന്നുള്ള പോലെ നടക്കും. എനിക്കത് പറ്റില്യാലോ. എപ്പഴാ ഒരു കഥ പൊട്ടിമുളക്ക്യാന്നു വിചാരിച്ചു നടക്കുമ്പോ ഒന്നും കണ്ടില്ല്യാ കേട്ടില്യാന്നു നടിക്ക്യെങ്ങിന്യാ.......

അങ്ങിനെയിരിക്കുമ്പോ ഒരുച്ചക്കാണ്, ഉച്ചയെന്ന് പറഞ്ഞാല്‍ ഏകദേശം പന്ത്രണ്ടു മണിയായിട്ടുണ്ടാവും, ആയമ്മ വന്നത്. പത്തറുപത്തഞ്ച് വയസ്സു തോന്നിക്കുന്ന ഒരു സ്ത്രീ.

“കുഞ്ചാത്താലേ ത്തിരി മാങ്ങപെറുക്ക്ണ്ണ്ട്ട്ടൊ “എന്നു പറഞ്ഞു അവര്‍ മാഞ്ചോട്ടിലേക്ക് നടന്നു.
ആരാണെന്ന് ഞാന്‍ അമ്മിണ്യമ്മേടെ മോത്തേക്കൊന്നു കണ്ണുകാട്ടി. “കുട്ടിക്കറീല്യേ അമ്മ്വോമ്മേ“ അമ്മിണ്യമ്മ അടക്കിയ ശബ്ദത്തില്‍ വിവരിച്ചു. “ മ്മടെ കൊച്ചുട്ട്യമ്മേടെ ഹോം  നര്‍സാത്രേ...... പാടത്തിന്റെ അക്കരേ വീട്. എപ്പഴും ഇവിടത്തെ മാഞ്ചോട്ടിലാ”

മാവിന്റെ ചോട്ടില്‍ നിന്നും കിട്ടിയ മൂന്നാലു മാങ്ങേംകൊണ്ട് ആയമ്മ വടക്ക്വോറത്തേക്ക് വന്നു. മാങ്ങ കുറഞ്ഞതിന്റെ നീരസം മുഖത്ത് കാണാനുണ്ടായിരുന്നു. 

“അതേയ് കൊച്ചൂട്ട്യമ്മക്ക് ത്തിരി മാമ്പഴക്കൂട്ടാന്‍ ണ്ടാക്കി കൊടുക്കാന്ന്ച്ചിട്ടെ.. ആയമ്മക്ക് മോഹാണ്ത്രെ... ഇന്ന്‍ രാവിലെ പറയ്യേ.... “

കൊച്ചൂട്ട്യമ്മേ ഓര്‍മ്മയില്യേ.... കുട്ട്യോള്‍ടെ കൂടെ പോകാന്‍ ഇഷ്ടല്യാഞ്ഞിട്ട് ഒറ്റക്കു താമസിക്കണ, ദേവൂടീടെ സങ്കടമായിരുന്ന ,ചക്കയും മാങ്ങയും കൊണ്ട്, നാട്ടിലെത്തുന്ന ഞങ്ങളെ കാണാന്‍ വന്നിരുന്ന നമ്മുടെ കൊച്ചുട്ട്യമ്മേയ്......

അതോണ്ടുതന്നെ ആ ഒരു മോഹത്തില്‍ ഞങ്ങളെല്ലാം വീണു. കൂടുതല്‍ പഴുത്തതും ചെറുതായി പൊട്ടിയതുമായ മാങ്ങകളെല്ലാം ഏടത്തിയമ്മ അമ്മ്വോമ്മക്കു സമ്മാനിച്ചു. കൂടെ
“ നേരംത്രെയായില്ലേ  ഇനിയെവിട്യാ പുളിശ്ശേരി വെക്കാന്‍ സമയം “ എന്നും പറഞ്ഞു ഇത്തിരി മാമ്പഴപ്പുളിശ്ശേരിയും കൊടുത്തു. ആയമ്മയുടെ മുഖത്ത് സന്തോഷത്തിന്റെ പൂര്‍ണ്ണുചന്ദ്രന്‍ ഉദിച്ചുയരുന്നത് ഞങ്ങള്‍ ചാരിതാര്‍ത്ഥ്യത്തോടെ നോക്കിയിരുന്നു.

വൈകുന്നേരം ഇളിച്ചിക്കോതയായിനില്‍ക്കുന്ന  മുല്ലയോടും ഉറക്കം തൂങ്ങിത്തുടങ്ങിയ  മന്ദാരത്തിനോടുമൊക്കെ പതിവു വിശേഷം ചോദിച്ചുനില്‍ക്കണ സമയത്താണ് പത്മാവതി വന്നത്. ആരാപ്പഴീപുതിയ കഥാപാത്രംന്നല്ലേ ചോദ്യം. ശരിക്കും ഒരുപാട് കഥേള്ള ഒരു അക്ഷയപാത്രം തന്നെയാണ് ഈ കഥാപാത്രം. പത്തറുപത്തഞ്ച് വയസ്സുവരും പ്രായംവരും. ചെവി ഒട്ടും കേള്‍ക്കില്യ. കല്ല്യാണോം കഴിച്ചിട്ടില്ല. എന്നാലും ആയമ്മേ ചിരിച്ചിട്ടല്ലാതെ കാണില്യ. എന്താന്നറിയില്ല അവരോടു സംസാരിച്ചുനില്‍ക്കാന്‍ ഒരുരസാണ്‍. സംസാരിക്കുമ്പോ കൈകള്കൊണ്ട്ള്ള ആംഗ്യങ്ങളും മുഖത്തെഗോഷ്ടികളും ഒന്നു കാണേണ്ടതുതന്നെയാണ്.. അതിലെ കുട്ടിത്തം കൊണ്ടാവും പ്രായം നോക്കാതെ എല്ലാരും  അവരെ പേരെ വിളിക്കാറുള്ളൂ. .പക്ഷേ അമ്മ്വോമ്മെം പത്മാവതീം തമ്മില്‍ മുട്ടന്‍ വാഴക്കാത്രേ ..അമ്മിണ്യമ്മ പറയ്യേ. ഇപ്പോള്‍ കൊച്ചൂട്ട്യമ്മേടവിടെ സഹായത്തിനാണ്.

“മാമ്പഴപ്പുശ്ശേരി കിട്ട്യോ പത്മാവത്യേ?”

“മാമ്പഴപ്പുളിശ്ശേരിയോ? അതിന്പ്പാരേവിടെ മാമ്പഴ്പ്പുളിശ്ശേരിണ്ടാക്യേ കുട്ട്യേ?” പത്മാവതിയുടെ കണ്ണുകള്‍ വലുതായി.... വാക്കുകള്‍ക്കൊപ്പം രണ്ടുകൈകളും നൃത്തം വെച്ചു.

“അമ്മ്വോമ്മേടെ കയ്യില് കൊടുത്തയച്ചിരുന്നല്ലോ.കൊച്ചൂട്ട്യമ്മക്ക് കൊടുക്കാന്‍....’

“അതേപ്പോ നന്നായ്യേ......... ആയമ്മ ഉച്ചക്ക് നുംമ്പേ മോള്ടാടക്ക്ന്നും പറഞ്ഞ് എറങ്ങീതാണല്ലോ.....

“ഏയ്..കൊച്ചുട്ട്യമ്മക്ക് മോഹാന്ന് പറഞ്ഞിട്ടല്ലെ അമ്മ്വോമ്മ കൊണ്ടുപോയ്യേ”

“പാവം കൊച്ചൂട്ട്യമ്മേടടുത്തേക്കൊന്നും എത്തീട്ടില്യാട്ടോ അത്. ഇവറ്റോള്ന്റെ കുട്ട്യേ വായതൊറന്നാ നൊണേ പറയൂ...നൂപ്പത്ത്യാരത് മോള്ക്ക് കാഴ്ച്യായിട്ട് കൊണ്ടോയിട്ട്ണ്ടാവും. “

പിന്നെ പിടിച്ച് നിര്‍ത്തി  അമ്മ്വോമ്മേടെ ഗുണവതികാരം നെരത്താന്തുടങ്ങിയ പത്മാവതീടെ മുഖത്തും  സന്തോഷത്തിന്റെ പൂര്‍ണ്ണചന്ദ്രന്‍ ഉദിച്ചുയരുന്നത്  നോക്കിയിരിക്കുമ്പോള്‍ എന്താന്നറിയില്ല മനസ്സിലൊരു വൈക്ലബ്യം പോലെ........

ദേവൂട്ടിയിലെ മറ്റു പോസ്റ്റുകള്‍ ദേവൂട്ടി........ 

ചൊവ്വാഴ്ച, ജൂലൈ 17, 2012

ശ്.ശ്...





അടിമുടി ആവോളം കുതിര്‍ന്ന്
പുറത്തിറങ്ങുമ്പോഴുണ്ട് നൊട്ടിനുണയുന്നു
നാണമില്ലാതെ ചില ഉടലുണക്കങ്ങള്‍ ......

മുടിയില്‍ നിന്നും ഇറ്റുവീഴുന്ന
വെള്ളത്തിലേക്ക് നാവുനീട്ടിക്കിതച്ച്
കവിളിലൂടൊഴുകുന്ന നീര്‍ച്ചാലുകളെ
ചുടുകാറ്റുകൊണ്ട് തോര്‍ത്തിയെടുത്ത്
ചുട്ടുവെന്ത് ചത്തുപോയ വയല്‍ച്ചേറുകള്‍
വെള്ളക്കെട്ടില്‍ പൂണ്ടുകിടന്നിരുന്ന
ഒരുകാലത്തിന്റെ സമൃദ്ധിസ്മരണകള്‍
വറ്റിപ്പോയ കണ്ണീരില്‍ ചാലിച്ച് കുതിര്‍ക്കുന്നു ....

പച്ചമണ്ണിന്റെ ജീവചൈതന്യത്തിലേക്ക്
ഊര്‍ന്നിറങ്ങിവരുന്ന വേരുകളെ സ്വപനംകണ്ട്
ഉണങ്ങിവരണ്ട മണ്ണിന്റെ മുലചുരക്കുന്നു..

ഇടയിലെ ഇല്ലാത്തവിടവുകളില്‍
ശ്വാസം മുട്ടിയൊരു മണല്‍ത്തരി
ഓടിയണഞ്ഞിരുന്ന തിരകളെയോര്‍ത്തിരിക്കണം...
പുഴക്കരയിലെ തമ്മിലൊട്ടുന്ന നനവുകള്‍ ...
തണുത്ത ചുംമ്പനങ്ങള്‍ ...
ഇക്കിളികൂട്ടുന്ന ഓളങ്ങള്‍ ...
ഉറഞ്ഞുകട്ടിയായ ബോധസത്തയില്‍ നിന്നടര്‍ന്ന്,
ഇറ്റുവീഴും മുന്‍പ് നിലം നക്കിത്തുടച്ച
നീര്‍ത്തുള്ളിയുടെ വരള്‍ച്ചയിലേക്ക് പതിക്കുമ്പോള്‍

ഉരുകുന്നുണ്ട് ഞാനും
ചുവരുകളില്‍നിന്നും പെരുകിനിറയുന്ന
ചൂടുനിശ്വാസങ്ങളുടെ തീച്ചൂളയില്‍ ......

ശ്.ശ്... എനിക്കു കേള്‍ക്കാനുണ്ട്
കുളിമുറിയില്‍നിന്നു പുറത്തേക്കു പടരുന്ന ആവിച്ചുരുളുകളിലേക്ക്
അദൃശ്യമായ വേരുകളാഴ്ത്തി അവ ജീവിതം വലിച്ചെടുക്കുന്നശബ്ദം ..........
 

ബുധനാഴ്‌ച, ജൂലൈ 11, 2012

ഒരു മഴത്തുള്ളിക്കിലുക്കം.....



  1. സ്നിഗ്ദ്ധമേതോ ഗതകാലഗാഥയില്‍

    മുഗ്ദ്ധരായ് നമ്മള്‍ മൂളവേ യുഗ്മകം

    മന്ദമെങ്ങോ മുറുകുന്നൊരുതാളം

    കണ്‍തിരയുന്നു മൂന്നാമതേതൊരാള്‍ ...


    ഒട്ടു ചാരിയ ജലകപ്പാളിയില്‍

    മുട്ടിമെല്ലെവിളിക്കയാണൊരുമ

    എത്രനാളായ് കാത്തിരിപ്പുനമ്മള്‍

    ഇക്കുസൃതിക്കു വന്ദനം പാടുവാന്‍....


    എങ്ങിനെ നീ വരാതിരിക്കും നിന്‍റെ

    ചില്ലുജാലകം തല്ലിത്തകര്‍ത്തെറിഞ്ഞ-

    ത്ര ഞങ്ങള്‍ കൊതിച്ചിരിക്കാം നിന്‍റെ

    ചിത്രമാം ജലജാലമണിയുവാന്‍....


    എന്റെ പിച്ചിയും ചമ്പയും മുല്ലയും

    ചൂടു മോന്തിക്കരിഞ്ഞു മടുത്തവര്‍

    കൊച്ചരിപ്പല്ലു കാട്ടിച്ചിരിച്ചുനിന്‍

    ചുവടിനൊപ്പമൊന്നേറ്റുപിടിക്കുന്നു...


    ധരണിനിന്നുടെ ആദ്യസ്പര്‍ശത്താലേ

    തൂമദഗന്ധധാരിയായ് ധൌതയായ്

    ധൂസരവര്‍ണ്ണമാകെ വെടിഞ്ഞിന്നു

    ദീപ്തഹര്‍ഷം ചൊരിഞ്ഞുനിന്നീടുന്നു...


    മണ്ണുപാറ്റും വഴിയതുമിന്നഹോ

    ഇന്നുനീ പെയ്ത ലഹരിയില്‍മുങ്ങിയോ

    നല്ലുറക്കം നടിച്ച് കിടക്കയാ

    ണല്ലലെല്ലാം മറന്നു മദാലസം...


    ഏറെനീണ്ടോരുറക്കത്തില്‍ നിന്നുണര്‍ -

    ന്നേറെ കാലം മുടങ്ങിയ സാധകം

    കാലബദ്ധമായ് തീര്‍ക്കുന്നു മത്സരിച്ചാ-

    കെവറ്റിയ കുണ്ടിലെ തവളകള്‍ ....


    ജീവതാളമായ് മാറിയ പാട്ടിന്റെ

    ഈണമെല്ലാം മറന്നൊരുകര്‍ക്കശ

    ഭാവമാണിന്ന് കേള്‍ക്കുവാന്‍ വയ്യെന്ന്

    കാതുപൊത്തിയിരിക്കയാണേവരും...


    കാറ്റുതാരാട്ടുമാലിന്‍റെ കൊമ്പിലായ്

    കൂട്ടുകൂടും കലപിലക്കുരുവികള്‍

    ഓര്‍ത്തിരിക്കാതെ വന്നോരതിഥിയെ

    ആര്‍ദ്രചിത്തമോടേറ്റെതിരേല്‍ക്കുന്നു...


    മഴചിനുചിനെ പെയ്തുതോരുംനേരം

    ചിറകുണക്കുന്ന കിളികളായ് നമ്മള്‍ക്കു

    മൊരുമരക്കൊമ്പിലൊന്നിച്ചിരുന്നിട്ടാ

    സ്മൃതിപഥത്തിന്റെ തന്ത്രികള്‍ മീട്ടിടാം...

ബുധനാഴ്‌ച, ജൂലൈ 04, 2012

വേഷങ്ങള്‍ ........

ഞാനന്നിളം പൈതലായിരുന്നു, നെഞ്ചില്‍
പെരുകും കിനാപ്പൂക്കളായിരുന്നു.
ഒരുവേനലുച്ചയില്‍ തിരിതാണ നിഴലുകള്‍
മെല്ലെയുണരുകയായിരുന്നു..... 

ചെറുചരല്‍ക്കല്ലിനാല്‍ ചോറൊരുക്കി  ഞങ്ങള്‍
ഒരു പ്ലാവിലകോട്ടി കറിയിളക്കി
ഒരു കരിംതേളാമെന്‍ കാമധേനു
നിറയുന്നൊരകിടുമായ് കാത്തു നിന്നു....

അയലത്തെക്കൂട്ടരോടൊത്തുചേര്‍ന്നിമ്മട്ടില്‍  
ഒരുവേനലവധി കളിച്ചുതീര്‍ക്കെ
പടരുന്ന കാറ്റിന്റെ ശീലിനൊപ്പം കേള്‍പ്പൊ-
രാര്‍പ്പുവിളികളും കൊട്ടുമെന്തെ.....

മുറ്റത്തു നെല്ലതു ചേറിപ്പാറ്റി
നില്‍ക്കുന്നപെണ്ണൊരാള്‍ ഓര്‍ത്തുചൊല്ലി
തെരുവിലെ ഉത്സവം കൊടിയേറി നേര്‍ച്ചയാം
കരടിതന്‍ വരവാണ് കൊട്ടുകേള്‍പ്പു....

കരടിയെന്നുള്ളൊരാ പേരുകേള്‍ക്കെ ഞങ്ങള്‍
കരിയില പോലെ വിറച്ചുപോയി
കൊട്ടുമുറുകിയടുത്തെത്തും മുന്‍പെ
ഞെട്ടിയെഴുന്നേറ്റു പോയൊളിച്ചു.....

ഓടിക്കിതച്ചെത്തി കരടിയപ്പോള്‍
ആകെത്തളര്‍ന്നെത്തി വാദ്യക്കാരും
കൂടെ രസംപൂണ്ട നാട്ടുകാരും ‌‌‌‌‌‌‌- കാഴ്ച
ജാലക വിരിനീക്കി ഞങ്ങള്‍ കണ്ടു....

അരിയും പണവുമായമ്മ വന്നു -സ്വയം
അറിയാതെ കൈകൂപ്പി കരടിനിന്നു
അരിയും പണവുമങ്ങേറ്റുവാങ്ങേ- നീളു
മിരുകയ്യും കൂട്ടിയനുഗ്രഹിക്കെ
പഴകിനിറം മങ്ങി കീറിത്തൂങ്ങി 
പൊടിപൂണ്ട വേഷമല്ലന്നുകണ്ടു
അഴലിന്റെ ആഴക്കയങ്ങളില്‍ തുഴയുമ്പോള്‍
പതറുന്ന ഭാവങ്ങളല്ലി കണ്ടു.....

നോവുന്ന പാദം ചവുട്ടിനീങ്ങെ നെഞ്ചിന്‍
നോവാലായുള്ളം വിതുമ്പിയെന്നോ
കാലത്തിന്‍ പാഴ്വാക്കാം വിധിയെന്ന ശാപത്തിന്‍
കാതലോര്‍ത്തുള്ളം നടുങ്ങിയെന്നോ......

ചൊവ്വാഴ്ച, ജൂൺ 12, 2012

ഇതാണ്‍...... ഇതാവണം.

നിന്റെ കണ്ണുകളില്‍
ഞാനതു കാണുന്നുണ്ട്.......
ഇതുവരെയൊരു സ്ത്രീയിലും
കാണാതെപോയ
കണ്ണിരിന്റേതല്ലാത്ത തിളക്കം!

കഥകളില്‍ പറഞ്ഞുകേട്ട
പുരാണങ്ങള്‍ പാടിയുറക്കിയ
തെയ്യങ്ങളാടിത്തിമിര്‍ത്ത
വാക്കുകളുടെ മൂര്‍ച്ച!
കാല്‍ ചുവടുകളുടെ കരുത്ത്!

ഭ്രാന്തമാണ് ജല്പനമെന്ന്
പറഞ്ഞു തള്ളുമ്പോഴും
അവര്‍ ഭയപ്പെടുന്നുണ്ട്
നിന്റെ കണ്ണുകളെ
വാക്കുകളെ
കാല്‍ വെയ്പ്പുകളെ
അതിന്നുപിന്നിലണിനിരന്ന ആയിരങ്ങളെ .........

എന്ന്
നെറ്റിയിലെ സിന്തൂരം തുടച്ചുമാറ്റപ്പെടുമെന്ന്
ഉറ്റവരുടെ ചോരയില്‍ ജീവിതം നിറംമാറുമെന്ന്
എത്ര പെണ്‍കുട്ടികളെ തുന്നിക്കൂട്ടിയെടുക്കേണ്ടിവരുമെന്ന്
കാലിനടിയിലെ മണ്ണ് ഊര്‍ന്നുപോകുമെന്ന് ഭയന്ന്
ഊഴംകാത്തിരിക്കുന്നൊരു ലോകം.

അമ്മമാര്‍ !
ഭാര്യമാര്‍ !
പെങ്ങന്‍മാര്‍ !
പെണ്മക്കള്‍ !

നിനക്കു ഞാനൊരു പൂവുതരാം
ഒന്നു ഞാനുമണിയാം
ഒരു ചുകന്ന ചെമ്പരുത്തിപ്പൂവ് ......
എന്നും മനസ്സില്‍ രാകി മൂര്‍ച്ചകൂട്ടിവെക്കുന്ന
കത്തി നമുക്ക് പുറത്തേക്കെടുക്കാം.
കരച്ചില്‍ നിര്‍ത്തി പുറത്തേക്കിറങ്ങാം
അതിരുകളില്ലാതെ ഓരോ സ്ത്രീക്കും വേണ്ടി ....
ഇനി സ്ത്രീയെന്നാല്‍ ഇതാവണം.
ഇതാണ്‍.

ഞായറാഴ്‌ച, ജൂൺ 10, 2012

അപ്രിയസത്യങ്ങള്‍ ......


 


സത്യത്തിന്റെ കാലില്‍
അണിഞ്ഞുകൊടുക്കണം
ഇനിയൊന്നഴിക്കാന്‍ പറ്റാതെ
നല്ലോടില്‍ തീര്‍ത്തൊരു ചിലമ്പ്.........

ഓരോ വെട്ടിലും ആഹൂതം
ഉയിര്‍ത്തെഴുനേല്‍ക്കാന്‍
നൂറുമഞ്ഞളായ് ചോരക്കുരുതി
രണ്ടെന്നു പിരിയാതിരിക്കാന്‍
നുരയുന്ന തുള്ളികള്‍ ഉയിരിന്‍
ശക്തിയായ് പെരുകിനിറയാന്‍
ഉതിരുന്ന അരുളപ്പാടുകള്‍ക്ക്
ഉന്നം പിഴക്കാതിരിക്കാന്‍
തെറ്റിന്‍ ഉള്ളം കടഞ്ഞുറയും
നേരിന്നമൃതം നേടാന്‍
സത്യത്തിന്റെ കാലില്‍ വൈകാതെ
അണിയണം വെറുതെ
അലങ്കാരമാകാത്തൊരു ചിലമ്പ്.........

*****************
 ഒരു തിരുത്തലിന്റെ അനിവാര്യതയെ വെട്ടുകള്‍ക്കപ്പുറം
അര്‍ദ്ധവിരാമങ്ങളായും പൂര്‍ണ്ണവിരാമങ്ങളായും ഒതുക്കുമ്പോള്‍
കാലം ചിരിക്കുന്നു..എത്രകൊണ്ടാലും പഠിക്കില്ലല്ലോയെന്ന്.....

ഒരുകൈ ചിതയിലെരിഞ്ഞടിയുമ്പോളതിന്റെ ചൂണ്ടുവിരല്‍
മറുകൈ നേര്‍ക്ക് തിരിയുമോയെന്നൊരു ഭയം പല്ലിളിച്ചു
മുഖം ചുമപ്പിക്കുന്നുണ്ട് ഇടവഴികളിലെവിടെയോ .......

ഒരു കഥാകഥനത്തിനെന്ന്   മുഖാമുഖമിരിക്കുമ്പോള്‍ 
മുഖംമൂടിക്കുള്ളിലൊളിപ്പിച്ചുവെച്ച അപ്രിയസത്യങ്ങള്‍
ആടിത്തിമിര്‍ക്കുന്നുണ്ട് വേദിയില്‍ വിദൂഷകരെപ്പോലെ....

തിങ്കളാഴ്‌ച, മേയ് 28, 2012

കാവേരി.....






ഇദ്താന്‍കാവേരി......

ഇത്!

ആമാം. കാവേരി റിവര്‍ കേട്ടിരിക്കീങ്കളാ...?

നിസര്‍ഗധാമയിലേക്ക് നീളുന്ന  തൂക്കുപാലനടിയിലൂടെയൊഴുകുന്ന കറുത്ത നിറത്തിലുള്ള അഴുക്കുവെള്ളം. ഇരുകരയിലും ടൂറിസ്റ്റുകളുടെ തിരക്ക്. പുഴയില്‍ തട്ടിയും മുട്ടിയും നിറയെ ബോട്ടുകള്‍ . ഈ ഇത്തിരി വെള്ളത്തിലുള്ള ബോട്ടിങ്ങിനു 
എന്തുരസമാണോ ആവോ! വരണ്ടുണങ്ങിയ  സ്ഥലം ... വിശന്നു വലഞ്ഞ മാനുകള്‍ . മാനുകളുടെ ദയനീയത കണ്ടിട്ടോ എന്തോ മുന്നിലെ കുരുന്നുവെള്ളരിക്ക വില്‍ക്കുന്ന കടയില്‍ നല്ല തിരക്ക്...... വേണമെങ്കില്‍ കൊമ്പൊടിഞ്ഞ ആനപ്പുറത്തൊരു സവാരിയും തരപ്പെടുത്താം. തിരക്കിട്ടു പുറത്തേക്കു നടക്കുമ്പോള്‍ കാവേരിയുടേതെന്ന് ആകെ തോന്നിച്ചത് താഴെ വെള്ളത്തില്‍ പുളച്ചുകൊണ്ടിരുന്ന വലിയ മീനുകള്‍ മാത്രം.

വരള്‍ച്ചയില്‍ നനവായ് പടരുന്ന, മുറിവുകളില്‍ തണവായ് പുരളുന്ന, നിനവുകളില്‍ കനവായ് നിറയുന്ന , വൃഷ്ടികളില്‍ വൃദ്ധിയായി പെരുകുന്ന....

" അമ്മ ... അത് നീങ്ക ശൊല്‍വത് വന്ത് അമ്മ കാവേരിയെപ്പറ്റിതാന്‍ ..... ഇത്കുട്ടിക്കാവേരി."

ദാവിണിയണിഞ്ഞ് കനകാമ്പരം ചൂടി നാണം കുണുങ്ങിയൊഴുകുന്ന കറുത്തുമെല്ലിച്ചനാടന്‍ തമിള്‍ പെണ്‍കൊടി....... ഇനിയവള്‍ പെരിശാ പുടവചുറ്റണം ... പെണ്ണാവണം.... മഞ്ഞള്‍ച്ചരടില്‍ കോര്‍ത്ത് താലികെട്ടണം.. മാതൃത്വമറിയണം... നോവുകളില്‍ ചുരത്താന്‍ പഠിക്കണം...... കാലുഷ്യത്തില്‍ കലങ്ങാതെ ഒഴുകാന്‍ പഠിക്കണം.... അങ്ങിനെ വളര്‍ന്ന് വളര്‍ന്ന് അമ്മക്കാവേരിയായി നിറയാന്‍ പഠിക്കണം.

തൃവേണിസംഗമം ......

കനൈക , കാവേരി പിന്നെയൊരു കഥകളിലുറങ്ങുന്ന നദിയായ സുജ്യോതിയും.

"ഇത് കാവേരി..."


നാട്ടില്‍ വീടിന്റെ വടക്കുപുറത്തുകൂടിയൊഴുകുന്ന തോടിനെക്കാള്‍ ചെറിയൊരു നീരൊഴുക്ക്.

"ഇതോ!"

"
ആമാംമ്മ ..... അന്ത മലയിലേ ഉത്ഭവിച്ച് ഇങ്കൈ ഇന്ത ഇരണ്ടു നദികളുമായി ചേര്‍ന്ന്‍ പെരിസായി ഒഴുകിയിട്ടേയിരിക്കും. "

"ഇങ്കേ കാവേരി ദേവിതാനെ.... സെരിപ്പ് പോട്ടുക്കൂടാത്....." 


 ആല്‍മരച്ചോട്ടില്‍ പത്മാസനത്തില്‍ ഇരുന്നൊരു വൃദ്ധന്‍ സംഗമത്തില്‍ ഇറങ്ങുന്നവരെ ഓര്‍മ്മപ്പെടുത്തി ക്കൊണ്ടേയിരിക്കുന്നു..  കയ്യിലെടുത്ത വെള്ളത്തിന്  കുഞ്ഞിക്കണ്ണുകളുടെ നൈര്‍മ്മല്യം. കുട്ടിയുടുപ്പിട്ട് കാലില്‍ നേര്‍ത്ത വെള്ളിക്കൊലുസണിഞ്ഞ് മലയോടിയിറങ്ങി ഭാഗമണ്ഡലേശ്വര ദര്‍ശനത്തിനെത്തിയ കുഞ്ഞുപെണ്‍കുട്ടി.

"കാവേരിയുടെ ഐതിഹ്യം അറിയ്വോ"
 
  
ഭാഗമണ്ഡലേശ്വര ക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളില്‍ ഇങ്ങോട്ട് വന്നു പരിചയപ്പെട്ട നമ്പീശന്‍ കഥ പറയാനുള്ള മൂഡിലായിരുന്നു...

"ഇംഗ്ലീഷ് താന്‍ ജാസ്തി തെരിയും. അതിലേ സൊല്ലട്ടുമാ?" ബൈഹാര്‍ട്ട് പഠിച്ചതു ചൊല്ലിക്കേള്‍പ്പിക്കുന്ന ഒരു കുട്ടിയുടെ ഉത്സാഹം പോലെ അദ്ദേഹത്തില്‍ നിന്നും സ്കന്ദപുരാണം  ഒഴുകാന്‍ തുടങ്ങി.


വടക്ക് കാര്യങ്ങളെല്ലാം ഭംഗിയായി നടന്നിരുന്ന ഒരുകാലത്ത് തെക്ക് അസുരന്‍മാര്‍ ശക്തിപ്രാപിച്ച് രാജ്യത്തിന്റെ സന്തുലനം നഷ്ടപ്പെട്ടത്രേ.അതറിഞ്ഞ ദേവേന്ദ്രന്‍ തന്റെ വിശ്വസ്തനായ അഗസ്ത്യമുനിയെ തെക്കോട്ടയക്കുന്നു.

"നല്ലൊരു പൊളിടീഷ്യനായിരുന്നല്ലേ ദേവേന്ദ്രന്‍" എന്നു പുറത്തുചാടിയ വികട സരസ്വതിയെ പുണ്യഗ്രന്ഥങ്ങളെ കളിയാക്കരുതെന്ന് ശാസിച്ച് വിലക്കുന്നു നമ്പീശന്‍.


എന്തായാലും തെക്കുദേശത്തെത്തിയ അഗസ്ത്യമുനിക്ക് കവേരമഹര്‍ഷിക്ക്  വളരെ കാലത്തെ തപസ്സിനും പ്രാര്‍ത്ഥനക്കും ശേഷം ലഭിച്ച പുത്രിയായ കാവേരിയോട് പ്രണയം ജനിക്കുന്നു.  ബ്രഹ്മാംശം ഉള്‍ക്കൊണ്ട കാവേരിക്കാണെങ്കില്‍ തന്റെ ജന്മം ലോകനന്മക്കായി സമര്‍പ്പിക്കാനായിരുന്നത്രെ ഇഷ്ടം. വളരെ പ്രലോഭനങ്ങള്‍ക്ക് ശേഷം തന്നെ ഒരിയ്ക്കലും പിരിഞ്ഞു നില്‍ക്കരുതെന്ന ഉറപ്പില്‍ കാവേരി അഗസ്ത്യമുനിയുടെ ഭാര്യയാവുന്നു. സത്യം പാലിക്കാന്‍ ഒരു കമണ്ഡലുവില്‍ അടച്ചു കാവേരിയെ കൂടെ കൊണ്ടുനടന്ന മുനി ഒരു ദിവസം ശിഷ്യഗണങ്ങളുമായുള്ള സംവാദത്തില്‍ മുഴുകി  തിരിച്ചെത്താന്‍ വൈകുന്നു. കാത്തിരുന്ന് മടുത്ത കാവേരി കമണ്ഡലുവില്‍നിന്നും രക്ഷപ്പെട്ടു ഒഴുകാന്‍ തുടങ്ങിയത്രേ. ഇതുകണ്ട് അഗസ്ത്യന്‍ പിടിക്കാന്‍ ചെന്നപ്പോള്‍ ഭൂമിക്കടിയിലേക്ക് ഊര്‍ന്നിറങ്ങി സംഗമത്തിനടുത്ത് വന്ന്‍ പൊന്തിയെന്നാണ് കഥ. ഇതല്ലാതെ വേറെയും ചില കഥകള്‍  കൂടികേട്ടു.
ഗൂഗിളില്‍ നിന്നും കട്ടത്.

ഓരോ തവണ പിടിക്കാനായി അടുത്തെത്തുമ്പോഴും ദിശമാറിയൊഴുകിയ
കാവേരിയുടെ ഓര്‍മ്മക്കാണത്രേ കുടകുസ്ത്രീകള്‍ സാരി പ്രത്യേകരീതിയില്‍ ഉടുക്കുന്നത്. ഒടുവില്‍ തന്നെ ലോകനന്മക്കായി പോകാന്‍ അനുവദിക്കണമെന്നും കൊല്ലത്തിലൊരിക്കല്‍ എല്ലാവരേയും കാണാന്‍ തിരിച്ചെത്തിക്കൊള്ളാമെന്നും  പറഞ്ഞ് കാവേരി പുഴയായൊഴുകിയെന്നാണ് നാട്ടുഭാഷ്യം. എല്ലാ വര്‍ഷവും തുലാമാസം ഒന്നിന് തുലാസംക്രമണ വേളയില്‍ കാവേരി സംഗമസ്ഥലത്ത് തിളച്ചുപൊന്തി വരുമത്രേ.


ഗൂഗിളില്‍ നിന്നും കട്ടത്..
അഞ്ഞൂറുകൊല്ലം പഴക്കം പറഞ്ഞ ക്ഷേത്രത്തിലെ അമ്പതുകൊല്ലം മാത്രം പഴക്കം തോന്നിക്കുന്ന ശില്പങ്ങളില്‍ ചിലത് അപൂര്‍വ്വസുന്ദരങ്ങള്‍ . കല്ലില്‍കൊത്തിയ താരകാസുരന്റെ ജനനവും (ഒരുകാല്‍ കുതിരപ്പുറത്തും മറ്റേക്കാല്‍ ആനപ്പുറത്തുമായി നില്‍ക്കുന്ന സുരേശയുടെ പ്രസവം) അഷ്ടഗണപതിയുടെ ദാരുശില്‍പവും മനസ്സില്‍ നിന്നും മായാതെയിപ്പോഴും...... ക്ഷേത്രങ്ങള്‍ക്കുള്ളില്‍ ഫോട്ടോയെടുക്കല്‍ നിഷിദ്ധമാണ്‍.

അര്‍ഘ്യം സമര്‍പ്പയാമി.......

ഓം ദ്യൌ  ശാന്തി അന്തരീക്ഷ:
ശാന്തി: പൃഥ്വീ
ശാന്തിരാപ:
ശാന്തി: ഔഷധയ:
ശാന്തി: വനസ്പതയ:
ശാന്തി വിശ്വേദേവാ........

ഓം ശാന്തി ...ശാന്തി... ശാന്തി


ഗൂഗിളില്‍ നിന്നും കട്ടത്.

ഒരു ചതുരശ്രയടി കല്‍ത്തളത്തില്‍ നവജാത ശിശുവായി കൈകാലിട്ടടിച്ച് മലര്‍ന്നുകിടന്നു കരയുന്നു തലക്കാവേരി....

ഒഴുകിനിറയാന്‍ വനികള്‍ സ്വപ്നം കണ്ട് .......മുറിവുകളില്‍ , വരള്‍ച്ചകളില്‍ , കനവുകളില്‍ , നോവുകളില്‍, നാലുചുമരുകള്‍ ഭേദിച്ച്  സാന്ത്വനമായി  നിറയാന്‍ മോഹിച്ച് 


........അന്തരീക്ഷത്തില്‍ പടര്‍ന്ന് നിറയുന്നു ആ കരച്ചില്‍ . കൈകാലിട്ടടിച്ച് ഹൃദയം പൊട്ടുമാറ് ....

എവിടെയോ മാറിടം കനക്കുന്നു.

' DON'T TOUCH THE HOLY WATER'

നെഞ്ചിലൂറിയ പാല്‍  ചോരയായി കണ്ണില്‍ നിറയുന്നു...

"yes mam, this is the origin of Cauvery."

"How can you say that?"

"അപ്പടിത്താന്‍ ശൊല്ലിവെച്ചിരുക്ക്മ്മാ....  ഇങ്കെ ഉത്ഭവിച്ച്   ഇന്തമണ്ണിലൂടെ  ഇതേ തണ്ണീതാന്‍ കീളേ കാവേരിയില്‍ വന്ത് നിറയത്. "

"ഇന്തമാതിരി സിമന്‍റ് തൊട്ടിയിലേ ഊറ്റിവച്ചിര്ക്കറ  തണ്ണിയാ...... "

"അമ്മാ അപ്പടിയൊന്നും ശൊല്ലിക്കൂടാത്.....നീങ്ക വരണം തുളാസംക്രമദിനം കീളെ കാവേരിയില്‍ ഇന്ത തണ്ണിവന്ത് ഗുളുഗുളാന്നു പൊങ്ങിവരത് കണ്ണാലെ പാക്കണം.... അപ്പൊത്താന്‍ തെരിയും."

മലയിറങ്ങിവരുമ്പോള്‍ കണ്ടു, സന്തോഷം തരുന്ന ഒരു കാഴ്ച്ച.സീമന്‍റുതൊട്ടിയില്‍ 
നിന്നു  രക്ഷപ്പെട്ട് മലയിറമ്പുകളിലൂടെ പതുങ്ങി ഒലിച്ചിറങ്ങി പിച്ചവെക്കാന്‍ പഠിക്കുന്ന തലക്കാവേരിയിലെ കുഞ്ഞുവെള്ളക്കുഞ്ഞുങ്ങള്‍ .....ചുറ്റിലും നിറഞ്ഞുകാണുന്ന  മലകളില്‍നിന്നെല്ലാം ഇതുപോലെ കാവേരിയിലേക്ക് ഒഴുകിയിറങ്ങുന്നുണ്ടാവും ഏതൊക്കെയോ ബന്ധനങ്ങളില്‍ നിന്നും രക്ഷപ്പെട്ടിറങ്ങിയ തലക്കാവേരിക്കുഞ്ഞുങ്ങള്‍ . 




 
ഓം സര്‍വേശാം  സ്വസ്തിര്‍ ഭവതു
സര്‍വേശാം ശാന്തിര്‍ ഭവതു
സര്‍വേശാം പൂര്‍ണ്ണം  ഭവതു
സര്‍വേശാം മഗളം  ഭവതു
ഓം ശാന്തി ശാന്തി ശാന്തി....

തിങ്കളാഴ്‌ച, മേയ് 21, 2012

ഒഴുകിത്തീരാതെ പുഴ……



ഒരു പുഴ തിരക്കിട്ടൊഴുകുന്നുണ്ട് കടലിലേക്ക്.
കൂടെ ഒഴുകിത്തുടങ്ങിയ കരിയില
കടലെന്നു കേട്ടപ്പൊഴേ കരയിലടിഞ്ഞു.
മീനുകള്‍ പറഞ്ഞുനോക്കുന്നുണ്ട് വെറുതെ
കടലില്‍ കണ്ണീരു മാത്രമാണുള്ളതെന്ന്.
പറയുന്നത് കേള്‍ക്കില്ലെന്നറിയുമ്പോള്‍
ഒഴുക്കിനെതിരെ നീന്തിക്കിതയ്ക്കുന്നുണ്ട്
ചെകിള വിടര്‍ത്തി ചുണ്ടുകള്‍കൂര്‍പ്പിച്ച്.

ഈ പുഴയറിയാതെ കുറച്ചുദൂരെ മറ്റൊരുപുഴയും
ആ പുഴയറിയാതെ വേറെയും പുഴകളും
ഒഴുകിക്കൊണ്ടിരിക്കുന്നുണ്ട് കടലിനെത്തേടി......
കരക്കണഞ്ഞ കരിയിലകള്‍ ചിറകുണക്കുന്നുണ്ട്
ഒഴുക്കിനെതിരെ നീന്തിത്തളര്‍ന്ന് മീനുകളും
കിതപ്പാറ്റുന്നുണ്ട്  വേരുകളില്‍ ചാരി  ഓരോകരയിലും .

പറഞ്ഞതു കേള്‍ക്കാത്തവളെന്ന് പുഴയെ
കണ്ണീരൊഴുക്കി ശകാരിച്ചുകൊണ്ടേയിരിക്കും മലകള്‍ ........
മലകളുടെ തോരാകണ്ണീര്‍ കുടിച്ച് കുടിച്ച്
പുഴകള്‍  വളര്‍ന്ന് സുന്ദരികളാവുമ്പോള്‍
വേരുകള്‍പിണച്ച് തടയാതെ തടയുകയും, കൊതിയോടെ
ചില്ലകള്‍  താഴ്ത്തി തഴുകുകയും ചെയ്യും മരങ്ങള്‍
അപ്പോഴും പുഴ ഒഴുകിക്കൊണ്ടേയിരിക്കും.

അവസാനം മീനുകളും കരിയിലകളുമില്ലാതെ
മലകളേയും മരങ്ങളേയും പുറകെവിട്ട്
കിഴക്കന്‍ തീരത്തെത്തി പുഴ നില്‍ക്കുമ്പോള്‍
ആവേശത്തോടെ ഓടിയെത്തി
കൈനീട്ടി വാരിപ്പുണരുന്നുണ്ട് കടല്‍ .
തെക്ക്ന്നും വടക്ക്ന്നും പടിഞ്ഞാറുനിന്നും
കടലിന്റെ ആയിരം കൈകളില്‍ ആയിരം പുഴകള്‍ .
പലരുചികളില്‍ നിറങ്ങളില്‍ സംസ്കാരങ്ങളില്‍
ഒഴുകിയെത്തി അവസാനം ഒന്നിച്ചൊരു കണ്ണീര്‍ക്കടല്‍ . 


വളര്‍ത്തിയെടുത്ത പവിഴപ്പുറ്റുകളെല്ലാം ഓരോന്നായി
കടലിന്റെ ആഴങ്ങളില്‍ അമര്‍ന്നടിയുമ്പോള്‍ 
മുറ്റിയമീനുകളുടെ തോറ്റങ്ങള്‍ക്കൊപ്പമാടിത്തളരുമ്പോള്‍
കടല്‍ ച്ചൊരുക്കുകള്‍ പുഴയെ തേടിയെത്തും ,കാറ്റില്‍
ഇലകളും മീനുകളും മരങ്ങളും മലകളും മണം ചുരത്തും...
രസനകളില്‍ സ്വയം ഉപ്പുചവര്‍ക്കാന്‍  തുടങ്ങുമ്പോള്‍
അലിഞ്ഞുപോയ ത്രിമാനതയുടെ വക്കുകള്‍ തിരഞ്ഞ്
പുഴ തികട്ടിയെത്തുന്ന ഓര്‍മ്മകളുടെ കരയിലേക്ക്
ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ഓടിക്കയറും....
അന്യത്വം മണക്കുന്ന പുഴയെ കര പുറന്തള്ളും .
ഇടയിളക്കങ്ങള്‍ മുറുകി ആഴിപ്പെരുക്കങ്ങളാവുമ്പോള്‍
കത്തിയാളുന്ന വേനല്‍ച്ചിതയില്‍ ലവണാതുരമായ
ശരീരമുപേക്ഷിച്ച് പുഴയുടെ ആത്മാവു തിരികെ നടക്കും.

ദൂരെ ശുഷ്കിച്ച മല ഗര്‍ഭങ്ങളുടെ ഗൃഹാതുരത്വം പേറി
പുഴയുടെ വരവ് നോക്കിയിരിക്കുന്നുണ്ടാവും.
പുഴയൊഴുകിപ്പോയ വരണ്ട മണല്‍ത്തിട്ടമേല്‍
കരിയുന്നുണ്ടാവും ചിറകുണങ്ങിയുണങ്ങി കരിയിലകള്‍.
വേരുകള്‍ തടഞ്ഞുവെച്ച ഇല്ലാത്ത വെള്ളത്തില്‍
പുളയുന്നുണ്ടാവും ചളിപുതച്ച് മീനുകളപ്പോഴും.
ഇനിയുമൊരാവര്‍ത്തനം വയ്യെന്നൊരു പുഴ ഓടിനടന്ന്
കറുത്ത ആകാശമാകെയപ്പോള്‍ മെഴുകി വെളുപ്പിക്കും....
എന്നിട്ടും ഒരു പുഴ വഴിതെറ്റിപ്പോയെന്നായിരിക്കാം
പഴുത്തുവീണ പച്ചിലകള്‍ കലപില പറന്നോതിയത്.. ......
നീലാകാശത്തിന്റെ  ഞൊറിമടക്കുകളിലൊളിച്ചിരുന്ന്
ആകാശഗംഗയ്ക്ക് പുഴയെ ഒറ്റിക്കൊടുത്തതാരാണെന്ന്
മൂക്കത്തുവിരല്‍ വെക്കുന്നുണ്ടാവും ഉണങ്ങിയമരച്ചില്ലകള്‍
ചുട്ടുവെന്ത നാവുനീട്ടിയണക്കുന്നുണ്ട്
ഇതൊന്നുമറിയാതെ ദാഹിച്ചുവരണ്ടൊരു ഭൂമി .......