
ഈ മൗനത്തിന്റെ
ആഴങ്ങളിലെവിടെയോ
അലഞ്ഞുനടക്കുന്നുണ്ട്
അടക്കിയ കുറെ സ്വകാര്യങ്ങള്‍..........
ഈ വഴിയിലെവിടെയോ
പതിഞ്ഞു കിടപ്പുണ്ട്
ഒപ്പമെത്താന്‍ കുതിച്ച
അതിരില്ലാ സ്നേഹം
തീര്‍ത്ത ചക്രപ്പാടുകള്‍.
ഈ മണ്ണിലെവിടെയോ
പുതഞ്ഞു കിടപ്പുണ്ട്
കാറ്റ് പറത്തിയ
തട്ടത്തിലെ അലുക്കുകള്‍
പിന്നാലെയോടിയെത്തിയ
കൊലുസിന്റെ കൊഞ്ചലുകള്‍.
ജനലഴികളിലിപ്പൊഴുമുണ്ട്
കാത്തുമടുത്തൊരു സുറുമക്കണ്ണ്.
ജനാലവിരികളിലിനിയും
മായാതെ ഒരു കുങ്കുമച്ഛവി.
തക്ബീറുകള്‍ക്കവസാനം
ചാലീസകള്‍ക്കു മുന്നില്‍
മണ്ണു തിടുക്കത്തില്‍
പറന്നു മറയ്ക്കുന്നുണ്ട്
അവയുടെ നിഴല്‍ പോലും
ആരെയും കാണിക്കില്ലെന്ന്.
പ്രാവുകള്‍ കൂട്ടത്തോടെ
ചിറകടിച്ച് പറക്കുന്നുണ്ട്
നെഞ്ചിലെ കുറുകലുകള്‍
ആരും കേള്‍ക്കരുതെന്ന്.
കാറ്റ് ആഞ്ഞു വീശുന്നുണ്ട്
നെടുവീര്‍പ്പിന്റെ ചൂട്
ആരുമറിയരുതെന്ന്.
ഉറഞ്ഞു കൂടിയ
ഈ മൗനത്തിന്റെ
ആഴങ്ങളിലെവിടെയോ
അലഞ്ഞു നടക്കുന്നുണ്ട്
അടക്കിയാലും അടങ്ങാതെ
ചില സ്വകാര്യങ്ങള്‍...............
2 അഭിപ്രായങ്ങൾ:
അടക്കിയാലും അടങ്ങാതെ
ചില സ്വകാര്യങ്ങള്‍...............
ചില സ്വകാര്യങ്ങള്‍ എത്ര അടക്കിയാലും അടങ്ങില്ല ..
തിരതള്ളലിന്റെ ഒരിക്കലും കാണാത്ത ഭാവങ്ങള്‍ വിടര്‍ത്തും ചില സ്വകാര്യങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ