വ്യാഴാഴ്‌ച, സെപ്റ്റംബർ 16, 2010

അടയാള വെളിച്ചങ്ങള്‍ക്കായി..............




മറ്റുള്ളവരുടെ വേഗങ്ങള്‍ക്കിടയില്‍

ഇഴഞ്ഞുനീങ്ങാന്‍ വിധിക്കപ്പെടുമ്പോള്‍

അടയാള വെളിച്ചങ്ങള്‍ക്കായി

കാത്തു കിടക്കേണ്ടിവരുമ്പോള്‍

ഇരച്ചുപെയ്യുന്ന മഴയുടെ

തായമ്പകപ്പെരുക്കങ്ങളെണ്ണി

വഴിയരുകില്‍ പെട്ടുകിടക്കേണ്ടിവരുമ്പോള്‍

കനവില്‍ വന്നു പൂവിറുത്തവര്‍ക്കായി

പൂക്കാതെ നിന്നു തളരുമ്പോള്‍

സ്വപ്നങ്ങള്‍ക്കു ചിറകുമുളക്കുന്നു.

പറക്കുന്ന വേഗങ്ങളുള്ള

അടയാളവെളിച്ചങ്ങളില്ലാത്ത

മഴകനക്കാത്ത വെയില്‍ തിളക്കാത്ത

നമ്മള്‍ നിശ്ചയിക്കുന്ന ഒരു ജീവിതം.

തിരമാലകളില്ലെങ്കില്‍ കടലെന്തിനെന്ന്

പാറക്കെട്ടുകളില്‍ തലതല്ലാനല്ലെങ്കില്‍

പുഴയൊഴുകുന്നതെന്തിനെന്ന് മറന്ന്

വെറുതെ ഇങ്ങിനെയൊക്കെ ചിന്തിക്കും!

അപ്പോഴേക്കുമൊരുപക്ഷെ

കുറഞ്ഞവേഗങ്ങള്‍ ത്വരിതമായേക്കാം

അടയാളവെളിച്ചങ്ങള്‍ കെട്ടുപോയേക്കാം

തായമ്പകപ്പെരുക്കങ്ങള്‍ പെയ്തുതീര്‍ന്നിരിക്കാം.

ആര്‍ക്കോ വേണ്ടി ഒരു പൂന്തോട്ടം തന്നെ

നിന്നില്‍ പൂത്തിരിക്കാം.

ഇനിയുമിതിലേതെങ്കിലുമൊന്ന്

തിരിച്ചുവരും വരെ നാമൊഴുകിക്കൊണ്ടിരിക്കും.

തിരിച്ചുവരുമ്പോള്‍ വീണ്ടും കൊതിച്ചുപോകും

നമ്മള്‍ നിശ്ചയിക്കുന്ന പോലെയൊരു ജീവിതം.

7 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

നമ്മള്‍ നിശ്ചയിക്കുന്ന പോലെയൊരു ജീവിതം.............

Umesh Pilicode പറഞ്ഞു...

കൊള്ളാം മാഷെ

yousufpa പറഞ്ഞു...

നന്നായി ആസ്വദിച്ചു ചേച്ചി...ഭാവുകങ്ങൾ.

പ്രയാണ്‍ പറഞ്ഞു...

ഉമേഷ്‌ പിലിക്കൊട്, യൂസുഫ്പ ഇവിടെ കണ്ടതില്‍ സന്തോഷം...:)

ശ്രീനാഥന്‍ പറഞ്ഞു...

സംശയിക്കേണ്ട, നമുക്ക് നമ്മുടെ വഴി, നമ്മുടെ വേഗം, അതു മതി, നന്നായിട്ടുണ്ട്!

Echmukutty പറഞ്ഞു...

നമുക്ക് നമ്മളാവാനല്ലേ പറ്റൂ.
എഴുത്ത് ഇഷ്ടമായി.

പ്രയാണ്‍ പറഞ്ഞു...

ശ്രീനാഥന്‍ ,Echmukutty ഈ ഉറപ്പിക്കലിന്നു നന്ദി............