ശനിയാഴ്‌ച, ഡിസംബർ 13, 2008

കലിയുഗ ഗോപിക

ഉണ്ണീ കുറുമ്പു നീ കാണിക്കെ എന്‍മനം
കണ്ണന്റെ കുന്നായ്മയെന്നു ചിരിച്ചതും
ഉപ്പേരി കൂട്ടി ചമച്ചൊരീയുരുളകള്‍
കണ്ണന്റെ വായിലേക്കെന്നു ഞാന്‍ ചൊന്നതും
എന്തിനെന്നറിയാതെ ഒരു മയില്‍ പീലി നിന്‍
ചുരുള്‍മുടിക്കെട്ടില്‍ ഞാന്‍ ചൂടിച്ചു തന്നതും
എന്തിനായെന്നു ഞാനോര്‍ക്കവെയെന്നിലല
തല്ലിത്തകര്‍ക്കുന്നു മാതൃഭാവം.......

എന്നോ പിന്നിട്ടൊരെന്‍ ബാല്യകൗമാരങ്ങള്‍
രാധയായ് സ്വപ്നപ്പൂമാല്യങ്ങള്‍തീര്‍ത്തതും
ഒരു മീരയായെന്റെ മാനസ രാഗങ്ങള്‍
ഒരു വീണ തന്‍ കനിവില്‍ മീട്ടാന്‍ കൊതിച്ചതും
എങ്ങോനിന്നെത്തുമൊരു മുരളിരവമെന്നില്‍
താമരയില്‍ വണ്ടു പോല്‍ മോഹം ചൊരിഞ്ഞതും
എന്തിനായെന്നു ഞാനോര്‍ക്കവെയറിയുന്നു
എന്നില്‍ തുളുമ്പുന്ന മൂകരാഗം.........

ഒരു കാളിയന്‍തന്‍ വിഷം ചീറ്റുമോര്‍മ്മയില്‍
കംസരാജന്‍ തന്റെ ക്രൗര്യത്തിനോര്‍മ്മയില്‍
ദുശ്ശാസനന്മാര്‍ മദം പൊട്ടി നില്‍ക്കവെ
ഗാന്ധാരിമാര്‍തന്‍ വിലാപം മുഴങ്ങവെ
ശാപമോക്ഷം തേടിയെത്തുമൊരു തന്വിതന്‍
പാലീമ്പിയുണ്ണീകള്‍ വീണൊടുങ്ങീടവെ
അറിയാതെ മോഹം ഫണം വീശി നിന്നതും
ഒന്നു പുനര്‍ജ്ജനിച്ചെങ്കില്‍ നീയെന്നത്രെ.......

പാവം കുചേലന്മാര്‍ നീട്ടും അവില്‍ പൊതി
പാരം കനിഞ്ഞുവാങ്ങീടുവാനാവാതെ
ശ്രീകോവിലില്‍ വെറും കല്ലായി ദൈവമായ്
മാറിയ നിന്നെയോര്‍ത്തേറെ തപിപ്പു ഞാന്‍...
അത്മവീര്യം കെട്ടു കേഴുമൊരു പാര്‍ത്ഥനോ-
ടോതുവാനിനിയേതു സൂക്തകങ്ങള്‍?
മോഹം നിറഞ്ഞു കവിഞ്ഞൊരെന്‍ ഹൃത്തില്‍
നീ മായയായ് തീര്‍‍ന്നതെന്‍ മോഹഭംഗം.

2 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

ശ്രീകോവിലില്‍ വെറും കല്ലായി ദൈവമായ്
മാറിയ നിന്നെയോര്‍ത്തേറെ തപിയ്ക്കു ഞാന്‍...
മോഹം നിറഞ്ഞു കവിഞ്ഞൊരെന്‍ ഹൃത്തില്‍
.....നീ മായയായ് തീര്‍ന്നതെന്‍ മോഹഭംഗം........

SreeDeviNair.ശ്രീരാഗം പറഞ്ഞു...

prayan,

ആശംസകള്‍..