ഞായറാഴ്‌ച, ഡിസംബർ 07, 2008

മുത്തുകള്‍

പശ്ചിമം വിട്ടൊരരുണന്റെ ഓര്‍മ്മയില്‍
ഉര്‍വി കര്‍ള്‍നൊന്തു കനലായ് തുടിയ്ക്കവെ
എത്തി വീണ്ടൂമീ മൃഗശാലയില്‍ ബാല്യ
മുത്തുകള്‍ മണിച്ചെപ്പിലൊതുക്കി ഞാന്‍......

ഒരു ചെറുമുത്ത് പൊടി തട്ടിയിന്നതിന്‍
പിറവിതന്‍ ചിപ്പി തേടി ഞാനലയവെ
അരികിലാ മണി മുത്തിന്‍ പൊരുള്‍ തേടി
അരിയകൗതുകാല്‍ നില്പു പുതു ബാല്യവും

നിറയെ മുത്തുകള്‍ വാരിപെറുക്കിയ
വഴിയിതത്രെ തിരയുന്നു കണ്ണുകള്‍
പുതിയതൊന്നാ ചെപ്പില്‍ നിറയ്ച്ചതിന്‍
പുതുമയൊന്നെന്റെ ഹൃത്തില്‍ നിറയ്ക്കാന്‍

പഴയ പാതകള്‍ പഴയ വൃക്ഷങ്ങള്‍
പഴയകൂടുകള്‍ പഴയ മൃഗങ്ങള്‍
പുതിയതായ് ദൃശ്യമൊന്നെനിയ്ക്കിവയുടെ
ദയവിരയ്ക്കും വിധേയത്വഭാവം......

നിദ്ര വിട്ടുണര്‍ന്നേല്‍ക്കും മൃഗത്തിന്‍
വ്യഥകള്‍ സംഹാരമോഹങ്ങളെല്ലാം
ഉഗ്ര ഗര്‍ജ്ജനമൊന്നിലൊതുങ്ങെയെന്‍
ചിത്തമെന്തെ കനം പേറി നില്പൂ......

ഇന്നുപെറ്റിട്ട പേടമാന്‍ കുഞ്ഞിന്‍
കണ്‍കളില്‍ പോലുമേറും വിഷാദം!
ബാല്യമന്നു പെറുക്കിയ മുത്തുകള്‍
നീര്‍ മണികളായ് വീണുതകര്‍ന്നുവോ

ഓടിയെത്തിയെന്‍ കുഞ്ഞുങ്ങളെന്തെ
വാടിവീഴുന്നതെന്‍ മടിത്തട്ടില്‍ !......
പഴകിനാറുന്ന കൂടുകള്‍ക്കുള്ളിലെ
അതിരു കാക്കും മൃഗങ്ങളെ കണ്ടിവര്‍

തേടിയത്രെയീ പാതയില്‍ നീളെ
നേടിയില്ലൊരു ചെറുമുത്തു പോലും......
പതിരുമാത്രം നിറഞ്ഞൊരീചെപ്പില്‍
പവിഴമെങ്ങിനെ ഞാന്‍ നിറച്ചീടും?.......

1 അഭിപ്രായം:

പ്രയാണ്‍ പറഞ്ഞു...

ഇന്നു പെറ്റിട്ട പേടമാന്‍ കുഞ്ഞിന്‍
കണ്‍കളില്‍ പോലുമേറും വിഷാദം!....
ബാല്യമന്നു പെറുക്കിയ മുത്തുകള്‍
നീര്‍മണികളായ് തകര്‍ന്നുവോ.......