തിങ്കളാഴ്‌ച, സെപ്റ്റംബർ 26, 2011

ദേവൂട്ടി........


പതിവിലും നേര്‍ത്തെയെത്തിയ ദേവൂട്ടിയെ കണ്ടപ്പോള്‍ തന്നെതോന്നി എന്തോ കുഴപ്പമുണ്ടെന്ന്. മുറ്റമടിക്കാതെ വടക്കോറത്തെ കോലാമ്മേ ചെന്ന്‍ ദേവൂട്ടി നീട്ടിവിളിച്ചു.

വല്ല്യാത്തോലെ ഒന്നിങ്ങട്ട് നിക്ക്വോ.. ഒരുകാര്യം പറയാനാണേയ്

എന്തേ ദേവൂട്ട്യേ രാവിലത്തെ എടുത്താല്‍ പൊന്താത്ത പണിത്തിരക്കിനിടയില്‍ നിന്നും ഏടത്ത്യമ്മ തല പുറത്തേക്ക് നീട്ടി.

അതേയ് ഞാനിന്ന്‍ വര്ണില്ല്യാന്ന് പറയാനേപ്പം വന്നത്

രണ്ടുമൂന്ന് കിലോമീറ്റര്‍ നടന്ന്‍ ഇതുപറയാനായിട്ട് വര്വേ.. നെന്റെ കുട്ട്യോട് ചൊല്ല്യയക്കാര്ന്നില്ല്യേ?

ഓള്‍ക്കെവ്ട്യാ സമയം ... . കടേല് വൈക്യാ മൊയലാളീടെ കയ്യിന്ന് കിട്ട്ല്ല്യേ

ആട്ടെ ഇന്നെന്താ വിശേഷം?”

ഒന്നും പറേണ്ടാന്റെ വല്ല്യാത്തോലേ..... ഞങ്ങടെ കെണറ്റിലേയ് ഇന്നലെ രാത്രീലൊര് നായ വീണു .... അയ്നെ എടുത്തു മാറ്റാന്ള്ള ഏര്‍പ്പാടാക്കണം

എങ്ങിനേപ്പോ അത് കെണറ്റില്‍ വീണേ?”

അറില്ല്യാന്നേയ്.....വലയൊക്കെട്ട്ണു.... വീഴണശബ്ദം കേട്ടപ്പോ ആദ്യം നിരീച്ചത് ആമിനൂട്ട്യാണ്ന്നല്ലേ......

അതാരാണീ ആമിനൂട്ടി

ഞങ്ങടെ വടക്കേവീട്ടിലെ ....ഓള്ന്നലെ പുയ്യാപ്ലോട് വക്കാണിച്ച് ഞങ്ങള് വാതിലടക്കണവരെ ഞങ്ങടെ കോലാമ്മല്ണ്ടായിര്ന്നേയ് ... ഒളെങ്ങാന്‍ .എടുത്തു ചാട്യോന്നൊന്നു പേടിച്ചു. ഇപ്പഴ്ത്തെ കുട്ട്യോളല്ലേ......കെണറ്റ്ന്ന് നായകൊരക്കണ കേട്ടപ്പഴാ സമാധാനായേ ... ഇനിപ്പോ അയിനെ എടുത്തു കളേണല്ലോന്ന് ആലോചിക്ക്മ്പളാ... ആര്ടൊക്കെ കാല് പിടിക്കണാവോ... ഇന്ന് പെണ്ണിന് കുളിക്കാന്ള്ള വെള്ളം അടുത്തവീട്ടിന്നു കോരിക്കൊടുത്തിട്ടാ വരണത്

അതിന് ദേവൂട്ട്യേ നെന്റെ നായര് ഇല്യേ വീട്ടില് ......അയ്യാള്ക്കെന്താ വേറെ പണി.... തോട്ടില്‍ കുളിക്കാന്‍വന്ന മൂന്നാല് പെണ്ണുങ്ങള്‍ കഥ കേളക്കാന്‍ കൂടിയത് അപ്പോഴാണെല്ലാവരും ശ്രദ്ധിച്ചത്.

ആര് നാറാണേട്ടനോ.... നൂപ്പര് ചെയ്തതന്നെ..... ആ തള്ളക്ക് പകരം അയാളെന്താ മോളിലിക്ക് വിളിക്കാഞ്ഞേന്നാ ഞാന്‍പ്പോ നിരീക്കണേ.....

അതെന്താ നീയ്യങ്ങിനെ പറേണത്.....ഒന്നൂല്യേല് നെന്റെ കുട്ടീടച്ഛനല്ലേ

അതന്നേ....?”കുളിക്കാന്‍ വന്നവര്‍ക്കു ദേവൂട്ടീടെ ഫെമിനിസം തീരെ ഇഷ്ടമായില്ലെന്ന് തോന്നി.

നായരൊക്കെത്തന്നെ......... നായേ കേറ്റാനെന്താ വഴീന്നു ചോയിച്ചപ്പോ നൂപ്പര്ന്നെന്താ പറഞ്ഞേന്നറിയോ.... ആ തെങ്ങ് കേറണ രാഘവേട്ടന്ല്ല്യേ അങ്ങേരോട് പറഞ്ഞോളാന്‍ .... നൂപ്പര് ക്കു ഇദ്ന്റെ പിന്നാലെനടക്കാന്‍ നേരംല്യത്രേ ..... പകിടനാറാണന് കള്ളും കുടിച്ച് പകിടേം കളിച്ച് നടക്കാനല്ലെ നേരംള്ളൂ

ദേപ്പോ നന്നായേ...ന്ന്ട്ട് നീയെന്തേ പറഞ്ഞേ.....?” കൂടിനിന്നവരുടെ സഹതാപത്തില്‍ ദേവൂട്ടിക്ക് ആത്മവിശ്വാസം കൂടി.....

എന്തു പറയാനാ... ഞാമ്പറഞ്ഞു ഇനി എല്ലാ കാര്യോം ഞാന്‍ അങ്ങോരോട് പറഞ്ഞോളാംന്ന്...ആ രാഘവേട്ടനോടേയ്.....

വടക്കോറത്തിരുന്ന പാത്രം കഴുകിവെച്ച് എടത്തിയമ്മ കൊടുത്ത പണവും വാങ്ങി തിരിച്ചുപോകുന്ന ദേവൂട്ടിയെ കണ്ടപ്പോള്‍ ഇങ്ങിനെ എല്ലാരുമുണ്ടായിട്ടും ഒറ്റയ്ക്ക് കഷ്ടപ്പെടുന്ന നാട്ടിലെ എല്ലാ ദേവൂട്ടിമാര്‍ക്കും വേണ്ടിയൊരു പ്രാര്‍ത്ഥന അറിയാതെ മനസ്സിലുയര്‍ന്നു.

ദേവൂട്ടി........


10 അഭിപ്രായങ്ങൾ:

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

എവിടെയൊക്കെയോ കണ്ടു മറയുന്ന ഒരു കഥാപാത്രത്തിന്‍റെ മുഖമുണ്ട് ദേവൂട്ടിക്ക്.
കഥ ഇഷ്ടായി .

വേണുഗോപാല്‍ പറഞ്ഞു...

ദേവുട്ടി അസ്സലായി.. നാട്ടില്‍ അയല്‍ വാസികളായ ഒന്ന് രണ്ടു ദേവുട്ടിമാരെ ഓര്‍ത്തു പോയി ... നല്ലെഴുത്ത് .. ആശംസകള്‍

Echmukutty പറഞ്ഞു...

അതന്നെ! മിടുക്കത്തി!

പ്രയാൺ എഴുതിയത് നൂറുവട്ടം ശരിയാണ്. എഴുത്ത് ജോറായി.

ente lokam പറഞ്ഞു...

ദേവൂട്ടി ഒരു യാധാര്ത്യം ആണല്ലോ...
ആശംസകള്‍ പ്രയാന്‍...

മുകിൽ പറഞ്ഞു...

devooti oru thudarkathayaanu,lle.. jaanuvamma pole..
vayanasukham tharunna nalla ezhuthu. laalithyam..

ശ്രീനാഥന്‍ പറഞ്ഞു...

അതെയതെ , ഇങ്ങനൊരു നായരുണ്ടായിരിക്കുന്നതിനേക്കാൾ ഭേദം ഇല്യാണ്ടിരിക്കലാ. ദേവൂട്ടിയോട് ആ അമീനൂട്ടിക്ക് ജീവിതത്തെക്കുറിച്ചൊരു ട്യൂഷനെടുക്കാൻ പറയുമല്ലോ! നന്നായി എഴുത്ത്.

പട്ടേപ്പാടം റാംജി പറഞ്ഞു...

ദേവുട്ടി സത്യമാണ്...എല്ലാ പ്രതീക്ഷയും നശിക്കുന്നു എന്ന് വരുമ്പോള്‍ എന്താ പറയാന്നു അറിയാമ്പറ്റില്യ..

പ്രയാണ്‍ പറഞ്ഞു...

നിങ്ങളുടെയൊക്കെ സപ്പോര്‍ട്ട് ഞാന്‍ നാട്ടില്‍പോകുമ്പോ ദേവൂട്ടിയെ അറിയിക്കാംട്ടോ....:)

yousufpa പറഞ്ഞു...

പെണ്മയുടെ പ്രതീകങ്ങൾ...

khader patteppadam പറഞ്ഞു...

എന്റെ നാട്ടിലും ഉണ്ട് ഇങ്ങനെ 'ദേവൂട്ടി'മാരാകാന്‍ വിധിക്കപ്പെട്ട ചിലര്‍