ഞായറാഴ്‌ച, നവംബർ 07, 2010

യാഥാതഥ്യം...........


പാലകള്‍ പൂക്കുന്നില്ലി-
വിടെപാരിജാതവും
ഉള്ളതേതോ കൊടും
വിഷത്തിന്‍ ഗന്ധം തപ്തം!

പണ്ടുനിന്‍ പാദങ്ങളില്‍
മുത്തിയിക്കിളിയിട്ട
മീനുകളില്ലാ ജലം
മരിച്ച മണമെങ്ങും !

തിരഞ്ഞു വൃന്ദാവനം
മുഴുക്കെത്തിരഞ്ഞിട്ടും
അരികത്തണഞ്ഞില്ലാ
നിന്‍കുഴല്‍ച്ചെത്തം പോലും !

കൃഷ്ണാ നീ വരൂ വേഗം
യമുന മരിക്കുന്നു,
ശ്വാസം
കിട്ടാതെ നുരയുന്നു
നീയിതുകാണുന്നില്ലെ !

കാളിന്ദി തടത്തിലും
കടമ്പിന്‍ ചുവട്ടിലും
തേടിഞാന്‍ നിനക്കായി
നീയെന്തേയറിഞ്ഞില്ല !

വിധുരരാം ഗോപികള്‍
പതിനാറായിരത്തെട്ടും
വിരഹാഗ്നിയില്‍ വെന്തു
നീറുന്നു നിന്‍പേര്‍ ചൊല്ലി !

തൂവെള്ള വസ്ത്രങ്ങളും
ഭസ്മധൂളിയും ചാര്‍ത്തി
മധുവനമാകെയിവര്‍
ശുഭ്രതയുണക്കുന്നു !

നീയോ ഞാന്‍ കണ്ടൊരു
മണ്ഡപമതില്‍ കല്ലായ്
അതിലും ശൈത്യം നിന്റെ
കണ്‍കളിലുറയുന്നുവോ !

നിന്റെ താണ്ഡവത്താലന്നു
പത്തിതാഴ്ത്തിയ കാളിയന്‍
വിത്തുകളൊരായിരം
പെറ്റതു നീയോര്‍ത്തില്ല !

കാളിന്ദിയും പിന്നെ
യമുനയുമതുപോരാ-
തേതൊരു നദിയിലുമാ
കൊടും വിഷം തന്നെ !

കൃഷ്ണാ നീ വരൂ വേഗം
യമുന മരിക്കുന്നു ശ്വാസം
കിട്ടാതെ നുരയുന്നു
നീയെന്തെയറിയുന്നില്ലാ !

തിരിയെ നടക്കുമ്പോഴും
കൊതിക്കുന്നുണ്ടീമനമൊരു
മുളംതണ്ടിന്നീണം, ചുമലില്‍
ഒരു സാന്ത്വനസ്പര്‍ശം.

പണ്ടുനിന്‍ മുടിച്ചാര്‍ത്തില്‍
നിന്നൂര്‍ന്നമര്‍ന്നൊരു
സപ്തവര്‍ണ്ണത്തുണ്ടെന്റെ
നെഞ്ചില്‍നിന്നടര്‍ത്തിഞാന്‍
കാല്‍ക്കലര്‍പ്പിക്കുന്നു നിന്റെ
അതില്‍നിന്നാവില്ലെനി-
ക്കിനിയും ചായക്കൂട്ടു
ചാലിച്ചു നിറക്കുവാന്‍.

21 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

നൂറാമത്തെ കവിത............:)

Pranavam Ravikumar പറഞ്ഞു...

പ്രയാണിന്റെ നൂറാമത്തെ കവിതയ്ക്ക് എന്റെ ഭാവുകങ്ങള്‍...യമുന നശിക്കുന്നു, ശരിയാണ്..വളരെ പ്രസക്തമായ കവിത.

ആശംസകള്‍!

ഉല്ലാസ് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഉല്ലാസ് പറഞ്ഞു...

ചേച്ചിയുടെ കവിത വായിക്കുമ്പോൾ മനസ്സു എതൊ ഒരു ഈണത്തെ തേടി, അന്വേഷിക്കുന്നു.

Unknown പറഞ്ഞു...

കവിത ഒക്കെ കൊള്ളാം
ഒരു ഒഴുക്ക് കണ്ടില്ല

Echmukutty പറഞ്ഞു...

കറുത്തിരുണ്ട യമുനാ തടം......
ഉണങ്ങി വരണ്ട മഥുരയിലെ, വൃന്ദാവനം.......
കൃഷ്ണസ്തുതികളുതിർക്കുന്ന വിധവകൾ...

വളരെ നന്നായി.
ബാക്കിയാകുന്നത് ഒരു നീറ്റലാണ്.

the man to walk with പറഞ്ഞു...

പണ്ടുനിന്‍ മുടിച്ചാര്‍ത്തില്‍
നിന്നൂര്‍ന്നമര്‍ന്നൊരു
സപ്തവര്‍ണ്ണത്തുണ്ടെന്റെ
നെഞ്ചില്‍നിന്നടര്‍ത്തിഞാന്‍
കാല്‍ക്കലര്‍പ്പിക്കുന്നു

:(

jayanEvoor പറഞ്ഞു...

നൂറാം കവിത ഇഷ്ടപ്പെട്ടു.
ഞാനൊക്കെ ഒരെണ്ണം നേരേ എന്നെഴുതുമോ, ആവോ!

Jishad Cronic പറഞ്ഞു...

നൂറായിരം ആശംസകള്‍...

yousufpa പറഞ്ഞു...

അയ്യോ..അങ്ങേര് സ്ഥലം വിട്ടതറിഞ്ഞില്ലേ?.ഇപ്പൊ അമേരിക്കേലാ.അവിടെ സ്വസ്ഥം ഗൃഹഭരണം.

ജന്മസുകൃതം പറഞ്ഞു...

അര്‍ത്ഥവത്തായ കവിത ...നന്നായിട്ടുണ്ട്,ഒരഭിപ്രായം പറയട്ടെ...ചൊല്ലുമ്പോള്‍ ചിലയിടങ്ങളില്‍ താള ഭംഗി നഷ്ടപ്പെടുന്നു....ഒന്നുകൂടി മനസ്സുവച്ചാല്‍ കൂടുതല്‍ നന്നാക്കാന്‍ കഴിയും ...
ആശംസകള്‍...!

ശ്രീ പറഞ്ഞു...

ഒരു നൂറാശംസകള്‍!
:)

ശ്രീനാഥന്‍ പറഞ്ഞു...

പണ്ടുനിന്‍ മുടിച്ചാര്‍ത്തില്‍
നിന്നൂര്‍ന്നമര്‍ന്നൊരു
സപ്തവര്‍ണ്ണത്തുണ്ടെന്റെ
നെഞ്ചില്‍നിന്നടര്‍ത്തിഞാന്‍ - മനോഹരമായി വരികൾ. ചിലയിടങ്ങളിൽ കവിത commonplace ആയോ എന്നു സംശയം, വരികൾ മുഴുവൻ മൌലികതയാൽ തിളക്കാനാവും പ്രയാണിന്.

പ്രയാണ്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പ്രയാണ്‍ പറഞ്ഞു...

Ravikumar , ഉല്ലാസ് , MyDreams,Echmukutty, the man to walk with, jayan, Jishad , യൂസുഫ്പ, ലീല എം ചന്ദ്രന്‍, ശ്രീ, ശ്രീനാഥന്‍ ആശംസകള്‍ക്കു നന്ദി...........

ഉല്ലാസ്, MyDreams,ലീല എം ചന്ദ്രന്‍ എന്റെ മനസ്സിലൊരീണം കിടക്കുന്നകൊണ്ടാവാം താളം തെറ്റുന്നത് മനസ്സിലാവാന്‍ കഴിയാഞ്ഞത്.

Echmukutty, the man to walk with വൃന്ദാവനത്തില്‍ എനിക്കു നഷ്ടമായത് കാലങ്ങളുടെ ഫാന്റസിയാണ്.പോവേണ്ടിയിരുന്നില്ലെന്നു തോന്നിയ ഒരു സ്ഥലം.

jayan ഹോംഗേ കാമ് യാബ് എന്ന് ദിവസം നൂറുവട്ടം ജപിക്കുക.........

യൂസുഫ്പ അതു ഞാനറിഞ്ഞു.
ഞാന്‍ വിചാരിച്ചു ഒബാമയുടെകൂടെ ഇങ്ങു പോന്നിട്ടുണ്ടാവുമെന്ന്.

ശ്രീനാഥന്‍ ചിലയിടങ്ങളില്‍ എനിക്കും തോന്നി........... ഞാനൊരു മടിച്ചിയായതിനാല്‍
അതൊക്കെ മതിയെന്നു കരുതി.

രമേശ്‌ അരൂര്‍ പറഞ്ഞു...

"പാലകള്‍ പൂക്കുന്നില്ലിവിടെ
പാരിജാതവും
ഉള്ളതേതോ കൊടും
വിഷത്തിന്‍ ഗന്ധം തപ്തം!"

ഇവിടെ തപ്തം എന്ന വാക്ക് എന്തിനാണ് ഉപയോഗിച്ചത് ?
തപ്തം =ദുഖകരം ,ചൂടുള്ളത്‌ .
ഈ വാക്ക് വിഷത്തോടു ചേര്‍ത്താണോ ?അതോ "പാലകള്‍ പൂക്കുന്നില്ലിവിടെ
പാരിജാതവും" എന്നതിനോട് ചേര്‍ത്താണോ ഉപയോഗിച്ചത് ?
ആശയം നല്ലത് ..ഇടയ്ക്ക് സുഗതകുമാരി യുടെ ആവേശം ഉണ്ടായോ എന്ന് തോന്നും .."കൃഷ്ണാ നീയെന്നെ അറിയില്ല .."

പിന്നെ മറ്റു ചിലര്‍ അഭിപ്രായപ്പെട്ടത് പോലെ പലയിടത്തും ഒഴുക്ക് നഷ്ടപ്പെടുന്നുണ്ട് ..നൂ റാമത്തെ കവിതയാണല്ലേ..അടുത്തു തന്നെ ഡബിള്‍ സെഞ്ചുറി അടിക്കട്ടെ ..
ആശംസകള്‍

പ്രയാണ്‍ പറഞ്ഞു...

രമേശ്‌അരൂര്‍ ആദ്യം വായിച്ചതിലെ സന്തോഷം അറിയിക്കുന്നു.

എഴുതിത്തീര്‍ത്തതിന്റെ ഹാങ്ങോവര്‍ കഴിഞ്ഞ് ആദ്യം വായിച്ചപ്പോള്‍ ത്തന്നെ തോന്നിയതാണ് സുഗതകുമാരിടീച്ചറുടെ കവിതയുടെ ഛായയുണ്ടല്ലോന്ന്. മറ്റാരുടെയോ കവിത വായിച്ചപോലെ തോന്നുകയും ചെയ്തു. പിന്നെ ഇങ്ങിനേം കിടക്കട്ടെയൊന്നെന്നു കരുതി.
തപ്തം എന്ന് എല്ലാം ചേര്‍ന്നുള്ള അവസ്ഥയെയാണ് വിശേഷിപ്പിച്ചത്.

Vishnupriya.A.R പറഞ്ഞു...

നല്ല കവിത

റഷീദ് കോട്ടപ്പാടം പറഞ്ഞു...

നല്ല കവിത.

പ്രയാണ്‍ പറഞ്ഞു...

Vishnupriya.A.R, റഷീദ്‌ കോട്ടപ്പാടം
thanks..............

Anurag പറഞ്ഞു...

കൊള്ളാം നന്നായിട്ടുണ്ട്