ഞായറാഴ്‌ച, നവംബർ 14, 2010

വിണ്ടും ചിലത്.


പ്രണയം

1/21/09

പ്രണയം മഞ്ഞു കാലം പോലെ
കാണുന്നത് വെറും നിഴലുകള്‍ ....
പ്രണയം പടര്‍ന്നു കയറുമ്പോള്‍
നിറഞ്ഞ് പെയ്യുന്ന കോടമഞ്ഞ്....

പിന്നെ വെയില്‍ച്ചാര്‍ത്തില്‍
പാരസ്പര്യത്തിന്റെ മഞ്ഞുരുകുമ്പോള്‍
നിന്റെ ഗ്രീഷ്മവും എന്റെ വര്‍ഷവും
മഞ്ഞുറഞ്ഞ സമാന്തരങ്ങളില്‍.....

വീണ്ടും ഒരു വേനലറുതിയില്‍
ശരത്കാല വര്‍ണ്ണക്കാഴ്ച്ചയില്‍
മഞ്ഞുകാലമോഹം നമ്മില്‍
പറന്നുനിറയുന്ന മൂടല്‍മഞ്ഞ്

പ്രണയം മഞ്ഞു കാലം പോലെ
കാണുന്നത് വെറും നിഴലുകള്‍ ....
പ്രണയം പടര്‍ന്നു കയറുമ്പോള്‍
നിറഞ്ഞ് പെയ്യുന്ന കോടമഞ്ഞ്..

1/26/09

പ്രണയം വേനല്‍ പോലെ......
തൃഷ്ണമായ പ്രണയത്താല്‍
തീക്ഷ്ണമായ ജീവിതം....
പെരുകി നിറയുന്ന
വേനല്‍ത്തളര്‍ച്ചയില്‍
പ്രദീപ്തമായ മരീചിക...
കയ്യെത്തിക്കും തോറും
ഒരു ‍പ്രലോഭം പോലെ
ദുരേക്ക് വഴുതി മാറി...
കനക്കുന്ന വേനല്‍ച്ചൂടില്‍
വറ്റിയ കനവുകള്‍...
കരിഞ്ഞ നിനവുകള്‍
അന്ന് നമ്മളിലൊരാള്‍
വരണ്ട പുഴയിലെ
പരക്കുന്ന ചാരനിറം.....

5/15/09

എന്റെ കവിളിലെ കണ്ണീരിന്ന്
നിന്റെ വിരല്‍ സ്പര്ശത്തില്‍ സായു‌ജ്യം .
നിന്റെ വിരലിലൂടെ ഒലിച്ചിറങ്ങി
അത് നിന്നില്‍ അലിഞ്ഞു ചേര്ന്നു ...
കൂടെ എന്റെ നൊമ്പരങ്ങളും .....
ആകാശത്ത് പുതിയ
നക്ഷത്രങ്ങളെ
കാട്ടിത്തന്നപ്പോള്‍
നീയത് കണ്ടത്‌ എന്റെ
കണ്കളിലായിരുന്നു .
എന്റെ കണ്ണുകളിലമര്ന്ന
നിന്റെ ചുണ്ടുകളില്‍
നിന്റെ പ്രണയം കനക്കുന്നത്
കനവിലെന്നപോലെ ഞാനറിഞ്ഞു ....
പൊന്‍വെയില്‍ ചിരിയില്‍
നനുക്കെ പെയ്യുന്ന ആകാശം
എത്ര സുന്ദരമെന്ന്‍
നീ പറഞ്ഞപ്പോള്‍
ഞാനുമറിയാതെ ശരിവെച്ചു.
നമുക്കിന്നെന്തിനീ
കരിമേഘത്തള്ളലുകളും
ഇടിമിന്നല്‍ തേരോട്ടവും....

2/2/10

കഫെയില്‍ കോഫിമഗ്ഗുകള്‍ക്കപ്പുറമിപ്പുറം
മക്ഡൊനാള്‍സില്‍ അവസാനകഷ്ണം
ഫിംഗര്‍ചിപ്പ്സിനു തല്ലുകൂടി
നിരൂലാസിന്റെ തണുപ്പു നുണഞ്ഞ്
ജന്‍പഥിലെ സിഗ്നലില്‍ ബന്‍ജാരന്നു
ഒരു 'ദുഅ'ക്കായി കോഴ കൊടുത്ത്
നിന്റെ വിരല്‍ത്തുമ്പിന്റെ ബലത്തില്‍
റോഡു മുറിച്ചുകടക്കുമ്പോള്‍
ഹോണടിക്കുന്ന പഞ്ചാബിയോടുള്ള
നിന്റെ രോഷം വിരലാലമര്‍ത്തി
നിനക്കിഷ്ടമില്ലാത്ത തിരക്കിലൂടെ
നഗരത്തിന്റെ മായക്കാഴ്ചകളിലൂളിയിട്ട്
പുസ്തകക്കൂടാരങ്ങള്‍ ചിക്കിപ്പരത്തി
ചൂടിലും തണുപ്പിലും ഒന്നുപോലെ
തലനരച്ച നമ്മുടെ പ്രണയം.
ഔചിത്യമില്ലാതെ മുന്നിലെത്തുന്ന
ബ്ലാക്ക്ഹോളുകളുടെ ഓര്‍മ്മയില്‍
എന്റെ കയ്യില്‍ മുറുകുന്ന നിന്റെ കയ്യില്‍
നരപിഴുതെറിയുന്നു നമ്മുടെ പ്രണയം.

15 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

വായിച്ചവരെക്കൊണ്ട് വീണ്ടും വായിപ്പിച്ചില്ലെന്നു കരുതുന്നു. ( അത്ര ക്ഷമയുള്ളവരുണ്ടാവില്ലെന്നറിയാം)

ജന്മസുകൃതം പറഞ്ഞു...

വായിച്ചു .നല്ലതേ പറയാനുള്ളൂ.
പ്രണയത്തെപ്പറ്റി എത്രയെത്ര കാഴ്ചപ്പാടുകള്‍...
ഒന്നിവിടെയും ഉണ്ട്.നോക്കു...
http://leelachand.blogspot.com/
പ്രണയം

ജന്മസുകൃതം പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഉല്ലാസ് പറഞ്ഞു...

ചേച്ചി, അവസാനത്തെ കവിത വളരെ ഇഷ്ടപ്പെട്ടു.

Unknown പറഞ്ഞു...

പ്രണയത്തിന്റെ നഷ്ടം ഞാന്‍ അറിയുന്നു സുഹ്രുത്തെ

ഒഴാക്കന്‍. പറഞ്ഞു...

പ്രണയം പറഞ്ഞു ടെന്‍ഷന്‍ അടിപ്പിക്കല്ലേ മച്ചു

റഷീദ് കോട്ടപ്പാടം പറഞ്ഞു...

പ്രണയം മഞ്ഞു കാലം പോലെ
കാണുന്നത് വെറും നിഴലുകള്‍ ....

Jishad Cronic പറഞ്ഞു...

ഇഷ്ടപ്പെട്ടു...

the man to walk with പറഞ്ഞു...

ishtaayi..

Best wishes

ശ്രീ പറഞ്ഞു...

:)

Echmukutty പറഞ്ഞു...

ഇഷ്ടപ്പെട്ടു.

yousufpa പറഞ്ഞു...

പ്രണയത്തിന്റെ വിവിധ ഭാവങ്ങൾ.നന്നായിരിക്കുന്നു.

അജ്ഞാതന്‍ പറഞ്ഞു...

കൊള്ളാം നല്ല അവതരണം....ഒരു പ്രണയമഴയില്‍ നനഞ്ഞു

പ്രയാണ്‍ പറഞ്ഞു...

പ്രണയത്തിന്റെ വേനലും വര്‍ഷവും മഞ്ഞും കൊണ്ട് പനിപിടിച്ച സുഹൃത്തുക്കള്‍ക്കൊക്കെ എന്റെ സ്നേഹം നിറഞ്ഞ ആശംസകള്‍...:)

ശ്രീനാഥന്‍ പറഞ്ഞു...

എല്ലാം മനോഹരമായിട്ടുണ്ട്, പ്രണയം മഞ്ഞുകാലത്തെ മായക്കാഴ്ചയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്- അതുകൊണ്ടാകാം പ്രണയം എളുപ്പത്തിലില്ലാതാകുന്നതും പ്രണയനഷ്ടം വേനലു പോലെ ചുട്ടു പൊള്ളുന്നതും- നരച്ച പ്രണയമാണ് തമ്മിൽ ഭേദം എന്നു തോന്നുന്നു!