തിങ്കളാഴ്‌ച, നവംബർ 01, 2010

വൈപരീത്യം



തലയിലെണ്ണയും തേച്ച് പതുക്കെ പടവുകളിറങ്ങിയപ്പോഴാണ് പിന്നില്‍നിന്നും കുഞ്ഞ്വാളമ്മ
"കുട്ടി തോട്ടിലിക്കാണോ......"എന്നൊരു ചോദ്യവുമായി പ്രത്യക്ഷപ്പെട്ടത്.

"അതേലോ......."എന്നൊരുത്തരത്തില്‍ ആ ചോദ്യം ഒതുങ്ങില്ലെന്ന് അവരുടെ മുഖം കണ്ടപ്പോള്‍ മനസ്സിലായി.


കുറച്ചുകാലമായി ഓരോ തവണ നാട്ടില്‍ വന്നു പോകുമ്പോഴും തോടിനെ ദൂരെനിന്നു നോക്കി ഞാന്‍ വന്നിട്ടുണ്ട്ട്ടൊ എന്നു പറയാനല്ലാതെ ഒന്നടുത്തുപോവാന്‍പോലും ഉമക്ക് സമയം കിട്ടിയിരുന്നില്ല. ഇത്തവണ അവള്‍ ആദ്യമേ കരുതിയിരുന്നു തോട്ടിലൊന്നു മുങ്ങാതെ ഒരു തിരിച്ചുപോക്കില്ലെന്ന്.

"പുഴയും കടലും തോടുമൊക്കെ ബൈസെക്ഷ്വലായിരിക്കണം........... ലിംഗഭേദമില്ലാതെ ആണീനേം പെണ്ണിനെം ഇങ്ങിനെ കെട്ടിപ്പുണര്‍ന്ന് സ്നേഹിക്കണമെങ്കില്‍ അല്ലാതെപിന്നെങ്ങിനെയാ.............."

ജാനിയുടേതായിരുന്നു ഈ കണ്ടുപിടുത്തം. ആണ്‍കുട്ടികളുടേത് പോലെ മുടിമുറിച്ച് ഇറുകിയ ജീന്‍സുമിട്ട് നടക്കുന്ന.... കവിതകളെഴുതിയിരുന്ന ജാനകി മേനോന്‍. നിലാവുള്ള രാത്രികളില്‍ ജനലില്‍ മുഖം ചേര്‍ത്ത് പ്രേതഗാനങ്ങള്‍ ചൂളം വിളിച്ചുപാടിയിരുന്ന ജാനി. രാവിലെ ഉറക്കച്ചടവുമായി മെസ്സ്ഹാളിലിരുന്ന് കുട്ടികള്‍ രാത്രികേട്ട ചൂളം വിളിയെക്കുറിച്ച് ഭയത്തോടെ പറയുമ്പോള്‍ ഒന്നുമറിയാത്തപോലെ സംഭാഷണങ്ങളില്‍ ഒളിപ്പിച്ചുവെച്ച കള്ളച്ചിരിയുമായി പങ്കുകൊണ്ടിരുന്ന ജാനി.

ഒരിക്കല്‍ ഹോസ്റ്റലില്‍നിന്നും എന്തോ കാരണം പറഞ്ഞ് പുറത്ത് ചാടിയ ദിവസം കടലില്‍ മുങ്ങിത്താഴാനൊരുങ്ങുന്ന സൂര്യനെ നോക്കിയിരിക്കുമ്പോഴാണ് ഉമയുടെ കഴുത്തിലൂടെ വിറക്കുന്ന വിരലുകള്‍ ചലിപ്പിച്ച് ജാനി അതു പറഞ്ഞത്. തണുത്ത കടല്‍ക്കാറ്റടിക്കുമ്പോഴും ജാനിയുടെ വിരലുകള്‍ വിയര്‍ത്തിരുന്നു. പുഴുവരിക്കുന്നപോലെയൊരിക്കിളി ഉമ പിന്‍ കഴുത്തില്‍ നിന്നും തട്ടിമാറ്റി.

"വേണ്ടാ........കുട്ടി കുളിമുറീല്‍ കുളിച്ചാമതീട്ടൊ"

"അതെന്തെ കുഞ്ഞ്വാളമ്മെ .......വെള്ളം കലങ്ങീട്ട്ണ്ടോ?" തെളിഞ്ഞ വെള്ളം മുറ്റത്തുനിന്നുതന്നെ ഉമക്ക് കാണാനുണ്ടായിരുന്നു.

"അതേയ് അക്കരെ പൊന്തേലേയ് ആരൊക്കെയോ ഉണ്ട്ന്നാണ് തോന്നണത്......"

"നിക്കൊന്നും കാണണില്ല്യ" ഉമക്ക് വല്ലാതെ ദ്വേഷ്യം വരുന്നുണ്ടായിരുന്നു.

"അതിന് ഒളിച്ചിരിക്കണോരെ കാണാന്‍ പറ്റ്വോ.......?കുട്ട്യെന്തായാലും കുളിമുറീല് കുളിച്ചാ മതി. അവറ്റോള് പിരുപിരാന്ന് പറേണത് നിക്കിവിടെ കേള്‍ക്കാന്‍ണ്ടേയ്"

"ക്ക് കേക്കാന്‍ല്ല്യാലോ കുഞ്ഞ്വാളമ്മേ............."ഉമക്ക് കാറ്റിന്റെ ശബ്ദം മാത്രമെ കേള്‍ക്കുന്നുണ്ടായിരുന്നുള്ളു.

"കേള്‍ക്കര്തേന്ന് പ്രാര്‍ത്ഥിച്ചോളൂ............വല്ലാത്ത ത്വൈര്യക്കേടാണേയ്......... ചെവ്യങ്ങട്ട് കുത്തിപ്പൊട്ടിക്കാന്‍ തോന്ന്വാ...."

അവള്‍ക്ക് പാവം തോന്നി.

"ഇനിപ്പൊചെലപ്പൊ കുട്ടി കേക്കാതിരിക്കാന്‍ വല്ല കൂടോത്രോം ചെയ്തിട്ട്ണ്ടോ ആവോ............കുട്ട്യെന്തായാലും കുളിമുറീല് കുളിച്ചോളൂ...."
അതവസാന വാക്കായിരുന്നു. കുഞ്ഞ്വാളമ്മ ഉറപ്പിച്ച് പറഞ്ഞാല്‍ ആരും മറുത്തുപറയില്ല........... അമ്മപോലും.

തോട്ടിലെ വെള്ളം കണ്ടപ്പോള്‍ കയറിപ്പോരാന്‍ തോന്നിയില്ല ഉമക്ക്. വെള്ളത്തിലേക്ക് കാലും നീട്ടിയിരുന്നപ്പോള്‍ മീനുകള്‍ ഉമ്മവെച്ചുമ്മവെച്ച് സ്നേഹം കാട്ടാന്‍ തുടങ്ങി. ഈ മീനുകളെക്കൊണ്ടാവുമോ ഇപ്പൊ നഗരങ്ങളില്‍ ഫിഷ് പെഡിക്വര്‍ എന്നു പറഞ്ഞ് പണിചെയ്യിക്കുന്നത്. ശീതീകരിച്ച മുറികളിലേക്ക് കുടിയേറിയ തോടനുഭങ്ങളെപ്പറ്റി ഓര്‍ത്തപ്പോള്‍ അവള്‍ക്ക് തമാശതോന്നി. കാറ്റ് ചെറുതായി വീശുന്നുണ്ടായിരുന്നു. തുമ്പിച്ചിറകിനേക്കാള്‍ ഭാരം കുറഞ്ഞ നക്ഷത്രങ്ങള്‍ പോലെയുള്ള പുല്ലാനിപ്പൂക്കള്‍ കാറ്റില്‍ വട്ടം കറങ്ങി പാറിവീണൊഴുകിപ്പോയി.
മുട്ടനെ വളര്‍ന്ന തേക്കും പടുമരങ്ങളും മറച്ച ആകാശം കാണാന്‍ കുത്തിവളഞ്ഞു നടുവിലേക്കു വളര്‍ന്ന തെങ്ങുകള്‍. അവക്കിടയിലൂടെ ആകാശം മുകളില്‍ മറ്റൊരു തോടുപോലെ ഇത്തിരി മാത്രം. നഗരത്തിരക്കിലെ അവളുടെ ആകാശവും ഇതുപോലെ ഒരിത്തിരിത്തുണ്ടുമാത്രമായിരുന്നു.

" അതിലൊന്നും എറങ്ങണ്ടാട്ടോ " ശാരദേടത്തിം വടക്കേകോലായില്‍ നിന്നും വിളിച്ചു പറഞ്ഞു. " ഇപ്പൊ ആരും കുളിക്കാറില്ല്യ അവിടെ. ആ അങ്ങാടി മുഴുവനെ നെരങ്ങീട്ടല്ലെ ഇവിടെത്തണത്. എന്തൊക്കെയാണാവോ വൃത്തികേടുകള് കൂടെക്കൊണ്ടുവരണത്. പോരാഞ്ഞിട്ട് മൂന്നാലാശുപത്രീം........... മുറിച്ച്കളയണ കയ്യും മറ്റും തോട്ടിലിക്കാത്രെ ഇടണത്.മേലേക്കടവില്‍ വേനക്കാലത്ത് കെടക്കണ കാണാം സിറിഞ്ചും മറ്റും"

അവള്‍ വന്നകാലത്ത് ഈ കടവ് ഒഴിഞ്ഞ നേരമുണ്ടായിരുന്നില്ല. അടുക്കളത്തിരക്കിനിടയില്‍ ശാരദേടത്തി നൂറുതവണ എത്തിനോക്കി നാട്ടുകാരെ ചീത്തപറയുമായിരുന്നു. "ഇവര്‍ക്കെല്ലാം കുളിക്കാന്‍ ഈയൊരു കടവുമാത്രമേയുള്ളു.........?"കുളിമുറിയില്‍ കുളിച്ചോളാന്‍ പറഞ്ഞാല്‍ ശരദേടത്തി കേള്‍ക്കില്ല. തോട്ടില്‍ തിരക്കൊഴിയുന്നവരെ കാത്തിരിക്കുമായിരുന്നു. ആ ശാരദേടത്തിയും........ഉമക്ക് അത്ഭുതം തോന്നി.

"ഭഗവതീ.........നിന്റെ സ്വന്തം തോടായിട്ടും....."അവളുടെ കണ്ണുകള്‍ നിറഞ്ഞു

ആരോടോ ഉള്ള ദ്വേഷ്യം തീര്‍ക്കാനെന്നോണം അവള്‍ അക്കരെപ്പൊന്തയിലേക്ക് വെറുതെ ഒരു കല്ല് വലിച്ചെറിഞ്ഞു ‍. പൊന്തയിലെത്താതെ കല്ല് കൈതക്കൂട്ടത്തിലാണ് ചെന്നുവീണത്. ഒരു കുളക്കോഴി കലപില ചീത്തപറഞ്ഞുകൊണ്ട് പറന്നുപോയി.

"ആയായ്.......എന്താ കുട്ടീ കാട്ടണത്........."കുഞ്ഞ്വാളമ്മ ഉമ പോയാലേ പോകുള്ളു എന്ന വാശിയുമായി അവിടെത്തന്നെയുണ്ടായിരുന്നു.

"പൊന്തേലാരേലും ഉണ്ടോന്ന് നോക്ക്യേതാണ്........കുഞ്ഞ്വാളമ്മ കണ്ടീട്ട്ണ്ടോ അവരെ......?"

"അതല്ലെ രസം ......... ഏതുനേരോം പിന്നാലെ നടന്ന് ചെവീല് പറയും. തിരിഞ്ഞ് നോക്ക്യാ കാറ്റ് മാത്രം. ന്നാളൊരൂസം ചോദിക്യാ ന്റെ കുട്ട്യേ കൊടുക്ക്വോന്ന്...."

"ന്നിട്ടെന്തെ മറുപടി പറഞ്ഞെ............"

"ഞാനൊരാട്ടാ ആട്ടി. ചൊവ്വ്ള്ള പെങ്കുട്ട്യേളെക്കണ്ടാ അവറ്റോള്‍ക്ക് ഒരെളക്കാണേയ്............"

കാറ്റ് ആഞ്ഞു വീശാന്‍ തുടങ്ങി . മുളങ്കൊമ്പുകള്‍ താണിറങ്ങി വെള്ളത്തിനെ ഇക്കിളിയിട്ടു. വെള്ളം കുണുങ്ങിച്ചിരിച്ചുകൊണ്ട് തെന്നിമറിയുന്നു.

ഉമക്ക് വീണ്ടും ജാനിയെ ഓര്‍മ്മവന്നു....... ഉറക്കത്തിന്റെ താഴ്വാരങ്ങളിലെവിടെയോനിന്നും തന്റെ ഉയര്‍ച്ചതാഴ്ച്ചകളില്‍ ഇഴഞ്ഞുനീങ്ങുന്ന ജാനിയുടെ വിരലുകള്‍.തട്ടിമാറ്റാനാഞ്ഞ ഇരുളിന്റെ ആഴങ്ങളില്‍ നിന്നും ഞെട്ടിയുണര്‍ന്ന് ശ്വാസം കിട്ടാതെ വെളിച്ചത്തിനായി തിരയുമ്പോള്‍ പടവുകളില്‍നിന്നും താളം തെറ്റി ഉമ ഒന്നുരണ്ടു പടവുകള്‍ താഴേക്ക് തെന്നിയിറങ്ങി. മുകളില്‍നിന്നും പറന്നിറങ്ങുന്ന ഇലകളെ കാറ്റ് വട്ടം കറക്കി ദൂരങ്ങളിലേക്ക് പറത്തിക്കൊണ്ടിരുന്നു. ജാനിയിപ്പോള്‍ എവിടെയാണാവോ.

"ദേ അടയാളം കാട്ടണ കണ്ട്വോ.............അവരിവിടൊക്കെത്തന്നെണ്ട്. കുട്ടി മോളില്‍ക്ക് കേറിപ്പോരൂ..........."

"ഇപ്പൊ വല്ലതും കേള്‍ക്കാന്‍ണ്ടോ കുഞ്ഞ്വാളമ്മേ..........?"

" ഭൂന്നൊരു ശബ്ദം ...........ന്റെ ചെവി പൊട്ട്ണ പോലെ......"

ഉമ കാതോര്‍ത്തു.......... കിഴക്കന്മലകളിലെവിടെയോനിന്ന് പുറപ്പെട്ട് വഴിയിലെ മരങ്ങളുടെ, കരയിലെ പാറക്കൂട്ടങ്ങളുടെ, ആകാശത്തിന്റെ, ഭൂമിയുടെ എല്ലാം മനസ്സു കട്ടെടുത്ത്ഞാനൊന്നുമറിഞ്ഞില്ലെന്ന ഭാവത്തില്‍ തോട്ടിലൂടെ ഒഴുകിയെത്തിയ മലങ്കാറ്റിന്റെ മൂളിപ്പാട്ടല്ലാതെ ഒന്നും കേള്‍ക്കാനുണ്ടായിരുന്നില്ല അവള്‍ക്ക്.

ഒരു വാക്കെങ്കിലും ആ പാളികളില്‍നിന്നും അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.......... കുഞ്ഞ്വാളമ്മേടടുത്ത് പറയുന്ന പോലെ തന്നോട്
ഒരിക്കലെങ്കിലും കിന്നാരം പറയാന്‍ വരാത്ത കാറ്റിനോട് ഉമക്ക് വല്ലാത്ത ദ്വേഷ്യം തോന്നി.

24 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

കേരളപ്പിറവിദിനാശംസകള്‍............

the man to walk with പറഞ്ഞു...

നന്നായി കഥ ഇഷ്ടായി ആശംസകള്‍

ഉല്ലാസ് പറഞ്ഞു...

ചേച്ചീ, മനോഹരമായിരിക്കുന്നു.ഏറെ ഇഷ്ടപ്പെട്ടു.

Jishad Cronic പറഞ്ഞു...

കഥ നന്നായി...

ശ്രീനാഥന്‍ പറഞ്ഞു...

ആദ്യം ഞാൻ വിചാരിച്ചു, തോട്ടിലൊക്കെ കുളിക്കാൻ സമ്മതിക്കാത്ത (ബസ്സിൽ കേറിയാൽ തോന്ന്യാസം കാട്ടുന്ന) പുരുഷമേധാവിത്വമെന്ന സ്ഥിരം വിഷയമാണെന്ന്, പക്ഷേ ഇത്-- ജാനിയുടെ കാര്യത്തി ൽ നഷ്ടബോധമുണ്ടോ ഉമക്ക്, കാറ്റിലൂടെ ആ കിന്നാരങ്ങൾ ചെവിയിലെത്താത്തതിൽ പരിഭവം, പിന്നെയാ ഭാഷയിലാകെ ഉള്ള ഒരു മുൻ-പിൻ ആയലുകൾ,ഊയലാട്ട്ങ്ങൾ...ഇതൊരു തകർപ്പൻ കഥയാണല്ലോ!

jayanEvoor പറഞ്ഞു...

"പുഴയും കടലും തോടുമൊക്കെ ബൈസെക്ഷ്വലായിരിക്കണം........... ലിംഗഭേദമില്ലാതെ ആണീനേം പെണ്ണിനെം ഇങ്ങിനെ കെട്ടിപ്പുണര്‍ന്ന് സ്നേഹിക്കണമെങ്കില്‍ അല്ലാതെപിന്നെങ്ങിനെയാ.............."

ആവാം...

ഓരോരോ ആൾക്ക് ഓരോരോ വീക്ഷണങ്ങൾ.

കഥയിലെ ജാനിയെ ഉമ വല്ലാതെ മിസ്സ് ചെയ്യുന്നു...!

വ്യത്യസ്തമായെഴുതി ചേച്ചീ.

Typist | എഴുത്തുകാരി പറഞ്ഞു...

കുറേക്കാലത്തിനു ശേഷം ഞാനിതാ വീണ്ടും വന്നൂട്ടോ. വ്യത്യസ്ഥമായൊരു പ്രമേയമാണല്ലോ!

Shaivyam...being nostalgic പറഞ്ഞു...

വല്ലാത്ത ഒരു അനുഭൂതി പകര്‍ന്നു ഈ വായന..അസ്സലായി.

Manoraj പറഞ്ഞു...

വ്യത്യസ്ഥമായ എഴുത്ത് ചേച്ചി. പുഴയും തൊടിയും കടലും എപ്പോഴും കൂടെയൂണ്ടല്ലോ.. നൊസ്റ്റാള്‍ജിയ വിട്ട് മാറുന്നില്ല അല്ലേ.. കുത്തുകളുടെ അധിക്യം വേണമെങ്കില്‍ അല്പം കുറക്കാം.

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

ഭംഗിയുള്ള എഴുത്ത്.
നല്ലൊരു ആസ്വാദനം.
ഒരുപാടിഷ്ടായി.

Echmukutty പറഞ്ഞു...

ഇതൊരു സ്പെഷ്യൽ രചനയാണല്ലോ.
ഗംഭീരമായിട്ടുണ്ട്.
നല്ല ഭാഷാ സ്വാധീനം.
ആശംസകൾ.

Unknown പറഞ്ഞു...

:)

പ്രയാണ്‍ പറഞ്ഞു...

the man to walk with , ഉല്ലാസ്, Jishad ,ശ്രീനാഥന്‍ , jayanEvoor,എഴുത്തുകാരി , Shaivyam, Manoraj , ചെറുവാടി,Echmukutty, MyDreams അഭിപ്രായങ്ങള്‍ വായിച്ച് വളരെ സന്തോഷം തോന്നുന്നു.........

ശ്രീനാഥന്‍, jayan എഴുതിക്കഴിഞ്ഞ് വായിച്ചപ്പോള്‍ എനിക്കുംതോന്നി തോടിന്റെ കുസൃതിയിലോ കാറ്റിന്റെ കിന്നാരത്തിലോ എവിടെയോ ഉമ ജാനിയെ തിരയുന്നുണ്ടെന്ന്. എഴുതുമ്പോഴത് മനസ്സിലുണ്ടായിരുന്നില്ല. കഥാപത്രങ്ങളെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ ചോദിക്കാമായിരുന്നല്ലെ..:)

എഴുത്തുകാരി ഇനിയെപ്പോഴും കാണണംട്ടോ..........:)

Manoraj ജീവിതത്തില്‍ ഔചിത്യമില്ലാതെ വന്നു നിറയുന്ന മൗനങ്ങളെ അപ്പാടെ പകര്‍ത്തിയെന്നു മാത്രം.

yousufpa പറഞ്ഞു...

ഒരു കാലത്ത് ഗ്രാമത്തിന് കൊലുസ്സായിരുന്നു ആറുകളും തോടുകളും.ഇന്ന് വേദന പേറി മനുഷ്യരുടെ ചെയ്തികളോട് കെറുവ് കാട്ടിയാണ് ഇവയെല്ലാം ഓഴുകുന്നത്.

പ്രയാണ്‍ പറഞ്ഞു...

ശരിക്കും യൂസഫ്പാ....എനിക്കാ തോട് കാണുന്നതേ സങ്കടമാണിപ്പോള്‍.

ഒഴാക്കന്‍. പറഞ്ഞു...

പാവം ഉമ :(

ഇഷ്ടപ്പെട്ടു

Pranavam Ravikumar പറഞ്ഞു...

വ്യതസ്തമായ ചിന്ത.. ആശംസകള്‍!

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

kadha mikachathayi... abhinandanangal....

പ്രയാണ്‍ പറഞ്ഞു...

ഒഴാക്കന്‍, Ravikumar , jayarajmurukkumpuzha സന്തോഷമുണ്ട് വന്നതിലും വായിച്ചതിലും.

പാവത്താൻ പറഞ്ഞു...

നന്നായിരിക്കുന്നു.

SUNIL V S സുനിൽ വി എസ്‌ പറഞ്ഞു...

അസ്സലസ്സലായി ചേച്ചീ, എല്ലാവിധ ആശംസകളും...

പ്രയാണ്‍ പറഞ്ഞു...

പാവത്താൻ,സുനിൽ പണിക്കർ വായിച്ചതിലും അഭിപ്രായം പറ്ഞ്ഞതിലും സന്തോഷം.

Unknown പറഞ്ഞു...

പ്ര യാണ്‍,
ഈ ഗൃഹാതുരത്വം എനിക്കങ്ങിഷ്ടപ്പെട്ടു. എനിക്കീ ഭൂമിയില്‍ ഏറ്റവും ഇഷ്ട്ടപ്പെട്ട സ്ഥലം എതാണെന്ന ചോദ്യത്തിന്, ആകെ ഒരുത്തരമേ ഉള്ളു. 'കഴിഞ്ഞ അമ്പതു വര്‍ഷമായിട്ടു ഞാന്‍ ജീവിക്കുന്ന എന്റെ ഗ്രാമം'. കഥ ഒത്തിരി ഇഷ്ട്ടപ്പെട്ടു. ഇനിയും ധാരാളം എഴുതണം.അഭിനന്ദനങ്ങള്‍.

പ്രയാണ്‍ പറഞ്ഞു...

അതിനടുത്തൊക്കെയുള്ള ഒരു ഗ്രാമമായതുകൊണ്ടാവും ഈ കഥയും ഇഷ്ടമായത്.