വ്യാഴാഴ്‌ച, ജൂൺ 25, 2009

രണ്ടാം ബാല്യം...



പത്രത്തില്‍ വന്ന കാണാതായ ഒരമ്മയെ കുറിച്ച് വായിച്ചപ്പോഴാണ് കുറച്ചുനാള്‍ മുന്‍പ് സ്റ്റേഷനില്‍ കണ്ടുമുട്ടിയ ഒരമ്മയുടെ കാര്യം ഓര്‍മ്മ വന്നത്. ഡിസംമ്പറില്‍ ചേച്ചി വന്നപ്പോഴായിരുന്നു ഞങ്ങള്‍ ഋഷികേശില്‍ പോകാന്‍ തീരുമാനിച്ചത്.നദികളില്‍ ഏറ്റവും ഭംഗി ഗംഗക്കാണെന്നും ഗംഗയുടെ ഏറ്റവും സുന്ദരമായ ഭാവം കാണാന്‍ ഋഷികേശില്‍ പോകണമെന്നും ഞാന്‍ വിശ്വസിക്കുന്നു.ഋഷികേശിലെ ഗംഗയോട് എനിക്കൊരുതരം പ്രണയമാണ്... അതിനാല്‍ ആരുവന്നാലും ഋഷികേശില്‍ കൊണ്ടുപോകാന്‍ ഞാന്‍ കിണഞ്ഞു ശ്രമിക്കും.
ഞാനും കുട്ടുവും ചേച്ചിയും രാവിലെ അഞ്ചുമണിക്ക് വീട്ടില്‍നിന്നിറങ്ങി.ആറ് മുപ്പതിന്നായിരുന്നു വണ്ടി.വഴിയിലെ ട്രാ‍ഫിക്കിനെ ഭയന്നാണ് നേരത്തെ ഇറങ്ങിയത്. സ്റ്റേഷനില്‍ എത്തിയപ്പോള്‍ അഞ്ച് നാലപ്പത്തിയഞ്ച്. ന‍ല്ല ഇരുട്ട്.... ഡിസംമ്പറിലെ മരം കോച്ചുന്ന തണുപ്പും.ഇതിനിടെ സ്റ്റേഷനിലെത്തിയോ ,വണ്ടിലേറ്റാണോ...തുടങ്ങി കൂടെ വരാഞ്ഞതിന്റെ കുറ്റബോധം അവന്‍ ഫോണ്‍ വിളിയിലൂടെ തീര്‍ത്തുകൊണ്ടിരുന്നു.
തണുപ്പില്‍ നിന്ന് രക്ഷപ്പെടാനാവും കുട്ടു കാപ്പിയന്വേഷിച്ചു പോയി.കാപ്പി ഒറ്റക്കു കൊണ്ടുവരാന്‍ പറ്റില്ലല്ലൊ എന്നുപറഞ്ഞ് ഞാനും കൂടെ കൂടി.ദില്ലിയില്‍ എല്ലാ സ്റ്റേഷനുകളിലും ഉള്ള കോമിസോമെന്ന സ്നാക്ബാര്‍ചെയ്നിന്റെ ഔട്ട്ലെറ്റായിരുന്നു അത്. കാപ്പി ഓര്‍ഡര്‍ ചെയ്ത് നില്‍ക്കുമ്പോഴാണ് ഒരു സ്ത്രീ അടുത്തു വന്നത്.മുഷിഞ്ഞ വേഷങ്ങളില്‍ വയസ്സ് ഒരറുപത് തോന്നുമെങ്കിലും അവരുടെ മുഖം എന്തൊക്കെയോ കഥകള്‍ പറയുന്നുണ്ടായിരുന്നു.ഭിക്ഷക്കാരിയാണെന്ന് തോന്നിയില്ല.
മുഖവുരയൊന്നുമില്ലാതെ അവര്‍ എന്നോട് പറഞ്ഞു.
"ബേട്ടീ മുഝെ ബിസ്ക്കൂട്ട് ചാഹിയെ....."ഒന്നുപകച്ച എനിക്ക് എന്തു പറയണമെന്നറിയില്ലായിരുന്നു.


മേരെ പാസ് നഹീ ഹെ മാജീ....എന്ന് പറഞ്ഞ് ഒഴിയാനാണ് പെട്ടന്ന് തോന്നിയത്. സത്യമായും എന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല.പെട്ടന്ന് എന്നെ ഞെട്ടിച്ച് കൊണ്ട് അവര്‍ അഞ്ചു രൂപയെടുത്ത് നീട്ടി.

"തുമെ പൈസാ ചാഹിയേ? ....പൈസാ ലേകെ ബിസ്കൂട്ട് ദേനാ...."

കോമിസോമില്‍ ചായ കോഫി സ്നാക്സ് എന്നിവ മാത്രമെ ഉണ്ടായിരുന്നുള്ളു.ഞാന്‍ കടക്കാരനോട് ഒരു സമോസ അവര്‍ക്ക് കൊടുക്കാന്‍ പറഞ്ഞു.
"നഹീ ബേട്ടി മുഝെ മീഠാ ഘാനാ ഹെ....മുഝെ ബിസ്കൂട്ട് ഖിലാദോ...."
"ഫിര്‍ ആപ്പ് ചായ് പീജിയേ....."
"നഹീ മുഝെ ബിസ്ക്കൂട്ട് ചാഹിയെ...."ഇതെല്ലാം ക്ണ്ടുനിന്ന കുട്ടുവും വല്ലാതായി.എന്റെ അവസ്ഥ കണ്ട് സഹായിക്കാനാവാം കടക്കാരന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു."ആപ്പ് കോഫീ ലീജിയേ ദീദി."എന്നിട്ട് തിരിഞ്ഞ് ആ സ്ത്രീയോട് പറഞ്ഞു... "യഹാം ബിസ്ക്കൂട്ട് വിസ്ക്കൂട്ട് നഹീ ഹെ ആപ്പ് ചലെ ജാവൊ..."

ഹിസ്റ്റീരിക്കായ പോലെ പെട്ടന്ന് ആ സ്ത്രീയുടെ ഭാവം മാറി. "ഗാലീ മത് ദേനാ....മേം ചലീ ജാവൂംഗീ. ...ഗാലീ മത് ദെ...ഗാലീ മത് ദെ...."അവരുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു...

ഇതെല്ലാം കണ്ട് ഞാന്‍ തണുപ്പിലും വിയര്‍ക്കുകയായിരുന്നു.കുറച്ചു മുമ്പ് അവന്റെ ഒരോ ഫോണിലൂടെയുള്ള അന്വേഷണത്തിലും സുരക്ഷിതത്വമനുഭവിച്ച് ഇരുപത് വയസ്സയ മകന്റെ കൂടെ ഇങ്ങിനെ നില്‍ക്കുമ്പോള്‍ ഈ സ്ത്രീ...ചരടുപൊട്ടിയ പട്ടം പോലെ.....ഒരുപക്ഷെ പത്രത്തില്‍കണ്ടതു പോലെ ഒരു മകനോ ഭര്‍ത്താവോ ഇവരെ തേടി നടക്കുന്നുണ്ടാവുമോ....ഒരു നിമിഷത്തിന്റെ വിഭ്രാന്തിയില്‍ വീടു വിട്ടിറങ്ങി ചിതലരിച്ച ഓര്‍മ്മകള്‍ തിരിച്ചു പോവാനനുവദിക്കാതെ.......അവരും മോഹിക്കുന്നുണ്ടാവുമോ ആ സുരക്ഷിതത്വത്തിലേക്കൊരു ഒരു തിരിച്ചു പോക്ക്.....

കഴിഞ്ഞ കുറച്ചുനേരം ശ്വാസമടക്കി ഞാനവരെ നോക്കിയിരിക്കയാണെന്ന് എന്റെ ശരീരം എന്നെ ഓര്‍മ്മപ്പെടുത്തി.കടക്കാരനും വല്ലാതായെന്ന് തോന്നുന്നു. അത് ബിസ്ക്കറ്റ് കിട്ടുന്ന കടയല്ലെന്നും സമോസയുടെ കൂടെ ധാരാളം സോസിട്ട് അതിന് നല്ലമധുരമാണെന്നും പറഞ്ഞ് അയാള്‍ അവരെ സമാധാനിപ്പിച്ചു.അവസാനം മനസ്സില്ലാ മനസ്സോടെ അവരതു കയ്യില്‍ വാങ്ങി.ഞാന്‍ പണം കൊടുക്കുമ്പോള്‍ അവര്‍ വീണ്ടും ചോദിച്ചു. "തുംഹേ പൈസാ ചാഹിയേ?..ലോ..."ആ അഞ്ചു രൂപ അവര്‍ നീട്ടിക്കൊണ്ടിരുന്നു."ആപ്പ് ഖായിയേ... "എന്നു പറഞ്ഞ് ചുമലില്‍ തട്ടിയപ്പോള്‍ അവര്‍ പതുക്കെ നടന്നു പോയി.

അപ്പോഴേക്ക് സമയമായിരുന്നു. ചേച്ചിയേയും കൂട്ടി പ്ലാറ്റുഫോമിന്റെ നിശ്ചിതസ്ഥാനതേക്ക് നടക്കുമ്പോള്‍ വീണ്ടും ഫോണ്‍ അടിക്കാന്‍ തുടങ്ങി. എല്‍ സി ഡിയില്‍ അവന്റെ പെര്‍ തെളിഞ്ഞപ്പോള്‍ വല്ലതൊരു ആശ്വാസം തോന്നി. ഫോണ്‍ ചെവിയോടടുപ്പിക്കുമ്പോളാണ് മുന്നില്‍ ഒരു ബിസ്ക്കറ്റ് കട. ഫോണ്‍ കൂട്ടുവിന് കൊടുത്ത് ഞാന്‍ കടക്ക് നേരെ നടന്നു.

"ആര്‍ക്കാണ്...."കുട്ടുവിന്റെ ശബ്ദം.
"അവര്‍ക്ക്"
"അതിനവരെവിടെ...?"ശരിയാണ് കണ്ണെത്തുന്ന ദൂരത്തൊന്നും അവരുണ്ടായിരുന്നില്ല.ഞങ്ങള്‍ക്ക് പോകാന്‍ സമയമായെന്നു പറഞ്ഞ് ദൂരേനിന്ന് വണ്ടി കണ്ണുരുട്ടിക്കാണിച്ച് കൊണ്ട് ഓടി വരുന്നുണ്ടായിരുന്നു.

ഇപ്പോഴും ഓരോ തവണ ബിസ്ക്കറ്റ് പാക്കറ്റ് തുറക്കുമ്പോഴും അവരുടെ ശബ്ദം ഓടിയെത്തും.

"മുഝേ ബിസ്കൂട്ട് ചാഹിയേ ബേട്ടി"

ജീവിതത്തിന്റെ നൂല്പാലത്തിലൂടെ വഴുതി വീഴാതെ നടന്നൊപ്പിക്കുമ്പോള്‍ ഈ ജീവിതസുഖങ്ങളുടെ ക്ഷണികത ഇത്രയും നന്നായി മനസ്സിലാക്കിത്തന്ന അവര്‍ ഓര്‍മ്മകളില്‍ എന്നും ജീവിച്ചിരിക്കണമെന്നു ഞാന്‍ മോഹിക്കുന്നു.

13 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

ജീവിതത്തിന്റെ നൂല്പാലത്തിലൂടെ വഴുതി വീഴാതെ നടന്നൊപ്പിക്കുമ്പോള്‍ ഈ ജീവിതസുഖങ്ങളുടെ ക്ഷണികത ഇത്രയും നന്നായി മനസ്സിലാക്കിത്തന്ന അവര്‍ ഓര്‍മ്മകളില്‍ എന്നു ജീവിച്ചിരിക്കണമെന്നു ഞാന്‍ മോഹിക്കുന്നു.

വരവൂരാൻ പറഞ്ഞു...

ഇറ്റു വീണ രണ്ടു തുള്ളി കണ്ണുനീർ വറ്റുന്നതിനു മുൻപു തന്നെ ഒന്നു കമന്റിടട്ടെ.. ഒത്തിരി വേദനിപ്പിച്ചും... കാരണം ഞാനും തിരിച്ചറിഞ്ഞിട്ടുണ്ട്‌ വഴിയിൽ ഇങ്ങിനെ ചിലരെ ... ഇങ്ങിനെയൊരു പോസ്റ്റിനു മനസ്സു തുറന്നൊന്നു നമിച്ചോട്ടെ ഞാൻ... ആശംസകൾ

കാപ്പിലാന്‍ പറഞ്ഞു...

വല്ലാത്ത ഒരവസ്ഥ തന്നെ അത് . ഇതൊക്കെ കാണുമ്പോഴാണ് നമ്മള്‍ എത്ര സുരക്ഷിതര്‍ എന്ന ബോധം ഉണ്ടാകുന്നത് .
അവരും ജീവിക്കുന്നു .നമ്മളും .

മനസിനെ നൊമ്പരപ്പെടുത്തി .
ഒരു പക്ഷേ ഈ എഴുത്തിന്റെ സുഖമാകാം .

ഗോപക്‌ യു ആര്‍ പറഞ്ഞു...

ഇത്തരം കഥകൾ വായിക്കുന്നത് ഇഷ്ടമല്ല..
മൂഡ് ഔട്ട് ആവും...
പ്രണയം എന്ന കവിത കൂടുതൽ
ഇഷ്ടമായി....

Unknown പറഞ്ഞു...

ഞങ്ങള്‍ക്ക് പോകാന്‍ സമയമായെന്നു പറഞ്ഞ് ദൂരേനിന്ന് വണ്ടി കണ്ണുരുട്ടിക്കാണിച്ച് കൊണ്ട് ഓടി വരുന്നുണ്ടായിരുന്നു............



നല്ല പ്രയോഗം മാഷെ...

പ്രയാണ്‍ പറഞ്ഞു...

വരവൂരാന്‍, കാപ്പിലാന്‍ നൊമ്പരപ്പെടുത്തിയതില്‍ വിഷമമുണ്ട്. പക്ഷെ ഇടക്കൊക്കെ ഇങ്ങിനെയുള്ള അവ്സ്ഥകളിലൂടെ കടന്നു പോകേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു.
ഗോപക് ഇത് കഥയല്ലകേട്ടൊ...
മുരളിക ആദ്യായിട്ടല്ലെ ഇവിടെ ..അഭിപ്രായത്തിന് നന്ദി.

Typist | എഴുത്തുകാരി പറഞ്ഞു...

അതെ, ചെറിയൊരു നൊമ്പരം. ഇതൊക്കെ കാണുമ്പഴാ നമ്മുടെ സൌഭാഗ്യങ്ങളെപ്പറ്റി ഓര്‍ക്കുന്നതു്.

Kasim Sayed പറഞ്ഞു...

ഇഷ്ടമായി....ആശംസ...

ഗൗരിനാഥന്‍ പറഞ്ഞു...

എന്തോ ഒരു കനം ഉള്ളില്‍ ബാക്കി, തന്നെ പോലെ ഞങ്ങളും അവരെ കൊണ്ട് നടക്കൂകയാണിപ്പോള്‍

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

കുറച്ചു ദു:ഖം നൽകി കഥാകാരിയങ്ങിടുപ്പോയല്ല്യേ..

പ്രയാണ്‍ പറഞ്ഞു...

എഴുത്തുകാരി, കാസ്സിം, ഗൗരി ,ബിലാത്തിപ്പട്ടണം വിഷമിപ്പിക്കണമെന്ന് വിചാരിച്ചല്ല.....ഇതില്‍നിന്ന് ഒരു തിരിച്ചറിവ് മാത്രമാണ് മോഹിച്ചത്.

ജ്വാല പറഞ്ഞു...

അപ്രത്യക്ഷയായ ആ അനാഥ സ്ത്രീ ഒരു നൊമ്പരം നമ്മളില്‍ അവശേഷിപ്പിക്കുന്നു.ജീവിതത്തിന്റെ അര്‍ത്ഥവും നിരര്‍ത്ഥകതയും കുറിച്ചു ഇത്തരം സന്ദര്‍ഭത്തില്‍ ചിന്തിച്ചുപോകും.

VEERU പറഞ്ഞു...

Wo budi ki tarah kithne log rehthe honge is duniya mein hei na??