ശനിയാഴ്‌ച, ഒക്‌ടോബർ 12, 2013

ഇപ്പോഴുണ്ടായിട്ടും നമ്മുടേതല്ലാത്ത വീടിന്.......

നീ പറഞ്ഞപ്പോഴാണ്  ഞാനോര്‍ത്തത് 
സ്വപ്നങ്ങളില്‍ വന്ന് ഇടക്കിടക്ക്
നിങ്ങളുടേതെന്ന് വിതുമ്പുന്ന
നീയെന്നെ മറന്നല്ലോയെന്ന്
ഇടക്കിടെ പായ്യാരം പറയുന്ന
ഇത്രയും കാലമായിട്ടും
ഒന്നു വന്നു കണ്ടില്ലല്ലോയെന്ന്
മൂക്ക് ചീറ്റുന്ന വീടിനു
ഒന്നു ഇവിടം വരെ വന്നാലെന്തായെന്ന്
ഒരു എസ് എം എസ് അയച്ചാലോ എന്ന്‍...............
 
സ്കൂളിലേക്കു പോകുന്ന തിരക്കില്‍
എത്രവിളിച്ചിട്ടും
മുന്നില്‍ വരാതെ വൈകിപ്പിച്ച
ഒരു കഷ്ണം പച്ചറിബ്ബണ്‍
ഒരു കുഞ്ഞു സ്ലേറ്റുപെന്‍സില്‍
ഒരു മുടിപ്പിന്‍, ഒരു ചോക്കുപൊട്ട്,
ഒരു കളര്‍ പെന്‍സില്‍

വലുതാവാന്‍ കൊതിച്ച്
വഴിയിലുപേക്ഷിച്ചു നടന്ന
എന്‍റെ കുട്ടിക്കാലം

അമ്മയുടെ താരാട്ട്
അച്ഛന്‍റെ മൂളലില്‍ നിന്നും
കേട്ടുപഠിച്ച  രണ്ടു വരി കവിത
ചേച്ചിയുടെ ഉമ്മയില്‍ നിന്നും
കട്ടെടുത്തുവെച്ച ഒരു നുള്ള് മധുരം
തല്ലുകൂടിയൊന്നിച്ചപ്പോള്‍
ചിതറിത്തെറിച്ച ഒരു തരി സ്നേഹം

ഞങ്ങളുടെ പ്രണയത്തിന്‍റെ പൊട്ടും പൊടിയും
അമ്മുവിന്‍റെ ആദ്യത്തെ കാലടിപ്പാടുകള്‍
അങ്ങിനെ കയ്യില്‍ കിട്ടിയതെല്ലാം
പെറുക്കിയെടുത്ത് ഓടിവരുമായിരിക്കും.

ഓരോന്നോരോന്നായി
മുന്നിലേക്കുവെച്ച് കൊണ്ടെന്‍റെ
മുഖത്തു വിരിയുന്ന സന്തോഷം 
നോക്കിയിരിക്കുമായിരിക്കും.
മോനെവിടെയെന്ന് മുല ചുരത്തുമായിരിക്കും.

തന്‍റെ കൂടെവരാനായി
ആഴങ്ങളിലെ വെള്ളത്തെയൊരുക്കിയൊരുക്കി
സുല്ലിട്ട കിണറിനെയോര്‍ത്ത്
വല്ലോറമലക്ക് കീഴെ സൂര്യനും ചന്ദ്രനും
ആകാശവും ഭൂമിയും കാറ്റും മഴയും മരങ്ങളും
നിന്നെ മിസ്സ് ചെയ്യുന്നുണ്ടെടായെന്ന് പറഞ്ഞ്
ഉറക്കെയുറക്കെ പൊട്ടിച്ചിരിക്കുമായിരിക്കും.

ഓരോ പടിയിറക്കത്തിലും
ഓരോ ചുവടുനീക്കത്തിലും
ഞാന്‍ ബാക്കി വെച്ചതെല്ലാം
തിരിച്ചുവാങ്ങാന്‍ ഇനിയും
തേടിയെത്തിയില്ലല്ലൊയെന്ന്
കണ്ണു ചുവപ്പിക്കുമായിരിക്കും.........
ഇനി തിരിച്ചു പോകണ്ടാട്ടോയെന്ന്
പറയുന്നതും കാത്തു
കൊതിച്ചിരിക്കുമായിരിക്കും.

പറഞ്ഞു പറഞ്ഞു വരുമ്പോള്‍
കൊതിയാകുന്നുണ്ട് ഒന്നു കാണാന്‍
ഇനി സ്വപ്നത്തില്‍ വരുമ്പോള്‍
നമ്പര്‍ ചോദിക്കണം.

4 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

വീട്ടിലേയ്ക്കുള്ള വഴി മറന്നല്ലോ!


ഈ കവിത വളരെ ഇഷ്ടപ്പെട്ടു കേട്ടോ

സൗഗന്ധികം പറഞ്ഞു...

വലുതാവാന്‍ കൊതിച്ച്
വഴിയിലുപേക്ഷിച്ചു നടന്ന കുട്ടിക്കാലം

വളരെ ശരി!! ഒട്ടുമിക്കവരും, വിലയറിയാതെ വഴിയിലുപേക്ഷിക്കുകയും,പിന്നീട് തിരിഞ്ഞു നോക്കി കൊതികൊള്ളുകയും (ഓർമ്മകളല്ലാതെ,അതു കൊണ്ടൊരു ഫലവുമില്ലെങ്കിലും) ചെയ്യുന്ന അമൂല്യമായൊരു സമ്മാനപ്പൊതി തന്നെ കുട്ടിക്കാലം.


നല്ല കവിത


ശുഭാശംസകൾ.....

തുമ്പി പറഞ്ഞു...

ഗൃഹാതുരത്വമുണര്‍ത്തുന്ന പയ്യാരം പറച്ചിലുകള്‍ ബഹുകേമം. വലുതാവാന്‍ കൊതിച്ച്
വഴിയിലുപേക്ഷിച്ചു നടന്ന
എന്‍റെ കുട്ടിക്കാലം ചേച്ചിയുടെ ഉമ്മയില്‍ നിന്നും
കട്ടെടുത്തുവെച്ച ഒരു നുള്ള് മധുരം
തല്ലുകൂടിയൊന്നിച്ചപ്പോള്‍
ചിതറിത്തെറിച്ച ഒരു തരി സ്നേഹം. മനസ്സില്‍ മരിക്കാത്ത വീട്.

ഹരിപ്രിയ പറഞ്ഞു...

നല്ല കവിത... ഏറെ ഇഷ്ടപ്പെട്ടു :)