ഞായറാഴ്‌ച, ജൂൺ 05, 2011

അയനം.........




പകുതിമുക്കാല്‍ നടന്നതാമീവഴി

യരികില്‍നീയിന്നു പതറിനിന്നീടവേ

ഇനിനടക്കാനരുതെന്നു നിന്‍മനം

ഇരവുനീര്‍ത്തീട്ടുറങ്ങാനൊരുങ്ങവേ

ചിരപരിചിതര്‍ക്കിടയിലൂടിന്നു നീ

മുഖമറിയാതുഴന്നു നീങ്ങീടവേ

ഇനിമടക്കമെന്നോതി മറവിതന്‍

മടിയിലേക്കുവീണമരും മനസ്സിലേ-

യ്ക്കോര്‍മ്മകള്‍തന്‍ വിഴുപ്പഴിച്ചിട്ടിന്നു

തടയണകള്‍ ഞാന്‍ തീര്‍ത്തു തളരവേ

ഇങ്ങിനേ നീ മറക്കാനിതെന്തെന്ന്

ചെമ്പരുത്തിക്കമ്പൊടിച്ചു കണ്‍ ചോപ്പിച്ച്

ചൊല്ലുവാനെനിക്കാവില്ല നിന്‍മിഴി-

ത്തുമ്പിലേതോ മഴക്കോളിരമ്പവേ..........


ആര്‍ദ്രമൊരു ധനുമാസരാവിന്‍ കുളിര്‍

ആര്‍ത്തമാം നെഞ്ചിലിറ്റിച്ചൊരാതിര-

ക്കാറ്റില്‍ തിങ്കളൊത്താടിത്തുടിച്ചുനിന്‍

നിറുകയില്‍ ദശപുഷ്പമാല്യങ്ങള്‍തന്‍

തളിരില്‍ നിറമേറെ ചാലിച്ചുചാര്‍ത്തിയും

നിന്റെ നെഞ്ചറജാലകപ്പാളികള്‍

ചാരിയുള്‍വലിഞ്ഞെങ്ങോ മറഞ്ഞതാം

ഏതൊരുത്ക്കടബോധഭേദത്തിനാല്‍

പാളിനീക്കിയൊളിഞ്ഞൊന്നു നോക്കിടും

നിന്‍റെയോര്‍മ്മകള്‍ തന്‍ നിഴല്‍പ്പാടിതില്‍

തൂവെളിച്ചം നിറക്കാന്‍കൊതിയ്ക്കവേ

ഇന്നു നഞ്ഞുവീണൂഷരമൂര്‍വ്വിതന്‍

ഉള്ളുനൊന്തോരിടര്‍ച്ചയും തേങ്ങലും

ഒന്നുമില്ലാത്തിടംതേടി നിന്‍ഗതി

എന്തിനായ്ഞാന്‍ തടയേണമോര്‍ക്കുകില്‍..

ഉണ്ടൊരിക്കല്‍കൊതിച്ചിരുന്നെന്‍മനം

സന്ധ്യ ചോക്കുന്നതിന്‍മുന്‍പ് തിരിയെവ-

ന്നങ്ങു ചേക്കേറുമാക്കിളിക്കുഞ്ഞുപോല്‍

വിങ്ങിവെന്താലുമുള്ളിലെ കനിവിന്‍റെ

ഉറവവറ്റാത്തരിംമ്പുകള്‍ക്കിടയിലേ

ക്കൂര്‍ന്നിറങ്ങാന്‍ മറന്നൊന്നുറങ്ങുവാന്‍.......

21 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ഏറെ ഇഷ്ടപ്പെട്ടു.. പ്രാര്‍ത്ഥനപോലെ തോന്നി..നല്ല ഒഴുക്കോടെ ചൊല്ലാന്‍ കഴിയുന്ന കവിത...... :)

രമേശ്‌ അരൂര്‍ പറഞ്ഞു...

ബ്ലോഗില്‍ ഈയടുത്ത് വായിച്ചതില്‍ വച്ച് എനിക്കേറെ ഇഷ്ടപ്പെട്ടു രണ്ടു കവിതകളില്‍ ഒന്നായി ഈ കവിത .:)
എഴുത്ത് ഗൌരവമായി നീങ്ങുന്നതില്‍ വളരെ സന്തോഷം...മറ്റേ കവിത ഇവിടെ യുണ്ട്
http://alayothungiya.blogspot.com/2011/06/blog-post_03.html

Unknown പറഞ്ഞു...

വളരെ ഇഷ്ടപ്പെട്ടു...
നന്ദി, നല്ല കവിതയ്ക്ക്...

Sidheek Thozhiyoor പറഞ്ഞു...

ചെമ്പരുത്തിക്കമ്പൊടിച്ചു കണ്‍ ചോപ്പിച്ച്
ചൊല്ലുവാനെനിക്കാവില്ല നിന്‍മിഴി-
ത്തുമ്പിലേതോ മഴക്കോളിരമ്പവേ.
വളരെ ഇഷ്ടപ്പെട്ടു.

ശ്രീനാഥന്‍ പറഞ്ഞു...

ഹായ്! മോഹനം! പഴയ നാട്ടിൻപുറത്ത് സന്ധ്യപുരണ്ട വഴിത്താരയിലെവിടെയോ ധനുവും മഴയും ആർദ്രതയും ദശപുഷ്പ്പവും ചൂടി നിൽക്കുകയാണ് കവിത ഏറെ പ്രയാണങ്ങൾക്കൊടുവിൽ.

ente lokam പറഞ്ഞു...

സാങ്കേതിക തികവ് വിലയിരുത്തല്‍
എനിക്ക് അന്യമാണ് എങ്കിലും മനസ്സിന്റെ
കോണില്‍ എവിടെയോ ഒരു മൃദു
മന്ത്രണം പോലെ തഴുകി കടന്നു പോവുന്നു
ഈ വായനയുടെ ഓര്‍മ്മകള്‍ ...അഭിനന്ദനങ്ങള്‍ ....

ഋതുസഞ്ജന പറഞ്ഞു...

നല്ല കവിത.. ഒരുപാട് ഇഷ്ടമായി

Kalavallabhan പറഞ്ഞു...

കവിത തുളുമ്പുന്നു..

Unknown പറഞ്ഞു...

ഇഷ്ട്ടായി ........

yousufpa പറഞ്ഞു...

അവധിയെല്ലാം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ, നാടോർമ്മയിൽ മനസ്സ് അറിഞ്ഞ് എഴുതയാതാണിതെന്ന് പറയാതെ തന്നെ മനസ്സിലാകും..
വളരെ നന്നായിരിക്കുന്നു.

UNFATHOMABLE OCEAN! പറഞ്ഞു...

ആശംസകള്‍....

Manoraj പറഞ്ഞു...

നല്ല കവിത.. നാട്ടില്‍ നിന്ന് തിരികെയെത്തിയല്ലേ..

Unknown പറഞ്ഞു...

നല്ല കവിത; ആസ്വദിച്ചു, അഭിനന്ദങ്ങള്‍!

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ശുദ്ധ കവിതകള്‍ ഇടക്ക് വായിക്കുന്നത് ഒരു സുഖം തന്നെ.

Echmukutty പറഞ്ഞു...

വായിച്ചിട്ട് വലിയ ആഹ്ലാദം.ചൊല്ലാനും നല്ല കവിത. ആകെപ്പാടെ വളരെ ഇഷ്ടമായി.

SAJAN S പറഞ്ഞു...

ഇങ്ങിനേ നീ മറക്കാനിതെന്തെന്ന്

ചെമ്പരുത്തിക്കമ്പൊടിച്ചു കണ്‍ ചോപ്പിച്ച്

ചൊല്ലുവാനെനിക്കാവില്ല നിന്‍മിഴി-

ത്തുമ്പിലേതോ മഴക്കോളിരമ്പവേ.....

കവിത വളരെ ഇഷ്ടമായി

പ്രയാണ്‍ പറഞ്ഞു...

മഞ്ഞുതുള്ളി

രമേശ്‌ അരൂര്‍

Ranjith

സിദ്ധീക്ക.

ശ്രീനാഥന്‍

ente lokam

കിങ്ങിണിക്കുട്ടി
Kalavallabhan

MyDreams

yousufpa

UNFATHOMABLE OCEAN!

Manoraj

appachanozhakkal

അനില്‍@ബ്ലോഗ്

Echmukutty

SAJAN S

കവിത ഇഷ്ടമായെന്നറിയിച്ചതില്‍ വളരെ സന്തോഷം....:)

@രമേശ് മറ്റേകവിത എനിക്കും ഇഷ്ടമായി.

@ശ്രീനാഥന്‍.... .ഞാനും....:)

@yousufpa നാടോര്‍മ്മയില്‍ നിന്നുതന്നെ പക്ഷേ അതിലും കൂടുതലായി അമ്മ എന്ന കുട്ടി കൂടെ വന്നിട്ടുണ്ട് എന്നുള്ളതാണ്‍..:)

@അനില്‍ ശുദ്ധകവിത ചൊല്ലുകയും കേള്‍ക്കുകയും പോലെ സൂതിങ്ങായി ഒന്നുമില്ല.പക്ഷേ അപൂര്‍വ്വമായേ എഴുതാന്‍ കിട്ടാറുള്ളൂ..:)

Echmukutty സന്തോഷിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം......:)

Unknown പറഞ്ഞു...

രമേശ് അരൂര്‍പറഞ്ഞത് പോലെ, മഴയാട്ടത്തിനു ശേഷം ഒന്നുകൂടി..

ഇഷ്ടമായി, ഒരുപാട്-
എന്റെ മനസ്സില്‍ എവിടെക്കൊയോ പളുങ്കുകള്‍ വീണ് ചിതറുന്നതറിയുന്നു.. :(

the man to walk with പറഞ്ഞു...

Nice One
Best wishes

പ്രയാണ്‍ പറഞ്ഞു...

നിശാസുരഭി
the man to walk with
സ്നേഹം മാത്രം.........

Satheesh Haripad പറഞ്ഞു...

ബ്ലോഗില്‍ ഈയടുത്ത് വായിച്ചതില്‍ വച്ച് എനിക്കേറെ ഇഷ്ടപ്പെട്ട ഒരു കവിത. കാവ്യാത്മകതയുടെ എല്ലാ അന്തസത്തയും ആവാഹിച്ച് അരച്ചുകുറുക്കിയ വരികൾ. 'നിന്‍മിഴി-
ത്തുമ്പിലേതോ മഴക്കോളിരമ്പവേ..........' ഇത്തരം മനസ്സുനിറയ്ക്കുന്ന പദപ്രയോഗങ്ങൾ ആവോളം.

വ്യക്തമായ പ്രൂഫിങ്ങ് നടത്തി പോസ്റ്റ് ചെയ്തിരിക്കുന്നു എന്ന് വ്യക്തം. എന്നും ഓരോ പോസ്റ്റ് തികയ്ക്കാൻ വേണ്ടി മാത്രം ധൃതി കൂട്ടി പെട്ടെന്ന് പത്തുവരി പോസ്റ്റുന്ന ചില 'ബൂലോഗ കവികൾ'ക്കും ഇതൊരു നല്ല പാഠമാകട്ടെ.

ആശംസകളോടെ
satheeshharipad.blogspot.com