ചൊവ്വാഴ്ച, മാർച്ച് 22, 2011

ദില്ലി വീണ്ടും തുടുത്തിരിക്കുന്നു..............


വര്‍ത്തമാനത്തെക്കാള്‍
ഭൂതത്തെ കൊണ്ടാടുന്ന
ജീവിച്ചിരിക്കുന്നവരെക്കാള്‍
മരിച്ചവര്‍ ഓര്‍മ്മിക്കപ്പെടുന്ന
വിഥികളുടെ ഓരോയിറമ്പിലും
ആരുടെയൊക്കെയോ
ശവകുടീരങ്ങളുള്ള
ദില്ലി തുടുത്തിരിക്കുന്നു
ചോര നിറമുള്ള
പലാശപ്പൂക്കളാല്‍.....
സുന്ദരിയുടെ
കൊതിപ്പിക്കുന്ന
ചുണ്ടുകള്‍ പോലെ
ചൂഴ്ന്നെടുത്തു വെച്ച
ഹൃദയം പോലെ
അതു ചുട്ടുകരിച്ച
കനല്‍ പോലെ
പലാശപ്പൂക്കള്‍
വഴിയോരങ്ങളിലും
ആകാശക്കാഴ്ചകളിലും.
ഇവിടെ ചിതറി
മരിച്ചവരുടെ
രക്തം പോലെ
അവരെ കുറിച്ചുള്ള
ഓര്‍മ്മകള്‍ പോലെ
ഇങ്ങിനെ ചുകപ്പണിഞ്ഞ്
നമ്മളും കിടന്നേക്കാമെന്ന
തിരിച്ചറിവു പോലെ
ദില്ലി തുടുത്തിരിക്കുന്നു
ചോര നിറമുള്ള
പലാശപ്പൂക്കളാല്‍.

14 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

രജസ്വലയായ ദില്ലി ..........

അജ്ഞാതന്‍ പറഞ്ഞു...

ഇതുവായിച്ചപ്പോള്‍ ദില്ലിയെക്കുരിച്ചുള്ള പലകാര്യങ്ങളും ഓര്‍മ്മയിലെത്തി...വളരെ നന്നായി...

Anil cheleri kumaran പറഞ്ഞു...

പലാശപ്പൂക്കൾ എന്നത് എന്താണ്? കണ്ടിട്ട് മുരിക്കിൻ പൂവ് പോലിരിക്കുന്നല്ലോ.

ശ്രീനാഥന്‍ പറഞ്ഞു...

പലാശം മുരിക്കു തന്നെയല്ലേ? ദില്ലിയിൽ അടുത്തിടെയുണ്ടായ സ്ത്രീകൾക്കെതിരെയുള്ള കടന്നാക്രമണങ്ങളെ ശക്തിയായി ഓർമിപ്പിക്കുന്നു കവിത. എന്തുകൊണ്ടോ, വാളുകൾ ചുവന്നുതുടുത്ത ദില്ലി ചരിത്രം കൂടി ഓർത്തു പോയി. പ്രയാണിന്റെ കമെന്റ് കണ്ടപ്പോൾ, ഇതേ വിഷയം ഇതേ പ്രതീകമുപയോഗിച്ച് , ചന്ദ്രിക (ഇപ്പോഴത്തെ ചന്ദ്രമതി?) എന്ന കോളെജ് വിദ്യാർത്ഥിനി, എഴുപതുകളുടെ മധ്യത്തിൽ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെഴുതിയ മുരിക്കിൻ പൂക്കൾ എന്ന കഥയുടെ കാര്യം ഓർത്തു.

Jithu പറഞ്ഞു...

നല്ല കവിത...ഇഷ്ടപ്പെട്ടു

പ്രയാണ്‍ പറഞ്ഞു...

പാലാശപ്പൂക്കള്‍ നമ്മുടെ പഞ്ഞിപ്പുവാണ്. കണ്ടാലും അതുപോലെയാണ് കായും അതുപോലെയാണ്. പക്ഷേ നിറഞ്ഞുപൂക്കും.

Bindhu Unny പറഞ്ഞു...

ചെറിയൊരു മാറ്റത്തെ ആഴത്തില്‍ ആവിഷ്കരിച്ചിരിക്കുന്നു. ഇഷ്ടമായി.

(തുടുത്തിരിക്കുന്ന ദില്ലി കാണാന്‍ ഞാന്‍ വരുന്നു)

:)

പ്രയാണ്‍ പറഞ്ഞു...

ബിന്ദുവരുമ്പോഴേക്കും കൊഴിഞ്ഞു തീരില്ലായിരിക്കും.......... എവിടെയെങ്കിലുമൊക്കെ വൈകിപൂത്ത ഒരുമരം കാത്തിരിക്കുമായിരിക്കും അല്ലെ .........എന്തായാലും ഞാന്‍ കാത്തിരിക്കുന്നുണ്ട്..........:)

Echmukutty പറഞ്ഞു...

dilliyute chuvanna ormmakalil ee kaazchayumundaayirunnuvallo.

valare nannai aavishkkaaram. abhinandanangal.

വര്‍ഷിണി* വിനോദിനി പറഞ്ഞു...

വീണ്ടും തുടുത്തു എന്നു പറഞ്ഞാല്‍, ഭയാക്കാനിരിയ്ക്കുന്നു എന്നാണൊ..പേടിപ്പിയ്ക്കും പോലെ..നല്ല ആവിഷ്കരണം, അഭിനന്ദങ്ങള്‍.

മനു കുന്നത്ത് പറഞ്ഞു...

അതെ.. വര്‍ത്തമാനത്തേക്കാള്‍ ഭൂതത്തെ കൊണ്ടാടുന്ന സ്ഥലമാണ് ഡല്‍ഹി.. ചരിത്രമുറങ്ങുന്നതും അവിടെ തന്നെ..!!
ഈ പലാശപ്പൂക്കളെന്നത് എന്തെന്ന് എനിക്ക് മനസ്സിലായില്ല..ഇത് നമ്മുടെ ഗുല്‍മോഹര്‍ പൂക്കളെപോലെ തോന്നുന്നു..!!
ചോര ചിതറിയ ഇടനാഴികളില്‍ ഈ പൂക്കളോര്‍മ്മിപ്പിക്കുന്നതും രക്തസാക്ഷികളെ കുറിച്ചായിരിക്കും.. ഓര്‍മ്മകളുണര്‍ത്താനുമീ പലാശപൂക്കള്‍..!

പ്രയാണ്‍ പറഞ്ഞു...

Echmukutty

ഉണ്ടായിരുന്നു എന്നല്ല എന്നുമുണ്ടാവും.......
വര്‍ഷിണി
അത് പീയിരിയോഡിക്കലായി തുടുത്തുകൊണ്ടേയിരിക്കും. ഇപ്പോള്‍ തുടുത്ത സമയമാണ്.....:)
മനു
ഒരു പാട് കഥകളുറങ്ങുന്നുണ്ടിവിടെ. പലാശപ്പൂവിനെപ്പറ്റി പറ്റികേട്ടിട്ടില്ലേ......:) ഹിഡുംപി പണ്ട് ചൂണ്ടു ചുവപ്പിച്ചിരുന്നത് ഈ പൂവിതള്‍ കൊണ്ടായിരുന്നത്രെ..:)

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു...

പലാശപ്പൂക്കൾ എന്ന് ആദ്യമായിട്ടാണ് കേള്‍ക്കുന്നത്..

Unknown പറഞ്ഞു...

ഇതാണോ ദില്ലി ....സ്മാരകങ്ങളുടെ നഗരം.........നന്നായി