ചൊവ്വാഴ്ച, മാർച്ച് 15, 2011

വടക്കോട്ടുള്ള വണ്ടി.........
പടിപ്പുരയിലിരുന്നാല്‍
പാടത്തിനപ്പുറം
തീവണ്ടി കാണാമായിരുന്നു.
ഞങ്ങള്‍ കുട്ടികള്‍ ഒന്നായി
കൂകിത്തോല്പ്പിക്കുമ്പോള്‍
തീവണ്ടി ഓടിമറയും.

വിതക്കുന്നവര്‍ക്കായി
വിത്തു വാരിയെറിഞ്ഞും
വിതയില്ലാത്തപ്പോള്‍
വിത്തെടുത്തു തിന്നും
ഞങ്ങള്‍ വലുതായപ്പോള്‍
വിതകൊയ്തു മടുത്ത
നെല്‍പ്പാടങ്ങള്‍ക്കിടയിലൂടെ
ഗോതമ്പുപാടങ്ങള്‍ തേടി
വടക്കോട്ടുള്ള വണ്ടികയറി.

ആകരങ്ങള്‍ കൊയ്തുതീര്‍ത്ത്
അപ്പോഴും കൂകിത്തോല്പ്പിക്കുന്ന
കുട്ടികളെ സന്തോഷിപ്പിക്കാന്‍
അരിമുറുക്കും പീപ്പിയുമായി
വൈകീട്ടു തിരിച്ചെത്തിയപ്പോള്‍
ചിതലുപിടിച്ച പടിപ്പുരയും
അതിനു കാവലായിരുന്നവരും
തെക്കോട്ടു യാത്ര പോയിരിക്കുന്നു.

തീവണ്ടിപ്പാളത്തിനും
പടിപ്പുരക്കുമിടയിലെ
പാടം കിളച്ച് മറിച്ച് നിറയെ
വീടുകള്‍ നട്ടുവളര്‍ത്തിയവര്‍ക്ക്
വിളവെടുപ്പിന്റെ ആഘോഷം.

പടിപ്പുരക്ക് മുന്നിലൂടെ
പാടം നനക്കാന്‍ പോയ വെള്ളം,
നനക്കാന്‍ പാടമില്ലാതെ
ഇല്ലാത്ത പടിപ്പുരമുറ്റത്ത്
ഓച്ഛാനിച്ച് ചുറ്റിപ്പറ്റി നിന്നു.

ഗോതമ്പു പാടങ്ങളില്‍
വിതച്ചുകൊയ്ത പണം
തമിഴന്മാര്‍ക്ക് വീതിച്ചു തീര്‍ത്ത്
ഞങ്ങള്‍ വീണ്ടും പടിയിറങ്ങി.
വടക്കോട്ടുള്ള വണ്ടിയെന്നും
തെറ്റാതെ കൂകിയോടുന്നുണ്ടല്ലൊ.
വടക്കെത്തിയിട്ടു വേണം വിതക്കാന്‍
വിതക്കാതെ കൊയ്യുന്നതെങ്ങിനെ.......

27 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

വടക്കെത്തിയിട്ടു വേണം വിതക്കാന്‍
വിതക്കാതെ കൊയ്യുന്നതെങ്ങിനെ.......

ശ്രീ പറഞ്ഞു...

നല്ലൊരു കവിത, ചേച്ചീ... മനസ്സു തൊടുന്ന വരികള്‍.

ഇഷ്ടമായി.

ente lokam പറഞ്ഞു...

കൊള്ളാം.തെക്കോട്ട്‌ പോയ ദുഃഖങ്ങള്‍
അവരവരുടെ കര്‍മം നിര്‍വഹിച്ചു...
വടക്കോട്ടുള്ള വണ്ടികള്‍ വീണ്ടും കാത്തു ഒരു പ്രവാസം അല്ലെ?പോയി കൊയ്യാന്‍..അതെ വിതക്കാതെ എങ്ങനെ കൊയ്യും?
ഇഷ്ടപ്പെട്ടു.തീവണ്ടികളെ കൂകി തോല്‍പ്പിച്ചു പേടിപ്പിച്ചു ഓടിച്ച ബാല്യം നന്നായി feel ചെയ്തു ..ആശംസകള്‍..

അജ്ഞാതന്‍ പറഞ്ഞു...

നല്ല കവിത. ഇഷ്ടായി

ശ്രീനാഥന്‍ പറഞ്ഞു...

വിതയേറ്റാൻ നമുക്ക് പാടങ്ങളിലാതായ അവസ്ഥ, തീവണ്ടിയെന്ന രൂപകം, കൂവിത്തോൽ‌പ്പിക്കുന്ന കുട്ടികൾ, നാട്ടിൽ ചെയ്യാതെ, വടക്കാണു നാം പോയി വിതക്കുന്നതെന്നും, വിതക്കാതെ കൊയ്യാനാവില്ലെന്ന ഓർമപ്പെടുത്തൽ- വളരെ നന്നായിട്ടുണ്ട്, മൌലികതയുണ്ട് കവിതക്ക്.

JITHU പറഞ്ഞു...

ഇഷ്ടമായി...

ലീല എം ചന്ദ്രന്‍.. പറഞ്ഞു...

വിതക്കാതെ കൊയ്യുന്നതെങ്ങിനെ....

ഇഷ്ടമായി.

ഉമേഷ്‌ പിലിക്കൊട് പറഞ്ഞു...

ആശംസകള്‍

Kalavallabhan പറഞ്ഞു...

"നെല്പ്പാടങ്ങക്കിടയിലൂടെ
ഗോതമ്പുപാടങ്ങള്‍ തേടി
വടക്കോട്ടുള്ള വണ്ടികയറി."
"വൈകീട്ടു തിരിച്ചെത്തിയപ്പോള്‍
ചിതലുപിടിച്ച പടിപ്പുരയും
അതിനു കാവലായിരുന്നവരും
തെക്കോട്ടു യാത്ര പോയിരിക്കുന്നു."

മറുനാടൻ പ്രയാണങ്ങളുടെ വിളവെടുപ്പ്.
വിതയ്ക്കുവാനും കൊയ്യുവാനും വടക്കോട്ടേക്ക്, തിരിഞ്ഞു നോക്കുമ്പോൾ ശൂന്യത.
വളരെ നല്ല കവിത.

മുല്ല പറഞ്ഞു...

നല്ല കവിത

Manickethaar പറഞ്ഞു...

വടക്കെത്തിയിട്ടു വേണം വിതക്കാന്‍
വിതക്കാതെ കൊയ്യുന്നതെങ്ങിനെ....ഓർമ്മപ്പെടുത്തൽ...നന്നായിട്ടുണ്ട്

നീര്‍വിളാകന്‍ പറഞ്ഞു...

അര്‍ത്ഥവത്തായ കവിത.... അഭിനന്ദനങ്ങള്‍....

MyDreams പറഞ്ഞു...

കിഴക്കിന്റെയും പടിഞ്ഞാറിന്റെയും പ്രൌഡിയും പ്രതാപവും തേടി പോയവരെ കുറിച്ച് ഒന്നും പറയാനില്ലേ ?

നല്ല കവിത ഒരുപാട് കാര്യം പറഞ്ഞു പോകുന്നു ..

പടിപ്പുരക്ക് മുന്നിലൂടെ
പാടം നനക്കാന്‍ പോയ വെള്ളം,
നനക്കാന്‍ പാടമില്ലാതെ
ഇല്ലാത്ത പടിപ്പുരമുറ്റത്ത്
ഓച്ഛാനിച്ച് ചുറ്റിപ്പറ്റി നിന്നു.

ഇതിലെ വരികല്‍ ഒന്ന് കൂടി നനക്കമായിരുന്നു
പ്രതേകിച്ചു അവസാന വരി ...

the man to walk with പറഞ്ഞു...

ചിതലുപിടിച്ച പടിപ്പുരയും
അതിനു കാവലായിരുന്നവരും
തെക്കോട്ടു യാത്ര പോയിരിക്കുന്നു.
Nice
Best wishes

Pranavam Ravikumar a.k.a. Kochuravi പറഞ്ഞു...

ഇഷ്ടപ്പെട്ടു!

യൂസുഫ്പ പറഞ്ഞു...

ബലഹീനതകളെ കൊയ്ത് വിളവെടുക്കുന്നവർ ആണ്‌ നമ്മൾ.നമ്മുടെ സംസ്കാരം ആരോ കൊയ്തെടുക്കുന്നു.അതറിഞ്ഞിട്ടും നാം വീണ്ടും വടക്കോട്ടു പോകുന്നു.അവിടെ വിത്ത് വിതയ്ക്കുന്നു.
വിതയ്ക്കാതെ പറ്റില്ലല്ലോ.സങ്കരയിനം വിളവെങ്കിലും കിട്ടുമല്ലൊ...വായ്ക്കറിയിടാനെങ്കിലും ഒന്ന്..!!

ഒറ്റയാന്‍ പറഞ്ഞു...

വിതച്ചതെ നമ്മള്‍ കൊയ്യുന്നുള്ളൂ ...

Echmukutty പറഞ്ഞു...

ithu nannaittund.
inganeyokkeya sambhavichath........

theevanti thettathe odunnu....

nalla kavita.

nikukechery പറഞ്ഞു...

>>പടിപ്പുരക്ക് മുന്നിലൂടെ
പാടം നനക്കാന്‍ പോയ വെള്ളം,
നനക്കാന്‍ പാടമില്ലാതെ
ഇല്ലാത്ത പടിപ്പുരമുറ്റത്ത്
ഓച്ഛാനിച്ച് ചുറ്റിപ്പറ്റി നിന്നു.<<


കവിത ഒഴുകുന്ന വഴികൾ....നന്നായിരിക്കുന്നു.

പ്രയാണ്‍ പറഞ്ഞു...

ശ്രീ
ente lokam
ചെറുവാടി
ശ്രീനാഥന്‍
jithu
ലീല എം ചന്ദ്രന്‍
ഉമേഷ്
kalavallabhan
മുല്ല
Manickethaar
നിര്‍വിളാകന്‍
MyDreams
the man to walk with
Ravikumar
യൂസുഫ്പ
ഒറ്റയാന്‍
echmukutty
nikukechery
ഇവിടെയെത്തി വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും വളരെ സന്തോഷമുണ്ട്.

കൊയ്യാന്‍ എല്ലാര്‍ക്കും താല്പര്യമാണ് വിതക്കാനാണ് പ്രശ്നം.

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

പഴയൊരു വയല്‍ക്കാഴ്ച്ച..ഒരസ്സല്‍ ഗ്രാമചരിത്രം.
എല്ലാ നാട്ടിലുമുണ്ടല്ലോ,വല്ലപ്പോഴുമെത്തുന്ന അങ്ങു വടക്കെങ്ങാണ്ടോ കഴിയുന്ന പ്രിയപ്പെട്ടവര്‍..
വളരെ മനോഹരമായ ചിത്രങ്ങള്‍.

അതിരുകള്‍/മുസ്തഫ പുളിക്കൽ പറഞ്ഞു...

തീവണ്ടിപ്പാളത്തിനും
പടിപ്പുരക്കുമിടയിലെ
പാടം കിളച്ച് മറിച്ച് നിറയെ
വീടുകള്‍ നട്ടുവളര്‍ത്തിയവര്‍ക്ക്
വിളവെടുപ്പിന്റെ ആഘോഷം.

പ്രയാണ്‍ പറഞ്ഞു...

ആറങ്ങോട്ടുകര മുഹമ്മദ്‌
മുസ്തഫ പുളിക്കൽ
കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ വളരെ സന്തോഷം. കണ്ടുകൊണ്ടിരിക്കുമ്പോള്‍ കാണാതാവുന്ന ഗ്രാമത്തനിമ കൂടെ കൊണ്ടുവരുന്ന സൌകര്യങ്ങള്‍ സന്തോഷത്തോടെ സ്വീകരിക്കുമ്പോഴും മനസ്സില്‍ ഒരു നോവായി കിടക്കും. അങ്ങിനെ നിലനില്‍ക്കുകയായിരുന്നോ വേണ്ടത് എന്നു ചോദിച്ചാല്‍ അറിയില്ല.

Thommy പറഞ്ഞു...

Nice

വര്‍ഷിണി പറഞ്ഞു...

നല്ല വരികള്‍ ട്ടൊ...അഭിനന്ദങ്ങള്‍..

മുകിൽ പറഞ്ഞു...

ഒരു കണ്ണാടി പോലെ കവിത. വളരെ നന്നായി പ്രതിഫലിക്കുന്നു നമ്മുടെ ജീവിതം.

പ്രയാണ്‍ പറഞ്ഞു...

Thommy
വര്‍ഷിണി
മുകില്‍
ഇവിടെ കണ്ടതില്‍ വളരെ സന്തോഷം.