വല്ലാതെ മടുപ്പ് തോന്നിയപ്പോള്‍ ഊണ്മേശയുടെ മുകളില്‍ വിരലുകള്‍ ചലിപ്പിച്ച് അയാള്‍ സ്വന്തം പേര് ഓര്‍ത്തെടുക്കാന്‍ നോക്കി. കട്ടിപിടിച്ച പൊടിയില്‍ തെളിഞ്ഞുവന്ന അക്ഷരങ്ങളുടെ അപരിചിതത്വത്തിനു മുന്നില്‍ പകച്ചുകൊണ്ട് വിരലില്‍ പറ്റിയ പൊടി അയാള്‍ പാന്റ്സിന്റെ വശങ്ങളിലായി തുടച്ചു.
"വാട്സ് ദിസ് സണ്ണി?" ഒരു ഞെട്ടലില്‍ അയാള്‍ക്ക് ഓര്‍മ്മ വന്നു. സണ്ണി ..... സഞ്ജയ് .......
അയയുന്ന മനസ്സുമായി ഭാര്യയുടെ ശബ്ദത്തിനു മറുപടിയെന്നോണം തിരിഞ്ഞു നില്ക്കുമ്പോള് മുറിയുടെ ഇരുട്ടില്‍ അവളുടെ മുഖം അയാള്‍ ഓര്‍മ്മകളില്‍നിന്നും തിരക്കിട്ടു ചികഞ്ഞെടുക്കുകയായിരുന്നു. തെളിഞ്ഞുവന്നത് പക്ഷെ ചുളിവുകള്‍ വീണ നരച്ച മുഖത്തെ അസഹിഷ്ണുതയായിരുന്നു.
"മമ്മാ" അയാളില്‍ നിന്നും അറിയാതെ ഉറക്കെ വിളിയുയര്‍ന്നു. പ്രിയപ്പെട്ടവരുടെമുന്‍പില്‍ വെച്ച് കുറ്റവിചാരണ ചെയ്യപ്പെടുന്ന കൊച്ചുകുട്ടിയെപ്പോലെ കൈകള്‍കൊണ്ട് പാന്റ്സിലെ പൊടി തട്ടിക്കളയാന്‍ അയാള്‍ വിഫലമായി ശ്രമിച്ചുകൊണ്ടിരുന്നു.
മുഷിഞ്ഞുനാറിയ ബെഡ്ഡിലേക്ക് ഷൂപോലുമഴിക്കാതെ ചെരിയുമ്പോള്‍ അയാളുടെ കണ്ണുകള്‍ ചുമരിലെ ഫോട്ടൊയിലുടക്കി. പപ്പായുടെ കണ്ണുകളിലെ ആജ്ഞാശക്തിക്കുമുന്നില്‍ ചൂളി ആ തീക്ഷ്ണത ഏറ്റുവാങ്ങാനാവാതെ അയാളുടെ കണ്ണുകള്‍ , മങ്ങി അടര്‍ന്നു തുടങ്ങിയ ചുമരിന്റെ നീലനിറത്തില്‍ തറഞ്ഞു നിന്നു. പഴകിയ ആകാശത്തിന്റെ ചെടിപ്പുമായി ചുമരുകള്‍ അയാള്‍ക്കു ചുറ്റും ഒരു തടവറ പോലെ തോന്നിച്ചു. അങ്ങിനെ കിടന്ന് പതുക്കെ ഉറങ്ങിപ്പോയത് അയാളറിഞ്ഞില്ല. പാതിചാരിയ മുന്‍വാതിലിലൂടെ കടന്നുവന്ന് അടുത്തു കിടന്ന ചിന്നുവിന്റെ ചൂടാണ് ഉണര്‍ത്തിയത്. ചേര്‍ന്നുകിടന്ന് പുറത്തുകൂടി വിരലോടിച്ചു കൊണ്ടിരുന്നപ്പോള്‍ അവള്‍ക്കു വിശക്കുന്നുണ്ടാവുമെന്നയാള്‍ക്കു തോന്നി. എഴുന്നേറ്റ് പാലു ചൂടാക്കി കൊടുക്കുമ്പോള്‍ ചിന്നുവിന്റെ സാമീപ്യം തൊട്ടടുത്ത് അറിയുന്നുണ്ടായിരുന്നു. പഴമ ഗന്ധമായി പൊഴിയുന്ന സോഫയിലേക്കമരുമ്പോള്‍ ചിന്നു ശബ്ദ്മുണ്ടാക്കാതെ പാലു കുടിച്ചുകൊണ്ടിരുന്നു. അയാളുടെ മൂഡുകള്‍ക്കനുസരിച്ച് പെരുമാറാന്‍ അവളും പഠിച്ചു കഴിഞ്ഞിരിക്കുന്നു..
അകത്തെ മുറിയിലെവിടെയോ പ്രാവുകള്‍ കുറുകുന്ന ശബ്ദം അയാളില്‍ കൌതുകമുണര്‍ത്തി . ഒരുപാടുനാളുകള്‍ കൊണ്ട് സന്തോഷം തരുന്ന എന്തെങ്കിലുംഒരു കാഴ്ച അയാള്‍ കൊതിക്കുന്നുണ്ടായിരുന്നു. പക്ഷെ എഴുന്നേറ്റ് ആ വലിയ വീടിന്റെ കാലങ്ങളായി അടച്ചിട്ടിരുന്ന മുറികള്‍ തുറന്നു നോക്കാന്‍ അയാള്‍ക്കു മനസ്സു വന്നില്ല. ആ വീട്ടില്‍ അയാളാകെ ഉപയോഗിച്ചിരുന്നത് ആ ഒരു വലിയ ലിവിങ്ങ് റൂം മാത്രമായിരുന്നു.
അങ്ങിനെ ചാരിക്കിടന്ന് കണ്ണുകളടച്ചപ്പോള്‍ അയാളുടെ മനസ്സിലൂടെ പലതും കടന്നുപോയി. തന്റെ മുടിയിഴകളിലൂടെ ഒഴുകി നടക്കുന്ന മമ്മയുടെ വിരലുകള്‍ , നെറ്റിയിലമരുന്ന മമ്മയുടെ ചുണ്ടുകള്‍ .... അയളൊരു കൊച്ചുകുട്ടിയായി മാറിക്കൊണ്ടിരിക്കയായിരുന്നു. എവിടെനിന്നെന്നറിയാതെ പരന്നു നിറഞ്ഞ വൈറ്റ് മസ്കിന്റെ പരിമളത്തില്‍ അയാള്‍ പരിഭ്രമത്തോടെ കണ്ണുതുറന്നു.ആഞ്ഞുമിടിക്കുന്ന ഹൃദയവുമായി ആ ഇരുട്ടില്‍ അയാള്‍ തിരഞ്ഞുകൊണ്ടിരുന്നു...... വന്നുകയറിയ സ്വപ്നങ്ങളിലെ വസ്ത്രങ്ങളുടെ ഉലയല്‍ , വളകളുടെകിന്നാരം, പാദസരങ്ങളുടെ ചിണുക്കം ....... പിന്നെയെപ്പോഴൊ തിരിഞ്ഞു നടന്നപ്പോഴത്തെ ആ കരിമിഴിപിടച്ചില്‍ .
പാലു കുടിച്ചു കഴിഞ്ഞ് ചിന്നുവന്നു മടിയില്‍ മുഖമമര്‍ത്തിക്കിടന്നപ്പോള്‍ അയാള്‍ക്ക് അവളോട് എന്തെന്നില്ലാത്ത സ്നേഹം തോന്നി. ആര്‍ക്കോ വേണ്ടി എന്നും തുറന്നുമാത്രം കിടന്ന മുന്‍വാതിലില്‍കൂടി അവള് കയറിവന്ന ദിവസം അയാളുടെ ഓര്‍മ്മകളില്‍ നിറഞ്ഞു. ഫ്ലാറ്റില്‍നിന്നും താഴെയിറങ്ങുമ്പോള്‍ എന്നും വാലാട്ടി സ്നേഹം പുതുക്കിയിരുന്ന അവള് തണുത്തുറഞ്ഞ ഒരുവൈകുന്നേരം വീട്ടിനകത്തേക്കു കയറിവന്നപ്പോള്‍ അനുഭവിച്ച സന്തോഷം അയാള്‍ക്ക് അപ്പോഴും ഒരുതരിമ്പുപോലും കുറവില്ലാതെ അനുഭവിക്കാന്‍ കഴിയുന്നുണ്ടായിരുന്നു. അയാളെ തിരഞ്ഞുവരാന്‍ ആരെങ്കിലും ഉണ്ടായല്ലോയെന്ന സന്തോഷം.
11 അഭിപ്രായങ്ങൾ:
അറിഞ്ഞും അറിയാതെയും എത്രയോ ആളുകളുണ്ട് നമുക്കിടയില്‍ ഇതുപോലെ തിര്സ്കരിക്കപ്പെട്ടവര് ... അതിലൊരാളെ നിങ്ങളുടെ മുന്നില്‍ തുറന്നുകാട്ടിയെന്ന് മാത്രം.
ഏകാന്തതയുടെ വീര്‍പ്പുമുട്ടല്‍ കഠിനമാണ്...അത് നന്നായി പറഞ്ഞു...ഒരുപാടിഷ്ടപ്പെട്ടു...
തിരസ്ക്കരിക്കപ്പെട്ട് ഒറ്റപ്പെട്ട് കഴിയുന്നവരുടെ ഏകാന്തദുരന്തം ഈ ചെറുകഥയിൽ നല്ല മിഴിവാർന്ന് കാണാം. ആ പാന്റിലെ ക്കൈതുടയ്ക്കൽ ! പൂച്ചക്കുഞ്ഞുമാത്രം, അജ്ഞാശക്തിയുള്ള പിതൃബിംബം, വാത്സ്സല്യമമ്മ, വന്നുകയറിയ സ്വപ്നങ്ങളിലെ വസ്ത്രങ്ങളുടെ ഉലയല്‍ .. അധികം പറയാതെ ഏറെ പറഞ്ഞു. നല്ല ക്രാഫ്റ്റ്, വിശദാംശങ്ങളിലേക്ക് പോകാതെ, കുറുക്കി എഴുതുന്നത് ബ്ലോഗുകളിൽ നന്നെ കുറവാണ്.
അയാളെ തിരഞ്ഞുവരാന്‍ ആരെങ്കിലും ഉണ്ടായല്ലോ
Best Wishes
ഏകാന്തത വേദനിപ്പിച്ചു, ഒരുപാട്..
ഒറ്റപ്പെട്ട് ജീവിക്കാൻ ആഗ്രഹിക്കുന്നവരും ഉണ്ട്.
തിര്സ്കരിക്കപ്പെട്ടവരേ കുറിച്ച് എഴുതിയത് നന്നായി പക്ഷേ കുറച്ചു കൂടി ആഴത്തില്‍ അളന്നു എടുക്കാമായിരുന്നു
ആദ്യം കരുതി ഓര്മ ഭ്രംശം ആയിരിക്കുമെന്ന് ..പിന്നെ തോന്നി ഭ്രാന്ത് ..ഒടുവില്‍ മനസിലായി ഒറ്റപ്പെടലിന്റെ വേദന ..അവിടെയുമുണ്ടല്ലോ ഓര്മ ക്കേടുകളും ഭ്രാന്തും ഒക്കെ ..നന്നായി എഴുതി ..:0
ആർക്കും വേണ്ടാത്തവൻ......
നല്ല കൈയടക്കമുള്ള മനോഹരമായ ഭാഷ! അഭിനന്ദനങ്ങൾ.
മഞ്ഞുതുള്ളി
ശ്രീനാഥന്‍
the man to walk with
Ravikumar
യൂസുഫ്പ
MyDreams
രമേശ്അരൂര്‍
ഉമേഷ്
Echmukutty
വന്നതിലും അഭിപ്രായങ്ങള്‍ പറഞ്ഞതിലും വളരെസന്തോഷം ........
എല്ലാവരുമുണ്ടായിട്ടും ആരും സ്നേഹിക്കാനില്ലെന്ന തോന്നല്‍
ചിലപ്പോള്‍ അലട്ടുമ്പോള്‍ ഇങ്ങിനെയുള്ളവരെ ഓര്‍ത്താല്‍ മതി.
നന്നായി..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ