ചൊവ്വാഴ്ച, മാർച്ച് 01, 2011

ദേവൂട്ടി........



"ന്നാലും
അവറ്റോള് അനുഭവിക്കാണ്ടിരിക്കില്ല........"

തണുത്ത വൃശ്ചികക്കാറ്റില്‍
മുറ്റം മുഴുവന്‍ ഓടിനടക്കുന്ന ഇലകളെയെന്നപോലെ മുറ്റമടിക്കുന്നതിന്നിടയില്‍ ദേവൂട്ടി ശകാരിച്ചു കൊണ്ടിരുന്നു. ഞാന്‍ ശ്രദ്ധിക്കുന്നതു കണ്ടിട്ടാവണം ഒരു ചോദ്യം പ്രതീക്ഷിച്ചെന്നപോലെ നിവര്‍ന്നുനിന്ന് ചൂലൊന്ന് കൊട്ടിശരിയാക്കി ഉത്തരം പറയാന്‍ തെയ്യാറായി . ഇനി ചോദിക്കാതെ വയ്യല്ലൊ.


"ആരുടെ കാര്യാ പറേണത് ദേവൂട്ടീ? "

" കൊച്ചൂട്ട്യമ്മേടേയ്........ തീരെ വയ്യാട്ടൊ ആയമ്മക്ക്. അടുത്താച്ചാ ആര്വോട്ടില്ല്യേയ്നും.."

"മക്കളൊന്നും വന്നില്ല്യേ
?"

" പെമ്മക്കളൊക്കെ കെട്ടിക്കൊണ്ടോയേടത്തല്ലെ. ആങ്കുട്യോളാണേല് ജോലിസ്ഥ ലത്തും. അവര് പറേണത് അങ്ങട്ടേക്ക് ചെല്ലാനാണേയ്........."

" അതിനെന്താ പോയ്ക്കൂടെ..... മക്കളല്ലെ വിളിക്കണത്.."

"അതെങ്ങിന്യാ ചക്കേം മാങ്ങേം തേങ്ങേംള്ള തൊടീം വിട്ട് ആയമ്മ പോവുംന്ന് കുഞ്ചാത്തല്ക്ക് തോന്ന്ണണ്ടോ?"

ആവുന്നകാലത്തെന്നല്ല ഇപ്പോഴും, ശരീരം വഴങ്ങുമെങ്കില്‍ കൊച്ചൂട്ട്യമ്മ എപ്പോഴും വളപ്പില്‍ തന്നെയായിരുന്നു. ഓരൊ മരത്തിനു ചുവട്ടിലും പോയിനിന്ന് എന്തൊക്കെയോ അവരുടെ ഭാഷയില്‍ സംസാരിച്ച് പകല്‍ മുഴുവന്‍ സമയം കഴിക്കും. കൊച്ചൂട്ട്യമ്മേടെ ഭര്‍ത്താവ് രാവുണ്ണ്യാര്ള്ളപ്പോളും അതങ്ങിനെത്തന്നെയായിരുന്നു. അറ്റം കാണാതെ പരന്നുകിടക്കുന്ന വളപ്പില്‍നിന്നും ഒരു മച്ചിങ്ങപോലും മൂപ്പരറിയാതെ പടിയിറങ്ങില്ല.
ഞങ്ങള്‍ നാട്ടിലെത്തിയാല്‍ പിറ്റെദിവസം കൊച്ചൂട്ട്യമ്മ വരും . ഒരു ചക്ക , ഇത്തിരി മാങ്ങ , ഒരു പടല ചെറുപഴം അങ്ങിനെ എന്തെങ്കിലുമൊക്കെയുണ്ടാവും കയ്യില്‍.

"ഇവിടത്തെ കുട്ടി വരുണൂന്നറിഞ്ഞപ്പൊ പഴുപ്പിക്കാന്‍ വെച്ചതാ"

ഇടക്കെപ്പോഴെങ്കിലും പുറത്തിറങ്ങുമ്പോള്‍‍ വളപ്പിന്റെ ഏതെങ്കിലും മൂലയില്‍ നിന്ന് ഉറക്കെ ശബ്ദമുയരും

" തെക്കേപ്ലാവിന്റെ ചക്ക വറക്കാന്‍ പാകായരിക്കുണൂട്ടോ..... ആളെക്കിട്ട്യാ അങ്ങ്ട്ടേക്ക് എത്തിക്കാം. പോവുമ്പോ വറത്ത് കൊണ്ട്വോവാലോ...... ഇത്തിരി കൊണ്ടാട്ടോം ഒണക്കാം..... ചക്ക വരട്ടി കൊണ്ട്പോണുണ്ടോ ഇത്തവണ "

തമ്മില്‍ കൂട്ടിമുട്ടിയാലും കണ്ടെന്നു നടിക്കാത്ത നഗരത്തിരക്കില്‍ നിന്നും വരുന്ന ഞങ്ങളുടെ കുട്ടികള്‍ക്ക് പ്രകടനമല്ലാത്ത സ്നേഹം അത്ഭുതമായിരുന്നു.

"മക്കള്ക്കാര്‍ക്കെങ്കിലും കൊറച്ച്ദെവസം വന്നു നിന്നൂടെ ഇവിടെ ...... അതെങ്ങിന്യാ വയസ്സായോര്ടെ ഭാരം ഏറ്റെടുക്ക്വാച്ചാല്‍ എളുപ്പല്ലേയ്........."

"അവരുടെ കുട്ട്യോളൊക്കെ അവിടെ പഠിക്ക്യല്ലെ ദേവൂട്ടി....... കൊച്ചൂട്ട്യമ്മ അങ്ങ്ട്ടേക്ക് പോയിനിന്നാല്‍ അതാവില്ലെ കൂടുതല്‍ നല്ലത്?"

"ആയമ്മ പോയി നിന്നതാണ് കഴിഞ്ഞ വര്‍ഷം മൂത്ത മോന്റടുത്ത്. മര്വോള് നല്ല കുട്ട്യാത്രെ.... ആയമ്മ പറയ്വേ......... കൊച്ചൂട്ട്യമ്മക്ക് ഒരു മുട്ടും വരാതിരിക്കാന്‍ രാവിലെ ഓഫീസില്‍ പോണേനു മുന്നെത്തന്നെ എല്ലാം ഒരുക്കി വെച്ചിട്ടാത്രെ ആക്കുട്ടി പോവുള്ളു".

"എന്നിട്ടേന്തേ?"

"ഫ്ലാറ്റിലേയ് ആയമ്മക്ക് ശ്വാസമ്മുട്ട്വാത്രെ............ അടുത്ത വീട്ടിലൊക്കെ ഹിന്ദിക്കാരാണേയ് .
ഇത്തിരി മലയാളം പറയണംച്ചാല്‍ അവരാരെങ്കിലും തിരിച്ചു വന്നാലെപറ്റുള്ളൂന്ന്. മകന്റെ കുട്ട്യോള് ഇഗ്ലീഷിലാത്രെ തമ്മാമ്മില് സംസാരിക്ക്യാ. പൊറത്തേക്ക് നോക്ക്യാ നമ്മടെ തെങ്ങു കാണണമാതിര്യാണ്ത്രെ ബില്‍ഡിങ്ങ്വോള്. ഒരു മാസം തെകച്ച് നിന്നില്ല്യ, ആയമ്മക്ക് മത്യായീന്ന്."

"ചെലതൊക്കെ സാരംല്ല്യാന്ന് വെക്കണ്ടേ...."

"എന്തിനാത്....... ഞാനുമ്പറഞ്ഞു ഇനി പോണ്ടാന്ന്. വെളുത്തേടത്തെ രാധമ്മേം അതന്നേ പറഞ്ഞത്. പൈസാന്നുംപറഞ്ഞ് അന്യനാട്ടില് കെടന്നു കഷ്ടപ്പെടാണ്ടെ ഇങ്ങോട്ട് വിളിക്കാന്‍ പറഞ്ഞു മക്കളെ. ഇനീപ്പോ ആരുംല്ല്യാച്ചാലും നൊമ്മ്ടെ ഉമ്മറത്തെ കാറ്റും വെളിച്ചോം തൊടീം തോടും ഒക്കെ മതീലോ.തോട്ടില് മുങ്ങികുളിക്കണ സുഖം കിട്ട്വോ കുളിമുറീല്...... അവനോന്റെ ഉമ്മറത്ത്വന്നെ ജീവിച്ച് മരിക്ക്യാന്‍ സുകൃതംചെയ്യണം."

മുറ്റമടിക്കുമ്പോള്‍ പറന്നു വീഴുന്ന പഴുക്കിലകളോടെന്നപോലെ ദേവൂട്ടി സ്വയം സമാധാനിപ്പിച്ചുകൊണ്ടിരുന്നു ..... "ന്നാലും വയസ്സായ അമ്മേ തിരിഞ്ഞു നോക്കാണ്ടിരുന്നാ അവറ്റോള് അനുഭവിക്കാണ്ടിരിക്കില്ല്യ....."

ഉറക്കെ പറയാന്‍ ഭയന്ന്‍ എന്റെ മനസ്സ് ദേവൂട്ടിയോട് പറഞ്ഞുകൊണ്ടിരുന്നു ........" അരുതു ദേവൂട്ടി...... അങ്ങിനെ ശപിക്കരുതെന്ന്‍ ........പറിച്ചുനടുമ്പോള്‍ വേരുകള്‍ നഷ്ടപ്പെട്ട് വാടിത്തളരുന്ന തായ്മരവും ചെന്നുവീണിടത്ത് ജീവിതം തേടി പരക്കുന്ന വേരുകള്‍ പിഴുതെടുക്കാനാവാതെ മുരടിച്ചു തളരുന്ന വിത്തുകളും ഞങ്ങള്‍ കേരളത്തിന് പുറത്തുള്ളവര്‍ മനസ്സിലെന്നും ഒരു നീറ്റലായി
കൂടെ കൊണ്ടുനടക്കുന്നതാണെന്ന് .



ദേവൂട്ടിയിലെ മറ്റു പോസ്റ്റുകള്‍
ദേവൂട്ടി........

20 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

പറിച്ചുനടുമ്പോള്‍ വേരുകള്‍ നഷ്ടപ്പെട്ട് വാടിത്തളരുന്ന തായ്മരവും ചെന്നുവീണിടത്ത് ജീവിതം തേടി പരക്കുന്ന വേരുകള്‍ പിഴുതെടുക്കാനാവാതെ മുരടിച്ചു തളരുന്ന വിത്തുകളും ഞങ്ങള്‍ കേരളത്തിന് പുറത്തുള്ളവര്‍ മനസ്സിലെന്നും ഒരു നീറ്റലായി കൂടെ കൊണ്ടുനടക്കുന്നതാണെന്ന്..........

ശ്രീനാഥന്‍ പറഞ്ഞു...

നല്ല ഒരു പോസ്റ്റ്! ആരേയും കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലല്ലോ, പുറമെ നാടിനെ വെറുക്കുന്നുവെന്ന് കാണിക്കുന്ന മറുനാടൻ മലയാളികൾ കൂടി മനസ്സിൽ ഒരു തേങ്ങൽ കൊണ്ടു നടക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. കൊച്ചൂട്ട്യമ്മയുടെ ചിത്രം അസ്സലായിട്ടുണ്ട്!

ശ്രീ പറഞ്ഞു...

നല്ല പോസ്റ്റ്.

കൊച്ചൂട്ട്യമ്മയുടെ ചിത്രം മനസ്സില്‍ മറ്റു പലരുടെയും രൂപത്തെ ഓര്‍മ്മിപ്പിയ്ക്കുന്നു.

Manoraj പറഞ്ഞു...

അവസാന പാരഗ്രാഫില്‍ എല്ലാ വേദനയും ഉണ്ട്.. ആത്മകഥാംശമുണ്ടോ ചേച്ചി :)

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

മനസ്സ് സംസാരിക്കുന്ന കഥ.
നാട് എന്നൊരു വിങ്ങല്‍ മനസ്സിലില്ലാത്ത ആരേലും കാണുമോ.
എന്നാലും ഒറ്റപ്പെടുന്ന ഒരമ്മയും അവരുടെ നിസ്സഹായതയും നൊമ്പരം തന്നെ.
അത് നന്നായി പകര്‍ത്തി പ്രയാണ്‍.

Unknown പറഞ്ഞു...

ഒറ്റപ്പെടുന്ന, ഒറ്റപ്പെട്ടുപോയ അനവധി അമ്മമാര്‍ക്കു വേണ്ടിയുള്ള ഒരോര്മ്മക്കുറിപ്പായിട്ടു തോന്നി!
അഭിനന്ദനങ്ങള്‍!

രമേശ്‌ അരൂര്‍ പറഞ്ഞു...

വേരുകള്‍ പിഴുതു മാറ്റപ്പെട്ട വലിയ സമൂഹത്തിന്റെ വിങ്ങല്‍ ഈ കഥയില്‍ നോവും നനവുമായി നില്‍ക്കുന്നു ,,നന്നായി എഴുതി .

വിജീഷ് കക്കാട്ട് പറഞ്ഞു...

ഇനീപ്പോ ആരുംല്ല്യാച്ചാലും നൊമ്മ്ടെ ഈ ഉമ്മറത്തെ കാറ്റും വെളിച്ചോം തൊടീം തോടും ഒക്കെ മതീലോ.
ഈ തോട്ടില് മുങ്ങി കുളിക്കണ സുഖം കിട്ട്വോ കുളിമുറീല്...... അവനോന്റെ ഉമ്മറത്ത്വന്നെ
ജീവിച്ച് മരിക്ക്യാന്‍ സുകൃതം ചെയ്യണം.....


ഈ ഭാഷ കേള്‍ക്കണ സുഖോം
മറ്റെസവിടന്നും കിട്ടില്ലാട്ടോ...
നല്ല എഴുത്തുതന്നെയാ ചേച്ചി.....
ആശംസകള്‍....

അജ്ഞാതന്‍ പറഞ്ഞു...

നല്ല പോസ്റ്റ്‌..

Sidheek Thozhiyoor പറഞ്ഞു...

കൊച്ചുട്യമ്മ മനസ്സില്‍ പതിഞ്ഞു..

Pranavam Ravikumar പറഞ്ഞു...

Good one..!

the man to walk with പറഞ്ഞു...

പറിച്ചുനടുമ്പോള്‍ വേരുകള്‍ നഷ്ടപ്പെട്ട് വാടിത്തളരുന്ന തായ്മരവും ചെന്നുവീണിടത്ത് ജീവിതം തേടി പരക്കുന്ന വേരുകള്‍ പിഴുതെടുക്കാനാവാതെ മുരടിച്ചു തളരുന്ന വിത്തുകളും ....

Best Wishes

പ്രയാണ്‍ പറഞ്ഞു...

ശ്രീനാഥന്‍ നാട് മാത്രം മനസ്സില്‍ ‍കൊണ്ടുനടക്കുന്നവരും ഉണ്ട് അതില്‍ ....പ്രവാസത്തിന്റെ ഓരോ വളവിലും തിരിവിലും നാടിന്‍റെ ഒരു തുള്ളി എസന്‍സെങ്കിലും തേടിനടക്കുന്നവര്‍........

ശ്രീ
സിദ്ധീക്ക..
എല്ലാനാട്ടിലുമുണ്ടാവുമല്ലേ ഇങ്ങിനെയൊരു കൊച്ചൂട്ട്യമ്മ

Manoraj
ഇല്ല്യാന്നു പറയാന്‍ വയ്യ...... എന്റെ അമ്മ ഇവിടെ രണ്ടുമാസം തികച്ചു നിന്നില്ല.ഇതൊക്കെതന്നെ കാരണങ്ങള്‍ . നാട്ടില്‍ ചേച്ചിയുടെയടുത്തായതിനാല്‍ സമാധാനമുണ്ട്. എന്നാലും....

ചെറുവാടി മനസ്സുതന്നെയാണ് സംസാരിച്ചത് .
നമ്മള്‍ പ്രവാസികളുടെ...


appachanozhakkal മക്കള്‍ക്കും .....:)

രമേശ്‌അരൂര്‍
മഞ്ഞുതുള്ളി
വിജീഷ് കക്കാട്ട്
Pranavam Ravikumar
the man to walk with
വളരെ സന്തോഷം ....

Umesh Pilicode പറഞ്ഞു...

ആശംസകള്‍....

yousufpa പറഞ്ഞു...

ന്തായാലും മ്മടെ നാടെന്ന്യാ നല്ലത്.ച്ചിരി ശ്വാസേങ്കിലും ആശ്വാസത്തില്‌ കിട്ടൊല്ലൊ.
ഞാൻ ദേവൂട്ടീടെ കൂട്ടാ..

jayanEvoor പറഞ്ഞു...

മാതാപിതാക്കൾക്കൊപ്പം ജീവിക്കാൻ കഴിയാത്ത അവസ്ഥ മറുനാടൻ മലയാളികൾക്കു മാത്രമല്ല, കേരളത്തിൽ ജീവിക്കുന്ന മലയാളികൾക്കുമുണ്ട്.

എന്റമ്മയ്ക്ക് നാലാൺമക്കളാ ഉള്ളത്, ഞാനുൾപ്പടെ. ഒരാൾ പൂനെയിൽ. ഒരാൾ മലപ്പുറത്ത്. ഒരാൾ ആലപ്പുഴ. ഞാ‍ൻ തൃപ്പൂണിത്തുറ.

അമ്മ ആലപ്പുഴക്കാരനൊപ്പം. അത്രയും ആശ്വാസം.

പോസ്റ്റ് ഇഷ്ടപ്പെട്ടു ചേച്ചീ.

(ഒ.ടോ: ഡൽഹിയിൽ വരാൻ കഴിഞ്ഞില്ല. ബനാറസ് പോയി വന്നു. മുംബൈ-പൂനെ വഴി. അനിയനെ കാണേണ്ടതുണ്ടായിരുന്നു.)

പ്രയാണ്‍ പറഞ്ഞു...

ഉമേഷ്‌
യൂസുഫ്പ
jayanEvoor
സന്തോഷം.........

യൂസുഫ്പ അതുപിന്നെ അങ്ങിനെയല്ലേ ...:)

jayan പലപ്പോഴും മക്കളുടെ വിഷമം പറഞ്ഞുകേള്‍ക്കാറില്ല. എപ്പോഴെങ്കിലും ഡല്‍‍ഹിയില്‍ വരികയാണെങ്കില്‍ ഓര്‍ത്തോളു.

Unknown പറഞ്ഞു...

...അവനോന്റെ ഉമ്മറത്ത്വന്നെ ജീവിച്ച് മരിക്ക്യാന്‍ സുകൃതം ചെയ്യണം."

ശരിയാണ് :)
കൊച്ചൂട്ടീനെം ദേവൂട്ടീനെം കാണാം പലയിടത്തും.

Echmukutty പറഞ്ഞു...

എല്ലാവരും എല്ലായിടത്തുമുണ്ട്.
ഭംഗിയായി എഴുതി.അഭിനന്ദനങ്ങൾ.

പ്രയാണ്‍ പറഞ്ഞു...

നിശാസുരഭി
Echmukutty

വളരെ സന്തോഷം കണ്ടതില്‍.