
പൂവിരിയും പോലെ
പൂമണം പരക്കും പോലെ
നനഞ്ഞ മണ്ണില്‍നിന്നും തലയുയര്‍ത്തി
വിത്ത് ഇലവിരിക്കുമ്പോലെ
നനുത്ത ശ്വാസം പോലെ കണ്മിഴിക്കണമെന്ന്‍
ഒളിച്ചുവെച്ചതാണൊരു സ്വകാര്യം
കണ്ണെത്താതൊരിരുള്‍മൂലയില്‍.
ഉറങ്ങിപ്പോയിരുന്നു വീട്
ഞെട്ടിയുണര്‍ന്ന് നാലുപാടും നോക്കുന്നുണ്ട്.
ഓരോ മൂലയിലേക്കും കാറ്റിനെ പായിക്കുന്നുണ്ട് .
ചുറ്റിയടിച്ചെത്തുന്ന ഓരൊ കാറ്റിലേക്കും മൂക്കു വിടര്‍ത്തുന്നുണ്ട്.
എന്താണൊരിടയിളക്കമെന്ന്‍..
എന്താണ് ഇതുവരെയില്ലാത്ത എന്തൊക്കെയോ
എന്താണ്? എന്താണ് എന്ന്?
ബോറടിക്കുന്നുണ്ടാവും വീടിന്
കാറ്റില്‍ നമ്മുടെ മിഡ് ലൈഫ് ക്രൈസിസുകളില്‍ നിന്നും
പൊട്ടിമുളയ്ക്കുന്ന ചൂടന്‍ നിശ്വാസങ്ങള്‍
രസനകളില്‍ പഴകിയ പ്രണയത്തിന്റെ വിയര്‍പ്പുപ്പുകള്‍
നിന്റെയിഷ്ടങ്ങള്‍ എന്റെയിഷ്ടങ്ങള്‍
വഴക്കുകള്‍ പിണക്കങ്ങള്‍ ഇണക്കങ്ങള്‍
കാലഹരണപ്പെട്ട നമ്മുടെ വിശ്വാസങ്ങള്‍
കാത്തുനില്‍ക്കാനാവില്ലെന്ന്
നമ്മളെയും കടന്നു മറഞ്ഞ കാലത്തിന് മുന്നില്‍
തോറ്റുനില്‍ക്കുന്ന നമ്മള്
ചിറകുമുളച്ചാവോ എന്ന് തിരക്കാനായും മുന്‍പ്
കൂടുവിട്ട് പറന്നു പോയ പക്ഷിക്കുഞ്ഞുങ്ങള്‍.....
ബോറടിക്കുന്നുണ്ടാകും വീടിന്
ചാനലുകളുടെ ഉച്ചഘോഷണങ്ങള്‍
യുദ്ധങ്ങള്‍, പോരടിയ്ക്കുന്ന രാജ്യങ്ങള്‍
ദേശങ്ങള്‍ ആളുകള്‍ രാഷ്ട്രീയം ദൈവം
ജീവിച്ചുതുടങ്ങും മുന്‍പ്
ലോകത്തെപ്പറ്റി പരാതിപറയാന്‍
ദൈവത്തെത്തേടിപ്പോയ കുഞ്ഞുങ്ങള്‍
ജീവിക്കാന്‍ മറന്നുപോയ അവരുടെ അച്ഛനമ്മമാര്‍
ഉറഞ്ഞുപോയ ചുമരുകള്‍ക്ക്
കാലുള്ളവരോടസൂയ തോന്നിത്തുടങ്ങും
വെറുത്ത് വീര്‍ക്കുന്ന മോന്തായം
ചിറകുകള് സ്വപ്നം കാണാന്‍ തുടങ്ങും.
ബോറടിക്കുന്നുണ്ടാകും വീടിന്
വീടിനെക്കാള്‍ വലുത് നാടെന്ന്
ഇടക്കിടെ വീടിനെ തനിച്ചാക്കിപ്പോകുന്ന നമ്മള്
ഒറ്റയ്ക്കിരുന്ന് ആഘോഷങ്ങളെ സ്വപ്നം കാണുന്ന വീട്.
നമുക്കായി ഉറങ്ങാതെ കാത്തിരുന്ന വീടിനെ മറന്ന്
നാടിനെപ്പറ്റി നീട്ടിനീട്ടിയെഴുത്തുന്ന കവിതകള്‍
വീട് കണ്ടിട്ടില്ലാത്ത
നാട്ടിലെമഴ, നാട്ടിലെപ്പുഴ, നാട്ടിലെപ്പച്ച
നാട്ടിലെ വീട്........
ഇഷ്ടികകള്‍ നാഴികകള്‍ക്കപ്പുറത്തേതോ കളിമണ്‍പാടങ്ങളോര്‍ക്കും
മണല്‍ത്തരികള്‍ ഏതോ പുഴയോരങ്ങളെ
വാതിലുകള്‍ കോടപുതച്ച മലനിരകളെയപ്പാടെ
വീടിന്റെ മനസ്സിപ്പോളെവിടെയാവും.....
ബോറടിക്കുന്നുണ്ടാകും വീടിന്
ചൊറിഞ്ഞുതിണര്‍ക്കുന്ന പപ്പടപ്പൊള്ളങ്ങളാല്‍
എത്രമുറുക്കിയാലും അപസ്വരമുതിര്‍ക്കുന്ന കണ്ണീര്‍തന്ത്രികളാല്‍
വീടത് നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കും.
വീടിന്റെ കാര്യത്തില്‍ തീരെ ശ്രദ്ധയില്ലെന്ന
നമ്മളാന്യോന്യം കുറ്റപ്പെടുത്തും
എന്തുപറ്റി എന്തുപറ്റി എന്ന്
ഓരോ ചുമരുകളെയും തൊട്ടുതഴുകി
ഇങ്ങിനെ കരയല്ലേയെന്ന്
ജലതരംഗങ്ങളെ ചിട്ടപ്പെടുത്തി
അപ്പോള്‍ വീടിന് തോന്നും സ്നേഹിക്കപ്പെടുന്നതായി.
അപ്പോള്‍മാത്രമാകണം വീടൊരു വീടാകുന്നത്
നാലുചുമരുകള്‍ കൈകോര്‍ത്ത് മേല്‍ക്കൂര മുഖം ചേര്‍ത്ത്
നമ്മളെ വീടിന്റെ സ്വന്തമാക്കുന്നത്....
പൂവിരിയും പോലെ
പൂമണം പരക്കും പോലെ
നനഞ്ഞ മണ്ണില്‍നിന്നും തലയുയര്‍ത്തി
വിത്ത് ഇലവിരിക്കുമ്പോലെ
നനുത്ത ശ്വാസം പോലെ കണ്മിഴിക്കണമെന്ന്‍
ഒളിച്ചുവെച്ചതാണൊരു സ്വകാര്യം
വീടിന്റെ കണ്ണെത്താതൊരിരുള്‍മൂലയില്‍.
തിരഞ്ഞുപിടിച്ചോളും പതുക്കെ....
ഒരേമണം
ഒരേ നിറം
ഒരേസ്വാദ്
ബോറടിക്കുന്നുണ്ടാകും വീടിന്....