ഞായറാഴ്‌ച, നവംബർ 17, 2013

നുരകള്‍...


 




ഏതോ ഒരാശുപത്രിയിലെ
ഏതോ ഒരു മുറി.....


ബെറ്റാഡൈനില്‍ കുതിര്‍ന്ന
ആശുപത്രി മണമായിരുന്നില്ലത്..

ഡ്രസ്സ് ചെയ്യുന്ന മുഖത്ത്
എന്തിനെന്നറിയാതെ ഊറിവന്ന
ചിരിയെ നോക്കിയാവണം
പറന്നിരുന്നേക്കാവുന്ന
ഒരു ഈച്ചയെ ആട്ടുമ്പോലെ
അമ്മ നിലത്തു തുപ്പി

ഹറാംസാദ...

മുറി വൃത്തിയായിരിക്കേണ്ടത്
അത്യാവശ്യമെന്ന് പറഞ്ഞ്
ഡോക്ടര്‍ തന്‍റെ തലയ്ക്കു
പാകത്തിലൊരു വെളിച്ചം
വട്ടത്തില്‍ മുറിച്ചെടുക്കാന്‍
പണിപ്പെട്ടുകൊണ്ടിരുന്നു..

അച്ഛന്‍റെ പരുപരുത്ത കൈകള്‍
അടരാനാകാത്തവിധം
തമ്മില്‍ത്തമ്മില്‍ ഞെരിഞ്ഞമര്‍ന്നു.

അനിയത്തിക്കുട്ടി
കാഴ്ചക്കാര്‍ കൊണ്ടുവന്ന
പാവകളിലൊന്നിനെ അസൂയയോടെ
പിടിച്ച് ഞെക്കിക്കൊണ്ടിരുന്നു.

എക്സ്ക്ളൂസീവ് ഫോട്ടോകള്‍ക്കായി
ഏതോ ചാനല്‍ ക്യാമറക്കണ്ണു
മുഴുവനായും മിഴിച്ചു.

ജരാസന്ധന്‍റെ പുനരവതാരമായി
ബെഡില്‍ കിടന്ന്‍
ആ നാലുവയസ്സുകാരി മാത്രം
ഇതൊന്നുമറിയാതെ
കടിച്ചു പറിക്കപ്പെട്ട
മുലക്കണ്ണുകളാല്‍
പാവക്കുഞ്ഞിന് ഇനി
പാല്‍ കൊടുക്കുന്നതെങ്ങിനെയെന്ന്
വെറുതെ വെറുതെ
വേവലാതിപ്പെട്ടുകൊണ്ടിരുന്നു.



******* 
വിത്തുകാക്കേണ്ട കൈകളാല്‍
വിലപേശപ്പെടുമ്പോള്‍
നിറങ്ങള്‍ കൂട്ടം കൂട്ടമായി ആത്മഹത്യ ചെയ്യും.
ഞരമ്പുകളറ്റ് ഒലിച്ചിറങ്ങിയ
ചോരയിലൂടെ നടന്നുപോയവര്‍
'ശവങ്ങളില്‍'
വിലകൊടുത്തു വാങ്ങിയ നിറം പൂശി
വിലപേശിക്കോണ്ടേയിരിക്കും.
തേച്ചുപിടിപ്പിച്ച വിലകുറഞ്ഞ നിറങ്ങള്‍
ഉതിര്‍ന്നു വീണുകൊണ്ടിരിക്കുമ്പോള്‍
തീരെ രക്തം വാര്‍ന്നെന്ന് തോന്നിയ ഒന്നിനെ
അവര്‍ 'രക്തസാക്ഷി' എന്ന് വിളിക്കും.
ആ രക്തത്തില്‍ കുതിര്‍ന്നുണര്‍ന്ന്
സ്വയം മരിച്ചെന്നു കരുതിയ
'നിറങ്ങള്‍'
വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും


4 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

ഏതോ ഒരു ആശുപത്രി, ഏതോ ഒരു മുറി....എങ്കിലും വേദനിക്കുന്നുണ്ട്

പട്ടേപ്പാടം റാംജി പറഞ്ഞു...

നുരഞ്ഞുകൊണ്ടിരിക്കുന്നു

the man to walk with പറഞ്ഞു...

ഒരു മുരൾച്ചയോ ..?തേങ്ങലോ ..?
ഉണർന്നു വളരുന്നു

സൗഗന്ധികം പറഞ്ഞു...

ഏറ്റവും ഒടുവിൽ ചാനലുകളും,പിന്നെ കൊണ്ടാടപ്പെട്ട നമ്മുടെ നിയമ വ്യവസ്ഥിതിയും!!! വിലപേശലും,കൊത്തിക്കീറലും അവസ്സാനിക്കുന്നില്ല.!

നല്ല കവിത

സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.


ശുഭാശംസകൾ....