ശനിയാഴ്‌ച, നവംബർ 02, 2013

നാലാള്ക്ക്‍......

'മഴക്കാലം പോലെയാണത്...'
അമ്മ പറയും
“ആ ഇറയത്ത്ന്ന്ത്തിരി നീക്കിടണേ
കരിമ്പനടിക്കും
പിന്നെ തേച്ചൊരച്ചാലും പോകില്ല.
നാലാളെ കാട്ടാന്‍ കൊള്ളില്ല.”


'മഴക്കാലം പോലെയാണത്... '
മഴപിടിക്കും തോറും
ചുമരെല്ലാം പച്ചച്ച് പച്ചച്ച്
ഒച്ച് കയറിക്കോണ്ടേയിരിക്കും
അമ്മ പറയും
“ദിവസോം തേച്ചൊരച്ചാലും
പിറ്റെന്നയ്ക്ക് പിന്നിംണ്ടാവും അതേപോലെ “
നാലാള് കണ്ടാന്താ കര്ത്വാ....”


'മഴക്കാലം പോലെയാണത്...'
വെയിലു പായവിരിക്കാത്ത
വഴിയെല്ലാം നനഞ്ഞു നനഞ്ഞ്
അമ്മ പറയും
“എപ്പഴാ വഴുക്ക്വാന്നറിയില്ല
ആരാ വീഴ്ണേന്നറിയില്ല
തേച്ചൊരച്ചു കഴുകണേ...
നാലാള് നടക്ക്ണ വഴ്യാ.....”


'മഴക്കാലം പോലെയാണത്...'
നോക്കിനില്‍ക്കുമ്പോഴാണ്
ആകെ പൊന്തകെട്ടി
പടര്‍ന്ന് പന്തലിച്ച്
അമ്മപറയും
“പാമ്പൊളിച്ചിരിക്ക്ണ് ണ്ടാവുംട്ടോ
ഇന്നന്നെ എല്ലാം വെട്ടി വെളുപ്പിക്കണം.
നാലാള്ക്ക് കണ്ടാ പേട്യാവ്വേയ്”


'മഴക്കാലം പോലെയാണത്...'
ഇടക്ക് ചാറി, ഇടക്ക് പെയ്ത്
കെട്ടുകാഴ്ചയായി ചിലപ്പോ ഇടിയും മിന്നലും ...
ഒച്ചും വഴുക്കലും പൊന്തയും ഉണങ്ങിപ്പൊടിഞ്ഞാലും
കരിമ്പനുണ്ടാവും കറുത്ത് കറുത്ത്
എത്ര തേച്ചൊരച്ച് കഴുക്യാലും പോകാതെ...
അമ്മ പറയും.....
“ഇന്യതാ തെക്കേത്തൊടീല്‍ക്കങ്ങട്ട് വലിച്ചെറിയ്യാ
അല്ലാണ്ടെപ്പൊന്താ ചിയ്യാ.....
ഉടുത്തോണ്ട് നടക്കാന്‍ പറ്റ്വോ
നാലാള് കണ്ടാ നാണക്കേടാണെ ...”

5 അഭിപ്രായങ്ങൾ:

the man to walk with പറഞ്ഞു...

നാലാൾ കാണട്ടെ
നല്ല വരികൾ

ajith പറഞ്ഞു...

ഇപ്പോ ഇപ്പോ നാലാളെ ആര്‍ക്കും പേടിയുമില്ല കരുതലുമില്ല

P V Ariel പറഞ്ഞു...

ഈ കൊച്ചു കവിത
ചില പഴയ കാല ഓർമ്മകൾ
തൊട്ടുണർത്തി, നന്ദി
ഇവിടെ ചില കാര്യങ്ങൾ
കൂടി ചെര്ക്കാനുണ്ടല്ലോ
അതായതു പ്രധാനമായും
ഒരു followers ബട്ടണ്‍
ആശംസകൾ

Prins//കൊച്ചനിയൻ പറഞ്ഞു...

ഒരു മഴക്കാലം മനസ്സിൽ പെയ്തിറങ്ങിതു പോലുണ്ട്. P V Ariel മാഷ് പറഞ്ഞതു പോലെ എന്തൊക്കെയോ ചില പഴയകാല ഓർമകളെ തൊട്ടുണർത്തി...

Mubi പറഞ്ഞു...

നന്നായിരിക്കുന്നു....