വെള്ളിയാഴ്‌ച, ഓഗസ്റ്റ് 16, 2013

വര്‍ഷ സന്ത്രാസങ്ങള്‍...



1-
എന്തിനോ വീണ്ടും തണുത്തു തണുത്തൊരീ
മണ്ണിന്‍ മടിയിലായ് പെറ്റിട്ടുകാലം
മിണ്ടാതെയൊന്നു തിരിഞ്ഞുനോക്കാതെതന്‍
തണ്ടേറ്റിവീണ്ടും നടത്തം തുടര്‍ന്നിടെ
കണ്‍ തുറന്നിന്നെന്നെ നോക്കുമീ കുഞ്ഞിളം
കണ്ണില്‍ നിറയ്ക്കുവാന്‍ വേനലും വര്‍ഷവും
പിന്നെവിരളമായ്പ്പൂക്കും വസന്തര്‍ത്തു
പുന്നരകഗന്ധമുണര്‍ത്തു ന്ന ശൈത്യവും.

2-
പകലുകള്‍ വന്നതും പോയതും പിന്നിട്ട്
പകുതിവഴിയെത്തി പിന്തിരിഞ്ഞോര്‍ക്കുന്നു
പതിരെത്ര പടിയെത്ര പലനാളിലായി നാം
പതിവെച്ചു കൂട്ടിനായ് ചേര്‍ത്തു പിടിച്ചതും
പകലൊപ്പമനുദിനം മടിയാതെ വന്നതും
പകലന്തിയോളം പടിപ്പുരകാത്തതും
പതിയെവിടചൊല്ലി തിരിയെ നടന്നതും
പതറുന്ന മനവുമായ് മൊഴിമുട്ടി നിന്നതും
പടികയറി വന്നതിന്‍ പലതായിമറഞ്ഞതിന്‍
പൊരുളുകളോര്‍ത്ത് പകച്ചു നാം നിന്നതും..
3-
ഇന്നുനിന്‍ സൂര്യന്‍ പടിഞ്ഞാറ് ചോക്കവേ
ഇന്നിന്‍ നിഴല്‍ നീളെ നീണ്ടു നിറയവേ
ഇങ്ങനീ രാവും പകലുമിടംവല-
മിങ്ങു തിരിഞ്ഞും മറിഞ്ഞും കിടന്നതും
മണ്ണെന്നു മലവെട്ടി മലയിലെക്കല്‍ വെട്ടി
മണലൂറ്റി പുഴയാറ്റി കാടിന്‍റെ മുടിവെട്ടി
മണ്ണു ചുവന്നതും വെള്ളം കറുത്തതു-
മൊന്നും മതിയാതെ വിണ്ട ഞെരമ്പൂറ്റി
പിന്നെയുമേതോ വിഷഗ്രസ്തമാക്കിയും
പഞ്ചപ്രാണങ്ങള്‍ വലിച്ചിഴച്ചമ്മയെ
എണ്ണംപറഞ്ഞു വിലപേശിനില്‍ക്കവേ
എല്ലാത്തിനും സാക്ഷി വാനവുംഭൂമിയും
ഇന്നലെ വന്നു പിറന്നതുമിന്നു നീ
മിന്നല്‍പോലൊന്ന് വളര്‍ന്നതും പോകുവാ-
നുണ്ട് തിടുക്കമെന്നെന്തോ തിരക്കിടെ
നാളെതന്‍ മുന്നില്‍ത്തലകുനിപ്പു ഞങ്ങള്‍.......

10 അഭിപ്രായങ്ങൾ:

Kalavallabhan പറഞ്ഞു...

എല്ലാത്തിനും സാക്ഷി

AnuRaj.Ks പറഞ്ഞു...

സന്ത്രാസം എന്നതങ്ങോട്ട് മനസ്സിലായില്ല.....

പ്രയാണ്‍ പറഞ്ഞു...

കൊടുംഭീതികള്‍ ..:)

drkaladharantp പറഞ്ഞു...

പകലുകള്‍ വന്നതും പോയതും പിന്നിട്ട്
പകുതിവഴിയെത്തി പിന്തിരിഞ്ഞോര്‍ക്കുന്നു
പതിരെത്ര പടിയെത്ര പലനാളിലായി നാം
പതിവെച്ചു കൂട്ടിനായ് ചേര്‍ത്തു പിടിച്ചതും
പകലൊപ്പമനുദിനം മടിയാതെ വന്നതും
പകലന്തിയോളം പടിപ്പുരകാത്തതും
പതിയെവിടചൊല്ലി തിരിയെ നടന്നതും
പതറുന്ന മനവുമായ് മൊഴിമുട്ടി നിന്നതും
പടികയറി വന്നതിന്‍ പലതായിമറഞ്ഞതിന്‍
പൊരുളുകളോര്‍ത്ത് പകച്ചു നാം നിന്നതും..
..............എനിക്കൊരു അവ്യക്തത. അതും കാവ്യാനുഭവമാണല്ലോ

സൗഗന്ധികം പറഞ്ഞു...

നല്ല കവിത.

ശുഭാശംസകൾ...

പ്രയാണ്‍ പറഞ്ഞു...

ഇതിന്റെ ആദ്യഭാഗം ശരിക്ക്പറഞ്ഞാല്‍ പുതുവര്‍ഷത്തലേന്നോ മറ്റോ പോസ്റ്റിയതാണ്..... അതിലെ കുഞ്ഞ് പുതുവര്‍ഷമാണ്... പിന്നീട് രണ്ടിലും മൂന്നിലും അത് കടന്നുപോകുന്ന വഴികളാണ് ..വര്‍ഷം കടന്നുപോകുന്ന ദിവസങ്ങളില്‍ പതിരും പടിയുമായി നമ്മള്‍ കൂട്ടിവെക്കുകയോ, കൂട്ടുവരികയോ ചെയ്യുന്ന, പകലന്തിയോളം കൂടെനിന്നു മിണ്ടാതെ തിരിച്ചുപോകുകയോ യാത്രപറയാനാവാതെ മൊഴിമുട്ടി നില്‍ക്കുകയോ ചെയ്യുന്ന പലതിന്റെയും പൊരുള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നതാണ് എന്നു തോന്നുന്നു. മൂന്നില്‍ ഇത്ര കുഞ്ഞ്കാലം കൊണ്ട് നമ്മള്‍ ഭൂമിയോടു ചെയ്തു കൂട്ടുന്നതും അവസാനം വര്‍ഷം നടന്നു മറയുന്നതിന്റെയും. നാളേക്കു മുന്നില്‍ നമ്മള്‍ തെറ്റുകാരാവുന്നതും...... നാളെ ചിങ്ങം ഒന്നല്ലേ...... @kaladharan

ശ്രീനാഥന്‍ പറഞ്ഞു...

പുഴയും മലയും കാടും മലീമസമാവുമ്പോൾ കുറ്റബോധം പോലും ഇല്ലാത്തവർ നമ്മൾ,കവിതയുടെ പകപ്പുകൾ നന്നായി.

Echmukutty പറഞ്ഞു...

ഈ കൊടും ഭീതികള്‍... സന്താപങ്ങള്‍..

വരികള്‍ നന്നായി..

the man to walk with പറഞ്ഞു...

ishtaayi

All the Best

ajith പറഞ്ഞു...

കലാധരര്‍ മാഷിന്‍റെ സംശയവും അതിനുള്ള മറുപടീയും കൂടെയായപ്പോള്‍ വളരെ ആസ്വാദ്യകരമായി