ചൊവ്വാഴ്ച, ഡിസംബർ 14, 2010

ദേവൂട്ടി


വടക്കുപുറത്ത് പാത്രങ്ങള്‍ തട്ടിമുട്ടുന്ന ശബ്ദം കേട്ടപ്പോഴാണ് ദേവൂട്ടി വന്നതറിഞ്ഞത്. പതിവു കുശലങ്ങളൊന്നുമില്ലാതെ പണി തുടങ്ങിയതു കണ്ടപ്പോഴെ തോന്നി എന്തോ കുഴപ്പമുണ്ടെന്ന്. തോട്ടിന്‍ കരയിലെ കുളക്കോഴിയും എന്നും ഇതേസമയത്ത് തോട്ടുവക്കത്തെ മാച്ചില്ലകള്‍ക്കിടയില്‍ പറന്നുനടക്കുന്ന മഞ്ഞക്കിളിയുംവാഴക്കുടപ്പനിലെ തേന്‍ കുടിക്കാനെത്തുന്ന അണ്ണാനും ഓലേഞ്ഞാലിയും ഒക്കെ ഇന്നും പതിവുതെറ്റാതെയെത്തി കലപില കൂട്ടുന്നുണ്ട്. വറ്റു കൊത്തിപ്പെറുക്കാന്‍ വരുന്ന കാക്കയുടെ മുന്നിലും തന്റെ ആവലാതി കെട്ടഴിക്കുന്ന ദേവൂട്ടി ഞാന്‍ അടുത്തു ചെന്നു നിന്നതുപോലും അറിയുന്നില്ലെന്നു തോന്നിയപ്പോള്‍ ചോദിച്ചുപോയി

"എന്തേ പറ്റ്യേ ദേവൂട്ടീ......."

"അതേയ്........ ആയമ്മ ചത്തൂട്ടോ........"വളരെ നിസ്സംഗമായ മറുപടി എന്നെയൊന്നു ഞെട്ടിച്ചു. ചത്തു എന്ന പ്രയോഗത്തില്‍ നിന്നും അവള്‍ക്കിഷ്ടമില്ലാത്ത ആരോ ആണ് മരിച്ചതെന്നു മനസ്സിലായെങ്കിലും ഈ ഗ്രാമത്തിലുള്ള എല്ലാരും ഞങ്ങള്‍ക്ക് അമ്മമാരാണെന്നത് ഇത്തിരി ടെന്‍ഷനുണ്ടാക്കി. . കുഞ്ഞ്വാളമ്മ , കുഞ്ചൂട്ട്യമ്മ, ജാന്വോമ്മ അങ്ങിനെ ഒരുപാടമ്മമാര്‍. ഇതിലേതമ്മയാണോ ആവോ...........

"ആരേ ദേവൂട്ട്യേ.........?"

"അവന്റെ തള്ളേയ്... ആ പട്ടാമ്പീലെ.........."

" അയ്യോ ദേവൂട്ടീ ...ന്ന്ട്ട് നീയ് അവിടെ പോകാതെ ഇങ്ങട്ട് പോര്വേ?" ദേവൂട്ടീടെ മകളുടെ അമ്മായിയമ്മയാണ് മരിച്ചത്.

"അതേപ്പൊ നന്നായത്........ ന്റെ പട്ടി പോവും....... " ആയമ്മ കാരണമാണ് മകള്‍ വീട്ടില്‍ വന്നു നില്‍ക്കുന്നതെന്നാണ് ദേവൂട്ടി വിശ്വസിക്കുന്നത്.

"ന്നാലും ദേവൂട്ടി ഒന്നു പോയ്ക്കോളൂ ട്ടോ....ഇനിപ്പൊ അവന്‍ മനസ്സുമാറി മോളെ വിളിച്ചുകൊണ്ടുപോയാലോ.........."

"അതൊന്നും നടക്കില്ല്യ കുഞ്ചാത്തലെ.."

" അതെന്തേ...?"

"ഓള്‍ക്ക് ജാതകത്തില് രണ്ടാം കെട്ടിന് യോഗംണ്ട്ത്രേ ..........."

"രണ്ടാംകെട്ടോ........!"
ഒരു കെട്ടു കഴഞ്ഞതിന്റെ ഭാരംകൊണ്ട് തളര്‍ന്ന ദേവൂട്ടി ഇനിയും നിവര്‍ന്നു നിന്നിട്ടില്ല. അപ്പോഴാണ് അടുത്ത കെട്ടിന്റെ കാര്യം.

" അതേന്നേയ് ആ പണിക്കര് ഗണിച്ച് പറഞ്ഞതാണേയ്......."

" അതൊക്കെ പണം തട്ടാന്‍ വേണ്ടീട്ട് അയ്യാള് വെറുതെ പറയ്യാവും ദേവൂട്ടീ ........... കുറച്ചു ദെവസായില്ല്യേ അവളിവിടെ വന്നു നില്‍ക്കാന്‍ തുടങ്ങിയിട്ട്.......... ചിലപ്പൊ അവന്റെ കൂടെ വീണ്ടും പോകാനാവും അവളുടെ യോഗം.."

"അതല്ലാന്നെ ........ഇവനല്ലാതെ വേറൊരാളെ മംഗലം കഴിക്കാന്‍ യോഗണ്ട്ത്രെ ന്റെ കുട്ടീടെ ജാതകത്തില്....... പിന്നെന്തിനാ വെറ്തേ ഓന്റെ പിന്നാലെ നടക്ക്ണത്.... മാലാറമ്പിലെ പണിക്കര് പറഞ്ഞാ അച്ചട്ടാ...."

ഇതെല്ലാം കേട്ട് ചിരിക്കണോ കരയണോ എന്നറിയാതെ നില്‍ക്കുമ്പോള്‍ ഒന്നുറപ്പായിരുന്നു.........ആ പണിക്കര്ക്കിട്ട് ഒന്നു കൊടുക്കാന്‍ വൈകിയിരിക്കുന്നു.

20 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

ആ പണിക്കര്ക്കിട്ട് ഒന്നു കൊടുക്കാന്‍ വൈകിയിരിക്കുന്നു.

Unknown പറഞ്ഞു...

ഈ പണിക്കര്‍ക്കിട്ടു മാത്രമല്ല, എല്ലാ പണിക്കന്‍മാര്‍ക്കിട്ടും കൊടുക്കണം!
കൂറ കടിക്കുന്നതിന്, ഓല എഴുതിക്കെട്ടിയിട്ട് ഒരു കാര്യവുമില്ല!
ഹല്ല... പിന്നെ.

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

ഗ്രാമീണപദങ്ങള്‍ നിരത്തിയ സംഭാഷണ ശൈലി ഈ കഥയെ വളരെ മികച്ചതാക്കി.

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

പ്രയാണ്‍ എഴുതിയ കഥ വായിച്ചിട്ട് വേണം ഇവിടെ സംഭവം മനസ്സിലാക്കി ഒരു അഭിപ്രായം പറയണമെന്നത് ഒരു ആഗ്രഹം ആയിരുന്നു.
കഥ ഇഷ്ടായി. ദേവുട്ടിയെയും. ഉമ്മറത്തിരുന്നു ആരോ പറയുന്നത് കേള്‍ക്കുന്നത് പോലെ. ഭാഷയും അവതരണവും അങ്ങിനെ തോന്നിച്ചു.
ആശംസകള്‍

ഒഴാക്കന്‍. പറഞ്ഞു...

പ്രയാണ്‍ , ചെറുവാടി എന്താ ഉദേശിച്ചേ
:)

Unknown പറഞ്ഞു...

കുറെ പണിക്കന്‍മാരും ജ്യോത്സ്യന്മാരും ഇറങ്ങീട്ടുണ്ട്....
പണം പിടുങ്ങാന്‍ ഓരോ നമ്പരും കൊണ്ട്

ഉല്ലാസ് പറഞ്ഞു...

കൊള്ളാം ചേച്ചീ

the man to walk with പറഞ്ഞു...

പണിക്കര്‍ക്ക് ഒന്ന് കൊടുക്കാന്‍ നേരമായി
ഇഷ്ടായി
ആശംസകള്‍

Unknown പറഞ്ഞു...

ഒരു യോഗം .........ഞാന്‍ ചിരിക്കണോ കരയണോ ?
ചിരിക്കാം .....ഇവള്‍ എന്റെ പെങ്ങള്‍ അല്ല ഭാര്യും അല്ല ....പിന്നെ ചിരിക്കാം ,,തല കുത്തി ചിരിക്കാം

Echmukutty പറഞ്ഞു...

കഥയും ഭാഷയും നല്ലത്.

Jishad Cronic പറഞ്ഞു...

രണ്ടാം കെട്ടിന് യോഗം ഇണ്ടെച്ചാല്‍ അങ്ങട് നടത്താ ... പിന്നെ പണിക്കര്കിട്ടു ഒരു കിണുക്കും കൊടുക്കാ...

yousufpa പറഞ്ഞു...

ഇത് അന്ധവിശ്വാസങ്ങൾക്കും പ്രവൃത്തീകൾക്കുമെതിരെയുള്ള ഒരു റെവലൂഷൻ ആണ്. അഭിനന്ദിക്കാതെ വയ്യ.

Manoraj പറഞ്ഞു...

പണിക്കര്‍മാര്‍ പലപ്പോഴും പണി അര്‍ഹിക്കുന്നു.. നന്നായി പറഞ്ഞു.

എന്‍.ബി.സുരേഷ് പറഞ്ഞു...

ഇരുന്നു വാഴണം ജാതകത്തിൽ
ഇരന്നു വാങ്ങണം ജീവിതത്തിൽ
എന്ന ജാതക കഥ എന്ന കവിതയിൽ അയ്യപ്പൻ എഴുതിയിട്ടുണ്ട്.

ജീവിതം കവിടി നിരത്തിപറയുന്നവരുടെ വാക്കിലൂടെ ജീവിക്കുന്നവരെക്കുറിച്ച് സഹതപിക്കാൻ പോലും എനിക്ക് ഇഷ്ടമല്ല. അല്ല്ല ഫിസിക്സ് ഒക്കെ പഠിച്ച് വലിയ ശാസ്ത്രജ്ഞനൊക്കെയായവർ പോലും കല്യാണം കഴിക്കുമ്പോൾ പെണ്ണിന് ചൊവ്വാദോഷമുണ്ടോ എന്ന് നോക്കുന്ന ലോകത്ത് ഒരു പാവം ദേവൂട്ടിയുടെ കാര്യം പറയാനുണ്ടോ?

ക്രിസ്പ്, പവർഫുൾ.

Sidheek Thozhiyoor പറഞ്ഞു...

പണിക്കന്മാരെ ഇങ്ങിനെ അടച്ചാക്ഷേപിക്കല്ലേ മാഷമ്മാരെ...എല്ലാത്തിലും ഉണ്ടല്ലോ രണ്ടു വശം ..കഥ ഒട്ടും മോശമായില്ല , ഈ പണിക്കരെ കൊട്ടിയാല്‍ പോര തട്ടണം ,അതാണ്‌..എന്താ പോരെ?

ശ്രീനാഥന്‍ പറഞ്ഞു...

ദേവൂട്ടിക്കഥകളുടെ ഒരു സമാഹാരം തന്നെ ഉണ്ടാക്കണം നമുക്ക്, നിറയെ പുളിമരങ്ങളും മാവും പ്ലാവും , അണ്ണാനും കിളികളും ആയി കരിയില മൂടിയ ഒരില്ലപ്പറമ്പിൽ, കുറെ കുഞ്ഞാത്തോലുകൾക്കും ദേവൂട്ടിമാർക്കുമിടയിൽ, ഒത്തിരി വിഷയങ്ങൾ കണ്ടെത്താനാകും ഇതുപോലെ- പ്രത്യേകിച്ച് പുരോഗമിച്ചു പുരോഗമിച്ച് എന്തിനും ജ്യോത്സ്യനെ പുറകെ പോകുന്ന ഈ മനുഷ്യർക്കിടയിൽ നിന്ന്! നന്നായി

പ്രയാണ്‍ പറഞ്ഞു...

appachanozhakkal,ആറങ്ങോട്ടുകര മുഹമ്മദ്,ചെറുവാടി,ഒറ്റയാന്‍ , ഉല്ലാസ് ,the man to walk with, Echmukutty ,Manoraj ജിഷാദ്, യൂസുഫ്പ , സിദ്ധീക്ക.. വായിച്ചതിന്നും അഭിപ്രായങ്ങള്‍ക്കും പണിക്കരെ ഇടിക്കാന്‍ കൂട്ട് പ്രഖ്യാപിച്ചതിന്നും നന്ദി......... ഈ അഭിപ്രായങ്ങള്‍ അങ്ങോര്ക്ക് പോസ്റ്റ് ചെയ്താലോഎന്നൊരാലോചനയുണ്ട്......... പേടിച്ച് ഈ പണി നിര്‍ത്തിയാല് ന്റെ ദേവൂട്ടി രക്ഷ്പ്പെടും..........:)
ഒഴാക്കന്‍ ആരേം വിടണ്ടട്ടൊ........
MyDreams ഭാര്യേം പെങ്ങളുമൊന്നുമല്ലേലും നമ്മടെ ദേവൂട്ട്യല്ലേ..........
ശരിയാണ് സുരേഷ്. കഷ്ടം തോന്നാറുണ്ട്.
ശ്രീനാഥന്‍ നാട്ടിലെപ്പൊഴെങ്കിലും പത്തുദിവസം നില്‍ക്കുമ്പോള്‍ കിട്ടുന്ന ഇത്തിരിപ്പൊടിയെയുള്ളു റിസോഴ്സായിട്ട് ബാക്കിയൊക്കെ പൊടിപ്പും തൊങ്ങലുമാണ്.

Pranavam Ravikumar പറഞ്ഞു...

നന്നായി, ആശംസകള്...!

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hridyamaya bhashayil, manoharamaya kadhaparachil... aashamsakal....

പ്രയാണ്‍ പറഞ്ഞു...

thanks Ravikumar, jayaraj