"നെനക്ക് ദാക്ഷായണി ആ വിദ്യൊന്നു വശാക്കിക്കൂടെ"
"ഏത്?"
"മ്മടെ ഗാന്ധിയൊക്കെ ചെയ്തില്ലെ ......ചര്‍ക്ക തിരിച്ച് നൂല്ണ്ടാക്കണ
വിദ്യ........."
നിഷ്ക്കളങ്കമായ ഒരു ചിരിയിലുത്തരമൊതുക്കിയപ്പോള്‍ ( പണ്ട്
മാഷ് വീണുപോയത് ഈ ചിരിയിലാണ്) ദാക്ഷായണിടീച്ചര്‍ മനസ്സില്‍ പറഞ്ഞു......
"ദേപ്പൊ നന്നായത്..... മനുഷ്യന് നിക്കാനും ഇരിക്കാനും വയ്യാണ്ട്
പണീള്ളപ്പഴാ ഇനി നൂല് നൂല്‍ക്കണ്ടത്"
റിട്ടയറ് ചെയ്തപ്പോള്‍ സുഖായീന്ന് കരുതിയതാണ് ടീച്ചറ്. പശൂം പറമ്പും ഒക്കെക്കൂടി നിന്നുതിരിയാന്‍ സമയമില്ലാത്ത അവസ്ഥയാണിപ്പോള്‍. മാഷ്ക്ക് പേപ്പറും വായിച്ച് മലര്‍ന്നു കെടന്നാല് മതീലോ.ഒരു മോനുള്ളത് ബോംബേലാണ്. പഠിക്കുന്നകാലത്ത് അവന് എസ്.എഫ്.ഐ. യില്‍ ചേര്‍ന്നത് മാഷ്ക്കൊരടിയായിരുന്നു. ഗാന്ധിസ്നേഹം മൂത്ത് മോഹന്‍ചന്ദ് എന്നാണവന്നു പേരുപോലുമിട്ടത്. ഇപ്പോഴവന് ഒരമേരിക്കന്‍ കംമ്പനിയില് ഉയര്‍ന്ന ഉദ്യോഗത്തിലാണ്.
മോള് പ്രിയദര്‍ശിനിയെ ഒരു പാര്ട്ടിക്കാരനെക്കൊണ്ട് കല്യാണം കഴിപ്പിക്കണമെന്നത് മാഷുടെ മോഹമായിരുന്നു. മോളും മോനും ടിച്ചറും കൂടി മാഷുടെ ആ സ്വപ്നം ഒരു ദയവുമില്ലാതെ പൊളിച്ച് കൂട്ടി അടുപ്പിലിട്ടു.
ദാക്ഷായണി ടീച്ചറുടെ വലം കയ്യാണ് പുഷ്പകുമാരി. അത്യാവശ്യം രാഷ്ട്രീയം മനസ്സിലാവുന്ന പുഷ്പകുമാരിയെ മാഷ്ക്കും ഇഷ്ടമാണ്. ഒരുദിവസം പുഷ്പ വന്നില്ലെങ്കില്‍ ടീച്ചറുടെ കാര്യം പറയാതിരിക്കയാവും ഭേദം. ഭക്ഷണം കഴിക്കാന്‍ പോലും സമയമുണ്ടാവില്ല. ഒരു തോണിപോലെയാണ് ടീച്ചര്‍ക്ക് പുഷ്പ. നിറഞ്ഞുകവിഞ്ഞ ഏതു പുഴയിലായാലും ടീച്ചറൊന്ന് കയറിയിരുന്ന് തുഴഞ്ഞുകൊടുത്താല്‍ മതി......... വേണ്ട കരയില്‍ ടീച്ചറെ എത്തിക്കുന്നകാര്യം പുഷ്പ ഏറ്റു. ടീച്ചര്‍ക്കും അങ്ങിനെത്തന്നെയാണ്........ തന്നെക്കാളും ഇത്തിരി സ്നേഹക്കൂടുതല് അമ്മയ്ക്ക് അവളോടുണ്ടെന്ന് മോഹന്‍ ച്ന്ദിന്റെ ഭാര്യ ഇടക്കൊക്കെ കൊനുഷ്ട് പറയാറുണ്ട്.
നാലു കിലോമീറ്റര്‍ ദൂരത്ത്നിന്ന് സാരിയൊക്കെ പത്രാസിലുടുത്ത് ടൗണിലെ ഒരാഫീസില്‍ ജോലിക്ക് പോണെന്നും പറഞ്ഞാണ് പുഷ്പ വീട്ടില്‍ നിന്നും ഇറങ്ങുന്നത്. അതുകൊണ്ട്തന്നെ ഞായറാഴ്ച്ചയും പിന്നെ ഹര്‍ത്താല്‍ ദിവസങ്ങളിലും പുഷ്പയെ കാത്തിരിക്കണ്ട. സത്യാഗ്രഹവും സമരവുമൊക്കെ ഗാന്ധിമാര്‍ഗ്ഗമാണെന്നു സമാധാനിക്കുമ്പോഴും മാഷ്ക്ക് ടിച്ചറുടെ വെഷമം കാണുമ്പോള്‍ ഹര്‍ത്താല്കാരോട് ദ്വേഷ്യം വരാറുണ്ട്.... ഒരു ഗ്ലാസ്സ് വെള്ളം പോലും കൈകൊണ്ടെടുത്ത് കുടിക്കാത്ത മാഷിന്റെതലയില്‍ അല്ലറ ചില്ലറ പണിയും വന്നു വീഴും. അതിനാല്‍ മാഷ് ഹര്‍ത്താല്‍ ദിവസം രാവിലെ വീട്ടില്‍നിന്നിറങ്ങി അമ്പലപ്പറമ്പിലെ ആല്‍ത്തറയില്‍ ചെന്നിരിക്കും. അവിടെ മാഷെപ്പോലയുള്ള ചിലരെല്ലാം നേരത്തെക്കൂട്ടി വന്നിരിക്കുന്നുണ്ടാവും. പിന്നെ രാഷ്ട്രീയത്തിലെ ഇന്നത്തെ അവസ്ഥയും ഇന്നത്തെ ചെറുപ്പക്കാരുടെ ഉത്തരവാദിത്വമില്ലായ്മയും ട്രഷറിയില്‍ പെന്ഷന് എത്താന്‍ വൈകിയതും തുടങ്ങി പലചര്‍ച്ചകളും നടക്കും. ചര്‍ച്ച ചൂടുപിടിച്ചുവരുമ്പോഴാണ് ഷാരത്ത് പപ്പടം കാച്ചുന്ന്തിന്റേം മുളകു വറുക്കുന്നതിന്റേം മണം പിന്നിലൂടെ വന്ന് തൊട്ട് വിളിക്കുക. പിന്നെ വിശപ്പിന്റെ കയ്യും പിടിച്ച് ഓരോരുത്തരായി ഇറങ്ങിനടക്കും
ഒക്ടോബര്‍ രണ്ട് മാഷ് സ്വന്തം ആരുടേയോ പിറന്നാള്‍ പോലെയാണ് ആഘോഷിക്കാറ്. അന്ന് രാവിലെ കുളിച്ച് അമ്പലത്തില്പോകാന് പറ്റിയില്ലെങ്കില്‍ വല്ലാത്ത വിഷമമാണ്. രാവിലെത്തന്നെ വന്ന മോഹന്‍ ചന്ദിന്റെ ഫോണായിരുന്നു ടീച്ചറേയും മാഷെയും വല്ലാതെ സങ്കടപ്പെടുത്തിയത്. അവന്റെ മോന് പ്ലസ് ടൂവിന് നല്ലമാര്‍ക്കും പ്രവേശനപരീക്ഷക്ക് നല്ല് റാങ്കുമുണ്ടായിട്ടും ബോംബെ ഐ. ഐ. ടിയില്‍ കിട്ടിയില്ലത്രെ.......... ഇനിയിപ്പൊ എവിടെയാണോ ആവോ കിട്ടാന്‍ പോണത്. രണ്ടുപേര്‍ക്കും വല്ലാതെ വിഷമം തോന്നി. പുഷ്പ വന്നപ്പോള്‍ മാഷ് നീര്‍ത്തിപ്പിടിച്ച പേപ്പറിന്നുള്ളിലേക്ക് ചുരുണ്ടു മടങ്ങി. ടീച്ചര്‍ പിന്നേം പുഷ്പയുടെമുന്നില്‍ സങ്കടം നീര്‍ത്താന്‍ തുടങ്ങി.
" ന്നാലും പുഷ്പേ നെന്നെപ്പോലെ ഒരു ഹരിജനായാ മത്യാരുന്നു.
ഹരിജനങ്ങള്ക്കൊക്കെ എന്തൊക്കെ ആനുകൂല്യാ ഇപ്പം...."
" ടീച്ചറെന്താ വിളിച്ചേ.........ഹരിജനംന്നു വിളിച്ചതിന്ന് നിക്ക് നിങ്ങടെ
പേരില്‍ കേസ് കൊടുക്കാം അറിയ്യോ"
പുഷ്പകുമാരി നിന്നു വിറച്ചു...... താന്‍ പറഞ്ഞതിലെ തെറ്റെന്തെന്നു മനസ്സിലാവാതെ ടീച്ചറും നിന്നു വിറച്ചു.
പൂജാമുറിയിലെ വിളക്കിനുമുന്നില്‍ മറ്റുദൈവങ്ങളോടൊപ്പം ഒരു കുട്ടിയുടെ നിഷ്ക്കളങ്കതയോടെ ചിരിച്ചിരിക്കുന്ന ഗാന്ധിയെനോക്കി മാഷ് അറിയാതെ വിളിച്ചുപോയി "ന്റെ മഹാത്മാവേ..................."
11 അഭിപ്രായങ്ങൾ:
'പുഷ്പകുമാരി' പേരതല്ലെങ്കിലും ഒറിജിനലാണ് ട്ടോ
jathi prashnaa...
ishtaayi post
best wishes
ഹരിജനം എന്ന് വിളിച്ചാൽ കേസുണ്ടോ? ഉണ്ടെങ്കിൽ ഞാൻ ഇവിടെ അങ്ങനെ പറഞ്ഞതേയില്ല.....
(ആ തൊടുപുഴ ലോഗോ കളയാറായില്ലേ?)
പാവം മാഷും ഭാര്യയും.എങ്കിലും ഐഐടി അഡ്മിഷ്ൻ കിട്ടാത്തതിന്റെ കാരണം ശരിയായില്ല, പിന്നെ ആ വാക്ക് കാലഹരണപ്പെട്ടെന്നുമറിയില്ല. നല്ല രചനാശൈലി.
രചനാ ശൈലി നന്നായിട്ടുണ്ട്.
ജാതീ തൊട്ട് കളിച്ചാൽ കാര്യം ഇത്തിരി മെനയാണെന്ന് മനസ്സിലായല്ലോ..അപ്പൊ സുക്ഷിച്ചോളൊ.. പതിവു പോലെ ഇതും ഇഷ്ടായി.
ജാതി പേര് വിളിച്ചാല്‍ 500 ഫൈന്‍ അടിക്കും !
ഹ ഹ..... എല്ലാരും കൂടി എന്നെ തല്ലാന്‍ വരണ്ടാ.......... മതം ജാതി എന്നുള്ളതൊക്കെ ഞാന്‍ ജനിച്ചുവളര്‍ന്നിരുന്ന അല്ലെങ്കില്‍ ജീവിച്ചിരുന്ന സാഹചര്യങ്ങള്‍ മാത്രമാണെനിക്ക്........... അച്ഛന് ബാക്കിവെച്ചിരുന്നത് പത്തുശതമാനത്തിനടുത്തു മാത്രമാണ് ....... അതിന്റെ ഒരു ശതമാനം പോലും എന്റെ കയ്യിലിപ്പോഴില്ല. ആകെ ബാക്കിയുള്ളത് ഈ ഭാഷ മാത്രമാണ്.........പിന്നെ ആ വാക്ക് കാലഹരണപ്പെടുന്നതെങ്ങിനെ ശ്രീനാഥന്‍..........പക്ഷെ അതിന്റെ അര്‍ത്ഥം ശരിക്ക് മനസ്സിലായിട്ടുണ്ടോ എന്നതാണ് സംശയം. പാവം ഗാന്ധിജി............
കുമാരന് പറഞ്ഞതു നന്നായി ലോഗോ മാറ്റിട്ടോ
the man to walk with, കുമാരന്, ശ്രീനാഥന്‍ ,Echmukutty, യൂസുഫ്പ, Jishad Cronic വായിച്ച് അഭിപ്രായം പറഞ്ഞതില്‍ വളരെ സന്തോഷം.
ജാതി തൊട്ടാ ജാതിക്കാ തിന്നപോലാ
അതെ അതെ, മറ്റെന്തും സഹിക്കും..ജാതി പേര് വിളിച്ചാല്‍ ഉണ്ടെല്ലോ...
ഇഷ്ടായി. :)
എന്നാലും ഇത്തിരി വെള്ളം പോലും തന്നെ എടുത്തുകുടിക്കാത്ത ഗാന്ധിയനോ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ