ചൊവ്വാഴ്ച, ഓഗസ്റ്റ് 18, 2009

ശാരദ....




ഏടുത്താല്‍ പൊന്താത്ത മല ഓടിക്കയറുമ്പോള്‍ ശ്വാസം നെഞ്ചിനെ വിഴുങ്ങും പോലെ. 'ഒന്നുപതുക്കെ'
അവള്‍ ശാരദ മുകളിലേക്ക് നോക്കിയാല്‍ ആകാശം കാണാത്ത ഗര്‍ത്തം പോലെയുള്ള ഇരുട്ടുനിറഞ്ഞ ഇടവഴിയിലൂടെ കയ്യുപിടിച്ചുവലിച്ച് നിര്‍ത്താതെ ഓടി.

'ഇങ്ങിനെ ഓടുമ്പോഴാണ് അവള്‍ക്ക് മഞ്ഞക്കാമല പിടിച്ചത്....ആ ശാന്തിപ്പെണ്ണിനേയ്.....'ശാരദ പറഞ്ഞു.

കഴിഞ്ഞ ആഴ്ച്ചയാണ് ശാന്തി മരിച്ചത്. ഒരു മിണ്ടാപ്രാണി....അവളുടെ അമ്മക്കും സംസാരശേഷി ഉണ്ടായിരുന്നില്ല. ആ അമ്മയുടെ പേര്‍ ആരും ചോദിച്ചില്ല. 'പൊട്ടത്തി'യെന്ന് ഉറക്കെവിളിച്ചാല്‍ അവര്‍ ചിരിച്ചുകൊണ്ടോടിവരുമായിരുന്നു. എന്തു പണിയും ചെയ്യും. ശാന്തി മരിച്ചപ്പോള്‍ പൊട്ടത്തി എങ്ങിനെ കരഞ്ഞിട്ടുണ്ടാവുമെന്നാണ് ഞാന്‍ ആലോചിച്ചത്. അച്ഛനാരെന്നറിയാത്ത ശാന്തി ശാരദയുടെ അച്ഛന്‍പെങ്ങളുടെ മകളായിരുന്നു.ഒരു മാസമാണവള്‍ പനിച്ചുകിടന്നത്.

ഇടവഴിക്കരുകിലെ ഗുഹപോലുള്ള ഇരുട്ടുചൂണ്ടി ശാരദ പറഞ്ഞു' അതുകണ്ടൊ..... അവിടെയെന്തൊ കണ്ടാണവള്‍ പേടിച്ചത്...അവളുടെ പ്രേതം ഇവിടെയൊക്കെയുണ്ടാവും......'

കണ്ണുകള്‍ ഇറുക്കിയടച്ച് കുത്തനെയുള്ള കയറ്റം ഓടിക്കയറിയപ്പോള്‍ ഹൃദയം പിടച്ച് പിടച്ച് താഴെവീഴുമെന്ന് തോന്നി. നല്ല ആള്‍സഞ്ചാരമുള്ള വഴിവിട്ടാണ് ശാരദ എന്നെ ഈവഴി കൊണ്ടുവന്നിരിക്കുന്നത്.
എന്റെ ഇരട്ടി വയസ്സുണ്ടായിട്ടും അവള്‍ എന്റെ കൂടെ രണ്ടാം ക്ലാസ്സിലായിരുന്നു. രാവിലെയും വൈകീട്ടും സ്കൂളിലേക്ക് എനിക്ക് കൂട്ടു വരുന്ന ജോലി അവള്‍ക്കായിരുന്നു.മടക്കയാത്രയില്‍ ഞങ്ങള്‍ കളിച്ചിരുന്ന ഊഹക്കളി ശാരദ എന്നും അവസാനിപ്പിച്ചിരുന്നത് എന്റെ അമ്മയുണ്ടാക്കിയിരുന്ന എതെങ്കിലും നാലുമണിപ്പലഹാരത്തിലായിരുന്നു.

'വാവേ....'രാവിലെ ജനലിലൂടെശാരദയുടെ ഉറക്കെയുള്ള വിളികേട്ടാണ് ഞാന്‍ ഉണര്‍ന്നത്....മേലുമുഴുവന്‍ വല്ലാത്ത വേദന തോന്നി.

'വാവക്ക് പനിയാണ് ...ഇന്ന് വര്ണില്യ' അമ്മ കടന്നു വന്നു.ശാരദയുടെ കണ്ണുകള്‍ മിന്നിയത് പനിത്തളര്‍ച്ചയിലും ഞാന്‍ കണ്ടു.

'വൈയ്യിട്ട് സ്ക്കൂളുവിട്ടുവരുമ്പൊ കീഴാര്‍നെല്ലി കൊണ്ടരട്ടെ ഞാന്‍ ....'ശാരദയുടെ ശബ്ദത്തില്‍ വല്ലാത്ത ഉത്സാഹം.

'എന്തിനാത്' പുറത്തേക്കിറങ്ങിയ അമ്മ പെട്ടന്ന് തിരിഞ്ഞുനിന്നു.

'വാവക്ക് കൊടുക്കാന്....‍'

'നീ പോയ്ക്കൊ ...ഇനി വേണ്ടപ്പൊ വിളിക്കാം...'വഴുതി വഴുതി മയക്കത്തിലേക്ക് വീഴുമ്പോഴും
ഞാനറിഞ്ഞു അമ്മയുടെ ശബ്ദത്തില്‍ പതിവില്ലാത്ത മുഴക്കം.

8 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

ചേച്ചി കോളെജില്‍ പോയതില്‍ പിന്നെ പൂപ്പറിക്കാന്‍ ശാരദയായിരുന്നു കൂട്ട്....അതായിരിക്കും രണ്ട്ദിവസം മുന്‍പ് സ്വപ്നത്തില്‍ ശാരദ വന്നു വിളിച്ചത്.....

കണ്ണനുണ്ണി പറഞ്ഞു...

ശാരദ...ഇപ്പൊ ?

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ഒന്നു പോയിട്ട് വീണ്ടും വരാം.
മനസ്സുറക്കുന്നില്ല.

ചാണക്യന്‍ പറഞ്ഞു...

വാവക്കിനി കീഴാർനെല്ലിയോ....

പ്രയാണ്‍ പറഞ്ഞു...

അറിയില്ല കണ്ണനുണ്ണി.....എന്റെ സ്കൂളിങ് കഴിയണതിനു മുമ്പുതന്നെ ശാരദയുടെ കല്യാണം കഴിഞ്ഞു. പിന്നെ ഞങ്ങളും ആ നാടു വിട്ടു. ഇടക്ക് സുഖമായിരിക്കുന്നെന്നു കേട്ടിരുന്നു.
അനില്‍ എന്തുപറ്റി ശരദയെക്കണ്ടു പേടിച്ചോ? അതൊരു പാവാട്ടൊ...
ചണക്യാ..മാണ്ടാ....പഴയകാലങ്ങളിലേക്ക് തിരിച്ചുപോവാന്‍ ചിലപ്പോഴെങ്കിലും ഒരു രസം തോന്നാറില്ലേ....? ഇത്രേം വയസ്സായിട്ടും ഇപ്പൊഴും അവര്‍ക്കൊക്കെ ഞാന്‍ വാവയാണ്.

the man to walk with പറഞ്ഞു...

ishtaayi...manoharamaayi oru moodu thane create cheythirikkunnu

Typist | എഴുത്തുകാരി പറഞ്ഞു...

ശാരദ ഇപ്പോഴും എവിടേയെങ്കിലും ഉണ്ടാവുമായിരിക്കും ഇല്ലേ?

പ്രയാണ്‍ പറഞ്ഞു...

the man to walk with നല്ല വാക്കുകള്‍ക്കു നന്ദി...
എഴുത്തുകാരി ഇല്ല എന്നു കേട്ടില്ല...അമ്മയുടെ കൂട്ടുകാര്‍ ഇപ്പൊഴും നാട്ടിലുണ്ട്...മൂന്നാലുവര്‍ഷം മുന്‍പ് ഞങ്ങള്‍ പോയിരുന്നു അവിടെ..... ശാരദയുടെ അച്ഛനുമമ്മയും ഓടിവന്നിരുന്നു കാണാന്‍.