ബുധനാഴ്‌ച, മേയ് 06, 2009

അവള്‍ക്ക് വേണ്ടി.....


അവള്‍ ഇങ്ങിനെ മരിക്കണമായിരുന്നോ...അല്ലെങ്കിലും അത് നമ്മുടെ കയ്യിലല്ലല്ലൊ.പിന്നെ ആരുടെ കയ്യിലാണ്.
....ദൈവത്തിന്റെയൊ.?എങ്കില്‍.... അവള്‍‍ക്ക് ഇങ്ങിനെയൊരു മരണം കൊടുത്ത ദൈവം ഇല്ലതിരിക്കുന്നതാണ് നല്ലത്.
അവളെ ഞാന്‍ പരിചയപ്പെടുന്നത് കോളെജിലെ ആദ്യദിവസങ്ങളിലാണ്. ആദ്യമായി വീട്ടില്‍നിന്നും വിട്ടുനില്‍ക്കുന്നതിന്റെ വിഷമവും റാഗിംങിന്റെ ബഹളവും എന്നെ വല്ലാതെ തളര്‍ത്തിയിരുന്നു. സീനിയേഴ്സ് ആ വര്‍ഷത്തെ ഒന്നാം നമ്പര്‍ ഇരയായി എന്നെ പ്രഖ്യാപിച്ചപ്പോള്‍ പാട്ട് എന്നൊരയുധം കയ്യിലുണ്ടായിരുന്നത് കൊണ്ട് മാത്രം പിടിച്ചു നിന്നതാണ്. രാത്രി ഉറങ്ങാറവുമ്പോഴേക്ക് ശബ്ദമെല്ലാം നഷ്ടപ്പെട്ടിട്ടുണ്ടാകുമായിരുന്നു. സീനിയേഴ്സിന്റെ മുഖത്തു നോക്കാന്‍ കൂടി പേടിയായിരുന്നു.
അപ്പോളാണ് മാലാഖയുടെ മുഖവുമായി അവള്‍...പിന്നില്‍നിന്നും പേരു വിളിച്ചു കേട്ടപ്പോഴെ റാഗിങ്ങിനല്ലെന്നു മനസ്സിലായി.അത്രക്ക് മൃദുലമായിരുന്നു ആ ശബ്ദം. തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടത് സ്നേഹം തുളുമ്പുന്ന സുന്ദരമായ ഒരു നാടന്‍ മുഖം.ആദ്യമായി കാണുകയാണെങ്കിലും ജന്മങ്ങളായുള്ള പരിചയം പോലെ അവള്‍ക്കെന്നെ അറിയാമായിരുന്നു.എന്റെ കസിന്റെ ബന്ധുവായിരുന്നു അവള്‍.
പിന്നെ പലപ്പോഴും കോളെജിലെ പൂമര‍ച്ചോട്ടിലെ ബഞ്ചില്‍ ഞങ്ങള്‍ കാണുമായിരുന്നു.എന്നും അവള്‍ക്കൊരേ ഭാവമായിരുന്നു....
പിന്നെ ഞങ്ങള്‍ രണ്ടുപേരും കോളെജ് മാറിയപ്പോഴും വിവരങ്ങള്‍ അറിഞ്ഞുകൊണ്ടേയിരുന്നു.അവള്‍ ക്ക് ജോലിയായതും കല്യാണം കഴിഞ്ഞതും എല്ലാം...പക്ഷെ പിന്നെ ഞങ്ങള്‍ കണ്ടിട്ടില്ല. എന്നാലും എന്തൊ ഒരു ബന്ധം ഞങ്ങള്‍തമ്മില്‍ നിലനില്‍ക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച്ച അമ്മ വിളിച്ചപ്പോഴാണ് പറഞ്ഞ്ത്...അവള്‍ ഒരാക്സിഡന്റില്‍ മരിച്ചൂത്രെ...കൂടെ അവളുടെ ഭര്‍ത്താവും.മകളുടെ വീട്ടിന്ന് വരികയായിരുന്നു..... ബസ്സിടിച്ച്....നെനക്കറിയാലോ കോഴിക്കോട് മലപ്പുറം റൂട്ടിലെ ബസ്സ്വോള്‍ടെ മരണപ്പാച്ചില്‍...കണ്ടാ തിരിച്ചറിയാത്തപോലായീത്രെ അവള്‍ടെ മുഖം...
കാലിലൂടെ പതഞ്ഞുകയറിയ തരിപ്പ് തലയില്‍ നിന്നിറങ്ങാതെ.....അവളുടെ സ്നേഹം തുളുമ്പുന്ന മുഖം മാത്രമായിരുന്നു മനസ്സില്‍.
മരണത്തെ എനിക്ക് ഭയമില്ല.അച്ഛന്റെ അവസാന ശ്വാസത്തിന് അടുത്താരുമില്ലാതെ ഒറ്റക്ക് കാവലിരിക്കേണ്ടി വന്നിട്ടുണ്ട്.പക്ഷെ ഒരുറുമ്പിനെ പോലും നോവിക്കാത്ത ഇവള്‍ക്ക് ഇങ്ങിനെയൊരു മരണം...അവളുടെ അപ്പ്വേട്ടന്‍ ഒരിക്കല്‍ തമാശക്ക് പറഞ്ഞുവത്രെ ഞങ്ങളെ രണ്ടു പേരേം ഒരിടത്ത് സംസ്കരിക്കണം എന്ന്. അവളെ അത്രക്ക് സ്നേഹിക്കതിരിക്കാന്‍ പറ്റില്ലായിരുന്നു.
ചേച്ചി വിളിച്ചപ്പോള്‍ പറഞ്ഞു.....രണ്ടുപേരേം കൂടി ഒരു ചിത കൂട്ടി അതില്‍ ദഹിപ്പിച്ചു.അത്രൊക്കല്ലെ നമുക്ക് ചെയ്യാന്‍ പറ്റു....

11 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

അവളെ അറിയുന്ന ആരെങ്കിലും ഇത് വായിച്ച് വിഷമിച്ചെങ്കില്‍ മാപ്പ്.ആരോടെങ്കിലും പറഞ്ഞാല്‍ മനസ്സിന്റെ ഭാരം കുറയുമെന്ന തിയറി പരീക്ഷിച്ച് നോക്കിയതാണ്.

ശ്രീ പറഞ്ഞു...

വിധി എന്നല്ലാതെ എന്തു പറയാനാ മാഷേ?

ചാണക്യന്‍ പറഞ്ഞു...

വായിച്ചു.........

ഹരീഷ് തൊടുപുഴ പറഞ്ഞു...

ഇങ്ങനെയുള്ള വിഷമം തരുന്ന ഒന്നും എഴുതണ്ടാ; സങ്കടമാകുന്നു..

ഇന്നു ടി.വി.യില്‍ ആ പിഞ്ചുകുഞ്ഞിന്റെ ജീര്‍ണ്ണീച്ച ശവശരീരം കണ്ടു. ആ തെമ്മാടികള്‍ എന്തിനാ ആ പിഞ്ചുകുഞ്ഞിനെ... ഒരു തരി പൊന്നിനു വേണ്ടിയോ..

ജ്വാല പറഞ്ഞു...

വേര്‍പാടുകള്‍...ആ സത്യം അംഗീകരിക്കുവാന്‍ മനസ്സിന് പ്രയാസ്സം തന്നെ

Shaivyam...being nostalgic പറഞ്ഞു...

മനസ്സില്‍ തട്ടി.

Bindhu Unny പറഞ്ഞു...

പോവേണ്ടത് അനിവാര്യമായിരുന്നെങ്കില്‍ ഒന്നിച്ച് പോയത് നന്നായി.

the man to walk with പറഞ്ഞു...

oh :(

ശ്രീഇടമൺ പറഞ്ഞു...

മനസ്സില്‍ തട്ടിയ വരികള്‍
:(

Typist | എഴുത്തുകാരി പറഞ്ഞു...

അതെ, അത്രക്കൊക്കെയേ, അത്രക്ക് മാത്രമേ നമുക്കൊക്കെ പറ്റൂ.

കണ്ണനുണ്ണി പറഞ്ഞു...

മനസ്സില്‍ ഒരു കുഞ്ഞു നൊമ്പരം തോന്നുന്നു..