ശനിയാഴ്‌ച, മേയ് 09, 2009

മറ്റൊരു ലോകത്ത്


ഹസ്റത്ത് നിസ്സാമുദ്ദീനിലെ
വഴികളിലൂടെ
ഇനിയത്ത് ഘാന്റെ ദര്‍ഗ
തേടിയെത്തിയപ്പോള്‍
കവാലി പാടുന്ന വൃദ്ധന്റെ
കണ്ണുകളില്‍ കണ്ട
സ്നേഹത്തിന്റെ തിളക്കം.....
ദേശില്‍ തെളിഞ്ഞ ഗാംഭീര്യം...
അതിശയിപ്പിച്ച മീരാഭജന്‍...
കബീറിന്റെ രാമഭജന്‍.....
താളം മുറുകിയ തില്ലാനകള്‍
ആദാം ചൊല്ലിയപ്പോള്‍
പരന്ന നിശബ്ദത
പിന്നെ പുറത്ത് ഗലികളില്‍
മറ്റൊരു ലോകത്ത്
വെളുത്ത വസ്ത്രമണിഞ്ഞ
പുരുഷന്മാര്‍ക്കിടയില്‍
കറുപ്പില്‍ മുങ്ങിയ
സ്ത്രീകള്‍ക്കിടയില്‍
സുറുമയും അത്തറും വാങ്ങി
വഴിയില്‍ കെട്ടിയ ആടുകളോട്
നിങ്ങള്‍ക്കിനി ചിന്തിക്കാന്‍
നാളെയോ മറ്റന്നാളോ
എന്നു മാത്രം
എന്ന് പാടിനിര്‍ത്തിയപ്പോള്‍
അതുമാത്രമല്ലെന്ന് മറ്റൊരാള്‍
ഇനി നീ പിറക്കുന്നത്
കബാബായോ കുറുമയായോയെന്നും
നി പോകുന്നത് മിന്റ്മണക്കുന്ന
സുന്ദരിയുടെ വായിലേക്കോ
വയസന്റെ തൊണ്ണിന്റെ
ഇക്കിളിയിലേക്കൊ എന്നും...
പൂരിക്കപ്പെട്ട സമസ്യകള്‍...
രാത്രി പത്തരക്കും
പകലിന്റെ തിളക്കം.
ഇത് ജീവിതത്തില്‍ ഒരിക്കല്‍
കനവുപോലെ കിട്ടുന്ന രാത്രി.
വീണ്ടൂം വീണ്ടും കിട്ടാന്‍
കൊതിക്കുന്ന രാത്രി.....


9 അഭിപ്രായങ്ങൾ:

Prayan പറഞ്ഞു...

ഇന്നലെ കേട്ട കവാലിയുടെ ബാക്കി....:)

...പകല്‍കിനാവന്‍...daYdreamEr... പറഞ്ഞു...

നി പോകുന്നത് മിന്റ്മണക്കുന്ന
സുന്ദരിയുടെ വായിലേക്കോ
വയസന്റെ തൊണ്ണിന്റെ
ഇക്കിളിയിലേക്കൊ എന്നും...
പൂരിക്കപ്പെട്ട സമസ്യകള്‍...
..........
ഹസ്റത്ത് നിസ്സാമുദ്ദീനിലെ
വഴികളിലൂടെ വളരെ ആഴത്തിലേക്ക് കൊണ്ട് പോകുന്നുണ്ട് വരികള്‍ ...നന്നായി... ആശംസകള്‍...

Prayan പറഞ്ഞു...

ഈ വേറൊരുലോകത്തെ ഉള്‍ക്കൊള്ളാന്‍ എല്ലാവര്‍ക്കും കഴിയില്ലെന്നറിയാം.നന്ദി പകല്‍.....

കണ്ണനുണ്ണി പറഞ്ഞു...

വ്യത്യസ്തമായ വഴികളെ അങ്ങനെ തന്നെ ചിത്രീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.. ഭംഗിയായിട്ടോ...

Prayan പറഞ്ഞു...

നന്ദി കണ്ണനുണ്ണി....

കാപ്പിലാന്‍ പറഞ്ഞു...

കവാലി കലക്കിയിട്ടുണ്ട് .

വഴികളില്‍ കണ്ട ആടുകള്‍ ,ഇന്ന് ഞാന്‍ നാളെ നീ എന്ന് പറഞ്ഞ് കരയുന്നതിന്റെ ദീന സ്വരം ഞാന്‍ കേള്‍ക്കുന്നു .എനിക്കൊത്തിരി ഇഷ്ടപ്പെട്ടൂ ഈ കവിത . ഇതുപോലുള്ള കവിതകള്‍ ഇനിയും വരുമല്ലോ .ആശംസകള്‍ .

Prayan പറഞ്ഞു...

:)

പാവത്താൻ പറഞ്ഞു...

ആത്മാവിലെ സംഗീതവും, ശരീരത്തിലെ സുഗന്ധവും,ജീവിതത്തിന്റെ നൈമിഷികതയും പകർന്നു തന്ന കവിത.ആ ഗലികളിലൂടെ ഞാനുമുണ്ടായിരുന്നു ഒപ്പം.

Prayan പറഞ്ഞു...

അതു പറയ്...ഇടക്ക് ഒരു പരിചയമുള്ള മുഖം മിന്നിയപോലെ തോന്നിയിരുന്നു....:)