തിങ്കളാഴ്ച, ജനുവരി 12, 2009
എരിവും പുളിയും
കല്ല്യാണം കഴിഞ്ഞു ഒരു മാസത്തിനു ശേഷം അവന് മണല്ക്കാടുകളിലേക്ക് കെട്ടുകെട്ടി.കണ്ടു കൊതിക്കാന്‍ തന്റെ ഫോട്ടോകള്‍ നിറച്ച ഒരു മ്യൂസിക്കല്‍ ആല്‍ബവും സ്വയം പാടി നിറച്ച ഒരു പാട് കാസറ്റുകളും പിന്നെ വിസ വന്നാലുടനെ കൊണ്ടു പോകാമെന്നു തുടങ്ങി കുറെ വാഗ്ദാനങ്ങളും അവള്‍ക്ക് സമ്മാനിച്ചായിരുന്നു മടക്കം. മൊബൈല്‍ഫോണ്‍ എന്ന മഹാ സംഭവം അന്നുണ്ടായിരുന്നില്ല.
അതു വരെ പോറ്റി വളര്‍ത്തിയ വീട്ടുകാരെ മറന്ന് അവള് തന്റെ വിരഹം വളരെ ഗ്രാന്റായി ആഘോഷിച്ചു.പത്താം ക്ലാസ്സ് കഴിഞ്ഞ് വീട് വിട്ട് ഹോസ്റ്റലില്‍ ചേക്കേറിയപ്പൊ തോന്നാത്തൊരു വെഷമം....കല്ല്യാണം കഴിഞ്ഞ് പിറ്റെ ദിവസം അവളെ അവന്റെ വീട്ടിലെത്തിച്ച് തിരിച്ചു പോകുമ്പോള്‍ ''കൂടെയാരെങ്കിലും നിക്കണോ മോളെ''യെന്ന അമ്മയുടെ ചോദ്യത്തിന് വേണ്ടെന്ന് നിസ്സംശയം മറുപടി പറഞ്ഞപ്പോള്‍ അമ്മയുടെ കണ്ണ് നിറഞ്ഞത് അവള് കണ്ടില്ല.തിരിച്ചുള്ള യാത്രയില്‍ '' കുട്ടി ഒരു ദിവസം കൊണ്ട് വീട്ടുകാരെ മറന്നൂലോന്ന് ''ബന്ധുക്കള്‍ കളിയാക്കിയപ്പോള്‍ അമ്മയുടെ ഉള്ളം നുറുങ്ങിപ്പോയത്രെ. വെറുതെ അമ്മയെ ബുദ്ധിമുട്ടിക്കണ്ട എന്നെ അവള് കരുതിയുള്ളു.പിന്നെ ചെറിയ റാഗിങ്ങൊക്കെ തരണം ചെയ്യാന്‍ ഹോസ്റ്റല്‍ ജീവിതം അവളെ പാകപ്പെടുത്തിയിരുന്നു.
ഫോണിന്റെയും പോസ്റ്റ്മനുഷ്യന്റെയും സഹായത്തോടെ അവള് വിരഹം പരമാവധി ആഘോഷിച്ചു കൊണ്ടിരിക്കുമ്പോള്‍ അതിന് സഹകരണം പ്രഖ്യാപിച്ച് അച്ഛന് "ആ ആല്ബമൊന്ന് താ മോളെ ഞാനൊന്ന് കാണട്ടേ" എന്ന്. അഞ്ച് കിലോ വരുന്ന ആല്‍ബം പുഷ്പം പോലെ മകള്‍ പൊക്കുന്നതു കണ്ട് അച്ഛന് സന്തോഷിച്ചു. മകള്‍ ഭാരമേറ്റാന്‍ പഠിച്ചിരിക്കുന്നു.അച്ഛന്റെ കയ്യില്‍ ആല്‍ബം ഏല്‍പ്പിച്ച് അവള് അവന്റെ പാട്ടിലേക്ക് തല്ക്കാലം മടങ്ങി.
ദേവി നിന് ചിരിയും, പൂവാം കുഴലിയും കേട്ടപ്പോള്‍ അവള്‍ക്ക് അവനെ കാണാന്‍ വൈകി.കാസറ്റ് പാട്ട് നിര്‍ത്തിയപ്പോള്‍ വിണ്ടുമവള് ആല്‍ബം തേടിയെത്തി. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും അച്ഛന് തിരിച്ചും മറിച്ചും നോക്കുകയാണ്."അച്ഛന് ചെക്കനെ വല്ലാതെയങ്ങ് പിടിച്ചു പോയീന്ന് തോന്നുണു"എന്നൊരു കമന്റും അവളവിടെയിട്ടു.
രാത്രി ഉണ്ണാനിരുന്നപ്പോള്‍ അച്ഛന്റെ മുഖം മൂടിക്കെട്ടിയിരുന്നു. ഊണു കഴിഞ്ഞ് അവള് പതിവുപോലെ അവനെഴുതാനിരുന്നു. അമ്മയും അച്ഛനും ഉമ്മറക്കോലായില്‍ വന്നിരുന്നു.ഈ സമയമാണ് അച്ഛന് അമ്മയുടെ മുന്നില്‍ പാരവശ്യങ്ങളുടെയും പരാധീനതകളുടെയും ഭാണ്ഡക്കെട്ടഴിക്കുന്നത്. അച്ഛന് പറയുകയായിരുന്നു....."ആ ആല്‍ബത്തില്‍ നിറയെ അവന് കൂട്ടുകാരോടൊത്ത് കള്ള് കുടിക്കുന്ന ഫോട്ടോയാണ്. ഇത് നേരത്തേക്കൂട്ടി അറിഞ്ഞിരുന്നൂച്ചാ അവളെ കൊട്ക്ക്വായിരുന്നില്ല അവന് .ഇനീപ്പൊന്താ ചെയ്യാ?"...
അങ്ങിനെയിരിക്കെ നീണ്ട മൂന്നുമാസം കഴിഞ്ഞ് വിസ വന്നു. പോകുന്നതിന് തലേ ദിവസം അച്ഛന് വിളിച്ചു.ഉപദേശിക്കാനാണെന്നവള്ക്കറിയാമായിരുന്നു.അച്ഛന് പറഞ്ഞു"മോളെ അവന്റെ കുടി നീ പ്രോത്സാഹിപ്പിക്കരുത്
..അതപകടമാണ്"....അവള്‍ക്ക് നേരിയ ഭയം തോന്നി.അവള്‍ക്കറിയുന്ന ഒരേയൊരു കുടിയന് ചാപ്പന്മൂപ്പരായിരുന്നു.സന്ധ്യക്ക് ഒരനുഷ്ഠാനം പോലെ വിറ്റുതീരാത്ത നെയ്ത്തുതുണിക്കെട്ട് തലയില്‍ ബാലന്‍സ് ചെയ്ത് ശരീരത്തിന് യാതൊരു ബാലന്‍സുമില്ലാതെ കൈകള്‍ കൊണ്ട് താളം പിടിച്ച് പാട്ടും പാടി ആടിയാടി നടന്നുപോകുന്ന ചാപ്പന് മൂപ്പര് ഒരു കാഴ്ച്ചയായിരുന്നു.
"ചാപ്പന് വരുന്ന വരവ് കണ്ട് ബയിക്കലീ കുയ്യ് കുയിച്ചതാരാ....."
കാറ്റിലൊഴുകിവന്ന് കള്ളിന്റെ മണം അവിടെ മുഴുവന്‍ പരക്കുന്നതായി അവള്‍ക്ക് തോന്നി.
അത് കഴിഞ്ഞ് കാലം ഒരുപാട് കഴിഞ്ഞു.ഇന്ന് എപ്പോഴെങ്കിലും അവനൊഴിച്ചു തരുന്ന ബ്ലഡ്ഡിമേരിയുടെ എരിവും പുളിയും നുകരുമ്പോള്‍ അവള് അച്ഛനെ ഓര്‍ക്കും.അച്ഛന് ക്ഷമിക്കുമോ എന്തോ.....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
2 അഭിപ്രായങ്ങൾ:
ഇന്ന് എപ്പോഴെങ്കിലും അവനൊഴിച്ചു തരുന്ന ബ്ലഡ്ഡിമേരിയുടെ എരിവും പുളിയും നുകരുമ്പോള്‍ അവള് അച്ഛനെ ഓര്‍ക്കും.അച്ഛന് ക്ഷമിക്കുമോ എന്തോ.....
അച്ഛന്മാര് ക്ഷമിക്കുമായിരിക്കും എല്ലാവരോടും, നല്ല കഥ, വളരെ ഇഷ്ടമായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ