ഞായറാഴ്‌ച, ജനുവരി 04, 2009

ഒരമ്മയുടെ വേവലാതികള്‍





ഉച്ച വെയിലിന്റെ ചൂടില്‍ തളര്‍ന്നു ഞാന്‍

ഉള്‍ത്തളം തന്നിലൊളിച്ചിരിക്കെ

എന്നുണ്ണിയോടി വന്നുമ്മവെച്ചീടുവാന്‍

എന്മുഖം മെല്ലെയുയര്‍ത്തിയപ്പോള്‍

തെല്ലുനേരം കണ്ണിലുറ്റുനോക്കി ചൊല്ലി

എന്തമ്മ തന്‍ കണ്ണില്‍ വെള്ളമയ്യേ!.....

സുന്ദരമാം മുഖം തെല്ലിട കൊണ്ടൊരു

ചെമ്പനീര്‍ പോലെ തുടുത്തു വന്നു .

എന്താണു വേണ്ടതെന്നമ്മയ്ക്ക് ഞാന്‍ തരാം

അമ്പിളിമാമനെ കൊണ്ടരണോ......?

അല്ലഞാന്‍ ചേച്ചിയുമായ് വഴക്കിട്ടതോ

അച്ഛന്‍ വഴക്കു പറഞ്ഞതിന്നോ ......?

എന്തു ഞാന്‍ ചൊല്ലേണ്ടു എന്നുണ്ണിക്കുട്ടനോ-

ടെന്റെ ദുഖത്തിന്റെ കാരണമായ്.....

ചൊല്ലിത്തന്നാലും നിനക്കതിന്‍ വ്യാപ്തിയെ

തെല്ലുമുള്‍ക്കൊള്ളാന്‍ കഴിയില്ലല്ലൊ... .

വിപ്ലവത്തീയില്‍ കരിയും യുവത്വമോ

വിദ്യ മടുത്ത വിദ്യാര്‍ത്ഥികളോ.....

വിണ്ണിന്റെയാഴമളപ്പിക്കും വീര്യങ്ങ-

ളുള്ളില്‍ കടത്തി നശിപ്പവരോ...

അമ്മതന്‍ ദുഖവും പെങ്ങള്‍തന്‍ മോഹവും

ഒന്നുമുള്‍ക്കൊള്ളാത്തലമുറയോ....

ജാതിതന്‍ വീര്യം മുതലെടുത്തന്ന്യോന്ന്യം

പോരടിപ്പിക്കും കഴുകന്മാരോ....

തമ്മിലടിച്ചു മരിക്കുന്ന മക്കളാല്‍

ഉള്ളം കലങ്ങിയ മാതൃഭൂവോ

വാടിത്തളര്‍ന്നൊരു വള്ളികളോ കൊടും

വേനലില്‍ ശോഷിച്ചൊരാറുകളോ....

കത്തും വിളക്കിന്‍ പ്രഭയില്‍ തിളങ്ങുന്ന

കണ്ണന്റെ കണ്ണിലെ ശൂന്യതയോ...

കരയുവാന്‍ മാത്രമായ് ഭൂമിയില്‍ വന്നൊരു

പിറവിതന്‍ ശാപത്തിന്‍ ശക്തിയോര്‍ത്തോ

അമ്മിഞ്ഞപാലിനെ നമ്പാനരുതാത്ത

നഞ്ഞാക്കി മാറ്റിയ ശാസ്ത്രമോര്‍ത്തോ...

നഷ്ടമായ് പോയൊരാ ബാല്യത്തിന്‍ സ്വപ്നങ്ങള്‍

എത്തില്ല നിന്മുന്നിലെന്നതോര്ത്തോ .....

എന്തുഞാന്‍ ചൊല്ലേണ്ടതെന്റെ കുട്ടാനിന്നോ-

ടിന്നിതിലേതെന്റെ കണ്നിറച്ചു ...!

പേടിച്ചു പോകുന്നു നീ വലുതാകുമ്പോള്‍

ഏതു ലോകത്തിലൊളിപ്പിക്കും ഞാന്‍...?

ഗര്‍ഭപാത്രത്തിന്റെ ഏതോ ഒരുകോണില്‍

കൊച്ചു മാംസത്തുണ്ടായ് നീയിരിക്കേ

വ്യര്‍ത്ഥമൗനങ്ങളെ തല്ലി തകര്‍ത്തെന്നില്‍

സൃഷ്ടിതന്‍ സത്യമായ് നീ കിളിര്‍ക്കെ

വേഗമീയമ്മതന്‍ കയ്യിലെത്താന്‍, വാരി

വാരിയെടുത്തുമ്മയില്‍ പൊതിയാന്‍

ഏറെ കൊതിച്ചപ്പോഴോര്‍ത്തില്ലയീക്കഥ

പേടി സ്വപ്നങ്ങള്‍ നടുക്കിയില്ല...

പറ്റില്ലൊരമ്മയ്ക്കുമീയുച്ചനേരത്ത്

സ്വച്ഛം സമാധാനമൊന്നുറങ്ങാന്‍.. .

കാണുന്ന പേടി സ്വപ്നങ്ങള്‍ നടുക്കുന്നു

തേങ്ങും മനസ്സു തളര്‍ന്നിടുന്നു...

എന്തു ഞാന്‍ ചൊല്ലേണമെന്നുണ്ണിക്കുട്ടനോ-

ടെന്റെ ദുഖത്തിന്റെ കാരണമായ്....

അമ്മതന്‍ കണ്ണില്‍ പൊടി പോയതാണിപ്പോള്‍

‍എന്നുണ്ണി പോയി കളിച്ചു കൊള്ളൂ.. .

ചൊല്ലിഞാന്‍ കണ്ണു തുടച്ചു കൊണ്ടല്ലാതെ

എന്തു ഞാന്‍ വേറെ പറഞ്ഞൊഴിയും ......?

4 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

പറ്റില്ലൊരമ്മയ്ക്കുമീയുച്ചനേരത്ത്


സ്വച്ഛം സമാധാനമൊന്നുറങ്ങാന്‍.. .


കാണുന്ന പേടി സ്വപ്നങ്ങള്‍ നടുക്കുന്നു


തേങ്ങും മനസ്സു തളര്‍ന്നിടുന്നു...
ഇരുപത്തൊന്നു വര്‍ഷം മുന്‍പ് മകളെ മടിയിലിരുത്തി മകനെ ഗര്‍ഭത്തില്‍‍ ചുമന്ന് എന്റെ ഒരു ചിത്രത്തിന് അടിക്കുറിപ്പെഴുതാനിരുന്നപ്പോള്‍ അറിയാതെ മനസ്സിന്റെ അടിത്തട്ടില്‍ നിന്നും പറന്നുയര്‍ന്ന ഒരങ്കലാപ്പക്ഷി വെളുത്ത താളില്‍ വന്നിരുന്ന് ചിലച്ചു....കൂട്ടുകാര്‍ അതിനെ കവിതയെന്നു വിളിച്ചു.എന്റെ ആദ്യ കവിത....പൊടിതട്ടി വീണ്ടുമിതാ നിങ്ങള്‍ക്കു മുന്നില്‍.....

ചങ്കരന്‍ പറഞ്ഞു...

നല്ല കവിത, വേദനകള്‍ക്കും ആവലാതികള്‍ക്കും ഇരുപതുവര്‍ഷം കൊണ്ടു മാറ്റങ്ങള്‍ ഒന്നും വന്നില്ലല്ലോ, ഇപ്പോഴും അങ്ങനെയൊക്കെതന്നെ.

ദിനേശന്‍ വരിക്കോളി പറഞ്ഞു...

കവിത വായിച്ചു....
2009 കവിത നിങ്ങളുടേതാവട്ടെ...
സ്നേഹപൂര്‍വ്വം.

പ്രയാണ്‍ പറഞ്ഞു...

ശങ്കരാ...വരാത്ത മാറ്റത്തെ കുറിച്ചാണ് ഇപ്പൊ വേവലാതി..
ദിനേശന്റെ സ്നേഹത്തിന്‍ നന്ദി....