
വികൃതികാട്ടി മതിയാകാതെ
മരിച്ച കുഞ്ഞുങ്ങളാവണം
അടുത്ത ജന്മത്തില്
മഴയായി പെയ്യുന്നത്.
കാറ്റായി നിറയുന്നത്.
കടലായി ഇരച്ചു തുളുമ്പുന്നത്.
നനയാനിഷ്ടപ്പെട്ടിരുന്ന
നനക്കുമ്പോള്‍
കളിയായി വെള്ളം ചീറ്റിയിരുന്ന കുട്ടി
അമ്മയില്‍ നിന്നടിമേടിച്ച്
തോരാമഴയിലേക്കിറങ്ങിനടന്നിരിക്കും
(മഴയെന്നുമൊരു മറയാണ്....
മുഖം മറയ്ക്കുന്ന കുടക്കുള്ളിലെ
കണ്ണീര് മറയ്ക്കുന്ന മഴത്തുള്ളികള്‍)
മഴജന്മം ചോദിച്ചുചോദിച്ച് വാങ്ങിയിരിക്കും.
തൂവലുകളൂതിയൂതി പുറകെയോടിയിരുന്ന കുട്ടി
കാറ്റായും
അപ്പൂപ്പന്താടിക്ക് പിറകെപ്പിറകെ ഓടിയിരുന്ന കുട്ടി
മേഘമായും
വിമാനങ്ങളെനോക്കിനോക്കി കൊതിച്ചിരുന്ന കുട്ടി
പക്ഷിയായും
തീക്കായാകാന്‍ മോഹിച്ചുമോഹിച്ച് മരിച്ച കുട്ടി
തീനാളമായും
ഉമ്മകള്‍ ഇഷ്ടപ്പെട്ടിരുന്ന കുട്ടി ചുണ്ടുകളായും
പുനര്‍ജ്ജനിക്കാന്‍ കൊതിച്ചിരിക്കും.
കാലുകള്‍ തളര്‍ന്ന കുഞ്ഞ്
ഒരു കാല്‍പ്പന്താവാനും
വാക്കുകള്‍ പിണങ്ങിപ്പോയ കുഞ്ഞ്
പേനയിലൂടെ ഒഴുകി നിറയാനും
ദൈവത്തിനോട് വാശിപിടിച്ചിട്ടുണ്ടാവണം.
വിശന്ന വയറുമായി
ഭക്ഷണം സ്വപ്നംകണ്ട കുട്ടി
വെടിയുണ്ടയില്‍
നെഞ്ചുതകര്‍ന്ന കുട്ടി
പച്ചമാംസമെന്ന് പിച്ചിച്ചീന്തപ്പെട്ട കുട്ടി
ഏതുജന്മമാവും കൊതിച്ചിരിക്കുക...
ഒലീവിലകൊത്തിപ്പറക്കുന്ന വെള്ളരിപ്രാവിന്റെയോ
വെടിയുണ്ടയുടേയോ....