ചര്‍ച്ചകള്‍ സംവാദങ്ങള്‍ സമരങ്ങള്‍
ബന്ദുകള്‍....
കരിമഷിക്കാട് വരച്ച് പച്ചകിളിര്‍ക്കുന്നത്
സ്വപ്നം കാണുമ്പോലെ
നടുവിലൊരു കിണറുവരച്ച് ഉറവു കിനിയുമെന്ന് കാത്തിരിക്കും പോലെ... ! അങ്ങിനിരിക്കെ കാട്ടിലും കലാപം വരും.
മരങ്ങള്‍ക്കായി ഒരു കാട്
വള്ളികള്‍ക്കായി ഒരു കാട്
കൂട്ടത്തില്‍ മുളകള്‍ക്കായി പനകള്‍ക്കായി പതിയെ പടരുകള്‍ക്കായി പതിരുകള്‍ക്കായി..
പിന്നെപ്പിന്നെ
തേക്ക്
കരിവീട്ടി
ഇരൂള്‍
ചന്ദനം
ഓരോന്നും
സ്വന്തം സ്വന്തം കാടുകളെന്ന്
അതിരുകള്‍ വരയ്ക്കാന്‍ മഷി തിരയും...
പാണവള്ളി ചിറ്റമൃതുമായി പിണങ്ങിപ്പിരിയും ചുമന്ന തിരട്ടവള്ളി ഒന്നൂടെ ചുമന്നു തിണര്‍ത്ത് മാറിപ്പടരും.
ഇല്ലിക്കൂട്ടം ഈറക്കാട്
ഇലപ്പന ഈത്തപ്പനതൊട്ടാവാടി നിലംപരണ്ടി കുഞ്ഞ് കുഞ്ഞ് കാടുകളില്‍ വെള്ളമെത്തിച്ച് തളര്‍ന്ന് പുഴകള്‍ വറ്റിവരളും. ... കഷണ്ടി കയറുമ്പോലെ കാടുകള്‍ ശുഷ്ക്കിച്ചു മണല്‍പൊടിയും . ശോഷിച്ച മരങ്ങള്‍ക്ക് മുകളില്‍ തിളച്ച്കത്തുന്ന ആകാശം വെളുവെളായെന്ന് പൂത്തുലയും.. കിണര്‍ ഒരിക്കലൊരു കഥ പറഞ്ഞു. ദാഹിച്ചുവലഞ്ഞെന്ന് വേരുനീട്ടിയ ഒരു കുഞ്ഞ്മരത്തിന്റെ കഥ.. ചുരന്നുചുരന്ന് പാലാഴിയായ കിണറ്റിലേക്ക് ആഴ്ന്ന വേരുകളുമായി മരമിപ്പോള്‍ ആകാശംമുട്ടി നില്ക്കുന്നു. പൊട്ടക്കിണറെന്ന് പടുവേരുകളിറങ്ങിത്തുടങ്ങിയപ്പോള്‍ കിണര്‍ പാതാളത്തിലേക്കൂര്‍ന്നുപോയി.. കിണറിന്നുറക്കം വരുമ്പോഴാണത്രേ, ആഴങ്ങളില്‍ ഭൂമിയുടെ മടിയിലേക്ക് ചേര്‍ന്ന് കിടക്കും. ആകാശത്തപ്പോള്‍ സന്ധ്യപൂത്ത മണം പരക്കും... കാട്ടിലെ മരങ്ങളില്‍ പക്ഷികള്‍ ചേക്കേറും. ഓരോ മരവും ഓരോ കൊതിപ്പിക്കുന്ന സെക്കുലാര്‍ റിപ്പബ്ലിക്ക്..... കിണറിലേക്ക് പടര്‍ന്ന് നിറയുന്ന ഇരുളിനുമേലെ
സ്വപ്നങ്ങളെന്ന് ചിറകുനീര്‍ത്തുന്ന നിറങ്ങള്‍...
ചിട്ടപ്പെടുത്താത്ത സിംഫണികള്‍ക്കൊപ്പം
ചുവടുകള്‍ വെക്കുന്ന ജീവിതം.
കേട്ടു കേട്ടു ഉറക്കത്തിലേക്ക് വഴുതി വഴുതി വീഴുമ്പോള്‍
കൊതിച്ചുപോകും കിണര്‍
നേരം പുലര്‍ന്നിരുന്നില്ലെങ്കിലെന്ന്....
ആഴങ്ങളിലേക്കൊതുങ്ങുന്നകിണറിന്റെ ഓര്‍മ്മകളിലെവിടെയോ മഴവിരല്‍നീട്ടി തൊട്ടുണര്‍ത്തുന്നുണ്ടാകാശം |
ബുധനാഴ്ച, സെപ്റ്റംബർ 24, 2014
കരിമഷിയെ കാടെന്ന് നിരൂപിക്കുമ്പോള്‍....
വ്യാഴാഴ്ച, സെപ്റ്റംബർ 18, 2014
ചൊവ്വാഴ്ച, സെപ്റ്റംബർ 16, 2014
വെള്ളിയാഴ്ച, സെപ്റ്റംബർ 12, 2014
വീട്....
ലിഫ്റ്റിറങ്ങും മുന്‍പേ അറിയുന്നുണ്ടായിരുന്നു
വീട്ടിനകന്തൊക്കെയോ തിക്കും തിരക്കും....
വാതില്‍ തുറന്നതും നിറയുന്നുണ്ടായിരുന്നു
പ്രാര്‍ത്ഥനക്ക് മണിയടിച്ചപോലെ നിശ്ശബ്ദത....
എട്ടുമാസം ചെറിയ കാലമല്ലല്ലോ
വീടിന് വീര്‍പ്പുമുട്ടിയിരിക്കും
കാണണമെന്ന് തോന്നിയിരിക്കും
ആ സങ്കടം മൌനമായി നിറഞ്ഞിരിക്കും .
ഉള്ളില്‍ കാലെടുത്തുവെച്ചപ്പോള്‍ പുണര്‍ന്ന വായുവില്‍നിന്നും
ഒതുക്കി വെച്ചതെല്ലാം പടര്‍ന്ന് കയറുന്നുണ്ടായിരുന്നു.
ചുമരുകള്‍ കുടഞ്ഞെണീറ്റുവന്നു
മുറുകെപ്പുണര്‍ന്ന് ഞെരിക്കുമെന്ന് തോന്നി.
ഓരോ വാതിലുകളായിതുറന്ന്
വീട് എന്നെ സ്വന്തമാക്കിക്കൊണ്ടിരുന്നു..
പരിചയമില്ലാതെന്തൊക്കെയോ എന്നിട്ടും,
ശ്വാസം ആഞ്ഞുവലിക്കുമ്പോള്‍
അപരിചിതമായ ഒരു മണം
കാതോര്‍ക്കുമ്പോള്‍
കുനുകുനായെന്ന് ചെവിയില്‍ വന്നു നിറയുന്ന മുറുമുറുപ്പുകള്‍
ഞാന്‍ വീടിനുനേരെ കണ്ണുയര്‍ത്തുന്നു.
മുഖം തരാതെ ഒഴിഞ്ഞുമാറി
ഒന്നുമില്ലാ ഒന്നുമില്ലായെന്ന് തലയിളക്കുന്നു വീട്.
ഉണ്ട് ഉണ്ട് എന്ന് ഞാന്‍ തിരച്ചില്‍ നിര്‍ത്താതെ...
അവസാനം,
ഒരുള്ളുതുറക്കലിനവസാനം
ചിതലരിച്ച ഓരോ ഉള്ളറകളായി തുറന്നു കാട്ടുന്നു വീട്.
ഞായറാഴ്ച, സെപ്റ്റംബർ 07, 2014
പൂക്കളം....

പല നിറം പൂവുകള്‍
പൂക്കളം തീര്‍ക്കാനായി
പലതരം കുമ്പിളില്‍
ചേര്‍ത്തു വെച്ചതാണെല്ലാം.
തെച്ചിയും മന്ദാരവും
കാക്കപ്പൂ കഴുത്തറ്റ
തുമ്പയും തുടുപ്പേറും
ചെമ്പരത്തിപ്പൂക്കളും
വേരോടെപിഴുതിട്ട
മുക്കുറ്റിയോണപ്പൂവും
മഞ്ചാടിമണിയുതിര്‍
തേവിടിശ്ശിപ്പൂക്കളും.
മെഴുകിയകളം നടുവില്‍
തൂവെള്ളയരിയണി-
മാതേവര് നിറുകയില്‍
മുക്കുറ്റി മലര്‍ക്കുട.
ചുറ്റിലും കഴുത്തറ്റ
നറുതുമ്പകള്‍തന്‍ ജഢം
ഇതളുകള്‍ പിച്ചിപ്പിച്ചി
അടുക്കിയ മന്ദാരപ്പൂ
ചിതറിയ രക്തം പോലെ
ചെമ്പരത്തിപ്പൂക്കളും
വരികള്‍ കൂട്ടം തെറ്റി
തെച്ചിയുമരിപ്പൂവും.
എതയോ ലോലമീ
കാക്കപ്പൂ മഷിക്കണ്ണില്‍
ഇത്രയും വിഷാദത്തെ
യങ്ങിനെയൊളിപ്പിച്ച്.
ഒരുകുനു കാറ്റിന് കൂടെ
പായുന്നു കുഞ്ഞാമിതള്‍
വെറുതെ കിംഫൂക്കിന്റെ
ഭാവ്യഭാവങ്ങള്‍ ചാര്‍ത്തി!
തേവിടിശ്ശിപ്പുവേയെ-
ന്നാരുപേര്‍ വിളിച്ചതീ
ക്കാട്ടില്‍ നിന് നിറച്ചാര്ത്തി
താരിത്ര ഭയക്കുന്നു!
ഇതളുകള്‍ പിച്ചിയ
പൂവില്‍ നിന്നൂറുന്നത്
മധുരം കിനിയും തേനോ
ചുടുകണ്ണുനീരുപ്പോ!
വേരുകള്‍ പിഴുതേതോ
മുടിയില്‍ മകുടമായ്
വാണാലും പ്രവാസത്തിന്
നോവതിലെരിഞ്ഞിടും.
പൂക്കളെക്കുഞ്ഞുങ്ങളായ്
ചേര്‍ത്തു വെയ്ക്കുമ്പോഴിന്നീ
പൂക്കളമൊരു യുദ്ധ-
ക്കളംപോല്‍ തോന്നിക്കുന്നു.
പൂക്കളം തീര്‍ത്തു ചുറ്റും
ചിതറിയ നുള്ളും മുള്ളും
തൂത്തെടുക്കവേ വെറുതെ
ഓര്‍ക്കുന്നീവിധമെന്തിനോ...
വെള്ളിയാഴ്ച, സെപ്റ്റംബർ 05, 2014
കേളപ്പന്മാഷ്...
അവന്റച്ഛനും എന്റച്ഛനും കൂട്ടായിരുന്നു.
അവനും ഞാനും ഒരു ക്ലാസ്സിലും.
രണ്ടുപേരും മാഷ്മ്മാരായിരുന്നു.
ഒരുവ്യത്യാസം
അവന്റച്ഛന് കാറുണ്ടായിരുന്നു .
വടകര ഡി ഇ ഓ വിനെക്കാണാന്‍ പോകുമ്പോ
കോഴിക്കോട് കൊപ്പര വിക്കാന്‍ പോകുമ്പോ
അവന്റച്ഛന്റെ കാറിലാണ്
എന്റച്ഛന് ബസ്സ് കേറാന്‍ പോകാറ്.
അങ്ങിനെയാണൊരു ദിവസം
അവന്റച്ഛന്റെ കാറില്‍ ഞാനും കേറിയത്.
ആ വഴിയിലാണ് കേളപ്പന്മാഷ്
കാറിന് കൈകാട്ടിയത്.
മാഷ് എന്റെ ക്ലാസ്സ്മാഷായിരുന്നു
അവന്റെയും..
കാണുമ്പോള്‍ കഷണ്ടിത്തലക്കുകീഴെ
കണ്ണടക്കണ്ണുകളില്‍ സ്നേഹം പൂക്കുന്ന
കറുകറുത്ത മുഖത്ത്
വെളുവെളുത്ത ചിരി വിരിയുന്ന
മാഷെ ഞങ്ങള്‍ക്ക് വലിയ ഇഷ്ടമായിരുന്നു.
മാഷിന് ഞങ്ങളെയും..
അതുകൊണ്ടാവണം
കുട്ട്യോള്ടെ മാഷല്ലേ നീക്കണേണ്
അച്ഛന് പറഞ്ഞിട്ടും
കാറ് നിര്‍ത്താതെ പോയ
അവന്റച്ഛനോട് ദ്വേഷ്യംവന്നത്.
അന്ന് മാഷെ അങ്ങിനെ നിര്‍ത്തിയതിന്ന്
ഇന്നും സങ്കടം വരുന്നത്..
അവന്റെയച്ഛനെയോര്ക്കുന്നതിനെക
കേളപ്പന് മാഷെയോര്‍ക്കുന്നത്.
എപ്പഴും അവന്റെ കൂടെ കേളപ്പന് മാഷും
മനസ്സിലേക്ക് ചിരിച്ചുകൊണ്ട് കയറി വരുന്നത്.
പാവം മാഷ്
ചിരിക്കാന്‍ മാത്രേ അറിയുമായിരുന്നുള്ളൂ.
അതുകൊണ്ടുതന്നെ
ആര്‍ക്കും വിലയുണ്ടായിരുന്നില്ല.
അതുകൊണ്ട് തന്നെ ഞങ്ങള്‍ കുട്ടികള്‍ക്ക്
മാഷെന്നാല്‍ ജീവനായിരുന്നു.
മാഷ് മാഷായിരുന്നിട്ടും ഞങ്ങളിലൊരാളായിരുന്നല്ലോ.
തിങ്കളാഴ്ച, സെപ്റ്റംബർ 01, 2014
ബോറടിക്കുന്നുണ്ടാവും വീടിന്....

പൂവിരിയും പോലെ
പൂമണം പരക്കും പോലെ
നനഞ്ഞ മണ്ണില്‍നിന്നും തലയുയര്‍ത്തി
വിത്ത് ഇലവിരിക്കുമ്പോലെ
നനുത്ത ശ്വാസം പോലെ കണ്മിഴിക്കണമെന്ന്‍
ഒളിച്ചുവെച്ചതാണൊരു സ്വകാര്യം
കണ്ണെത്താതൊരിരുള്‍മൂലയില്‍.
ഉറങ്ങിപ്പോയിരുന്നു വീട്
ഞെട്ടിയുണര്‍ന്ന് നാലുപാടും നോക്കുന്നുണ്ട്.
ഓരോ മൂലയിലേക്കും കാറ്റിനെ പായിക്കുന്നുണ്ട് .
ചുറ്റിയടിച്ചെത്തുന്ന ഓരൊ കാറ്റിലേക്കും മൂക്കു വിടര്‍ത്തുന്നുണ്ട്.
എന്താണൊരിടയിളക്കമെന്ന്‍..
എന്താണ് ഇതുവരെയില്ലാത്ത എന്തൊക്കെയോ
എന്താണ്? എന്താണ് എന്ന്?
ബോറടിക്കുന്നുണ്ടാവും വീടിന്
കാറ്റില്‍ നമ്മുടെ മിഡ് ലൈഫ് ക്രൈസിസുകളില്‍ നിന്നും
പൊട്ടിമുളയ്ക്കുന്ന ചൂടന്‍ നിശ്വാസങ്ങള്‍
രസനകളില്‍ പഴകിയ പ്രണയത്തിന്റെ വിയര്‍പ്പുപ്പുകള്‍
നിന്റെയിഷ്ടങ്ങള്‍ എന്റെയിഷ്ടങ്ങള്‍
വഴക്കുകള്‍ പിണക്കങ്ങള്‍ ഇണക്കങ്ങള്‍
കാലഹരണപ്പെട്ട നമ്മുടെ വിശ്വാസങ്ങള്‍
കാത്തുനില്‍ക്കാനാവില്ലെന്ന്
നമ്മളെയും കടന്നു മറഞ്ഞ കാലത്തിന് മുന്നില്‍
തോറ്റുനില്‍ക്കുന്ന നമ്മള്
ചിറകുമുളച്ചാവോ എന്ന് തിരക്കാനായും മുന്‍പ്
കൂടുവിട്ട് പറന്നു പോയ പക്ഷിക്കുഞ്ഞുങ്ങള്‍.....
ബോറടിക്കുന്നുണ്ടാകും വീടിന്
ചാനലുകളുടെ ഉച്ചഘോഷണങ്ങള്‍
യുദ്ധങ്ങള്‍, പോരടിയ്ക്കുന്ന രാജ്യങ്ങള്‍
ദേശങ്ങള്‍ ആളുകള്‍ രാഷ്ട്രീയം ദൈവം
ജീവിച്ചുതുടങ്ങും മുന്‍പ്
ലോകത്തെപ്പറ്റി പരാതിപറയാന്‍
ദൈവത്തെത്തേടിപ്പോയ കുഞ്ഞുങ്ങള്‍
ജീവിക്കാന്‍ മറന്നുപോയ അവരുടെ അച്ഛനമ്മമാര്‍
ഉറഞ്ഞുപോയ ചുമരുകള്‍ക്ക്
കാലുള്ളവരോടസൂയ തോന്നിത്തുടങ്ങും
വെറുത്ത് വീര്‍ക്കുന്ന മോന്തായം
ചിറകുകള് സ്വപ്നം കാണാന്‍ തുടങ്ങും.
ബോറടിക്കുന്നുണ്ടാകും വീടിന്
വീടിനെക്കാള്‍ വലുത് നാടെന്ന്
ഇടക്കിടെ വീടിനെ തനിച്ചാക്കിപ്പോകുന്ന നമ്മള്
ഒറ്റയ്ക്കിരുന്ന് ആഘോഷങ്ങളെ സ്വപ്നം കാണുന്ന വീട്.
നമുക്കായി ഉറങ്ങാതെ കാത്തിരുന്ന വീടിനെ മറന്ന്
നാടിനെപ്പറ്റി നീട്ടിനീട്ടിയെഴുത്തുന്ന കവിതകള്‍
വീട് കണ്ടിട്ടില്ലാത്ത
നാട്ടിലെമഴ, നാട്ടിലെപ്പുഴ, നാട്ടിലെപ്പച്ച
നാട്ടിലെ വീട്........
ഇഷ്ടികകള്‍ നാഴികകള്‍ക്കപ്പുറത്തേതോ കളിമണ്‍പാടങ്ങളോര്‍ക്കും
മണല്‍ത്തരികള്‍ ഏതോ പുഴയോരങ്ങളെ
വാതിലുകള്‍ കോടപുതച്ച മലനിരകളെയപ്പാടെ
വീടിന്റെ മനസ്സിപ്പോളെവിടെയാവും.....
ബോറടിക്കുന്നുണ്ടാകും വീടിന്
ചൊറിഞ്ഞുതിണര്‍ക്കുന്ന പപ്പടപ്പൊള്ളങ്ങളാല്‍
എത്രമുറുക്കിയാലും അപസ്വരമുതിര്‍ക്കുന്ന കണ്ണീര്‍തന്ത്രികളാല്‍
വീടത് നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കും.
വീടിന്റെ കാര്യത്തില്‍ തീരെ ശ്രദ്ധയില്ലെന്ന
നമ്മളാന്യോന്യം കുറ്റപ്പെടുത്തും
എന്തുപറ്റി എന്തുപറ്റി എന്ന്
ഓരോ ചുമരുകളെയും തൊട്ടുതഴുകി
ഇങ്ങിനെ കരയല്ലേയെന്ന്
ജലതരംഗങ്ങളെ ചിട്ടപ്പെടുത്തി
അപ്പോള്‍ വീടിന് തോന്നും സ്നേഹിക്കപ്പെടുന്നതായി.
അപ്പോള്‍മാത്രമാകണം വീടൊരു വീടാകുന്നത്
നാലുചുമരുകള്‍ കൈകോര്‍ത്ത് മേല്‍ക്കൂര മുഖം ചേര്‍ത്ത്
നമ്മളെ വീടിന്റെ സ്വന്തമാക്കുന്നത്....
പൂവിരിയും പോലെ
പൂമണം പരക്കും പോലെ
നനഞ്ഞ മണ്ണില്‍നിന്നും തലയുയര്‍ത്തി
വിത്ത് ഇലവിരിക്കുമ്പോലെ
നനുത്ത ശ്വാസം പോലെ കണ്മിഴിക്കണമെന്ന്‍
ഒളിച്ചുവെച്ചതാണൊരു സ്വകാര്യം
വീടിന്റെ കണ്ണെത്താതൊരിരുള്‍മൂലയില്‍.
തിരഞ്ഞുപിടിച്ചോളും പതുക്കെ....
ഒരേമണം
ഒരേ നിറം
ഒരേസ്വാദ്
ബോറടിക്കുന്നുണ്ടാകും വീടിന്....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)