ബുധനാഴ്‌ച, ജൂൺ 18, 2014

നമ്മളെന്താണിങ്ങിനെ.....
1
എത്ര ചുകന്നിരിക്കണം നമ്മള്‍

നമ്മളെന്നിത്രനമ്മളായി-

ന്നൊന്നിച്ചു വിരിയുവാന്‍

2
ആ മണം

ആ രുചി

ആ നിറമെന്ന്‍

നിനക്കിഷ്ടമില്ലാത്തതെല്ലാം

ഇറുത്തിറുത്തെറിഞ്ഞിപ്പോഴിത

ഞാനോ നീയോ?.

3
നിന്‍റെ വേനല്‍ച്ചൂ ടിലേക്ക്

പൂത്തുലയുമ്പോള്‍

വിരിയുന്നതെന്തേ

എന്നിലെന്നും

ചുകന്ന ചെമ്പരത്തികള്‍ മാത്രം..

4
നിന്നിലേക്കാഴ്ന്നാഴ്ന്ന് പോകുന്ന

എന്‍റെ വേരുകളെ

എനിക്കു ഭയമുണ്ട്...

നീയെന്നെ കുടഞ്ഞെറിയുമ്പോള്‍

നിനക്കു വേദനിക്കുമോയെന്ന്...

5
ഓന്തിനെപ്പോലെ നിറമാറുന്ന ഭൂമിയൊന്ന്

ഉടച്ചുവാര്‍ത്തെടുത്ത്

അതിനുമേലൊരാകാശമാകാനാണ്

ഞാന്‍ പാടുപാടുന്നത്

മഴവില്ലുകളെ കഴുകി വിരിച്ച്

കുഞ്ഞുസൂര്യനെ ഉച്ചിയിലിരുത്തി

ചൂടന്‍ സൂര്യനെ കടലിലെറിഞ്ഞ്

സന്ധ്യയെ അലിയിച്ചിരുട്ടിച്ച്

ചന്ദ്രനെ തേച്ച് മിനുക്കി

നിലാവ് കറന്ന്പാറ്റി

നക്ഷത്രങ്ങള്‍ വറുത്തെടുത്ത്

പകലിനെകുറുക്കി രാവാക്കി

രാവിലുറക്കമൊഴിച്ച് പകലാക്കി

പാഞ്ഞുനടക്കുന്ന കുഞ്ഞുമേഘങ്ങളുടെ

കുട്ടിയുടുപ്പുകള്‍ക്ക്

വെള്ളിയലുക്കുകള്‍ പിടിപ്പിച്ച്....


ഇടക്കിടെ നീ മേയാന്‍ വിടുന്ന

കാര്‍മേഘങ്ങളെ മെരുക്കി

തൊഴുത്തിലടക്കാനാണ്

ഏറ്റവും പാട്.

6
എനിക്കറിയാം

ഞാനില്ലാതായിക്കൊണ്ടിരിക്കയാണെന്ന്

ആദ്യം നിന്‍റെ ഓര്‍മ്മകളില്‍ നിന്ന്‍...

പിന്നെ എന്‍റെ ഓര്‍മ്മകളില്‍ നിന്ന്‍

7
ഇത് വായിച്ചുകഴിയുമ്പോള്‍

നീയും ഞാനുമെന്നത്

ഞാനും നീയുമാകാനും

വായിച്ചവരിലൊരാള്‍

നമ്മളിലൊരാളുടെ

അപരനെന്ന് സ്വയം

ഉല്‍പ്രേക്ഷിക്കാനും

സാദ്ധ്യതകളെത്രയാണ്...

10 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

വായന അടയാളപ്പെടുത്തുന്നു.

Gireesh KS പറഞ്ഞു...

ആശംസകൾ !

പട്ടേപ്പാടം റാംജി പറഞ്ഞു...

എനിക്കറിയാം
ഞാനില്ലാതായിക്കൊണ്ടിരിക്കയാണെന്ന്

പട്ടേപ്പാടം റാംജി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
സൗഗന്ധികം പറഞ്ഞു...

വളരെ നല്ല കവിത


ശുഭാശംസകൾ....

അമ്പിളി. പറഞ്ഞു...

എനിക്കറിയാം

ഞാനില്ലാതായിക്കൊണ്ടിരിക്കയാണെന്ന്
ആദ്യം നിന്‍റെ ഓര്‍മ്മകളില്‍ നിന്ന്‍...

പിന്നെ എന്‍റെ ഓര്‍മ്മകളില്‍ നിന്ന്‍


എനിക്ക് പിടി തരാതെ കുറേയുണ്ട് ഈ കവിതയിൽ. എങ്കിലും ആസ്വദിച്ചു. ആശംസകൾ

ചന്തു നായർ പറഞ്ഞു...

ആശംസകൾ

Artof Wave പറഞ്ഞു...

നിന്‍റെ വേനല്‍ച്ചൂ ടിലേക്ക്
പൂത്തുലയുമ്പോള്‍
വിരിയുന്നതെന്തേ
എന്നിലെന്നും
ചുകന്ന ചെമ്പരത്തികള്‍ മാത്രം..

ആശംസകൾ

പ്രയാണ്‍ പറഞ്ഞു...

thanks dear friends....

viddiman പറഞ്ഞു...

സൈബർ ലോകത്ത് കാണുന്ന ഞാൻ - നീ കവിതകളേക്കാൾ കൂടുതലൊന്നും തോന്നിയില്ല