http://youtu.be/FI_FSzXPAxY
വീണ്ടുമൊരിക്കല്‍ കൂടി ... ഇത്തവണ കവിത എന്റേതെങ്കിലും പാടിയത് ആര്യന്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പറയാന്‍മടിക്കരുത്.......
പകുതിമുക്കാല്‍ നടന്നതാമീവഴി
യരികില്‍നീയിന്നു പതറിനിന്നീടവേ
ഇനിനടക്കാനരുതെന്നു നിന്മനം
ഇരവുനീര്‍ത്തീട്ടുറങ്ങാനൊരുങ്ങവേ
ചിരപരിചിതര്‍ക്കിടയിലൂടിന്നു നീ
മുഖമറിയാതുഴന്നു നീങ്ങീടവേ
ഇനിമടക്കമെന്നോതി മറവിതന്‍
മടിയിലേക്കുവീണമരും മനസ്സിലേ-
യ്ക്കോര്‍മ്മകള്‍തന്‍ വിഴുപ്പഴിച്ചിട്ടിന്നു
തടയണകള്‍ ഞാന്‍ തീര്‍ത്തു തളരവേ
ഇങ്ങിനേ നീ മറക്കാനിതെന്തെന്ന്
ചെമ്പരുത്തിക്കമ്പൊടിച്ചു കണ് ചോപ്പിച്ച്
ചൊല്ലുവാനെനിക്കാവില്ല നിന്മിഴി-
ത്തുമ്പിലേതോ മഴക്കോളിരമ്പവേ..........
ആര്‍ദ്രമൊരു ധനുമാസരാവിന് കുളിര്
ആര്‍ത്തമാം നെഞ്ചിലിറ്റിച്ചൊരാതിര-
പാട്ടിനീണങ്ങളോര്‍ത്തെടുത്താക്കുളിര്‍
ക്കാറ്റില്‍ തിങ്കളൊത്താടിത്തുടിച്ചുനിന്‍
നിറുകയില്‍ ദശപുഷ്പമാല്യങ്ങള്‍തന്‍
തളിരില്‍ നിറമേറെ ചാലിച്ചുചാര്‍ത്തിയും
ഏറെകാതം നടന്നതാം ജീവിതം
പാതി പുറകോട്ടു വീണ്ടും നടന്നെത്തി
നിന്റെ നെഞ്ചറജാലകപ്പാളികള്‍
ചാരിയുള്‍വലിഞ്ഞെങ്ങോ മറഞ്ഞതാം
ഏതൊരുത്ക്കടബോധഭേദത്തിനാല്‍
പാളിനീക്കിയൊളിഞ്ഞൊന്നു നോക്കിടും
നിന്റെയോര്‍മ്മകള്‍ തന് നിഴല്‍പ്പാടിതില്‍
തൂവെളിച്ചം നിറക്കാന്‍ കൊതിയ്ക്കവേ
ഇന്നു നഞ്ഞുവീണൂഷരമൂര്‍വ്വിതന്‍
ഉള്ളുനൊന്തോരിടര്‍ച്ചയും തേങ്ങലും
ഒന്നുമില്ലാത്തിടംതേടി നിന്‍ഗതി
എന്തിനായ്ഞാന്‍ തടയേണമോര്‍ക്കുകില്‍.….
ഉണ്ടൊരിക്കല് കൊതിച്ചിരുന്നെന്മനം
സന്ധ്യ ചോക്കുന്നതിന്‍മുന്‍പ് തിരിയെവ-
ന്നങ്ങു ചേക്കേറുമാക്കിളിക്കുഞ്ഞുപോല്‍
വിങ്ങിവെന്താലുമുള്ളിലെ കനിവിന്റെ
ഉറവവറ്റാത്തരിംമ്പുകള്‍ക്കിടയിലേ
ക്കൂര്‍ന്നിറങ്ങാന്‍ മറന്നൊന്നുറങ്ങുവാന്‍.......
17 അഭിപ്രായങ്ങൾ:
ഒരിക്കല്‍ക്കൂടി സ്നേഹത്തോടെ
കേള്‍ക്കട്ട്, എന്നിട്ട് പറയാം :)
കവിത വായിച്ചു. ആര്യേട്ടന്റെ ആലാപനവും കേട്ടു.
ആഹ്ലാദകരമായ ഒരനുഭവം.
നല്ല കവിത നന്നായി ആലപിച്ചു കേട്ട സന്തോഷത്തിൽ.......
super! manoharamayi cheithirikkunnu.
നിന്റെ നെഞ്ചറജാലകപ്പാളികള്‍..
നല്ല പ്രയോഗം.
:) കേട്ടു കേട്ടൂ!!
ആഹാ, അസ്സലായ്ട്ടുണ്ട്ന്ന് പറഞ്ഞാല്‍ അതെന്നെ, അസ്സസ്സലായീന്നെന്നെ!!
ഇടപ്പിള്ളി മീറ്റിന് ശേഷം അദ്ദേഹത്തിന്റെ പാട്ട് കേള്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം..
മികച്ച വരികള്‍, മനോഹരമായ ആലാപനം..
താങ്കള്‍ പറഞ്ഞത് ശരിയാ, ഒരേ വിഷയം ചിന്തിച്ചു എന്നത് മനസ്സുകളുടെ യാത്ര ഒരേവഴിയിലൂടെ ആയതുകൊണ്ടുമായിരിക്കാം.. സന്തോഷം.
ചേച്ചിയെ തിരിച്ചറിഞ്ഞത് ആ കമന്റിട്ടതിനു ശേഷമാണ്.. ക്ഷമിക്കണേ, താങ്കളെന്ന പ്രയോഗം ഞാന്‍ തിരിച്ചെടുത്തിരിക്കുന്നു. :)
വളരെ നന്നായി ..നല്ല അനുഭവം.
അത്യുഗ്രൻ,
കേൾക്കാനായില്ല, വളരെ സമയമെടുക്കൂന്നു. പിന്നീട് കേൾക്കാൻ മാത്രമായി വരുന്നുണ്ട്.
നന്നായിട്ടുണ്ട്.... കവിതയും ആലാപനവും
നല്ല കവിത, ആലാപനം...
'ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍....'
കവിത കേട്ട ശേഷം എന്‍ എന്‍ കക്കാടിന്റെ
'സഫലമീ യാത്ര'
മനസ്സില്‍ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു...
ധനുമാസക്കുളിരും തിരുവാതിരയും
ദശപുഷ്പവും കവിതയില്‍
സ്പര്‍ശവും കാഴ്ചയും ഗന്ധവുമായി
നിറയുന്നു....
ഒരു വിയോജനക്കുറിപ്പ് കൂടി.....
കവിതയ്ക്ക് ഇത്രയും സംഗീതം വേണോ....?
കവിതയ്ക്കു മേല്‍ പലപ്പോഴും
സംഗീതം ആധിപത്യം നേടുന്നു...
ഒരു ശ്രുതിയും ഒരു താളവാദ്യവുമുണ്ടെങ്കില്
(പുല്ലാങ്കുഴല്‍ കൂടിയാകാം) കവിതാലാപനത്തിനു ധാരാളം...!
എനിക്കു തോന്നുന്നു,
പശ്ചാത്തലം കീബോര്‍ഡില്‍ ഫിക്സ് ചെയ്തത് കൊണ്ടാകാം സംഗീതം മുഴച്ചുനില്‍ക്കുന്നത്....
നല്ല കവിത, നന്നായി ചൊല്ലി. ഇനിയും ഇതുപോലുള്ള കൂട്ടായ സംരംഭങ്ങൾ ആയിക്കോട്ടേ!
കവിത വായിച്ചു . മനോഹരം.
കേള്‍ക്കണമെങ്കില്‍ വീട്ടിലെത്തണം. :)
ആശംസകള്‍
ശാന്തമായി ഈ കവിതകള്‍ ഇപ്പോള്‍ മുഴുവന്‍ കേട്ടു.
പ്രയാന്‍,ആര്യന്,അശ്വിന്
നിങ്ങളുടെ കൂട്ടായ പ്രയത്നം ശരിക്കും അഭിനന്ദനം അര്‍ഹിക്കുന്നു...ആശംസകള്‍..
വളരെ വളരെ മനോഹരം..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ