വെള്ളിയാഴ്‌ച, ഫെബ്രുവരി 24, 2012

കഥാവശേഷങ്ങള്‍ .........

 

വഴുതിന ചുട്ടെടുക്കുമ്പോള്‍ പെട്ടെന്ന്
ഓര്‍മ്മ വന്നത് ഒരു കലാപത്തിന്റെ
വാക്കുരിയപ്പെട്ട കഥാവശേഷമാണ്.
ദൈവനിന്ദയോ പ്രീണനമോ
പുറന്താളുകളിലെഴുതിപ്പിടിപ്പിക്കാത്ത
നിനക്കു വിരുന്നൊരുക്കാനെന്ന്
ജാഠുകളുടെ പാടങ്ങളില്‍ നിന്ന്
ഉന്തുവണ്ടി കയറിയെത്തിയ
പാവമൊരു പച്ചക്കറിമാത്രമാണത്.
ഏരിയിച്ച തീയ്ക്കുമുകളിലായി
കമ്പിവലയിലിട്ട്  ചുട്ടെടുക്കുമ്പോഴാണ്
എന്തുകൊണ്ടോ അങ്ങിനെയൊരു.....

വഴിതിനയുടെ നിറത്തെപ്പറ്റിയോ
അതുവിളഞ്ഞ വരണ്ട പാടമോ
വഴുതിനയുടെ മുരടിന്‍ ചുവട്ടില്‍
കുത്തിയിരുന്ന തടമെടുത്തിരുന്ന
ഇടയിലെപ്പോഴോ കണ്ണുവെച്ച
ജാഠിണിയുടെ തവിട്ടുനിറമുള്ള മുലകളോ
ഇളംനിറത്തിലുള്ള അതിന്റെ പൂവോ
ജനിതക വൈലക്ഷണ്യം പോലുമോ അല്ല!

പൊടുന്നനെ തീയിലേക്കിറക്കിവെക്കുമ്പോള്‍
കത്തിക്കരിയുന്ന മണത്തിനൊപ്പം
ഉറക്കേക്കരയുന്ന നിശ്ശബ്ദതയിലേക്ക്
പെരുകിനിറയുന്നൊരു നിസ്സഹായത........

കരിഞ്ഞ പുറംകാഴ്ചകള്‍ക്കപ്പുറം  വെന്ത ദശ
പതുക്കെ പാളികളായി അടര്‍ത്തിയെടുത്ത്
ഇരുണ്ട ഇടയോരങ്ങളില്‍ ചികയുമ്പോള്‍
ആവിയിനിയുമടങ്ങിയിട്ടില്ലാത്ത
ജീവനുള്ള വേവുകള്‍ക്കിടയില്‍ നിന്ന്
തിടുക്കപ്പെട്ട് പ്രത്യക്ഷപ്പെട്ടേക്കാവുന്ന
വെന്തു മലച്ച കണ്ണുകളിലെ 
തണുത്തുറഞ്ഞ നിസ്സംഗത 
അതില്‍  ഊറിനിറയുന്ന സാജാത്യം   
ദശ പൊടുന്നനെ തിരികെയമര്‍ത്തിവെച്ചിട്ടും
പിന്നാലെവന്ന് വിലപേശുന്ന  കുറ്റബോധം...

നിങ്ങള്‍ക്കും  തോന്നാറുണ്ടോയെന്നറിയില്ല.
വഴുതിന ചുട്ടെടുക്കുമ്പോള്‍ പെട്ടെന്ന്
എന്തുകൊണ്ടാണോ അങ്ങിനെയൊരു.....

19 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

നിങ്ങള്‍ക്കും തോന്നാറുണ്ടോയെന്നറിയില്ല....

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

നീറ്റുചരിത്രങ്ങളുടെ ചൂടും ചൂരുമുള്ള വരികള്‍ ..

ശ്രീനാഥന്‍ പറഞ്ഞു...

എന്തൊരു ക്രൂരമായ കാഴ്ച്ച!, വഴുതിന ദൽഹിയിൽ ചുട്ടെടുക്കുമ്പോലെ തോന്നില്ലായിരിക്കാം ഇവിടെ, എങ്കിലും ജീവൻ വേവുന്നത് ഇവിടെയുമറിയാം!

Manu Nellaya / മനു നെല്ലായ. പറഞ്ഞു...

ഉറക്കേക്കരയുന്ന നിശ്ശബ്ദതയിലേക്ക്
പെരുകിനിറയുന്നൊരു നിസ്സഹായത........

SUNIL . PS പറഞ്ഞു...

നിങ്ങള്‍ക്കും തോന്നാറുണ്ടോയെന്നറിയില്ല....!
ഇല്ല പലര്‍ക്കും തോന്നാറില്ല, അതാണല്ലോ കഷ്ടം!!!. നല്ല കവിതയ്ക്ക് അഭിനന്ദനങ്ങള്‍

മുകിൽ പറഞ്ഞു...

ഉള്ളില്‍ അമര്‍ന്നു കിടക്കുന്ന എന്തൊക്കെയോ പൊള്ളി തികട്ടുന്നു കവിത വായിക്കുമ്പോള്‍. ഉവ്വ്. താമരത്തണ്‍ടുകള്‍ മുന്നില്‍ മലര്‍ന്നു കിടക്കുമ്പോള്‍, അരി കഴുകുമ്പോള്‍ കൈവിരലുകളില്‍ നരച്ചൊരു മുടിയിഴ നിസ്സഹായതയോടെ ചുറ്റിപ്പിടിക്കുമ്പോള്‍, തക്കാളി മുന്നിലിരുന്നു തൊലി ചുളിയുമ്പോള്‍ എല്ലാം തോന്നാറുണ്ട്, പലതും. എന്നാലും വഴുതനങ്ങ ചുടുമ്പോള്‍ ചുട്ട മാംസത്തിന്റെ മണം ഇനി മൂക്കു പിടിക്കും.
സ്നേഹത്തോടെ,

M N PRASANNA KUMAR പറഞ്ഞു...

നിസ്സഹായത ശ്വാസതാളങ്ങളെ അമര്‍ത്തിപ്പിടിക്കുന്ന മണ്‍കൂരയ്ക്കുള്ളിലെ നിശ്ശബ്ദ ജീവനുകള്‍ അധിനിവേശം ചെയ്യപ്പെടുന്ന ആര്‍ത്തി ചൂടുകളില്‍ കണ്‍ മിഴിച്ചു നില്‍ക്കുന്ന കാഴ്ച ......ചിലപ്പോഴെങ്കിലും ഓര്‍ക്കും ....അതിന്റെ ചുവടുവട്ടത്ത് ഒരു ആഗ്രഹപ്പകര്‍ച്ച കൊളുത്തി വിരല്‍ത്തുമ്പില്‍ ഒരു തിളക്ക മാര്‍ന്ന അക്ഷരക്കൂട്ടു ഗര്‍ഭസ്ഥമാകാന്‍ ആഗ്രഹിക്കും..........................

Sidheek Thozhiyoor പറഞ്ഞു...

"സാജാത്യം"
ഇതിന്റെ അര്‍ഥം പിടികിട്ടിയില്ല, ഉള്ളടക്കം നന്നായി.

Echmukutty പറഞ്ഞു...

രാവിലെ തന്നെ ഇതു വേണ്ടിയിരുന്നില്ല്ല.....
എന്തൊരു ക്രൂരമായ ദൃശ്യം!

വേവും ചൂടും വാക്കുകളിലൂടെ കത്തിപ്പടരുന്നു.

yousufpa പറഞ്ഞു...

ഇത് അടിച്ചമ൪ത്തപ്പെട്ടവരുടെ ഗീതമാണ്. എന്നും അവച്ഞയിലേക്ക് എറിയപ്പെട്ടവരുടെത്. ഉള്ളു വെന്തു ,ഇത് വായിച്ചപ്പോള്‍ ..

മനോജ് കെ.ഭാസ്കര്‍ പറഞ്ഞു...

ശക്തമായ കവിതയ്ക്ക് അഭിനന്ദനങ്ങള്‍....

comiccola / കോമിക്കോള പറഞ്ഞു...

അഭിനന്ദനങ്ങള്‍.

വല്യമ്മായി പറഞ്ഞു...

എവിടെയൊക്കെയോ വെന്തു

ente lokam പറഞ്ഞു...

നന്നായി അറിയുന്നു ഈ വേദന..
വായിച്ചു നേരത്തെ തന്നെ..
എന്ത് എഴുതണം എന്ന് അറിയില്ലാ..
കവിതയ്ക്ക് അഭിനന്ദനം...

Unknown പറഞ്ഞു...

ഉത്തരന്ത്യയിലെ ജാഠിണിയെ കുറിച്ച ഒരു വിവരണം നന്നായിരിക്കും എന്ന് തോന്നുന്നു .
വിഷയം വിശ്യമാനവികത്തെ കുറിച്ച ആയതു കൊണ്ട് അത് ഒന്നുമില്ലാതെ തന്നെ വേവുന്നുണ്ട്..
പിന്നെ ചുട്ടു പാപം തിന്നാല്‍ തീരും ...ആര്‍ക്ക് എന്ത് തോന്നിയാലും ഒരു കാര്യമില്ലാതെ വീണ്ടും ചുട്ടു കൊണ്ടിരിക്കും

പ്രയാണ്‍ പറഞ്ഞു...

വേവുള്‍ക്കൊണ്ട എല്ലാവര്ക്കും എന്റെ സ്നേഹം...... ഉത്തരന്ത്യയിലെ ജാഠിണിയെ കുറിച്ച ഒരു വിവരണം വേണ്ടവര്‍ അതിനുപറ്റിയ ഏതെങ്കിലും സൈറ്റില്‍ കേറിനോക്കിയിട്ടുണ്ടാവും ...... അവര്‍ക്കീ കവിത വേവില്ല....:)

Joy Varghese പറഞ്ഞു...

ചുട്ടു പൊള്ളുന്ന ഹൃദയങ്ങളെ കുറിച്ച് ..
നീറിപഴുക്കുന്ന കണ്ണുകളെ കുറിച്ച് ..

ശ്രീ പറഞ്ഞു...

വഴുതനങ്ങ ചുട്ടെടുക്കുന്നത് അധികം കണ്ടിട്ടില്ല. (ഭാഗ്യം!)

Unknown പറഞ്ഞു...

ഹ് മം..!