ബുധനാഴ്‌ച, ഡിസംബർ 21, 2011

ദേവൂട്ടി........


ഇത്തവണ കണ്ടപ്പോള്‍ ദേവൂട്ടി നല്ല സന്തോഷത്തിലായിരുന്നു.. കവിളൊക്കെ തുടുത്ത് ആളിത്തിരി ഭേദം വെച്ചിട്ടുണ്ട്. പടിയിറങ്ങിപ്പോയ വേദനകളും കയറിവന്ന ആത്മവിശ്വാസവും ദേവൂട്ടിയുടെ നടത്തത്തില്‍ ശരിക്കും പ്രതിഫലിക്കുന്നുണ്ടായിരുന്നു.

“കുഞ്ചാത്തലറിഞ്ഞില്യേ ന്റെ മോള്‍ടെ കല്ല്യാണം കഴിഞ്ഞത്” .....എന്നെ കണ്ടതും പ്രതീക്ഷിച്ചതു പോലെത്തന്നെ ദേവൂട്ടി ചോദിച്ചു.

“ ഞങ്ങള്‍ ദേവൂട്ടീടെ മോള്‍ടെ കല്യാണത്തിന് പോയിട്ടോ” കഴിഞ്ഞ തവണത്തെ എടത്ത്യമ്മേടെ മെലിഞ്ഞുകൊണ്ടിരിക്കുന്ന നാട്ടുവാര്‍ത്തകളില്‍ അത് കാണാന്‍ തക്കോണം തന്നെയുണ്ടായിരുന്നു.
“ഇത്തിരി കറുത്ത് മെലിഞ്ഞിട്ടാണെങ്കിലും ആള് അദ്ധ്വാനിയാണ്ത്രെ... വാര്‍പ്പിന്റെ പണിയാണേയ്... അമ്മായ്യമ്മ ത്തിരി കേമിയാണെന്നാ കേട്ടത്. രണ്ടാള്‍ടേം രണ്ടാം കേട്ടല്ലേ...... ഇന്യൊക്കെ ഭഗോതി കാത്തോളും.” എന്തും ഏതും നാട്ടിലെ സ്വന്തം ഭഗോതീടെ കാല്ക്കയല്‍ സമര്‍പ്പിച്ച് കാത്തിരിക്കല് ഇന്നാട്ടുകാരുടെ ഒരുസ്വഭാവമാണ്‍.

“അറിഞ്ഞുട്ടോ .ഓള്‍ക്കവിടെ സുഖാണോ ദേവൂട്ടി? ” ഇതില്‍നിന്നുമൊരു കഥ മെനഞ്ഞെടുക്കണമെന്ന എന്റെ സ്വാര്‍ത്ഥതയെ ആശങ്കയുടെ ഉടുപ്പിടീച്ച് വെറുമൊരു ചെറിയ ചോദ്യമാക്കി അവളുടെ മുന്നിലേക്കിട്ടു.

“ഓള്ക്കാടേ നല്ല സുഖാണ്ത്രെ..... അയിന് മറ്റൈറ്റിങ്ങളെ പോലൊന്ന്വല്ലാലോ ഇവര്. നല്ല കുടുമ്മത്തി പെറന്നോരാണേയ്. ഓളെ നല്ല കാര്യാ. അമ്മായ്യമ്മ ഒരു കാര്യക്കാര്യാണേയ്. ഞാമ്പറഞ്ഞു ത്തിരി കണ്ടും കേട്ടും നിന്നാ മതീന്ന്. എന്തായാലും മറ്റേ ആയമ്മേടത്രക്ക് വരില്ല്യലോ. ഇന്യൊക്കെ മ്മടെ ഭഗോതി നിരീക്കുമ്പോലെ...” അതാണ് ഞാന്‍ പറഞ്ഞത്. എല്ലാം നാടിന്റെ സ്വന്തം ഭഗവതിയെ ഏല്‍പ്പിച്ചുകൊടുത്തിരിക്കയാണ് ഞങ്ങള്‍. അത്രക്ക് വിശ്വാസമാണ് ഭഗവതിയെ എല്ലാര്ക്കും .

ദേവൂട്ടിക്ക് പറഞ്ഞിട്ടും തീരുന്നുണ്ടായിരുന്നില്ല.... കുട്ടിയെ മാത്രം മതിയെന്ന് പറഞ്ഞ ചെറുക്കന്റെ വീട്ടുകാരെപ്പറ്റി, എന്നാലും ചെറുതായിട്ടെന്തെങ്കിലും കൊടുക്കാന്‍ കയ്യയച്ച് സഹായിച്ച പണിയെടുക്കുന്ന വീടുകളിലെ വീട്ടുകാരുടെ സൌമനസ്യത്തെപ്പറ്റി, കടബാദ്ധ്യതകളധികമുണ്ടാക്കാതെ കാര്യങ്ങളെല്ലാം നടന്നതിനെപ്പറ്റി , ബന്ധുത്വമുറപ്പിച്ച് വിരുന്നുവിളിച്ച പുതിയ ബന്ധക്കാരെപ്പറ്റി നൂറുനാവുവെച്ച് ദേവൂട്ടി പറഞ്ഞുകൊണ്ടിരുന്നു. പാവം കഴിഞ്ഞ കല്യാണത്തിനു കടം വാങ്ങിയതിനിയും കൊടുത്തു തീര്‍ന്നി ട്ടില്ല.

“പത്തെഴുപത്തയ്യായിരം കടംവാങ്ങിയൊരുത്തന് പിടിച്ച് കൊടുത്തിട്ട് എന്താ കാര്യണ്ടായെ? ഓനെ ഞാന്‍ വെറുക്കനെ വീടാന്‍ പോണില്യ എന്തായാലും...” ദേവൂട്ടി നിന്നു തിളച്ചു. “അടുത്താഴ്ച കേസ് പറയാന്‍ വിളിച്ചിട്ട്ണ്ട് ത്രെ. വക്കീല് വിളിച്ച് പറയ്യേന്നലെ..”

“നിപ്പോ എന്തിനാ ദേവൂട്ടീ കേസ്?”

“ ആഹാ.അങ്ങിനെ വെറുതെ വിടാമ്പറ്റ്വോ .... അമ്പതിനായിരത്തിന്റെ സ്വര്‍ണ്ണോം പണോംല്ലേ ഒന്റടുത്ത്... അത് തിരിച്ച് വാങ്ങാണ്ടെങ്ങിന്യാ?”

“കയ്യില്‍ കാക്കാശില്ലാത്ത ഒരാള്ടെ കയ്യിന്നെങ്ങിന്യാ ദേവൂട്ടി പണം തിരികെ കിട്ട്വാ?”

“വക്കീല് വാങ്ങിത്തരാന്ന് പറഞ്ഞിട്ട്ണ്ടല്ലോ. ആത്രേനിക്കറിയൂ....”

എന്തോ … ദേവൂട്ടിയിപ്പോള്‍ വളരെ സന്തോഷത്തിലാണ്‍. നാറാണേട്ടന്‍ കള്ളുകുടി കുറച്ചതും രാവിലെഎഴുന്നേറ്റ് ദേവൂട്ടിക്ക് ചായകൂട്ടികൊടുക്കുന്നതും പറയുമ്പോള്‍ ആ കണ്ണുകളില്‍ ഇതുവരെ കാണാത്ത തിളക്കം. പുതിയ അംഗീകാരങ്ങളിലേക്കു സന്തോഷത്തോടെ തലയുയര്‍ത്തിപ്പിടിച്ച് ദേവൂട്ടി നടന്നുപോകുന്നത് കാണുമ്പോള്‍ സത്യം പറയാലോ എനിക്കും വല്ലാത്ത സന്തോഷം തോന്നുന്നു.

ഇനി നല്ല സന്തോഷക്കഥകളുമായി ദേവൂട്ടി വരണേയെന്ന് പ്രാര്‍ത്ഥിക്കാന്‍ നിങ്ങളുമുണ്ടാവണം എന്റെകൂടെ........

ദേവൂട്ടിയിലെ മറ്റു പോസ്റ്റുകള്‍ ദേവൂട്ടി........

14 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

ഇനി നല്ല സന്തോഷക്കഥകളുമായി ദേവൂട്ടി വരണേയെന്ന് പ്രാര്‍ത്ഥിക്കാന്‍ നിങ്ങളുമുണ്ടാവണം എന്റെകൂടെ........

മുകിൽ പറഞ്ഞു...

വായിച്ചിട്ടെനിക്കും സന്തോഷം.. ദേവൂട്ടി സന്തോഷവതിയഅയിരിക്കട്ടെ.

ജന്മസുകൃതം പറഞ്ഞു...

ഇനി നല്ല സന്തോഷക്കഥകളുമായി ദേവൂട്ടി വരണേയെന്ന് പ്രാര്‍ത്ഥിക്കാന്‍ നിങ്ങളുമുണ്ടാവണം എന്റെകൂടെ........
തീര്‍ച്ചയായും

വിജീഷ് കക്കാട്ട് പറഞ്ഞു...

ഇഷ്ടായി ചേച്ചി...

Sidheek Thozhiyoor പറഞ്ഞു...

ദേവൂട്ടിയുടെ സന്തോഷം നിലനില്‍ക്കട്ടെ.

Sabu Kottotty പറഞ്ഞു...

നാടൻ കഥകൾ വായിയ്ക്കുമ്പൊ ഒരു വല്ലാത്ത അനുഭൂതിയാണു കിട്ടുന്നത്. ഇവിടെ ദേവൂട്ടിയുടെ കഥയും അത്തരം അനുഭവമാണു തന്നത്.

Unknown പറഞ്ഞു...

അപ്പോള്‍ ദേവുട്ടിയെ പിടാതെ പിടിച്ചിരിക്കുവാ അല്ലെ .....

“നിപ്പോ എന്തിനാ ദേവൂട്ടീ കേസ്?”

“ ആഹാ.അങ്ങിനെ വെറുതെ വിടാമ്പറ്റ്വോ .... അമ്പതിനായിരത്തിന്റെ സ്വര്‍ണ്ണോം പണോംല്ലേ ഒന്റടുത്ത്... അത് തിരിച്ച് വാങ്ങാണ്ടെങ്ങിന്യാ?”
അത് ഇങ്ങള് തരോ ?.....:)
എന്നാ കേസിനു പോയൂല ......:)

മനോജ് കെ.ഭാസ്കര്‍ പറഞ്ഞു...

സന്തോഷമായി,
തീര്‍ച്ചയായും കൂടെയുണ്ടാവും...

yousufpa പറഞ്ഞു...

നാട്ടിൻപുറത്തെ ചെയ്തികളുമായി വീണ്ടും വന്നു. സന്തോഷം ഓപ്പെ.ഒരുപാട് ദേവൂട്ടികൾ ഉണ്ടാകട്ടെ കഥകൾക്ക് ജീവനേകാൻ.

Manoraj പറഞ്ഞു...

നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം. ദേവൂട്ടികഥകള്‍ തുടരറ്റെ.

ശ്രീനാഥന്‍ പറഞ്ഞു...

ഏയ്, അങ്ങനെ വെറുതെ വിടാൻ പാടില്ല! നന്നായി ദേവൂട്ടി വിശേഷങ്ങൾ. ദേവൂട്ടിമാർക്ക് എപ്പോഴും സന്തോഷമായിരിക്കാനാവുമോ കുഞ്ചാത്തലേ? എങ്കിലും സന്തോഷമായിരിക്കട്ടേ!

പ്രയാണ്‍ പറഞ്ഞു...

മുകിൽ
ലീല എം ചന്ദ്രന്‍.
വിജീഷ് കക്കാട്ട്
sidheek Thozhiyoor
കൊട്ടോട്ടിക്കാരന്‍...
MyDreams
മനോജ് കെ.ഭാസ്കര്‍
yousufpa
ശ്രീനാഥന്‍
റഞ്ഞു...
ശ്രീനാഥന്‍ ദേവൂട്ടിയോട് ഞാന്‍ പറയാട്ടോ നിങ്ങളുടെ സന്തോഷം....:)

Echmukutty പറഞ്ഞു...

സന്തോഷദേവൂട്ടിയെ കാണുമ്പോൾ ഒരു സുഖം..

ente lokam പറഞ്ഞു...

"ങ്ങക്ക് കഥക് കിട്ടി ഇല്ലേലും വേണ്ടൂല്ല...
ആ ദേവൂട്ടി മനസ്സമാധാനം ആയിട്ട് കഴിഞ്ഞോട്ടെ..
ബാകി ഒക്കെ ഭാഗവതിന്റെ കയില്‍"..!!!..ഹ..ഹ..
നന്നായിട്ടുണ്ട് ദേവൂട്ടി വിശേഷങ്ങള്‍..
പുതു വത്സര ആശംസകള്‍...