രാവിലെത്തന്നെ കുളികഴിഞ്ഞു അന്നത്തെപത്രവും കയ്യിലൊരുകപ്പ് കാപ്പിയുമായി ഗോമതിടീച്ചര്‍ മുകളിലേക്കു നടന്നു. ക്ലോക്കില്‍ ആറരയടിച്ചപ്പോഴേക്കും ടീച്ചര്‍ മുകളിലെ വരാന്തയുടെ ചാരുപടിയിലിരുന്ന് പത്രം നിവര്‍ത്തിക്കഴിഞ്ഞിരുന്നു. അന്നേരമാണ് കറവക്കാരന് പയ്യന് നിര്‍ത്താതെ ബെല്ലടിച്ചുകൊണ്ട് സൈക്കിളില്‍ വരുന്നതും തെക്കേതില്‍ മുറ്റമടിക്കുന്ന കുഞ്ഞുലക്ഷ്മി നിവര്‍ന്ന്നിന്ന് കെട്ടഴിഞ്ഞെന്നമട്ടില്‍ ചൂലിനിട്ടു കൊട്ടുന്നതും അവര്‍തമ്മിലൊരു ചിരിമിന്നുന്നതും വടക്കോറത്തൊരു കാക്ക പിറുപിറുത്തുകൊണ്ട് തലേന്ന് രാത്രീലത്തെ വറ്റുതപ്പുന്നതും എന്തോ മറന്നതെടുക്കാന്‍ മറന്ന് ഒരണ്ണാന് മതിലിനുമുകളിലൂടെ അങ്ങോട്ടുമിങ്ങോട്ടും തിരക്കിട്ടോടുന്നതും മാക്കൊമ്പിലിരുന്ന് ഉണ്ണ്യേത്തിക്കിളികള്‍ കലപിലകൂട്ടുന്നതും ബാലന് മാഷ് ഗേറ്റുതുറന്ന് പുറത്തേക്കിറങ്ങി മുകളിലേക്കു നോക്കി ടീച്ചറോട് കൈവീശിക്കാട്ടി നടക്കാനിറങ്ങുന്നതും കിഴക്കന്‍മലകള്‍ക്കിടയിലൂടെ എത്തിനോക്കി സൂര്യന് ആയിരംവാട്ട് ചിരി ചിരിക്കുന്നതും. ഇനി മാഷിനു രാവിലത്തേക്കുള്ള ഭക്ഷണം ഉണ്ടാക്കിവെച്ച് കൃത്യം ഏട്ടുമണിക്കു കുഞ്ഞുലക്ഷ്മി കേറിവരുന്നതുവരെ ടീച്ചര്‍ അവിടെ പത്രത്തിന്റെ ഏണുംകോണുമടക്കം നുള്ളിപ്പെറുക്കി വായിച്ചുകൊണ്ടിരിക്കും. തലേന്ന് രാത്രിയില്‍ മഴമെഴുകിയതിന്റെ ബാക്കി അവിടവിടെ കരി പിടിച്ച മുഖം മഞ്ഞിലൊളിപ്പിച്ച് എത്തിനോക്കുന്ന സൂര്യന്റെ ജാള്യത കണ്ടപ്പോള്‍ ടീച്ചര്‍ക്ക് ചിരിവന്നു.
“ഗോമ്വോ അവിടെ ഒരു ചൂടിക്കഷ്ണണ്ടെങ്കില്‍ ഒന്നിങ്ങട്ടക്ക് താ”
താഴെ അമ്മയുടെ ശബ്ദം കേട്ടപ്പോഴാണ് ഗോമതിട്ടിച്ചര്‍ നോക്കിയത് . ഇന്ന് അമ്മ രാവിലെത്തന്നെ ഇറങ്ങിയിരിക്കുന്നു വളപ്പിലേക്ക്. ഇനി ചൂടിക്കഷ്ണം തപ്പാന്‍ താഴേക്കു പോണമെന്നോര്‍ത്തപ്പോള്‍ ടീച്ചര്‍ക്കിത്തിരിദ്വേഷ്യമൊക്കെ വന്നു. പച്ചക്കറിത്തോട്ടം അമ്മയുടെ സ്വന്തമായിരുന്നു. അവിടെ തപ്പിയും തടഞ്ഞും വള്ളികള്‍ക്ക് ചുറ്റും നടന്ന് അവയോട് പുന്നാരിച്ചും അവയെ തിന്നാന്‍ വരുന്ന പ്രാണികളെ വാതോരാതെ ചീത്തപറഞ്ഞും കുറെനേരം നടന്നില്ലെങ്കില്‍ പിന്നെ അമ്മയ്ക്കു വല്ലാത്ത പരവേശമാണ്. കയ്പ്പവള്ളിയും പടവലവും ചിലപ്പോള്‍ സ്നേഹത്തോടെ അമ്മയുടെ കവിളില്‍ താലോടുന്നതും നിറുകില്‍ ഉമ്മവെക്കുന്നതും ടീച്ചര്‍ കൌതുകത്തോടെ നോക്കിനില്ക്കാറുണ്ട്. മഴതോരാതെപെയ്യുന്ന ദിവസങ്ങളില്‍ ടീച്ചറുടെ കാര്യം കഷ്ടമാണ്. അമ്മയ്ക്കന്ന് പഴമ്പുരാണക്കെട്ടഴിച്ച് വിസ്തരിച്ച് വിഴുപ്പലക്കാനുള്ള ദിവസമാണ്. ആവശ്യത്തിന് സോപ്പും വെള്ളവും തേച്ചുരക്കാനൊരുകല്ലും വേണ്ടസമയത്ത് കിട്ടിയില്ലെങ്കില്‍ അലക്കിന്റെ തരം മാറും.അതിനാല്‍ ടീച്ചര്‍ അമ്മയുടെ ഈ പച്ചക്കറി പാരിപാലനത്തിന്ന് എല്ലാ ഒത്താശകളും ചെയ്തു കൊടുത്തിരുന്നു. ടീച്ചര്‍ക്കുമുണ്ടായിരുന്നു പവിഴമല്ലിയും ചെംമ്പകവും സ്വര്‍ണ്ണലരിയും പിച്ചകവും മറ്റും പൂത്തുനില്ക്കുന്ന ഒരുതോട്ടം. മുകളിലെ വരാന്തയിലേക്ക് പടര്‍ന്നുകയറി സന്ധ്യക്ക് മദഗന്ധം പരത്തി പൂത്തുനിറയുന്ന വര്‍ണ്ണസുഗന്ധിയോടായിരുന്നു ടീച്ചര്‍ക്കേറെയിഷ്ടം.
മഴയത്ത് അയകെട്ടാനായി സ്റ്റോറില്‍ കരുതിവെച്ചിരുന്ന ചൂടിക്കഷ്ണമെല്ലാം തീര്‍ന്നിരിക്കുന്നത് കണ്ടപ്പോള്‍ ഗോമതിടീച്ചര്‍ക്ക് അത്ഭുതം തോന്നി. കയ്യില്‍ തടഞ്ഞ ഒരുകഷ്ണം ചാക്കുചരടുമായി അവര്‍ തോട്ടത്തിലേക്ക് ചെന്നു. പടര്‍ന്നുകയറാന്‍ ഒരു താങ്ങ് തേടി കാറ്റില്‍ ആടിക്കൊണ്ടിരിക്കുന്ന ഒരു പയറുവള്ളിയാണ് പ്രശ്നക്കാരി. അതിനെ കെട്ടിയൊതുക്കി അമ്മ അകത്തേക്ക് നടന്നപ്പോള്‍ ടീച്ചര്‍ വള്ളികള്‍ക്കിടയിലേക്കിറങ്ങി. ഓരോവളളിയേയും അനങ്ങാന്‍ കഴിയാത്തവിധത്തില്‍ കൊമ്പിനോട് ചേര്‍ത്തു ഏട്ടുപത്തിടങ്ങളിലായി ചൂടിക്കഷ്ണംകൊണ്ട് കെട്ടിവെച്ചിരിക്കുന്നതു കണ്ടപ്പോള്‍ ഗോമതിടീച്ചര്‍ക്ക് ശ്വാസം മുട്ടുന്നപോലെ തോന്നി . കാറ്റിലൂഞ്ഞാലാടാന്‍ കഴിയില്ലെങ്കില്‍ പിന്നെ വള്ളികളായി ജനിക്കുന്നതില്‍ എന്തര്‍ത്ഥം.
വള്ളികളിലെ കെട്ടുകള്‍ ഓരോന്നായി അഴിച്ചെടുക്കുമ്പോള്‍ ടീച്ചറോര്‍ത്തു ........അമ്മയെന്നും ഇങ്ങിനെയായിരുന്നു. കുഞ്ഞായിരുന്നപ്പോള്‍ വീട്ടുകാരെയും പ്രിയപ്പെട്ടവരേയും സ്നേഹച്ചരടില്‍ കെട്ടി അമ്മ പാവക്കൂത്താടുന്നത് ടീച്ചര്‍ അത്ഭുതത്തോടെ നോക്കിയിരുന്നിട്ടുണ്ട്. വീട്ടിലെ ഓരോ ചലനങ്ങളും നിയന്ത്രിച്ചിരുന്നത് അമ്മയായിരുന്നു.ഒരു കണക്കിനുപറഞ്ഞാല്‍ തന്റെ ജീവിതം പോലും കളിച്ചു കളിച്ച് അമ്മയില്‍നിന്നും കൈവിട്ടുപോയ ഒന്നായിരുന്നു എന്നോര്‍ത്തപ്പോള്‍ ടീച്ചര്‍ വള്ളികളിലെ കെട്ടുകള്‍ ധൃതിപിടിച്ച് അഴിച്ചെടുത്തു. അച്ഛന് മരിച്ചശേഷമാണ് അമ്മ ഇങ്ങിനെ ഒരുപാട് മാറിയതെന്ന് ടീച്ചര്‍ ഓര്‍ത്തു. പത്തിരുപത് കൊല്ലം കഴിഞ്ഞിട്ടും ആവലാതികളും സങ്കടങ്ങളും കൂടിയിട്ടേയുള്ളൂ.
“ഞാങ്കൂടെ പോയ്യാ ന്റെ കുട്ട്യേ നിയ്യ് ഒറ്റയ്ക്ക് ആവില്യേ ......അതോര്‍ക്കുമ്പളാ യ്ക്ക്”
ഒരിക്കലെങ്കിലും ഈ പല്ലവിപാടാതെ ഒരു പകലും രാത്രിയായിട്ടില്ല.
മുകളില്‍ തിരിച്ചെത്തിയപ്പോഴേക്കും കാപ്പി തണുത്തിരിക്കുന്നു. പത്രം വായിക്കാനുള്ള മനസ്സും നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. ചാരുപടിയില്‍ മുഖം ചേര്‍ത്ത് ടീച്ചര്‍ പുറത്തേക്ക് നോക്കിയിരുന്നു. രാത്രിപെയ്ത മഴയില്‍ ഭൂമി കുളിര്‍ന്നിരിക്കുന്നു. ചെടികള്‍ കുളിച്ചീറനുടുത്ത് സുന്ദരികളായിരിക്കുന്നു. മുറ്റംനിറയെപവിഴമല്ലിപ്പൂക്കള്‍ കൊഴിഞ്ഞുകിടക്കുന്നു. പൂച്ചെടികളിലേതെങ്കിലും കന്നിപൂത്തത് അറിയിക്കാനാവണം പരിചയമില്ലാത്ത ഒരു മണവുമായി കാറ്റ് ടീച്ചര്‍ക്കുചുറ്റും ഒഴുകിനടന്നു. . താഴ്വാരങ്ങളിലെവിടെയോനിന്നു മഞ്ഞ് പുകഞ്ഞു പടരുന്നുണ്ടായിരുന്നു.നടക്കാനിറങ്ങിയ ബാലന് മാഷ് അധികദൂരമൊന്നും പോയിട്ടില്ല. നാട്ടുകാരുടെ പ്രശ്നങ്ങളൊക്കെ തലയിലേറ്റി വെച്ച് ഭാരം കൂടുമ്പോള്‍ നടത്തം പതുക്കെയാവും. സ്വന്തമായൊരു കുടുംബമില്ലാത്ത മാഷിന്ന് എല്ലാം നാട്ടുകാരായിരുന്നു.
ടീച്ചറുടെ ഓര്‍മ്മയിലെന്നും ഒരു രക്ഷകന്റെ രൂപമായിരുന്നു മാഷിന്ന്. കുട്ടികളായിരുന്ന കാലം മുതല്‍ സ്കൂളിലും കോളേജിലും മാഷായിരുന്നു ടീച്ചറുടെ എന്നത്തേയും കൂട്ട് . പിന്നീടെപ്പോഴാണ് അവര്‍ക്കിടയില്‍ അവര്‍ ഗോമതിട്ടിച്ചറും ബാലന്മാഷും മാത്രമായത് എന്ന് ടീച്ചര്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. തനിക്ക് തെരുതെരെ കല്യാണാലോചനകള്‍ വന്നപ്പോഴായിരുന്നോ...... നല്ല നല്ല ആലോചനകള്‍ ചെറിയ കാരണങ്ങള്‍ പറഞ്ഞ് അമ്മ വേണ്ടെന്ന് വെച്ചപ്പോള്‍ ടീച്ചര്‍ക്ക് സന്തോഷമായിരുന്നു. എപ്പോഴോ കേള്‍ക്കാന്‍ കൊതിച്ച, ചോദിക്കാന്‍ ഭയന്ന് മാറ്റിവെച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കൊതിച്ച് കൊതിച്ചു മടുത്തപ്പോഴാണ് ടീച്ചര്‍ കല്യാണമേ വേണ്ടെന്ന് തീരുമാനിച്ചത്.
മഞ്ഞിനിടയിലേക്ക് നടന്ന് മറഞ്ഞില്ലാതാകുന്ന മാഷിനെ നോക്കിയിരുന്നപ്പോള്‍ എന്നും ഭയത്തോടെ മാത്രം നോക്കികണ്ടിരുന്ന ആ മഞ്ഞിലേക്കിറങ്ങിച്ചെന്ന് തങ്ങള്‍ക്കിടയില്‍ എത്താന്‍ മടിച്ചുനില്ക്കുന്ന വാക്കുകള്‍ ചികഞ്ഞെടുക്കാന്‍ ടീച്ചര്‍ക്ക് വല്ലാത്ത കൊതിതോന്നി.
17 അഭിപ്രായങ്ങൾ:
ചെറിയ കുട്ടികളായിരുന്നപ്പോള്‍ ഞങ്ങളുടെ വളരെ പ്രിയപ്പെട്ട ഒരു ടീച്ചറുണ്ടായിരുന്നു. കല്യാണം കഴിക്കാത്ത സുന്ദരിയായ ടീച്ചറെപ്പറ്റി ഞങ്ങള്‍ ഒഴിവുസമയത്തിരുന്നു വെറുതെ കഥമെനയുമായിരുന്നു.പറഞ്ഞു പറഞ്ഞ് കഥകള്‍ ഞങ്ങളില്‍ സത്യം പോലെ പതിയുമ്പോള്‍ എല്ലാരും വല്ലാതെ ഡിപ്രസ്ഡും ആവുമായിരുന്നു. ഇപ്പോള്‍ ഒരു സന്ദര്‍ഭത്തില്‍ അതോര്‍മ്മ വന്നപ്പോള്‍ ഒന്നു പൊടിതട്ടിയതാണ്.
കെട്ടുകൾ എല്ലാം ഒഴിവാക്കപെടേണ്ടവയാണെന്നാണോ?
കഥ നന്നായിട്ടുണ്ട്.
കല്യാണം കഴിയ്ക്കാത്ത ടീച്ചർമാർ തന്നെയായ രണ്ട് വല്യമ്മമാരെ കണ്ടിട്ടുള്ള എനിയ്ക്ക് ഇതൊരു കഥയായല്ല തോന്നിയത്. എല്ലാം എന്റെ കണ്മുൻപിൽ മിഴിവാർന്ന് നിൽക്കുകയായിരുന്നു. പ്രയാണിന്റെ ആദ്യ കമന്റ് വളരെ ശരിയായി അനുഭവപ്പെട്ടു.
അഭിനന്ദനങ്ങൾ.
കാറ്റിലൂഞ്ഞാലാടാന്‍ കഴിയില്ലെങ്കില്‍ പിന്നെ വള്ളികളായി ജനിക്കുന്നതില്‍ എന്തര്‍ത്ഥം. ?
നല്ല കഥാ ശ്രമം തന്നെ ചേച്ചീ ..:)
എനിയ്ക്ക് നന്നായി ഇഷ്ടപ്പെട്ടു.ഒരു വല്ലാത്ത ഫീലിംഗും തന്നു.
പണ്ട് തിരൂർക്കാട് പഠിക്കുമ്പോൾ മങ്കട നിന്നും വ്യസനം മുറ്റിയ മുഖവുമായി വെള്ളസാരി ചുറ്റിയ ഒരു ടീച്ചർ ഉണ്ടായിരുന്നു.ആയമ്മയെ ഓർത്തുപോയി.
ആ മഞ്ഞിലേക്കിറങ്ങിച്ചെന്ന് തങ്ങള്‍ക്കിടയില്‍ എത്താന്‍ മടിച്ചുനില്ക്കുന്ന വാക്കുകള്‍ ചികഞ്ഞെടുക്കാന്‍ ടീച്ചര്‍ക്ക് വല്ലാത്ത കൊതിതോന്നി.
ഇഷ്ടായി കഥ ..
വിവരണങ്ങള്‍ വിരസത തോന്നിയത് എന്തെന്നാല്‍, നുറുങ്ങുകള്‍ കുറഞ്ഞതാവാം. അനുഭവങ്ങളെങ്കില്‍ വിരസതയില്‍ കാര്യമില്ല.
കഥയെങ്കില്‍ കാര്യമാണ് :)
അങ്ങനെ വിട്ടാ പറ്റില്ല്ലെന്ന് തോന്നി ഒന്നൂടെ വായിച്ചു.
നന്നായിട്ടുണ്ട്. ഇത്തരത്തില്‍ അവസാനിപ്പിക്കുന്നതിലാണ് പല കഥകളും സുന്ദരമാകുന്നത്.
കഥയെന്ന രീതിയില്‍, വിവരണങ്ങളില്‍ കുറേയിടത്തൊക്കെ വേര്തിവുകളേകാം, വായിക്കാനും ചില അവസ്ഥകള്‍ക്ക് പ്രാധ്യാന്യവുമേകാന് സാധ്യമാകുമത്.
എഴുതിത്തെളിഞ്ഞവര്ക്കുള്ള ഉപദേശമൊന്നുമല്ലാന്നെ, എനിക്ക് തോന്നിയത് പറഞ്ഞൂ :)
കഥ നന്നായി ചേച്ചി.... :)
അനില്‍ -ബന്ധങ്ങളും സൌഹൃദങ്ങളും വളരെ ആസ്വദിക്കുന്നവരായാല്പോലും വരിഞ്ഞുമുറുകുന്ന ചില കെട്ടുകള്‍ പൊട്ടിച്ചെറിയാന്‍ ചിലപ്പോള്‍ തോന്നില്ലേ?
എച്മു -അപ്പോള്‍ അവരുടെ കയ്യില്‍നിന്ന് ഒരുപാട് സ്നേഹം അടിച്ചുമാറ്റിയിട്ടുണ്ടാവുമല്ലോ....:)
രമേശ് -താങ്ക്സ്..........:)
yousufpa -പക്ഷേ ആ ടീച്ചറുടെ മുഖം എപ്പഴും പുഞ്ചിരിച്ചുംകൊണ്ടായിരുന്നു..:)
the man to walk with -ഈ കമന്റ് കിട്ടിയിട്ട് കുറച്ചുകാലമായി.....:)
വിധു ചോപ്ര -വന്നതില്‍ സന്തോഷം..:)
നിശാസുരഭി- ഡബിള്‍ ബെല്ലടിക്കലൊരു സ്റ്റൈലാണല്ലേ....:)ആ വരിയില്‍ കുറച്ചുകൂടി ചേര്‍ക്കണമെന്ന് കരുതിയതാണ് . ഒരുതവണ വായിച്ചപ്പോഴേക്കും എന്റെ ശ്വാസം പോയി. പിന്നെ വായനക്കാരെ ശ്വാസം മുട്ടിക്കണ്ടാന്നു കരുതി കൂടുതല്‍ ചേര്‍ത്തില്ല....:) കഴിഞ്ഞ പോസ്റ്റിലിട്ട കമന്റ് ലീലട്ടീച്ചറു റിപ്പീറ്റ് ചെയ്യുമോന്നാ പേടി ...:)
താങ്ക്സ് പ്രിയാ..........:)
നല്ല കഥ. നല്ല കഥ പറച്ചിൽ. ബാലചന്ദ്രന്റെ ഒരു വരി ഓർത്തു. ഒരു വാക്കിനക്കരെയിക്കരെ കടവു തോണി കിട്ടാതെ നിൽക്കുന്നവർ. സ്നേഹച്ചരടില്‍ കെട്ടി അമ്മ പാവക്കൂത്താടുന്നത് - അതു ഗംഭീരമായി.
നന്നായിട്ടുണ്ട്. എന്തൊ ഒരു പൂര്‍ണ്ണത കുറവ് തോന്നി. അവസാനമായില്ലെന്ന തോന്നല്‍.
നല്ലൊരു ശ്രമം .....കവിത പോലെ തന്നെ വാക്കുകള്‍ ഇഴകി ചേര്‍ക്കാന്‍ ഒരു ശ്രമം .
ചില ഇടങ്ങളില്‍ കുറച്ചു കൂടി ചില പൊടി കൈകള്‍ നടത്തി എങ്കില്‍ കുറച്ചു കൂടി തീക്ഷ്മായ ഭാവം വരുമായിരുന്നു .
ശ്രീനാഥന്‍ ഓര്‍മ്മവന്നത് അന്വര്‍ത്ഥമായ വരികള്‍ .ചിലപ്പോ ചിലരൊക്കെ ഒരുപോലെ ചിന്തിക്കുമല്ലേ......:P
Manoraj പൂര്ണ്ണമാവുമായിരിക്കും.:)
ലീല എം ചന്ദ്രന്. താങ്ക്സ്...:)
MyDreams പൊടിക്കയ് ചേര്‍ത്തല്‍ പൈങ്കിളിയായിപ്പോയാലോ..:)
നല്ല ഭാഷ. അഭിനന്ദനങ്ങള്‍ അതിനു ആദ്യം തന്നെ. അടുത്തകാലത്തിട്ട മറ്റു പോസ്റ്റുകളും വായിച്ചു.
വല്ലാതെ ചുരുക്കി സത്തെടുക്കാന്‍ ശ്രമിച്ചപോലെ തോന്നി ഈ കഥയില്‍. മാഷെക്കുറിച്ചു അല്പംകൂടെ പറയാമായിരുന്നു എന്നും.
എന്തായാലും ഇഷ്ടപ്പെട്ടു. സന്തോഷത്തോടെ പോകുന്നു.
follow cheyyanulla option illallo blogil. mail ayakkumo puthiya post idumpol?
മുകില്‍ - വലിയ കഥകള്‍ വായിക്കാന്തീരെ ക്ഷമയില്ലാത്ത ഒരാളാണ് ഞാന്‍.... അതുകൊണ്ട് എഴുതുമ്പോഴും കഴിയുന്നതും ചെറുതാക്കിയേ എഴുതാറുള്ളൂ......:)ഇനിയും വരുമല്ലോ..........
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ