തിങ്കളാഴ്‌ച, ജൂലൈ 04, 2011

ദേവൂട്ടി........


മെയില്‍ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് ദേവൂട്ടി മുകളിലെമുറി അടിച്ചുതുടക്കാന്‍ വന്നത്. ലാപ് ടോപ്പ് കണ്ടപ്പോള്‍ ഡി വി ഡി പ്ലെയെര്‍ ആണെന്നുകരുതിയാവണം ഉടനെ ചോദ്യം വന്നു......

“ഇത് സില്‍മ വെക്കണ പെട്ടിയാണോ ...”

ഇത് കമ്പ്യൂട്ടറാണെന്നും ഇതില്‍ നിറയെ എന്റെ കൂട്ടുകാരാണെന്നും ഞാന്‍ വായിക്കുന്നത് ദൂരങ്ങളില്‍ നിന്നും എനിക്കുവന്ന എഴുത്തുകളാണെന്നും പറഞ്ഞപ്പോള്‍ ദേവൂട്ടിയുടെ മുഖം വിടര്‍ന്നു. അപ്പോഴാണ് എനിക്കൊരു കുസൃതി തോന്നിയത്.

“ഇതിന്നുള്ളില്‍ ദേവൂട്ടീംണ്ട് ട്ടോ”

“എവിടെ കാണട്ടെ”

ഈ ഞാനോ എന്ന ഭാവമായിരുന്നു പാവം ദേവൂട്ടിയുടെ മുഖത്ത്. എന്റെ മനസ്സില്നിന്നും ഞാന്‍ പകര്‍ത്തിയെഴുതിയ ദേവൂട്ടിച്ചിത്രങ്ങള്‍ കണ്ട് അവളെങ്ങിനെ പ്രതികരിക്കുമെന്ന് ചെറിയ ഭയമുണ്ടായിരുന്നെങ്കിലും ബ്ലോഗിലിട്ട അവളുടെ ചിത്രങ്ങള്‍ തപ്പിപ്പിടിച്ച് ഞാന്‍ ദേവൂട്ടിയുടെ മുന്നില്‍ നിരത്തി.

“നിക്കൊന്നും കാണണ്ല്ല്യാട്ടോ ... ഇപ്പഴിപ്പഴായിട്ട് കണ്ണ് പിടിക്ക്ണില്ല്യേയ്.”

“എന്നാ ദേവൂട്ടി ഈ കണ്ണടവെച്ചൊന്നു നോക്ക്യോക്കൂ.....” ഞാന്‍ എന്റെ കണ്ണടയെടുത്ത് ദേവൂട്ടിക്ക് കൊടുത്തു. കാണാതെ പറ്റില്ലല്ലോ. ഞാനീ കഷ്ടപ്പെട്ടു വരച്ച നമ്മുടെ പ്രിയപ്പെട്ട കഥാപാത്രത്തെ എവിടെനിന്നെനിക്ക് കിട്ടിയോ ആ ആള്‍ കണ്ടില്ലെങ്കില്‍ പിന്നെയെന്ത് കാര്യം. ഇതില്‍നിന്നും പ്രചോദനംകിട്ടി ദേവൂട്ടി എനിക്കു പുതിയ കഥകള്‍ കൊണ്ടുതന്നാലല്ലെ നിങ്ങളുടെമുന്നില്‍ എനിക്കിങ്ങനെ കഥ പറയാന്‍ പറ്റുള്ളൂ

“ഇപ്പൊ കാണാന്‍ണ്ടോ ദേവൂട്ടി?”

“ആഹാ” കണ്ണടക്കിടയിലൂടെ കൊച്ചുകുട്ടികളുടേതുപോലെ വിടര്‍ന്നു വന്ന ദേവൂട്ടിയുടെ കണ്ണുകളിലെ ഭാവം എങ്ങിനെ വരച്ചെടുക്കുമെന്നതായിരുന്നു അപ്പോള്‍ എന്റെ മനസ്സ് മുഴുവന്‍.

“ന്നാലുംന്റെ കുഞ്ചാത്തോലേ സമ്മതിച്ചൂട്ടോ..... ഉഷാറായിട്ട്ണ്ട്” ചില കമന്റുകളില്‍ കാണുമ്പോലെ കെട്ടിപ്പിടിച്ചുമ്മവെക്കാന്‍ തോന്നി എനിക്കപ്പോള്‍ ദേവൂട്ടിയെ.

“ഇതൊക്കെ ദേവൂട്ടീടെ കഥകളാണ് ...... “ഞാന്‍ ദേവൂട്ടിക്കഥകളിലൂടെ വെറുതെ സ്ക്രോള്‍ ചെയ്തു.

“നിക്കറിയാം കുട്ട്യാത്തല് പറഞ്ഞിട്ട് ണ്ടെയ്....... ന്റെ കഥ എഴുതാനിരുന്നാല്‍ കുഞ്ചാത്തലിന്റെ കയ്യ് കടയ്വേള്ളൂ .അത്രക്കിണ്ടേയ്.......” എനിക്കു പാവം തോന്നി. ദേവൂട്ടി കണ്ണട അഴിച്ചു എന്റെ കയ്യില്‍ തന്നു.

“ദേവൂട്ടിക്ക് ഞാനൊരു കണ്ണട വാങ്ങിത്തരട്ടെ?” ദേവൂട്ടി ചുറ്റുപാടുമുള്ള കഥകള്‍ കാണാഞ്ഞതുകൊണ്ട് എനിക്കു കഥകള്‍ കിട്ടാതെവന്നാലോയെന്ന സ്വാര്‍ത്ഥത ആ ചോദ്യത്തില്‍ നിങ്ങള്‍ക്ക് തോന്നിയെങ്കില്‍ അത് ശരിയല്ലാട്ടോ.

“ നിക്കിനിപ്പെന്തിനാ കണ്ണട "

“അതെന്തേ?”

“അതിനിപ്പം നിക്ക് വായിക്കാനറീല്ലാലോ.....ന്നെ ആരും പഠിപ്പിച്ചില്യേയ്......ന്റെ കുട്ട്യേ പഠിപ്പിക്കാംന്ന്ച്ചപ്പോ ഓള്‍ക്ക് പഠിക്കണ്ടാന്ന് .....നാലാം ക്ളാസ്സില് എത്ത്യേപ്പളക്കും അവക്ക് മടുത്തുത്രേ . ഓള്‍നെ പറഞ്ഞിട്ടു കാര്യംല്യേയ് ...... ...ഒരോ ക്ലാസ്സിലും ഈരണ്ടുകൊല്ലം പഠിച്ചപ്പഴക്ക് ഓടെ കൂടിള്ള കുട്ട്യോളൊക്കെ വല്ല്യേ ക്ലാസ്സിലായി .. ഓള്‍ടെ കൂടെ കൊറേ പീക്കിര്യോളും പിന്നെങ്ങിന്യാ. അയ്ന്റെ കാര്യം ആലോചിക്ക്മ്പഴാ നിക്ക് വല്ലാത്ത സങ്കടം. അതൊരു കഥന്ന്യാണേയ്........."

കാര്യം ശരിയായിരുന്നു. കഴിഞ്ഞാഴ്ച ദേവൂട്ടിയുടെ മകളുടെ പെണ്ണുകാണല്‍ വിശേഷങ്ങള്‍ക്ക് ഇടയിലാണ് ഞാന്‍ മകളുടെ മുന്‍പ് കഴിഞ്ഞ കല്യാണം ലീഗലി ഡൈവോഴ്സായോ എന്നു തിരക്കിയത്. അതിനുള്ള പേപ്പറുകളെല്ലാം ഒപ്പിട്ടുകൊടുത്തിട്ട് ഒരു വര്‍ഷമായത്രേ. ഇടക്കിടക്ക് വക്കീലിന്നു കൊടുക്കാണെന്നും പറഞ്ഞു ഭര്‍ത്താവ് നാരാണേട്ടന്‍ ചോദിക്കുമ്പോ പാവം പണം സ്വരുക്കൂട്ടാന്‍ ഓടിനടക്കുന്നത് കാണാറുണ്ട്. നാലഞ്ചു വീടുകളില്‍ നിന്നും ജോലിചെയ്ത് കിട്ടുന്ന പണമെല്ലാം ഇങ്ങിനെ തീരുമായിരുന്നു.

“അതൊക്കെ ശര്യായേക്കുണു....കഴഞ്ഞാഴ്ച്ചേണ് ചെക്കന്റെക വീട്ട്കാര് അതിന്റെ കടലാസ് കാണിക്കാന്‍ പറഞ്ഞത്. വക്കീലിന്റോടെ ചെന്നപ്പോ ആ കടലാസിന്റെ പകര്‍പ്പ് തന്നൂത്രേ. അയിനന്നെ വക്കീലിന് നാനൂറുറുപ്യ കൊടുക്കണ്ടിവന്നൂത്രേ . “

ഇതിലെന്തോ ഒരു ശരിയല്ലായ്മ തോന്നിയപ്പോഴാണ് ഏട്ടന്‍ വക്കീലിനെ വിളിച്ചൊന്നു സംസാരിക്കാന്‍ തീരുമാനിച്ചത്.അലിമണി (ഒരു ചില്ലിക്കാശുപോലും വരുമാനവുമില്ലാത്ത ഒരാളുടെ കയ്യില്‍ നിന്നും!!) ക്കല്ലാതെ ഡൈവേഴ്സിനായൊരു കേസ് കൊടുത്തിട്ടില്ല എന്നായിരുന്നു അയാളുടെ മറുപടി. പിന്നെയെന്തിനാണ് അതും പറഞ്ഞ് ഫീസ് വാങ്ങുന്നതെന്ന ചോദ്യത്തിന് വക്കില്‍ ഉറക്കെ ചിരിച്ചത്രേ. നേരിട്ടുകണ്ട് സംസാരിക്കാനായി പറഞ്ഞ സമയത്ത് ഏട്ടന്‍ ഒറ്റപ്പാലത്തെത്തിയപ്പോള്‍ അയാള്‍ സ്ഥലം വിട്ടിരിക്കുന്നു.
വക്കീലും പകിടനാരാണേട്ടന്‍ എന്ന് ഇരട്ടപ്പേരുള്ള ദേവൂട്ടിയുടെ ഭര്‍ത്താവും കൂടി ദേവൂട്യേം മകളേം പറ്റിക്കയായിരുന്നു എന്നത് ആ പാവം സ്ത്രീക്ക് താങ്ങാവുന്നതിലും അധികമായിരുന്നു.. എഴുത്തും വായനയുമറിയാത്ത എത്ര പേര്‍ ഇങ്ങിനെ പറ്റിക്കപ്പെടുന്നുണ്ടാവും. സമ്പൂര്‍ണ്ണസാക്ഷരമെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ ഇങ്ങിനെ . അപ്പോള്‍ മറ്റിടങ്ങളില്‍ എങ്ങിനെയായിരിക്കും. ഇതുപോലുള്ള ജോലികളില്‍ ധാര്‍മ്മികമൂല്യത്തിന്നു പ്രസക്തിയില്ലെന്ന് സൈദ്ധാന്തികമായി വാദിക്കാമെങ്കിലും മാനുഷികമൂല്യങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണ് എന്നത് ഭീഷണമായ ഒരവസ്ഥയാണ്. രാവുപകലില്ലാതെ വല്ലവരുടേയും വീടുകളില്‍ അദ്ധ്വാനിച്ച് കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം വ്യാമോഹങ്ങള്‍ കൊണ്ട് പ്രലോഭിപ്പിച്ച് തട്ടിയെടുക്കുന്നത് ഒരുനിലക്കും സമ്മതിക്കാവുന്നതല്ല.

ഇത് വായിക്കുന്നവരില്‍ വല്ല വക്കീല്‍മാരുമുണ്ടെങ്കില്‍ അവരോട് ഒരു വാക്ക് ......നിങ്ങള്‍ ചെയ്യുന്ന ജോലിയോട് നിങ്ങള്‍ക്കുള്ള ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍ ശ്രമിക്കുക. പാവപ്പെട്ട ദേവൂട്ടിയെപ്പോലുള്ളവരുടെ കാര്യങ്ങളന്വേഷിച്ച് ഇതുപോലെയാരെങ്കിലും വരുമ്പോള്‍ അവരെ അഭിമുഖീകരിക്കാനാവാതെ ഒളിച്ചോടേണ്ടി വരാതിരിക്കട്ടെ. ചുരുക്കിപ്പറഞ്ഞാല്‍ അവര്‍ക്ക് വേണ്ടി ഉപകാരം ചെയ്തില്ലെങ്കിലും ഇതുപോലെ ഉപദ്രവിക്കാതിരിക്കുക.


ദേവൂട്ടിയിലെ മറ്റു പോസ്റ്റുകള്‍ ദേവൂട്ടി........

24 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

പാവപ്പെട്ട ദേവൂട്ടിയെപ്പോലുള്ളവരുടെ കാര്യങ്ങളന്വേഷിച്ച് ഇതുപോലെയാരെങ്കിലും വരുമ്പോള്‍ അവരെ അഭിമുഖീകരിക്കാനാവാതെ നിങ്ങള്‍ക്ക് ഒളിച്ചോടേണ്ടി വരാതിരിക്കട്ടെ......

Unknown പറഞ്ഞു...

വിശദമായി നാളെ വായിക്കാം

വിജീഷ് കക്കാട്ട് പറഞ്ഞു...

ചേച്ചീ,
കബളിപ്പിക്കപ്പെടുന്നത് എന്നും
പാവപ്പെട്ട ദേവൂട്ടിമാര്‍ തന്നെയാണ്.
അവരുടെ ദൈന്യതകള്‍ നമുക്ക്
കഥയോ വാര്‍ത്തയോ മാത്രമാകുന്നു...
ഈ മങ്ങിയ കാഴ്ചകള്‍ കാണാന്‍
കണ്ണട ആവശ്യമായി വന്നിരിക്കുന്നു...
മനുഷ്യത്വത്തിന്റ കണ്ണട...

രമേശ്‌ അരൂര്‍ പറഞ്ഞു...

ഇങ്ങനെ യുള്ള ദേവൂട്ടിമാര്‍ ഉള്ളതുകൊണ്ടല്ലേ കുറെ ആളുകള്‍ കഞ്ഞി കുടിച്ചു പോകുന്നത് ...പഞ്ചായത്ത് ഓഫീസില്‍ പോയി ഒരു സര്‍ട്ടിഫിക്കറ്റു വാങ്ങാന്‍ പോലും ആളുകള്‍ക്ക് ഭയവും വിമുഖതയുമാണ് ..പിന്നല്ലേ വക്കീലും കോടതിയും പോലീസിമോക്കെ ...ദേവൂട്ടിയും കുഞ്ഞാത്തോലും നേരെമുന്നില്‍ വന്നത് പോലെ :)

ജന്മസുകൃതം പറഞ്ഞു...

പാവം ദേവൂട്ടി .ഇഷ്ടായി ട്ടോ.

Manoraj പറഞ്ഞു...

ദേവൂട്ടിമാരുടെ ലോകം. രമേശ് പറഞ്ഞത് വളരെ ശരിയാണ്. പിന്നെ പോസ്റ്റില്‍ ആദ്യം ഉപയോഗിച്ച ആ ഭാഷ , എം.ടി കഥകളില്‍ കാണുന്ന ആ ശീല്.. അത് അവസാനം വരെ നിലനിര്‍ത്താരുന്നു ചേച്ചി.. എങ്കില്‍ മനോഹരമായേനേ.

Echmukutty പറഞ്ഞു...

വക്കീലുമാരുടെ ചതിക്കഥകൾ എഴുതാൻ തുടങ്ങിയാൽ..........

ദേവൂട്ടിമാരെ കുറെ കണ്ടിട്ടുണ്ട്, പ്രയാൺ.ഒരു തരത്തിലും സഹിയ്ക്കാനാവാത്ത കാഴ്ചയാണത്.

MOIDEEN ANGADIMUGAR പറഞ്ഞു...

നിഷ്കളങ്കയായ ദേവൂട്ടി, പാവം..

Art of Wildlife | Painlessclicks | Kerala | Priyadharsini Priya പറഞ്ഞു...

ചേച്ചീ പോസ്റ്റ്‌ നന്നായി.. ഒരു മാധവിക്കുട്ടി സ്റ്റൈല്‍ ഉണ്ട്.. ആശംസകള്‍..:)

ente lokam പറഞ്ഞു...

ദേവൂട്ടിയെ നന്നായി അവതരിപ്പിച്ചു ..

അഭിനനന്ദനങ്ങള്‍ .


അവസാന ഭാഗം ഒരു ലേഖനം പോലെ ആക്കി വായനയുടെ ഒഴുക്ക് കളഞ്ഞു കേട്ടോ .

തുടക്കം മുതല്‍ ഒരു കഥാ ശൈലി വന്നു.ആ രീതിയില്‍ തന്നെ അവസാന ആശയം
വായനക്കാര്‍ക്ക് നന്നായി പകര്‍ന്നു കൊടുക്കാമായിരുന്നു ..

എങ്കിലും കഥാ പാത്രങ്ങള്‍ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു...

ശ്രീനാഥന്‍ പറഞ്ഞു...

അങ്ങേയറ്റം എത്തിക്സ് വേണ്ട ഒരു പണിയാണ് വക്കീലിന്റെ. പക്ഷേ ... ദേവൂട്ടിക്കഥകളിലൂടെ വരട്ടേ, ഇതു പോലെ ചിലത്, നന്നായി.

Pranavam Ravikumar പറഞ്ഞു...

നന്നായിട്ടുണ്ട്.. ആശംസകള്‍!

the man to walk with പറഞ്ഞു...

“ഇതിന്നുള്ളില്‍ ദേവൂട്ടീംണ്ട് ട്ടോ”

ഉണ്ട് ദേവൂട്ടിമാര്‍ എല്ലായിടത്തും ഉണ്ട്

Unknown പറഞ്ഞു...

പാവപ്പെട്ട ദേവൂട്ടി ഒരു പ്രതീകമാണ് .....ഇത് പോലെ ചതിയില്‍ പെടുന്നവരുടെ ഒരു പ്രതിനിധി .
നമ്മള്‍ അറിയാതെ നമ്മളെ ആരും ചതിക്കില്ല എന്ന് പറയും എങ്കിലും ഇത് പോലെ അറിവ് ഇല്ലാത്തവരുടെ കാര്യത്തില്‍ എന്തും സംഭവിക്കാം .
ദ്രോഹിക്കുക ഉണ്ണി നീ സ്നേഹിക്കുന്ന ജനത്തെയും എന്നാണു പുതിയ മുദ്ര വാക്യം ....

നന്നായി എഴുതി ...ദേവൂട്ടിയെയും ടെവൂട്ടിയുടെ ഭാഷയും നന്നായി അവതരിപ്പിച്ചു

പ്രയാണ്‍ പറഞ്ഞു...

MyDreams
വിജീഷ്
രമേശ്‌
ലീല എം ചന്ദ്രന്‍
Manoraj
Echmukutty
moideen angadimugar
പ്രിയദര്‍ശിനി
ente lokam
ശ്രീനാഥന്‍
Ravikumar
the man to walk with
പാവം ദേവൂട്ടിയെ മനസ്സിലാക്കിയതില്‍ സന്തോഷം.......ഇത് നിങ്ങളൊക്കെ പറഞ്ഞപോലെ അവസാനം വരെ അങ്ങിനെത്തന്നെ എഴുതാമായിരുന്നു. മുന്‍പുള്ള ദേവൂട്ടിക്കഥകളൊക്കെ അങ്ങിനെത്തന്നെയാണ് എഴുതിയത്. ഇതെന്തൊ അതുപോലെയേഴുതിയാല്‍ മറ്റൊരു ദേവൂട്ടിക്കഥയായി അതിലെ നര്മ്മം മാത്രം ആസ്വദിച്ച് തിരിച്ചുപോകുമോയെന്ന ഭയം കൊണ്ടാണ് അവസാനം അങ്ങിനെയാക്കിയത്. ഒഴുക്ക് നഷ്ടപ്പെട്ടതായിത്തോന്നിയെങ്കില്‍ സോറി..:)

കൊമ്പന്‍ പറഞ്ഞു...

ഹുംവായിച്ചു വിദ്യാഭ്യാസം നേടിയാല്‍ മനുഷ്യന്‍ സംസ്കാരം ഉള്ളവനാകും എന്നാണു വെയ്പ്പ്
പക്ഷെ കാലിക കായ്ച്ചയില്‍ ഇല്ലാത്തവന്‍ ആണ് ഉള്ളവനെക്കാള്‍ എത്രയോ കേമം

Rajendran Pazhayath പറഞ്ഞു...

nannayi

yousufpa പറഞ്ഞു...

ഓപ്പോള്‌ ഇതില്‌ ഇടപെട്ടത് നന്നായി. ല്ലെങ്കീ ആ പാവം ഇനീം പറ്റിക്കപ്പെട്ടേനെ.

പ്രയാണ്‍ പറഞ്ഞു...

കൊമ്പന്‍
സന്തോഷം
Rajendran
നമ്മുടെ ദേവൂട്ടിയല്ലേ...:)
yousufpa
ആ വിളിയെനിക്കിഷ്ടമായി...... ശീലം കൊണ്ട് വിളിക്കുന്നവരൊരുപാടുണ്ട് .സ്നേഹം കൊണ്ട് വിളിക്കുമ്പോള്‍ അതിനൊരു മോഹിപ്പിക്കലുണ്ട്......:)(എനിക്കങ്ങിനെവിളിക്കാന്‍അനിയന്‍മാരില്ലട്ടൊ ......നിങ്ങളിലൊക്കെ ഞാന്‍ കാണുന്നതും അതുതന്നെ )

anupama പറഞ്ഞു...

പ്രിയപ്പെട്ട ചേച്ചി,
വായിച്ചു രസിച്ചു!വളരെ നല്ല ഒരു പോസ്റ്റ്‌!അഭിനന്ദനങ്ങള്‍!ഞാന്‍ എന്റെ ഫ്ലാറ്റില്‍ ജോലിക്ക് വന്നിരുന്ന നീലമ്മയെ ഇത് പോലെ കമ്പ്യൂട്ടറില്‍ അവരെ കുറിച്ച് എഴുതിയ്സ് പോസ്റ്റ്‌ കാണിക്കാറുണ്ട്.പക്ഷെ ഫോട്ടോ വേറെ ആരുടെയോ ഇട്ടതു കാരണം അവരുടെ മുഖം മങ്ങി!:)അയ്യപ്പ സ്വാമിയുടെ ഫോട്ടോ കാണിച്ചാല്‍ വലിയ ഇഷ്ടമാണ്!മകന്റെ അടുത്ത് അയ്യപ്പ സ്വമിയെകുരിച്ചുള്ള പാട്ടുകള്‍ ഉണ്ട് എന്ന് പറയും!
നീലമ്മയെ കുറിച്ച് ഇംഗ്ലീഷിലും മലയാളത്തിലും പോസ്റ്റ്‌ എഴുതിയിട്ടുണ്ട്!ഞാന്‍ അവരെ ഒരു പാട് മിസ്സ്‌ ചെയ്യുന്നു!

ഒരു മനോഹര സായാഹ്നം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു

Unknown പറഞ്ഞു...

കണ്ണുകളിലെ ഭാവം എങ്ങിനെ വരച്ചെടുക്കുമെന്നതായിരുന്നു അപ്പോള്‍ എന്റെ മനസ്സ് മുഴുവന്‍.

ങ്ഹെ..ഹ് മം!!

നല്ല പോസ്റ്റ്, അവസാനഭാഗത്തെ ട്വിസ്റ്റ് അങ്ങട്ട് ദഹിച്ചില്ലാന്നെ (ഞാന്‍ വക്കീലല്ലാ, സത്യായിട്ടും ഹിഹിഹ്), ദേവൂട്ടിയില്‍ നിന്നും വക്കീലിലെത്തിയത്. വായിച്ചവര്‍ക്ക് പലരും വക്കീലന്മാരെ കുറ്റപ്പെറ്റുത്തുകയേ ഉള്ളൂ, ഞാന്‍ പറഞ്ഞത് ദേവൂട്ടിയെന്ന കഥാപാത്രത്തെയും വ്യക്തിയെയും മറന്നേക്കാം എന്നാണെ, ദേവൂട്ടിയില്‍ തുടങ്ങി ദേവൂട്ടിയില്‍ മുഴുവനായും അവസാനിപ്പിക്കാമാരുന്നു..

(പുത്തന്‍ ബ്ലോഗ് ടെമ്പ്ലേറ്റ് നന്നായി, കഥകള്‍ക്കും കവിതയ്ക്കും നന്നായി ഇണങ്ങും.)

Sidheek Thozhiyoor പറഞ്ഞു...

ഞാന്‍ വക്കീലല്ല., അതുകൊണ്ട് ഉള്‍ക്കൊണ്ട്‌ വായിച്ചു..

പ്രയാണ്‍ പറഞ്ഞു...

anupama
താങ്ക്സ് പാറു.....:) ഇനിയും നീലമ്മമാര്‍ കടന്നു വരട്ടെ കഥകളുമായി..........

നിശാസുരഭി ഈ വാചകമൊക്കെയടിച്ചിട്ട് കണ്ണുകളില്‍ ഭാവം വന്നോ അതുമാത്രം പറഞ്ഞില്ല........:)

സിദ്ധീക്ക.. :)

anvar sait പറഞ്ഞു...

very nice,

I am invite for you

new youth magazine "progressiveyouth"

pynewskerala@gmail.com
9037786535(editer)