ബുധനാഴ്‌ച, ജനുവരി 12, 2011

അനുയാനം.


പുഴയുടെ ആഴങ്ങളിലേക്കെവിടെയോ മുതലയുടെകൂടെ ഇറങ്ങിപ്പോയ ജലപിശാച് മുത്തശ്ശിയെ ഓര്‍മ്മ വന്നപ്പോള്‍ ദേവിക പൈപ്പ് നിര്‍ത്തി. ഏറെനേരം വെള്ളത്തിനു ചുവട്ടില്‍ നിന്നിട്ടാവണം ശരീരമാകെ ചുകന്നു തുടുത്തിരിക്കുന്നു. വേഗം തുവര്‍ത്തി വസ്ത്രം ധരിച്ച് അവള്‍ പുറത്തിറങ്ങി.

സമയം എട്ടുമണിയായിരിക്കുന്നു. ഒന്നൊന്നര മണിക്കൂറായിരിക്കുന്നു താന്‍ കുളിമുറിയില്‍ പൈപ്പിന്റെ ചുവട്ടിലെന്ന തിരിച്ചറിവില്‍ കുറ്റബോധം തോന്നി . ന്യൂസ്പേപ്പറിനു മുകളിലൂടെ തന്റെ നേരെ നീളുന്ന അനന്തുവിന്റെ കണ്ണുകളെ അവഗണിച്ച് ദേവിക അടുക്കളയിലേക്ക് തിരക്കിട്ടു നടന്നു. ചായപോലുമുണ്ടാക്കാതെയാണ് ഓഫീസില്‍നിന്നും വന്നപാടെ കുളിമുറിയില്‍ കയറിയത്.

" ചായ ഞാനുണ്ടാക്കി ......നീയിവിടെ വന്നിരുന്നൊന്ന് റിലാക്സ് ചെയ്യൂ"

ചായക്കപ്പു നീട്ടുമ്പോള്‍ വെള്ളപ്പാച്ചിലിനു ചുവട്ടില്‍ നിന്നു തുടുത്ത അവളുടെ കണ്ണുകള്‍ അവന്‍ ശ്രദ്ധിച്ചു. വിരലുകള്‍ വിളറി ചുളിഞ്ഞിരിക്കുന്നു.

"ഇന്നാരാണ് പ്രതി... ?" അവന്റെ ചോദ്യത്തിനു മുന്നില്‍ അവളുടെ കയ്യിലെ കപ്പു വിറച്ചു.

" എടാ ദേവൂന്റെ കാര്യമാലോചിച്ചിട്ട് എനിക്ക് പേടിയാകുന്നു.." ഇന്നുച്ചക്ക് അനന്തു സാജനെ വിളിച്ച് സംസാരിച്ചെയുള്ളു.

" നീ പോലും കണ്ടിട്ടില്ലാത്ത നിന്റെ ഏതോ ഒരു മുത്തശ്ശിയുടെ ഓ സി ഡി .........ദേവികയെ അതെങ്ങിനെ അഫെക്റ്റ് ചെയ്യും......"

സാജന്‍ തോമസ്സിലെ സൈക്കോളജിസ്റ്റിന്റെ നിഗമനം അതായിരുന്നു.

" വേഗം ഒരു കൊച്ചുണ്ടാക്കാന്‍ നോക്ക് ........വെറുതെ വേണ്ടാത്തതു ചിന്തിച്ചിരിക്കാന്‍ സമയമില്ലാതാവുമ്പോള്‍ ഒക്കെ താനേ ശരിയാവും. "

അയാള്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് അവനും തോന്നിയിരുന്നു.

രാവിലെ തൂതപ്പുഴയില്‍ കുളിക്കാനിറങ്ങുന്ന സന്ധ്യയായാലും കുളിച്ചുകയറാത്ത ജലപിശാച് മുത്തശ്ശി കഥകളിലൂടെ ജീവിച്ച് അനന്തുവിന്റെ കുട്ടിക്കാലങ്ങളില്‍ ഒരു പേടിസ്വപ്നമായി നിറഞ്ഞു നിന്നിരുന്നു. കുളിച്ചുകയറുമ്പോള്‍ ആരെങ്കിലും തൊട്ടൊ വെള്ളം തെറിപ്പിച്ചോ അശുദ്ധമായെന്ന ഭയത്തില്‍ കുളിച്ചുകയറും മുന്‍പ് വീണ്ടും പുഴയിലിറങ്ങി മുങ്ങിയിരുന്ന മുത്തശ്ശി. അങ്ങിനെ മുങ്ങി മുങ്ങി ഒരു ദിവസം മുതലയുടെ കൈപിടിച്ച് പുഴയിലെ ആഴങ്ങളിലേക്ക് മുങ്ങാംകുഴിയിട്ട മുത്തശ്ശി.

ഒരു ദിവസം കുളിക്കാനിറങ്ങുമ്പോള്‍ മുത്തശ്ശി പുഴയുടെ ആഴങ്ങളില്‍ നിന്നും പൊങ്ങിവരുമെന്നും ശരീരത്തിലേക്ക് വെള്ളം തെറിപ്പിച്ച് അശുദ്ധമാക്കിയതിന്ന് വാതോരാതെ ശകാരിക്കുമെന്നും ഭയന്നിരുന്ന നാളുകള്‍. കോളെജില്‍ എത്തിയിട്ടും ഓരോതവണ പുഴയില്‍ മുങ്ങുമ്പോഴും വെള്ളത്തിനടിയില്‍ മുത്തശ്ശിയെ കാണാതിരിക്കാന്‍ നാമം ജപിക്കുമായിരുന്നു.

"നാളെ മുതല്‍ ഞാന്‍ പോണില്യ ഓഫീസില്‍ ........."

പെട്ടന്നുള്ള അവളുടെ തീരുമാനം കേട്ട് എന്തു പറയണമെന്നറിയാതെ അവനൊന്നു പതറി. വളരെ സെന്‍സിറ്റീവ് ആണ് അവളെന്ന് അറിയുന്നതുകൊണ്ടാണ് അവന്റെ തന്നെ ഒരു ഫ്രെന്റ് ശേഖറിന്റെ അഡ്വര്‍ടൈസിങ് ഫേമില്‍ മതി ജോലിയെന്നു തീരുമാനിച്ചത്. ഡിസൈനറുടെ ജോലി അവളും ഇഷ്ടപ്പെടുന്നതായാണ് തോന്നിയത്. രണ്ടു ദിവസം മുന്‍പ് വിളിച്ചപ്പോള്‍ ശേഖറിനും പറഞ്ഞിട്ടു തീരുന്നുണ്ടായിരുന്നില്ല തന്റെ വിഷ്വലുകളെ അതേപോലെ സാക്ഷാത്കരിച്ച് ജീവന്‍ കൊടുക്കുന്ന ദേവുവിന്റെ ടാലന്റിനെ പറ്റി. പിന്നെന്തുപറ്റി പെട്ടന്നെന്ന് അവനെത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നുണ്ടായിരുന്നില്ല.

" എന്തേ...?"

" അയാള്‍ക്കു കണ്ണുകളില്‍ നോക്കി സംസാരിക്കാനറിയില്ല"

" അതുകൊണ്ടാണോ ജോലി വേണ്ടെന്നു വെക്കുന്നത്..?"

അവന്റെ സംസാരത്തിലെ പരിഹാസം ദേവിക കേട്ടില്ലെന്നു നടിച്ചു.
നിറഞ്ഞുവന്ന കണ്ണുകള്‍ ഒളിപ്പിച്ച് അവള്‍ തന്നോടെന്നപോലെ

" നിങ്ങള്‍ക്കതൊരിക്കലും മനസ്സിലാവില്ല..."

" നിനക്ക് വെറുതെ തോന്നുന്നതാണ് ദേവൂ ..... അവനു നിന്നെപ്പറ്റി വലിയ മതിപ്പാണ്..."

പെട്ടന്ന് തുമ്പിയെപ്പോലെ തെന്നിത്തുളുമ്പുന്ന ശേഖറിന്റെ നോട്ടമോര്‍ത്ത് ദേവിക തളര്‍ന്നു. കണ്ണില്‍ കവിളില്‍ ചുണ്ടില്‍ അങ്ങിനെ തെന്നിത്തെന്നി അവളുടെ ശരീരം മുഴുവന്‍ പാറിനടക്കുന്ന അയാളുടെ കണ്ണുകളുടെയോര്‍മ്മയില്‍ അവള്‍ക്ക് സ്വന്തം ശരീരത്തോട് തന്നെ വല്ലാത്ത അറപ്പ് തോന്നി. തുളച്ചുകയറുന്ന നോട്ടങ്ങള്‍ക്ക്മുന്നില്‍ വിളറി വിയര്‍ക്കുമ്പോള്‍ സ്ത്രീയായി ജനിച്ചതില്‍ പലപ്പോഴും സ്വയം വെറുപ്പ് തോന്നിയിട്ടുണ്ട്. ശരീരത്തിലെ ഇനിയും കഴുകിക്കളയാനാവാതെ ഒട്ടിപ്പിടിച്ച നോട്ടത്തിന്റെ വഴുവഴുപ്പുമായി ദേവിക വീണ്ടും കുളിമുറിയിലേക്കു നടന്നു.

പ്രസവിച്ച് പെണ്‍കുട്ടിയാണ് എന്നറിഞ്ഞപ്പോള്‍ രണ്ടുദിവസത്തേക്ക് അച്ഛന്‍ നിന്നെ കാണാന്‍ കൂടെ വന്നില്ല എന്ന അമ്മയുടെ ഇടക്കിടക്കുള്ള ഓര്‍മ്മിപ്പിക്കലില്‍ സ്നേഹം വാരിച്ചൊരിഞ്ഞിരുന്ന അച്ഛനില്‍നിന്നും ഒരാണ്‍കുട്ടിയായിരുന്നെങ്കില്‍ ഇതിലും ഉപരിയായി കിട്ടാനുണ്ടായിരുന്നതെന്തോ നഷ്ടപ്പെട്ടിരിക്കാമെന്ന തോന്നല്‍ അവളെ വല്ലാതെ വേദനിപ്പിച്ചിരുന്നു. കുഞ്ഞുന്നാളിലെ കളിക്കൂട്ടുകാര്‍ ആണും പെണ്ണുമെന്ന് തനിക്കുചുറ്റും മതിലുകള്‍ പടുത്തുയര്ത്തു്ന്നത് വേദനയോടെ നോക്കിയിരുന്ന ഒരു വൈകുന്നേരമാണ് അമ്മയുടെ ഉറക്കെയുള്ള വിളികേട്ട് ദേവിക ഓടിയെത്തിയത്. അമര്‍ത്തിച്ചവിട്ടി അകത്തേക്കു കയറിപ്പോയ അമ്മയുടെ കണ്ണുകളില്‍ കത്തിയ തീ തന്നെ ദഹിപ്പിച്ചതെന്തിനെന്നറിയാതെ പകച്ചു നില്‍ക്കുമ്പോള്‍ മുറ്റത്തു തുണി മടക്കിക്കൊണ്ടുനിന്ന നാരാണ്യേടത്തിയാണ് പറഞ്ഞത്

" തലേം മൊലേം വളര്‍ന്ന പെങ്കുട്ട്യോള് ഇങ്ങിനെ ആങ്കുട്യോള്‍ടെ കൂടെ കളിക്കാന്‍ പാടില്യാട്ടൊ..........."

അത്രയും കാലം ആരുമറിയാതെ കൊണ്ടു നടന്നിരുന്ന തന്റെ ചില രഹസ്യങ്ങള്‍ ലോകസമക്ഷം വെളിവായ പോലെ അവളുടെ ശരിരത്തില്‍ വളര്‍ച്ചയുടേതായി വന്ന മാറ്റങ്ങള്‍ ആ നിമിഷം മുതല്‍ ദേവികക്കു ഭാരമായിതോന്നി. എല്ലവരുടേയും മുന്നില്‍ വെച്ച് താന്‍ നഗ്നയാക്കപ്പെട്ടപോലെ അവള്‍ നിന്നു വിയര്‍ത്തു. അന്നുരാത്രി ആരോടോ പ്രതികാരം തീര്‍ക്കാനെന്നപോലെ അമ്മ പൊന്നുപോലെ കാച്ചെണ്ണ തേച്ച് പരിപാലിച്ച് കൊണ്ടുനടന്നിരുന്ന ഇടതൂര്‍ന്നു വളര്‍ന്ന അവളുടെ മുടി ദേവിക കത്രികകൊണ്ട് കഷ്ണം കഷ്ണമായി മുറിച്ചെറിഞ്ഞു. പെണ്‍കുട്ടിയാണെന്നതിന്റെ അടയാളങ്ങള്‍ ഓരോന്നോരോന്നായി അഴിച്ചുവലിച്ചെറിയാന്‍ അവള്‍ കൊതിച്ചു. തന്റെ പെണ്ണുടലിനുചുറ്റും മൗനം കൊണ്ട് കനത്ത മതിലുകള്‍ കെട്ടി ദേവിക തന്നിലേക്കു തന്നെ ഒതുങ്ങുകയായിരുന്നു പിന്നെ.

എല്ലാം തന്റെ കാരണമാണ്...... അനന്തുവിന് കുറ്റബോധം തോന്നി. കല്യാണത്തിനു മുന്‍പുതന്നെ കുട്ടികള്‍ പെട്ടെന്നു വേണ്ടെന്ന തീരുമാനത്തിലെത്തിയിരുന്നു അവന്‍. അഞ്ചുകൊല്ലത്തെ പ്ലാനിങ്ങിനെപ്പറ്റി ദേവികയോടു പറഞ്ഞപ്പോള്‍ വലിയകണ്ണുകളുയര്‍ത്തി അമ്പരപ്പോടെ അവനെ നോക്കുകയല്ലാതെ അവളൊന്നും പറഞ്ഞില്ല. അനന്തൂനെ മറുത്തൊന്നും പറയാന്‍ കഴിയുമായിരുന്നില്ല അവള്‍ക്ക്. ഒരുവര്‍ഷം തികയും മുന്‍പുതന്നെ കൂട്ടുകാരുടേയും വീട്ടുകാരുടേയും കുത്തുവാക്കുകള്‍ക്കുമുന്നില്‍ സങ്കടം അവളൊരു പുഞ്ചിരിയില്‍ ഒതുക്കിയിരുന്നത് അവനോര്‍ത്തു. എങ്കിലും ഒരു കുഞ്ഞുജീവന്‍ അവര്‍ക്കിടയില്‍ സ്നേഹം പങ്കു വെക്കാനെത്തുന്നത് ഈ അഞ്ചാം വര്‍ഷത്തിലും അവനില്‍ അസ്വസ്ഥതയുണ്ടാക്കുന്നത് അവനറിഞ്ഞു.

അനന്തു ഉറക്കെ വിളിച്ചുകൊണ്ടിരുന്നു ദേവികയെ..... അവളും ഉറക്കെ കരയുന്നുണ്ടായിരുന്നു. വെള്ളത്തിലേക്കെടുത്തുചാടി ആഞ്ഞു തുഴഞ്ഞിട്ടും കുതറാന്‍ ശ്രമിക്കുന്ന ദേവുവിനേയും വലിച്ച് ദൂരേക്ക് ദൂരേക്ക് പൊയ്ക്കൊണ്ടിരുന്നു ജലപിശാച്മുത്തശ്ശി . ആഴങ്ങളിലേക്ക് മുങ്ങി മറഞ്ഞ ദേവുവിനെ തേടി അനന്തു തൂതയുടെ അഗാധങ്ങളില്‍ മുതലയുടെ കൊട്ടാരം തിരഞ്ഞു.


ദേവികയും അനന്തുവിനെ വിളിച്ചു കരഞ്ഞുകൊണ്ടിരുന്നു.ജലപിശാച്മുത്തശ്ശിയുടെ കൈകളില്‍ കിടന്ന് അവള്‍ പിടഞ്ഞു. നീന്തിയിട്ടും നീന്തിയിട്ടും അവളുടെയടുത്തേക്ക് എത്താന്‍കഴിയാത്ത അനന്തുവിനെയോര്‍ത്തവള്‍ക്ക് സങ്കടം തോന്നി. പുഴയുടെ ആഴങ്ങളില്‍ അവള്‍ക്കു വല്ലാതെ ശ്വാസം മുട്ടുന്നുണ്ടായിരുന്നു.


ഇരുളിന്റെ ഞൊറിമടക്കുകളിലെവിടെയോവെച്ച് അനന്തുവിന്റെ കയ്യിലേക്ക് ദേവുവിനെ കൈമാറുമ്പോള്‍ തന്നെ തേടിയെത്താന്‍ മറന്ന ഏതോകൈകളെയോര്‍ത്ത് ജലപിശാച് മുത്തശ്ശിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നോ.................... ദേവുവിനെ കൈകളിലേന്തി മുകളിലേക്കുയരാന്‍ ആ തളര്‍ച്ചയിലും അനന്തു കഴിവതും പ്രയത്നിച്ചുകൊണ്ടിരുന്നു. ജന്മാന്തരങ്ങളുടെ വിഹ്വലതകള്‍ തങ്ങളെ കെട്ടിവരിഞ്ഞ് ആഴങ്ങളിലേക്ക് പിടിച്ചു വലിയ്ക്കുന്ന പോലെ തോന്നി അവന്ന്. എല്ലാം കഴിഞ്ഞു എന്ന തോന്നലിന്നു മുന്നില്‍ ദൂരെനിന്നും കൊച്ചുനക്ഷ്ത്രം പുഞ്ചിരിയോടെ അവര്‍ക്കായി കൈകള്‍ നീട്ടി. ആ പ്രഭാവര്‍ഷത്തിനു മുന്നില്‍ മരണവെപ്രാളത്തോടെ കിതച്ചുകൊണ്ട് അനന്തു ഞെട്ടിയുണര്‍ന്നു.

കുറച്ചുനേരത്തെ സ്ഥലകാല വിഭ്രാന്തിക്കുശേഷം അവന്റെ വിരല്‍ ബെഡ് ലാംമ്പിന്റെ സ്വിച്ചിലമര്‍ന്നു. തന്നിലെ അതെ കിതപ്പും പരിഭ്രാന്തിയും ഞെട്ടിയുണര്‍ന്ന ദേവുവില്‍ കണ്ടപ്പോള്‍ അനന്തുവിന്ന് അത്ഭുതം തോന്നിയില്ല. അവനതു പ്രതിക്ഷിച്ചിരുന്നല്ലൊ. അവനിലേക്കമര്‍ന്ന ദേവുവിന്റെ കൈകള്‍ ഇനിയൊരിക്കലും അയയില്ലെന്നപോലെ അവനുചുറ്റും മുറുകുന്നത് അവനറിഞ്ഞു. അവളുടെ മുടിയിഴയിലൂടെ പതുക്കെ വിരലുകളോടിക്കുമ്പോള്‍ അനന്തുവിനു കേള്‍ക്കാമായിരുന്നു ദൂരെ ഭൗമമണ്ഡലത്തിന്റെ ഏതോകോണില്‍ നിന്നും തങ്ങളുടെയടുത്തേക്ക് പറന്നടുക്കുന്ന ഒരു കുഞ്ഞു നക്ഷത്രത്തിന്റെ ചിറകടിയൊച്ചകള്‍ .

24 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

" നിങ്ങള്‍ക്കതൊരിക്കലും മനസ്സിലാവില്ല..."

K@nn(())raan*خلي ولي പറഞ്ഞു...

സത്യം!
എനിക്കൊന്നും മനസ്സിലായില്ല. ഏതോ ഒരു നോവലിലെ ഇടക്കുള്ള ഒരു ഭാഗം പോലെ തോന്നിപ്പിച്ചു. ആദ്യ പാരഗ്രാഫിലെ ചില വരികള്‍ യോജിക്കാത്ത പോലെ.
എന്താ മാഷേ ഇങ്ങനെയൊക്കെ!

Sidheek Thozhiyoor പറഞ്ഞു...

ഞാന്‍ നാളെ വന്നു മനസ്സിരുത്തി ഒന്ന് വായിച്ചു നോക്കട്ടെ ..മന്സ്സിലാവുമോന്നു നോക്കനമെല്ലോ !

ente lokam പറഞ്ഞു...

കഥ kollaam എങ്കിലും ആശയം പൂര്‍ണമായി സംവദിക്കുന്നതില്‍ വിജയം എന്ന് പറയാന്‍ ആവില്ല...ഒന്ന് കൂടി ചുരുക്കി ഒറ്റ ത്രെഡില്‍ ഒതുക്കി ഇരുന്നെങ്കില്‍ കുറേക്കൂടി വായന സുഖം kittummayirunnu .തുടര്‍ന്നും എഴുതൂ.. ആശംസകള്‍...

മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു...

കുഞ്ഞു നക്ഷത്രം വരട്ടെ .എല്ലാം ശരിയാകും .

അജ്ഞാതന്‍ പറഞ്ഞു...

ആശയമുണ്ട് വിചാരിച്ചപോലെ പ്രതിഫലിച്ചില്ല....

ജന്മസുകൃതം പറഞ്ഞു...

വായനയ്ക്കിടയില്‍ എപ്പോഴോ ജല പിശാചു മുത്തശ്ശി ആവേശിച്ചത് പോലെ തോന്നി....ഒന്നും തിരിയായ്ക...
ഒടുവില്‍ ആത്മസംഘര്‍ഷത്തോടെ ഉണര്‍ന്ന്‍ എണീറ്റു എങ്കിലും ഇടയ്ക്കൊരു മിസ്സിംഗ്‌ ഉണ്ട് എന്ന് പറയാതെ വയ്യാ.
ബാക്കിയൊക്കെ ഓക്കേ.
എഴുതിക്കഴിഞ്ഞതില്‍ ഇനി തൊടില്ലെന്ന വാശി ഇല്ലെങ്കില്‍ ഒന്ന് മനസ്സുവച്ചാല്‍ പൂര്‍ണ്ണത കിട്ടും .ആശംസകള്‍...

the man to walk with പറഞ്ഞു...

മനോഹരമായി കഥ .
ആശംസകള്‍

Echmukutty പറഞ്ഞു...

ഇത്തിരീം കൂടി മുറുക്കാം കഥയെ.

Jishad Cronic പറഞ്ഞു...

:)

പ്രയാണ്‍ പറഞ്ഞു...

K@nnooraan , സിദ്ധീക്ക..,ente lokam ,മേഘമല്‍ഹാര്‍(സുധീര്‍) ,പാലക്കുഴി ,ലീല എം ചന്ദ്രന്‍.., the man to walk with,Echmukutty,Jishad
ഇത്രയും വലിയൊരു കഥ ക്ഷമയോടെ വായിച്ച് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പറയാന്‍ സന്മനസ്സു കാട്ടിയ എല്ലാരോടും സ്നേഹം മാത്രം.

Unknown പറഞ്ഞു...

കഥ കുറച്ചു കൂടി ഒതുക്കി പറയാമായിരുന്നു ....കൊള്ളാം ഒരു പെണ്ണിന്റെ വേവലാതികളെ നന്നായി വരച്ചു

റഷീദ് കോട്ടപ്പാടം പറഞ്ഞു...

മുത്തശ്ശിക്കഥകള്‍ തീര്‍ക്കുന്ന പൊല്ലാപ്പുകള്‍!

Nena Sidheek പറഞ്ഞു...

എനിക്ക് ഒന്നും പിടികിട്ടുന്നില്ല ചേച്ചി..എന്തായാലും വായിച്ചു.

ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

മനോഹരമായിരിക്കുന്നു..
ഒരു'കൊളാഷില്‍' ഉരുത്തിരിയുന്ന അനേകം ചിത്രശ്രേണികള്‍!!
എല്ലാം ചേര്‍ത്തുവയ്ക്കുമ്പോള്‍ തെളിയുന്ന വികാരപൂര്‍ണ്ണമായ ഒരു മനോഹരചിത്രം..
ഇനിയും തുടരുക ഈ ചിത്രരചന..
ആശംസകളോടെ..

ശ്രീനാഥന്‍ പറഞ്ഞു...

പെണ്ണായിപ്പീറന്നതിന്റെ പ്രശ്നങ്ങൾ, മാട്ടിവെയ്ക്കപ്പെട്ട പിറവി, സ്വപ്നത്തിനും ജാഗ്രത്തിനും ഇടയിലൂടെ, കഥ പലയിടത്തും നന്നായി. സത്യത്തിൽ ജലത്തിനടിയിലേക്ക്(പ്രിയങ്കരമല്ലാത്ത ഭൂതത്തിലേക്ക്) വലിച്ചെടുക്കുന്നമുത്തശ്ശി നല്ലൊരു പ്രതീകമാണ്. എങ്കിലും അൽ‌പ്പം ചില ലിങ്കുകൾ, ചില എഡിറ്റിംഗുകൾ - ഇവയുടെ അപര്യാപ്തത കാരണം സമഗ്രത ഉണ്ടായിട്ടില്ല,

yousufpa പറഞ്ഞു...

മനുഷ്യന്റെ അവസ്ഥയും ആകുലതയും പദവിന്യാസത്തിലൂടെ കഥയാട്ടം നടത്തി എന്നതിൽ സംശയം ഇല്യ.എങ്കിലും എവിടെയോ....?

Unknown പറഞ്ഞു...

ഇഷ്ടമായി..

കറുപ്പും
നിറക്കൂട്ടുകളിലെ കനപ്പുകളും

ഏകാന്തതയെ പ്രണയിച്ച്
ഏതോ സ്വപ്നം മനസ്സിലൊളിപ്പിച്ച്

അറിയാത്തതിനെ തിരഞ്ഞ്
നിറവേറ്റാനാവാത്ത മോഹങ്ങളുമായ്..

ശരിയാണ്
"നിങ്ങള്‍ക്കതൊരിക്കലും മനസ്സിലാവില്ല.."

കഥയേയും കഥാപാത്രങ്ങളെയും മനസ്സില്‍ നിറച്ചതിന്ന് നന്ദി.

പ്രയാണ്‍ പറഞ്ഞു...

MyDreams,റഷീദ്‌ കോട്ടപ്പാടം , നേന സിദ്ധീഖ്, ജോയ്‌ പാലക്കല്‍, ശ്രീനാഥന്‍ ,യൂസുഫ്പ ,നിശാസുരഭി പതിവുരീതികള്‍ മടുത്തപ്പോള്‍ വ്യത്യസ്തമായെന്തെങ്കിലും ചെയ്യണമെന്ന തോന്നലാണ് ഇങ്ങിനെയൊരു പരീക്ഷണത്തിനു കാരണം. ജോയ്പാലക്കല്‍ പറഞ്ഞപോലെ കൊച്ചുകൊച്ചു വിഷ്വലുകളെ വെട്ടിയൊതുക്കി വലിയൊരു വിഷ്വലാക്കുകയായിരുന്നു ലക്ഷ്യം. വെട്ടിയൊതുക്കുമ്പോള്‍ വന്ന പാളിച്ചകള്‍ മുഴച്ചുനില്‍ക്കുന്നു എന്നു മനസ്സിലായി. മനസ്സിലാക്കാന്‍ ശ്രമിച്ചതിന്നും സ്നേഹത്തോടെ നിര്‍ദ്ദേശം തന്നതിന്നും വളരെ സന്തോഷമുണ്ട്.

കാപ്പിലാന്‍ പറഞ്ഞു...

Great :)

പ്രയാണ്‍ പറഞ്ഞു...

thanks kaappilaan.

ശാന്ത കാവുമ്പായി പറഞ്ഞു...

കുഞ്ഞു നക്ഷത്രം വരുമ്പോൾ എല്ലാം ശരിയാവും.

നികു കേച്ചേരി പറഞ്ഞു...

ഞാനാദ്യമായാണ്‌ ഇവിടെ,
രണ്ടു മനസ്സുകളുടെ സഞ്ചാരം രേഖപെടുത്തിയപ്പോൾ ലിങ്ക് ചെയ്തെടുക്കാൻ ഒരു ബുദ്ധിമുട്ട്.
ചില സുഹൃത്തുക്കൾ പറഞ്ഞപോലെ എഡിറ്റ്ചെയ്താൽ നന്നാവുമെന്ന് തോന്നുന്നു..

പ്രയാണ്‍ പറഞ്ഞു...

എല്ലാരും പറഞ്ഞപോലെ ചെറിയ ഒരെഡിറ്റിംഗ് നടത്തിയിട്ടുണ്ട്.