ചൂണ്ടുവിരലിലെ പിടി മുറുകിയപ്പോഴാണ് അവള്‍ മയക്കത്തില്‍നിന്നുണര്‍ന്നത്. തുറന്ന കണ്ണിനൊപ്പം തിരിച്ചെത്താതിരുന്ന ബോധം വീണ്ടെടുത്തപ്പോള്‍ താനൊരു യാത്രയുടെ തുടക്കത്തിലാണെന്ന് അവള്‍ക്ക് ഓര്‍മ്മ വന്നു. തന്റെ വിരലുകളെ മുറുകെപിടിച്ചിരുന്ന കയ്യിലേക്ക് അവള്‍ കൗതുകത്തോടെ നോക്കി. ആദ്യമായിട്ടായിരുന്നു അവളുടെ വിരലില്‍ ആരെങ്കിലും ഇത്രയും ആത്മവിശ്വാസത്തോടെ പിടിക്കുന്നത്.
ഇത്രയുംകാലമുള്ള അവളുടെ ഓരോ യാത്രകളിലും അവള്‍ക്കു മുന്നില്‍ ആരുടെയെങ്കിലും ഒരു കൈ നീണ്ടുവരുമായിരുന്നു. അച്ഛന്റെ, അമ്മയുടെ, ചേച്ചിയുടെ, അവസാനം ഒരു നിമിത്തം പോലെ അവന്റെ. നോക്കിനടക്കൂ ....................... ശ്രദ്ധിക്കണേ ................ നിന്നെക്കൊണ്ട് പറ്റില്ലാ ........... എന്നിങ്ങിനെ നീണ്ടുവന്നിരുന്ന വിരലുകളില്‍ തൂങ്ങിമാത്രമെ അവള്‍ക്കു ശീലമുണ്ടായിരുന്നുള്ളു.
ചോരയുടെയും ഫിനോയിലിന്റെയും മണം നിറഞ്ഞ മുറിയില്‍ തലേദിവസം തുടങ്ങിയ വേദനയില്‍നിന്നും മുക്തിയായി ഒരു കുഞ്ഞുകരച്ചില്‍ മുഴങ്ങിയപ്പോഴേക്കും അവള്‍ തളര്‍ന്നു പോയിരുന്നു. ഒന്നു നോക്കാന്‍പോലുമാവാതെ മയക്കത്തിലേക്ക് വഴുതിവീഴുമ്പോള്‍ അവളുടെ മനസ്സ് ശൂന്യമായിരുന്നു. വളരെ വൈകിയെപ്പോഴോ ആണവള്‍ മയക്കമുണര്‍ന്നത്. മുറിഞ്ഞുപോയ പൊക്കിള്‍ക്കൊടി ബന്ധം വിളക്കിചേര്‍ക്കാനെന്നപോലെ തന്റെ വിരലില്‍ മുറുക്കിപിടിച്ച് അരികില്‍കിടന്നിരുന്ന കുഞ്ഞുമുഖം നോക്കിയിരുന്നപ്പോള്‍ എന്തിനെന്നറിയാതെ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഇതുവരെയറിഞ്ഞിട്ടില്ലാത്ത മാതൃത്വത്തിന്റെ നനവ് ഉറഞ്ഞു ചുരത്താന്‍ തുടങ്ങിയപ്പോള്‍ അവളറിഞ്ഞു............ഇതൊരു യാത്രയുടെ തുടക്കമാണ്....ഒരു സുന്ദരമായ യാത്രയുടെ......................
ബുധനാഴ്‌ച, ജൂൺ 23, 2010
യാത്ര.........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ