
സ്വപ്നമാണെന്നറിഞ്ഞിട്ടും മൃതപ്രായത്തില്‍ കിടക്കുമ്പോള്‍ കൊതിച്ചുപോയിട്ടുണ്ട് ആരെങ്കിലുമൊന്ന് വിളിച്ചുണര്‍ത്തിയെങ്കിലെന്ന്.കിടക്കയില്‍ നുരഞ്ഞു പുതയുന്ന ഒമരന്‍ പുഴുക്കള്‍ക്കിടയില്‍ ശരീരമനക്കാതെ എത്രനേരം കിടന്നു വിയര്‍ത്തിരിക്കുന്നു. പിന്നെയെപ്പോഴോ ഇരുളിന്റെ കൈകളിലേക്ക് സ്വയം എറിഞ്ഞുകൊടുത്ത് ആലത്തൂര്‍ ഹനുമാനും അര്ജ്ജുനന് ഫല്ഗുനനും വാരിവലിച്ചുചൊല്ലിത്തീരുമ്പോഴെക്കും നേരം വെളുത്തിട്ടുണ്ടാവും.
പുഴുക്കളെ കാണുന്നതുതന്നെ അറപ്പായിരുന്നു. കാലിന്നടിയിലും തൊലിപ്പുറത്തും ഇക്കിളിപോലെ എന്തൊക്കെയോ..........അതുകൊണ്ടാവണം അവ സ്വപ്നങ്ങളില്‍ പോലും വിടാതെയെത്തി പേടിപ്പിച്ചിരുന്നത്. ഒരിക്കലും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാതെ നാലാം വയസ്സിന്റെ ആദ്യ സ്വപ്നത്തില്‍ നിറയെ പാമ്പുകളായിരുന്നു.തറവാട്ടില്‍നിന്നുമുള്ള വഴിയില്‍ കാലുകുത്താന്‍ സ്ഥലമില്ലാതെ നിറയെ ചെറുതും വലുതുമായി പാമ്പുകള്‍. ഇതൊന്നുമറിയാതെ മുന്നില്‍ നടന്നു നീങ്ങുന്ന അച്ഛനുമമ്മയും. തൊണ്ടയില്‍ കുരുങ്ങിയ കരച്ചിലിന്റെ വെപ്രാളവുമായി ഉണര്‍ന്നപ്പോള്‍ അടുത്ത് ശാന്തമായി ഉറങ്ങുന്ന അമ്മ. അമ്മയുടെ മാറില്‍ മുഖം പൂഴ്ത്തിയതിന്റെ സുരക്ഷിതത്വം ഇന്നും മനസ്സില്‍ മായാതെ.
രാവിലെത്തുടങ്ങിയ മഴ സന്ധ്യയായപ്പോഴേക്കും കുറഞ്ഞിരുന്നു. മുറ്റത്തെ മഴത്തണുപ്പ് കാലടികളെ എന്തൊക്കെയൊ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ഗേറ്റിനു പുറത്ത് മഴവെള്ളത്തില്‍ കളിക്കുന്ന കുട്ടികളുടെ ബഹളം. മൊസാന്തകള്‍ക്കിടയില്‍ ചാമ്പമരം നിറയെ പഴുത്തുതുടുത്ത ചാമ്പക്കകള്‍. പൊട്ടിക്കാനായി അടുത്തെത്തിയപ്പോഴാണ് ആ കാഴ്ചകണ്ട് അനങ്ങാന്‍ പറ്റാതെ നിന്നുപോയത്. സ്വപ്നങ്ങളില്‍ വന്നു ഭയപ്പെടുത്തിയിരുന്ന വെളുത്തരോമവും ചുകന്ന കണ്ണുകളുമുള്ള ഒമരന്‍ പുഴുക്കള്‍ വരിവരിയായി ആയിരവും പതിനായിരവുമായി മൊസാന്തമരത്തിലേക്ക് കയറിക്കൊണ്ടിരിക്കുന്നു. താഴെ എവിടെയോ വെള്ളം കയറിയതിനാല്‍ ഉയരങ്ങളിലേക്ക് കുടിയേറിയതായിരിക്കണം. മരത്തിന്റെ കൊമ്പുകള്‍ വെല്‍വെറ്റുപോലെ രോമാവൃതം.
അമ്മേയെന്നു ഞാന്‍ വിളിച്ചിട്ടായിരിക്കണം അമ്മ ഓടിവന്നത്. അച്ഛനു വളരെ പ്രിയപ്പെട്ടതായിരുന്നു ആ മൊസാന്തമരം 'നീയാ മരുന്നെടുത്തൊന്നടിക്ക്' മൂക്കത്തു വിരല്‍ വെച്ച് അമ്മ പറഞ്ഞു. നിലത്തു വീണുകിടന്നുപിടയുന്ന പുഴുക്കളുടെ ഓര്‍മ്മതന്നെ എനിക്കു ധാരാളമായിരുന്നു. ഞാന്‍ പതുക്കെ അവിടെനിന്നും സ്ഥലം വിട്ടു. കുറച്ചുനേരം കൊണ്ട് മരണം ഗന്ധമായി ചുറ്റിലും പരന്നു.എല്ലായിടത്തും രോമം കരിഞ്ഞ മണം മാത്രം. അച്ഛന്റെ മൊസാന്തമരം അമ്മയ്ക്കും അത്രക്കുതന്നെ പ്രിയപ്പെട്ടതായിരുന്നിരിക്കണം.
കൈവിട്ടുപോയ മാസികകളെല്ലാം സംഘടിപ്പിച്ച് രാത്രിപകലാക്കുന്ന ശിലം നാട്ടിലെത്തിയാല്‍ പതിവാണ്. അന്നാണെങ്കില്‍ മനസ്സ് അപ്പോഴും വല്ലതെയിരുന്നു.നിര്‍ത്താതെയടിച്ച കാളിങ്ങ്ബെല്ലിന്റെ ശബ്ദം കേട്ടപ്പോഴാണ് സമയം നോക്കിയത്. രാത്രി പന്ത്രണ്ടുമണി.......... മാസിക വലിച്ചെറിഞ്ഞ് കോണി ഓടിയിറങ്ങിയെത്തിയപ്പോഴേക്കും അച്ഛന് ഉമ്മറവാതില്‍ തുറന്നിരുന്നു. തറവാട്ടിലെ വല്യേട്ടന്റെ ഇടറിവീണ വാക്കുകളില്‍ പതുങ്ങിനിന്നിരുന്ന മരണഗന്ധം പൂര്‍ണ്ണരൂപം പ്രാപിച്ച് കറുത്തിരുണ്ട് പുകയായി ശ്വാസം മുട്ടിച്ചു. കണ്ണുകളില്‍ എരിവായിപടര്‍ന്നുകയറി.
ഏട്ടന്റെ ബലികര്‍മ്മങ്ങള്‍ക്കായി ചേച്ചിയെ കുളത്തില്‍ മുക്കി തിരിച്ചുകൊണ്ടുവരുമ്പോഴും നല്ല മഴയായിരുന്നു. നിര്‍ത്താതെ ചിണുങ്ങിക്കരയുന്ന ജൂണിലെ മഴ. പടവുകള്‍ കയറി മുകളിലെത്തിയപ്പോള്‍ കാലുകളിലൂടെ അതേതരിപ്പ് നെടുന്തലവരെ കയറിപടര്‍ന്നു. നാലുമണിക്കൂര്‍ ദൂരം താണ്ടി വന്ന് വെളുത്തരോമം നിറഞ്ഞ ശരീരവും ചുവന്നുതുടുത്തകണ്ണുകളുമായി അവസാനത്തെ കല്പടവില് കാത്തിരിക്കുന്നുണ്ടായിരുന്നു........ ഒരു ഒമരന്‍ പുഴു..........ഒറ്റക്ക്.
3 അഭിപ്രായങ്ങൾ:
പാവം പുഴുവെന്തു പിഴച്ചു എന്ന് ചോദിച്ചാല്‍ അബദ്ധമാവുമോ?
:)
manassine thottu post
മ്..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ