"ഇങ്ങിനെ കൊതിച്ചിയാവാന്‍ പാടില്ല.........കഴിഞ്ഞ തവണ പേളിന്റെ ഇയറിങ്ങായിരുന്നു... ഇത്തവണ ഞാന്‍ വളരെ ഇഷ്ടപ്പെട്ടിരുന്ന ക്രിസ്റ്റലിന്റെ ഇയറിങ്ങ്....."എന്റെ സ്നേഹത്തോടെയുള്ള ശകാരം നീണ്ടുപോയപ്പോള്‍ ക്യാപ്റ്റന്‍ പറഞ്ഞു....
"മാഡം ആപ്പ്ക്കാ ഇയറിങ്ങ് ലിയാഹെ...ഹമാരാ പൂഛോ......ക്യാ നഹീ ലിയാഹെ ഗംഗാമാനെ.....!"
പതിമൂന്നു വയസ്സായ അപ്പുവിനെചൂണ്ടി അയാള്‍ തുടര്‍ന്നു "ഇവന്റെ പ്രായത്തില്‍ ഗൈഡായതാണു ഞാന്‍...എന്തെല്ലാം കണ്ടിരിക്കുന്നു........"
കഴിഞ്ഞ രണ്ടു തവണയും ബ്രഹ്മപുരിയില്‍ നിന്നാണ് റാഫ്റ്റിങ്ങ് തുടങ്ങിയിരുന്നത്.ഒന്‍പതു കിലോമീറ്ററില്‍ രണ്ടുമൂന്നു ചെറിയ റാപ്പിഡുകളായിരുന്നു ഇതിലടങ്ങിയത്.ആദ്യത്തെത്തവണ ആദ്യമായാണെന്ന ഭയവും രണ്ടാമത്തെ തവണ കൂടെയുണ്ടായിരുന്ന ചേച്ചി സാരിയാണുടുത്തതെന്ന കാരണവുമാണ് ബ്രഹ്മപുരി തിരഞ്ഞെടുക്കാന്‍ കാരണം. രണ്ടുതവണയും വളരെ രസകരമായി റാഫ്റ്റിങ്ങ് അവസാനിച്ചതിനാലാവണം അടുത്തത് കുറച്ചുകൂടി അഡ്വഞ്ചറസ് ആകണമെന്ന മോഹത്തിനു കാരണം.
ഗംഗയില്‍ ആറു ഗ്രേഡുകള്‍ വരെയാണത്രെ റാപ്പിഡുകള്‍ ഉള്ളത്.ഒരേനിരപ്പില്‍ ശാന്തമായിഒഴുകുന്ന പുഴ ഇടക്കു വരുന്ന പാറക്കൂട്ടങ്ങള്‍ങ്ങളില്‍ ഇടുങ്ങുന്നതു കൊണ്ടോ വെള്ളത്തിന്റെ അളവു കൂടുന്നതുകൊണ്ടോ ശക്തമായി കുത്തിയൊലിക്കുമ്പോള്‍ ഉണ്ടാകുന്ന അസ്ഥിരമായ ഒരു അവസ്ഥാവിശേഷമാണ് റാപ്പിഡ്. ഒരു കടലിലെ കോളിളക്കത്തില്‍കൂടി യാത്ര ചെയ്യുന്ന അനുഭവമായിരിക്കും വലിയ റാപ്പിഡുകളില്‍.
ഇത്തവണ പതിനാറു കിലോമീറ്റര്‍ ദൂരെ ശിവപുരിയില്‍ നിന്നാണ് റാഫ്റ്റിങ്ങ് തുടങ്ങാനുദ്ദേശിച്ചത്.
ഈ യാത്രയില്‍ നാലിനും അഞ്ചിനും ഇടയില്‍ കിടക്കുന്ന റാപ്പിഡുകളുണ്ടത്രെ.ആറാമത്തെ ഗ്രേഡിലുള്ള റാപ്പിഡ് ഇതിലുംമുകളില്‍നിന്നുള്ള 36.k.m സ്ട്രെച്ചില്‍ കിടക്കുന്നു.അതിനെ സൂയിസൈഡല്‍ എന്നായിരുന്നു ക്യാപ്റ്റന്‍ വിശേഷിപ്പിച്ചത്.സാധാരണ പ്രൊഫഷണല്‍ റാഫ്റ്റേഴ്സ് മാത്രമെ അതിനു ധൈര്യപ്പെടാറുള്ളു.പ്രത്യേകിച്ച് നല്ല മഴയായിരുന്ന കാരണം
വെള്ളത്തിന്റെ ലെവല്‍ വല്ലാതെ കയറിയിരുന്നു.ശിവപുരിയിലേക്കുള്ള വഴിയില്‍ ഇടക്കിടക്ക് വണ്ടി നിര്‍ത്തി അവര്‍ വെള്ളത്തിന്റെ ലെവല്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു.അവര്‍ തമ്മില്‍ നടത്തുന്ന സംഭാഷണങ്ങളില്‍ കണ്ട ഭയം ആദ്യമായി റാഫ്റ്റിങ്ങിനൊരുങ്ങുന്ന ബെന്നിയുടെയും അമൃതയുടെയും അപ്പുവിന്റെയും ധൈര്യം ചോര്‍ത്തിക്കൊണ്ടിരുന്നു.
ശിവപുരിയില്‍ എത്തിയപ്പോള്‍ റാഫ്റ്റ് താഴെയിറക്കി കാറ്റു നിറക്കാന്‍ തുടങ്ങി.ഞങ്ങള്‍ ഗംഗയുടെ ഭംഗിയാസ്വദിക്കാനും.ഇത്രയും ഭീകരയായി ഗംഗയെ ആദ്യമായി കാണുകയായിരുന്നു.അതുവരെ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊണ്ടിരുന്ന എന്റെ ധൈര്യം ചെറുതായി കുറയുന്നതായി എനിക്കനുഭവപ്പെട്ടു.
മറ്റൊരു റാഫ്റ്റ് പോലും എവിടെയും കാണാനുണ്ടായിരുന്നില്ല.സാധാരണ ഗംഗയുടെ കരയില്‍ ധാരാളമായി കാണാറുള്ള റ്റെന്റുകളും അപ്രത്യക്ഷമായിരിക്കുന്നു.കുറച്ചുനല്ല സ്നാപ്സ് എടുത്തുകഴിഞ്ഞപ്പോഴേക്ക് റാഫ്റ്റ് റെഡിയായി. ലൈഫ്ജാക്കറ്റ് , ക്രാഷ്ഹെല്‍മെറ്റ് തുടങ്ങിയ അലങ്കാരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഓരോ തുഴയും തന്നു.
കരയിലിരുന്ന റാഫ്റ്റ് ഞങ്ങള്‍ എല്ലാവരും ചേര്‍ന്നു ഐലസാ പാടിക്കൊണ്ട് പൊക്കി വെള്ളത്തിലിറക്കി.എല്ലാവരും കയറിയിരുന്നപ്പോള്‍ ക്യാപ്റ്റന്റെ വക പാഡ് ലിങ്ങിനെപ്പറ്റി ഒരു ക്ലാസ്സുതന്നെയെടുത്തു.യാത്ര തുടങ്ങുന്നതിന്നു മുന്‍പ് മൊബൈല്‍ ഫോണ്‍ ക്യാമറ തുടങ്ങി നനയാന്‍ പാടില്ലാത്തവയെല്ലാം വാട്ടര്‍പ്രൂഫ്കവറിലിട്ട് നദിയില്‍ വീഴാതിരിക്കാന്‍ ഭദ്രമാക്കി. ഭയം എല്ലാവരുടെയും മുഖത്തുനിന്നു തൊട്ടെടുക്കാമായിരുന്നു.ക്യാപ്റ്റനെ കൂടാതെ വേറെ രണ്ടുപേരും ഉണ്ടായിരുന്നു.അതിലൊരാള്‍ വെള്ളത്തിന്റെ ഗതി നിരീക്ഷിക്കാനും ആരെങ്കിലും വെള്ളത്തില്‍ വീണാല്‍ രക്ഷിക്കാനുമായി ഒരു കെയാക്കില്‍മുന്നില്‍ പോയിക്കൊണ്ടിരുന്നു.
ആദ്യത്തെ ഒന്നു രണ്ടു ചെറിയ റാപ്പിഡുകള്‍ കഴിഞ്ഞപ്പോള്‍ ഇത്രയെ ഉള്ളോ എന്ന ഭാവമായിരുന്നു എല്ലാവര്‍ക്കും.തുഴയാന്‍ പറയുമ്പോള്‍ മലയാളിയുടെ സ്വഭാവം തനിയെ പുറത്തുവന്നതിനാല്‍ കുട്ടാനാടന്‍പുഞ്ച പാടി ഞങ്ങള്‍ ഭയത്തെ ധൈര്യമാക്കി മാറ്റിക്കൊണ്ടിരുന്നു.പെട്ടന്നാണ് മുന്നില്‍ പുഴയുടെ ഭാവം മാറിയത്.കുത്തിയൊലിക്കുന്ന വെള്ളം ശക്തിയായി മുകളിലേക്കും താഴേക്കും
ഓളമിട്ടുകൊണ്ടിരുന്നു. എനിക്ക് പേടിയാകുന്നു എന്നുറക്കെ പറഞ്ഞുപോയപ്പോള്‍ ക്യാപ്റ്റന്റെ ചീത്ത നല്ലപോലെ കിട്ടി. നിങ്ങളിലൊരാളുടെ ഭയം മതി എല്ലാവരേയും അപകടപ്പെടുത്താന്‍ എന്ന വാണിംങില്‍ എല്ലാവരും ധൈര്യം നടിച്ചിരുന്നു. നാലിനും അഞ്ചിനുമിടക്കുള്ള റാപ്പിഡിലേക്കൊഴുകിയിറങ്ങിയ റാഫ്റ്റ് പെട്ടന്ന് ശക്തമായഓളങ്ങളില്‍ പെട്ട് മുകളിലേക്ക് പൊന്താനും താഴെവീഴാനും ആടിയുലയാനും തുടങ്ങി. ക്യാപ്റ്റന്‍ എന്തൊക്കെയോ നിര്‍ദ്ദേശങ്ങള്‍ തരുന്നുണ്ടായിരുന്നെങ്കിലും ഭയന്നുള്ള ഞങ്ങളുടെ കൂക്കിവിളിക്കിടയില്‍ പലതും മുങ്ങി പോയിരുന്നു. ആ ഒരു മിനുട്ടുനേരം സത്യത്തില്‍ വല്ലാത്തൊരനുഭവം ആയിരുന്നു.ഞങ്ങള്‍ റാഫ്റ്റില്‍ നിന്നും തെറിച്ചു പോകുമെന്നു തോന്നി.ഒന്നു ശാന്തമായപ്പോള്‍ ക്യാപ്റ്റനടക്കം എല്ലാവര്‍ക്കും കാര്യമായതെന്തോ സാധിച്ചെടുത്ത ഭാവമായിരുന്നു.
അടുത്തതും അതുപോലെ തന്നെയുള്ള ഒരു റാപ്പിഡായിരുന്നു.ഇത്തവണ ഗംഗയോടുകളിക്കാന്‍ ഞങ്ങളും തെയ്യാറായിരുന്നതിനാല്‍ ഭയന്നിട്ടാണെങ്കിലും ആ റാപ്പിഡ് വളരെയധികം ആസ്വദിച്ചു."ഗംഗമിയ്യാ ഹംസെ ഖേല്‍നേക്കി മൂഡ്മേം ഹേ..."ക്യാപ്റ്റനും വളരെ റിലാക്സ്ഡായിരുന്നു.
രണ്ടാമത്തെ പോയിന്റായ ബ്രഹ്മപുരി കഴിഞ്ഞപ്പോള്‍ അത്യാവശ്യം ശാന്തമായ ഒരു സ്ഥലത്ത് ബോഡിസര്‍ഫിങ്ങിനായി എല്ലാവരും വെള്ളത്തിലേക്ക് എടുത്തുചാടി.മഞ്ഞിന്റെ തണുപ്പുള്ള വെള്ളത്തില്‍ അതുവരെ തുഴഞ്ഞതിന്റെ ക്ഷീണമെല്ലാം അലിഞ്ഞുപോയി.വീണ്ടും തുടങ്ങിയ യാത്ര ക്ലിഫ് ജംമ്പിങ്ങിനായി കരക്കടുത്തു. എകദേശം 25 അടി ഉയരത്തില്‍ പാറയുടെ മുകളില്‍ നിന്നും വെള്ളത്തിലേക്ക് ചാടണം .ബെന്നിയും അപ്പുവും കയറിപോയെങ്കിലും ബെന്നിക്ക് മുകളിലെത്തിയപ്പോള്‍ ജീവിതം ഗംഗയിലൂടൊഴുകി പോകുന്നതായി തോന്നിയതിനാല്‍ ചാടാതെ തിരിച്ചു പോന്നു. അപ്പു കുട്ടികളുടെ പൊട്ട ധൈര്യത്തില്‍ ഏറ്റവും മുകളില്‍നിന്നല്ലെങ്കിലും ചാടി മാനം കാത്തു.
തുടര്‍ന്ന യാത്ര ചെറിയ രണ്ടുമൂന്ന് റാപ്പിഡുകളിലൂടെ കടന്നുപോയപ്പോള്‍ വലിയ ത്രില്ലൊന്നും തോന്നിയില്ല. ഈ റാപ്പിഡുകള്‍മാത്രമാണ് ബ്രഹ്മപുരിയില്‍ നിന്നുള്ള റാഫ്റ്റിംങില്‍ ലഭിക്കുന്നത്.അവസാനം തിരിച്ചിറങ്ങാറായപ്പോള്‍ ക്യാപ്റ്റന്‍ പറയുകയായിരുന്നു കാലാവസ്ഥയും വെള്ളത്തിന്റെ ഉയര്‍ന്ന ലെവലും കാരണം ഒരാള്‍ പോലും റാഫ്റ്റിങ്ങിന് ഇറങ്ങിയിട്ടില്ലത്രെ ആ ദിവസം. ഞങ്ങള്‍ മാത്രമായിരുന്നു ആ ദിവസം ആകെ ശിവപുരിയില്‍ നിന്ന് റാഫ്റ്റിങ്ങിന് പോയത്.
8 അഭിപ്രായങ്ങൾ:
ഗംഗയിലൂടൊരു യാത്ര.........
നിങ്ങളെ സമ്മതിക്കണം.എനിക്കു വായിച്ചിട്ടു തന്നെ പേടിയാവുന്നു (അല്ലെങ്കിലും എനിക്കിത്തിരി പേടി കൂടുതലാ..)
എനിക്കു പേടിയൊന്നും ഇല്ല. മക്കളേയും ഭര്‍ത്താവിനേയും കൂട്ടാതെ ഒറ്റക്ക് പോണം എനിക്ക് റാഫ്റ്റിങ്ങിന്... തരപ്പെടുമോ?
എഴുത്തുകാരി പേടിയൊക്കെ ആദ്യം മാത്രം........
കാപ്പിലാന്‍ നന്ദി
ഗീത ചേരുന്നോ...ഞങ്ങള്‍ ഒരു all women rafting group plan ചെയ്യുന്നുണ്ട്.
കൊള്ളാമല്ലോ സംഭവം...
ഹോ..സമ്മതിക്കണം ചേച്ചീ.എന്താ ഒരു ധൈര്യം..:)
ധീര ബ്ലോഗര്‍ ആണോ പ്രയാനേ
റോസ്,ആചാര്യന്‍ രണ്ടുപേരും വഴിതെറ്റിവന്നതൊന്നുമല്ലല്ലൊ.....? ഇതിനത്ര ധൈര്യമൊന്നും ആവശ്യമില്ല.....ഈ കാണുന്നധൈര്യമൊക്കെത്തന്നെയെ ഉള്ളു.
മാറുന്ന മലയാളി, കൊട്ടോട്ടിക്കാരന്‍ നന്ദി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ