ബുധനാഴ്‌ച, സെപ്റ്റംബർ 09, 2009

സുഡോക്കു........


അക്കങ്ങളെ നേര്‍രേഖയിലാക്കുന്ന
കളി കളിച്ചപ്പോഴാണറിഞ്ഞത്
ഓരോ അക്കത്തിനും കള്ളികള്‍ക്കും
അതിന്റേതായ സ്വകാര്യതയുണ്ട്....!
തലങ്ങനെയും വിലങ്ങനെയും
നീണ്ടുപോകുന്ന നേര്‍രേഖകളില്‍
ഒരെണ്ണം അസ്ഥാനത്തായാല്‍
ഒന്നാകെ അഴിച്ചുപണിയണം......!
ചില അക്കങ്ങള്‍ അവസ്ഥിതമായപ്പോള്‍
സ്വയം ചിലത് സമചതുരങ്ങളിലൊതുങ്ങി.
കൂട്ടാനും കിഴിക്കാനും നില്‍ക്കാതെ
സമവാക്യങ്ങളില്‍ മയങ്ങിവീഴാതെ
മറ്റുള്ളവരുടെ ഹരണഗുണനങ്ങളില്‍
ഒരു പങ്കുപറ്റാന്‍ മത്സരിക്കാതെ
തനതു ശാഠ്യത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍‍
ഭ്രാന്തമൗനം കലഹിച്ച കടല്‍ച്ചൊരുക്കില്‍
ഏകതാനമായ ക്ഷേത്രഗണിതം പോലെ....

6 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

ഓരോ അക്കത്തിനും കള്ളികള്‍ക്കും
അതിന്റേതായ സ്വകാര്യതയുണ്ട്....!

വരവൂരാൻ പറഞ്ഞു...

കൂട്ടാനും കിഴിക്കാനും നില്‍ക്കാതെ
സമവാക്യങ്ങളില്‍ മയങ്ങിവീഴാതെ
മറ്റുള്ളവരുടെ ഹരണഗുണനങ്ങളില്‍
ഒരു പങ്കുപറ്റാന്‍ മത്സരിക്കാതെ...

അക്കങ്ങളെ കൊണ്ട്‌ മനോഹരമായ്‌ കളിച്ചിരിക്കുന്നു...

നല്ല കവിത

കണ്ണനുണ്ണി പറഞ്ഞു...

അക്കങ്ങള്‍ക്കും ശീലങ്ങള്‍..
നല്ല ഭാവന..

ശ്രീ പറഞ്ഞു...

നന്നായിട്ടുണ്ട് :)

the man to walk with പറഞ്ഞു...

sudoku ishtaayi

കാപ്പിലാന്‍ പറഞ്ഞു...

അതെ അതെ . ഇനി എല്ലാം ഒന്ന് അഴിച്ചു പണിയണം . ചില കള്ള നാണയങ്ങളെ കണ്ടറിഞ്ഞു . ഇനി ആദ്യം മുതല്‍ കളി തുടങ്ങണം .സുഡോക്കൂ