വെള്ളിയാഴ്‌ച, ജൂലൈ 31, 2009

അച്ഛന്‍...


വ്വെളിച്ചം നിറഞ്ഞ
പൂമുഖത്തുനിന്ന്
അടുക്കളയുടെ
ഇരുട്ടിലേക്ക്
കടക്കുമ്പോഴാണ്
ഇടനാഴിയില്‍
ഒളിച്ചിരുന്ന
പൂച്ചക്കണ്ണുകള്‍
ഭയപ്പെടുത്തിയത്....
അച്ഛന്റെ മടിയില്‍
വിറച്ചിരിക്കുമ്പോള്‍
തലോടലിന്റെ ഭാഷ
തന്ന തിരിച്ചറിവില്‍
മറഞ്ഞിരുന്ന് പേടിപ്പിച്ച
ഇരുട്ടിലെ പ്രേതങ്ങള്‍
തിരിച്ചു വരാത്തപോല്‍
തിരിഞ്ഞു നടന്നു.
ഇന്ന് ഇടക്കറിയാതെ
തിരഞ്ഞുപോകുന്നു....
നാട്ടുവഴികളില്‍
വീട്ടിലെയിരുട്ടില്‍
ചാരുകസേരയില്‍
കവിയരങ്ങുകളില്‍
ഒരു പ്രേതമായെങ്കിലും
അച്ഛന്റെ നിഴല്‍......

ദൈവം

കുഞ്ഞുന്നാളില്‍
ദൈവത്തെപ്പറ്റി
ചോദിച്ചപ്പോള്‍
അച്ഛന്‍ പറഞ്ഞു,
അമ്മയോടു ചോദിക്കു
കൈക്കൂലി കൊടുത്ത്
കാര്യം സാധിക്കുന്നത്
അമ്മയാണല്ലൊ.....
വേറൊരിക്കല്‍
നിന്റെ വിരല്‍ത്തുമ്പില്‍
എന്ന് ചിരിച്ചു.
ഞാന്‍ വരച്ച
ഉണ്ണിക്കണ്ണന്‍
നിലവിളക്കിനു മുന്നില്‍
അമ്മയുടെ പൂജാമുറിയില്‍
ഓടക്കുഴലൂതുന്നുണ്ടായിരുന്നു.





13 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

അച്ഛന്‍...

ചാണക്യന്‍ പറഞ്ഞു...

കവിത കുഞ്ഞുങ്ങളെ ഇഷ്ടായി....

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

പ്രയാണ്‍,
ഇന്ന് എന്തോ ഞാനെന്റെ അച്ഛനെ സ്വപ്നം കണ്ടു, ഉച്ചയുറക്കത്തില്‍, അതിനാല്‍ തന്നെ അച്ഛനെന്ന പദം വല്ലാതെ കൊളുത്തിവലിക്കുന്നു.

ഡോക്ടര്‍ പറഞ്ഞു...

നല്ല കവിത... nice

കണ്ണനുണ്ണി പറഞ്ഞു...

അച്ഛനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു എന്ന് തോന്നുന്നു..
വരികളില്‍ അതിന്റെ വേദനയും വിങ്ങലും

പ്രയാണ്‍ പറഞ്ഞു...

ചാണക്യന്‍ വളരെ സന്തോഷ്മുണ്ട് ഇവിടെ കണ്ടതില്‍....
അനില്‍ ഇന്ന്ലെ "വാക്കി"ല്‍ അച്ഛനെ പരിചയമുള്ളവരുമായി ചാറ്റ് ചെയ്ത് പിന്നെ വല്ലാതെ വിഷമമായി. അങ്ങിനെ എഴുതിയതാണ്. ആദ്യമായല്ലെ ഈവഴി നന്ദി.
ഡോക്ടര്‍ സ്വാഗതം ....വീണ്ടും കാണുമല്ലൊ.....
കണ്ണനുണ്ണി അതെന്നും അങ്ങിനെത്തന്നെ ഉണ്ടാവും....

വരവൂരാൻ പറഞ്ഞു...

അച്ഛന്റെ മടിയില്‍
വിറച്ചിരിക്കുമ്പോള്‍
തലോടലിന്റെ ഭാഷ
തന്ന തിരിച്ചറിവില്‍
മറഞ്ഞിരുന്ന് പേടിപ്പിച്ച
ഇരുട്ടിലെ പ്രേതങ്ങള്‍
തിരിച്ചു വരാത്തപോല്‍
തിരിഞ്ഞു നടന്നു.
എന്നും ആ തലോടൽ .... ആ സാന്ത്വനം.. മനസ്സിൽ മായാതെയുണ്ടാവട്ടെ..

ദൈവത്തെപ്പറ്റി
ചോദിച്ചപ്പോള്‍

അമ്മയോടു ചോദിക്കു
കൈക്കൂലി കൊടുത്ത്
കാര്യം സാധിക്കുന്നത്
അമ്മയാണല്ലൊ

നല്ല ഉത്തരം എനിക്കും അങ്ങിനെ തോന്നിയിട്ടുണ്ട്‌.

പാവത്താൻ പറഞ്ഞു...

"സൂര്യനായ്‌ തഴുകിയുറക്കമുണർത്തുമെന്നഛനെയാണെനിക്കിഷ്ടം"
വികാര തീവ്രമായ കവിത...ആശംസകൾ.

Typist | എഴുത്തുകാരി പറഞ്ഞു...

ഗീതാഗീതികളില്‍ ഓര്‍മ്മയിലെ അമ്മയെ കണ്ടുവന്നേയുള്ളൂ, അപ്പോഴിവിടെ ഇതാ ഓര്‍മ്മയിലെ അഛന്‍. എന്നും മനസ്സിലുള്ളതു അവരൊക്കെതന്നെ.

പ്രയാണ്‍ പറഞ്ഞു...

ഞാനുമത് വിശ്വസിക്കുന്നു വരവൂരാന്‍
പാവത്താന്‍ അച്ഛനെയും അമ്മയെയും എനിക്കിഷ്ടമാണ്....തൂക്കിനോക്കിയാല്‍ അച്ഛന്റെതട്ട് ചെറുതായിതാഴുമോയെന്നു പേടിച്ച് നോക്കിയിട്ടില്ല.
ശരിയാണ് എഴുത്തുകാരി....ശരിക്കുള്ള വിലയറിയാന്‍ അവര്‍ മുന്നില്‍നിന്ന് മറയണം....

ഗീത പറഞ്ഞു...

പ്രയാണ്‍ ഭാഗ്യവതിയാണ്. അച്ഛന്റെ മടിയില്‍ ഒന്നിരിക്കാനോ ആ സ്നേഹമൊന്നനുഭവിക്കാനോ ഭാഗ്യമില്ലായിരുന്നു എനിക്ക്. കുഞ്ഞുക്ലാസ്സുകളില്‍ കൂട്ടുകാരികള്‍ അച്ഛന്‍ എന്നൊരാളെക്കുറിച്ചു പറയുമ്പോള്‍ എനിക്കുമാത്രം ഒന്നും പറയാനില്ല.
അമ്മയായിരുന്നു എല്ലാമെനിക്ക്.

കവിതകള്‍ നന്ന്‌ പ്രയാണ്‍. രണ്ടാമത്തേത് ഒന്നും കൂടീ ഇഷ്ടമായി.

കാസിം തങ്ങള്‍ പറഞ്ഞു...

ഓര്‍മ്മകളില്‍ അവര്‍ എന്നുമെന്നും ജീവിക്കട്ടെ.

പ്രയാണ്‍ പറഞ്ഞു...

നന്ദി ഗീത് വന്നതിന്നും മനസ്സു തുറന്നതിന്നും....
കാസിം തങ്ങള്‍ സ്വഗതം....