ഇദ്താന്‍കാവേരി......
ഇത്!
ആമാം. കാവേരി റിവര്‍ കേട്ടിരിക്കീങ്കളാ...?
നിസര്‍ഗധാമയിലേക്ക് നീളുന്ന തൂക്കുപാലനടിയിലൂടെയൊഴുകുന്ന കറുത്ത നിറത്തിലുള്ള അഴുക്കുവെള്ളം. ഇരുകരയിലും ടൂറിസ്റ്റുകളുടെ തിരക്ക്. പുഴയില്‍ തട്ടിയും മുട്ടിയും നിറയെ ബോട്ടുകള്‍ . ഈ ഇത്തിരി വെള്ളത്തിലുള്ള ബോട്ടിങ്ങിനു എന്തുരസമാണോ ആവോ! വരണ്ടുണങ്ങിയ സ്ഥലം ...
വരള്‍ച്ചയില്‍ നനവായ് പടരുന്ന, മുറിവുകളില്‍ തണവായ് പുരളുന്ന, നിനവുകളില്‍ കനവായ് നിറയുന്ന , വൃഷ്ടികളില്‍ വൃദ്ധിയായി പെരുകുന്ന....
" അമ്മ ... അത് നീങ്ക ശൊല്‍വത് വന്ത് അമ്മ കാവേരിയെപ്പറ്റിതാന്‍ ..... ഇത്കുട്ടിക്കാവേരി."
ദാവിണിയണിഞ്ഞ് കനകാമ്പരം ചൂടി നാണം കുണുങ്ങിയൊഴുകുന്ന കറുത്തുമെല്ലിച്ചനാടന്‍ തമിള്‍ പെണ്‍കൊടി....... ഇനിയവള് പെരിശാ പുടവചുറ്റണം ... പെണ്ണാവണം.... മഞ്ഞള്‍ച്ചരടില്‍ കോര്‍ത്ത് താലികെട്ടണം.. മാതൃത്വമറിയണം... നോവുകളില്‍ ചുരത്താന്‍ പഠിക്കണം...... കാലുഷ്യത്തില്‍ കലങ്ങാതെ ഒഴുകാന്‍ പഠിക്കണം.... അങ്ങിനെ വളര്‍ന്ന് വളര്‍ന്ന് അമ്മക്കാവേരിയായി നിറയാന്‍ പഠിക്കണം.
തൃവേണിസംഗമം ......
"ഇത് കാവേരി..."
നാട്ടില്‍ വീടിന്റെ വടക്കുപുറത്തുകൂടിയൊഴുകുന്ന തോടിനെക്കാള്‍ ചെറിയൊരു നീരൊഴുക്ക്.
"ഇതോ!"
"ആമാംമ്മ ..... അന്ത മലയിലേ ഉത്ഭവിച്ച് ഇങ്കൈ ഇന്ത ഇരണ്ടു നദികളുമായി ചേര്‍ന്ന് പെരിസായി ഒഴുകിയിട്ടേയിരിക്കും. "
"ഇങ്കേ കാവേരി ദേവിതാനെ.... സെരിപ്പ് പോട്ടുക്കൂടാത്....."
"കാവേരിയുടെ ഐതിഹ്യം അറിയ്വോ"
ഭാഗമണ്ഡലേശ്വര ക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളില്‍ ഇങ്ങോട്ട് വന്നു പരിചയപ്പെട്ട
"ഇംഗ്ലീഷ് താന്‍ ജാസ്തി തെരിയും. അതിലേ സൊല്ലട്ടുമാ?" ബൈഹാര്‍ട്ട് പഠിച്ചതു ചൊല്ലിക്കേള്‍പ്പിക്കുന്ന ഒരു കുട്ടിയുടെ ഉത്സാഹം പോലെ അദ്ദേഹത്തില്‍ നിന്നും സ്കന്ദപുരാണം ഒഴുകാന്‍ തുടങ്ങി.
വടക്ക് കാര്യങ്ങളെല്ലാം ഭംഗിയായി നടന്നിരുന്ന ഒരുകാലത്ത് തെക്ക് അസുരന്മാര് ശക്തിപ്രാപിച്ച് രാജ്യത്തിന്റെ സന്തുലനം നഷ്ടപ്പെട്ടത്രേ.അതറിഞ്ഞ ദേവേന്ദ്രന് തന്റെ വിശ്വസ്തനായ അഗസ്ത്യമുനിയെ തെക്കോട്ടയക്കുന്നു.
"നല്ലൊരു പൊളിടീഷ്യനായിരുന്നല്ലേ ദേവേന്ദ്രന്" എന്നു പുറത്തുചാടിയ വികട സരസ്വതിയെ പുണ്യഗ്രന്ഥങ്ങളെ കളിയാക്കരുതെന്ന് ശാസിച്ച് വിലക്കുന്നു നമ്പീശന്.
എന്തായാലും തെക്കുദേശത്തെത്തിയ അഗസ്ത്യമുനിക്ക് കവേരമഹര്‍ഷിക്ക് വളരെ കാലത്തെ തപസ്സിനും പ്രാര്‍ത്ഥനക്കും ശേഷം ലഭിച്ച പുത്രിയായ കാവേരിയോട് പ്രണയം ജനിക്കുന്നു. ബ്രഹ്മാംശം ഉള്‍ക്കൊണ്ട കാവേരിക്കാണെങ്കില്‍ തന്റെ ജന്മം ലോകനന്മക്കായി സമര്‍പ്പിക്കാനായിരുന്നത്രെ ഇഷ്ടം. വളരെ പ്രലോഭനങ്ങള്‍ക്ക് ശേഷം തന്നെ ഒരിയ്ക്കലും പിരിഞ്ഞു നില്‍ക്കരുതെന്ന ഉറപ്പില്‍ കാവേരി അഗസ്ത്യമുനിയുടെ ഭാര്യയാവുന്നു. സത്യം പാലിക്കാന്‍ ഒരു കമണ്ഡലുവില്‍ അടച്ചു കാവേരിയെ കൂടെ കൊണ്ടുനടന്ന മുനി ഒരു ദിവസം ശിഷ്യഗണങ്ങളുമായുള്ള സംവാദത്തില്‍ മുഴുകി തിരിച്ചെത്താന്‍ വൈകുന്നു. കാത്തിരുന്ന് മടുത്ത കാവേരി കമണ്ഡലുവില്‍നിന്നും രക്ഷപ്പെട്ടു ഒഴുകാന്‍ തുടങ്ങിയത്രേ. ഇതുകണ്ട് അഗസ്ത്യന് പിടിക്കാന്‍ ചെന്നപ്പോള്‍ ഭൂമിക്കടിയിലേക്ക് ഊര്‍ന്നിറങ്ങി സംഗമത്തിനടുത്ത് വന്ന് പൊന്തിയെന്നാണ് കഥ. ഇതല്ലാതെ വേറെയും ചില കഥകള്‍ കൂടികേട്ടു.
![]() |
ഗൂഗിളില്‍ നിന്നും കട്ടത്. |
ഓരോ തവണ പിടിക്കാനായി അടുത്തെത്തുമ്പോഴും ദിശമാറിയൊഴുകിയ
കാവേരിയുടെ ഓര്‍മ്മക്കാണത്രേ കുടകുസ്ത്രീകള്‍ സാരി പ്രത്യേകരീതിയില്‍ ഉടുക്കുന്നത്. ഒടുവില്‍ തന്നെ ലോകനന്മക്കായി പോകാന്‍ അനുവദിക്കണമെന്നും കൊല്ലത്തിലൊരിക്കല് എല്ലാവരേയും കാണാന്‍ തിരിച്ചെത്തിക്കൊള്ളാമെന്നും പറഞ്ഞ് കാവേരി പുഴയായൊഴുകിയെന്നാണ് നാട്ടുഭാഷ്യം. എല്ലാ വര്‍ഷവും തുലാമാസം ഒന്നിന് തുലാസംക്രമണ വേളയില്‍ കാവേരി സംഗമസ്ഥലത്ത് തിളച്ചുപൊന്തി വരുമത്രേ.
![]() |
ഗൂഗിളില്‍ നിന്നും കട്ടത്.. |
അര്‍ഘ്യം സമര്‍പ്പയാമി.......
ഓം ദ്യൌ ശാന്തി അന്തരീക്ഷ:
ശാന്തി: പൃഥ്വീ
ശാന്തിരാപ:
ശാന്തി: ഔഷധയ:
ശാന്തി: വനസ്പതയ:
ശാന്തി വിശ്വേദേവാ........
ഓം ശാന്തി ...ശാന്തി... ശാന്തി
![]() |
ഗൂഗിളില്‍ നിന്നും കട്ടത്. |
ഒരു ചതുരശ്രയടി കല്ത്തളത്തില് നവജാത ശിശുവായി കൈകാലിട്ടടിച്ച് മലര്‍ന്നുകിടന്നു കരയുന്നു തലക്കാവേരി....
ഒഴുകിനിറയാന്‍ വനികള്‍ സ്വപ്നം കണ്ട് .......മുറിവുകളില്‍ , വരള്‍ച്ചകളില്‍ , കനവുകളില്‍ , നോവുകളില്‍, നാലുചുമരുകള്‍ ഭേദിച്ച് സാന്ത്വനമായി നിറയാന്‍ മോഹിച്ച്
........അന്തരീക്ഷത്തില്‍ പടര്‍ന്ന് നിറയുന്നു ആ കരച്ചില് . കൈകാലിട്ടടിച്ച് ഹൃദയം പൊട്ടുമാറ് ....
എവിടെയോ മാറിടം കനക്കുന്നു.
' DON'T TOUCH THE HOLY WATER'
നെഞ്ചിലൂറിയ പാല് ചോരയായി കണ്ണില്‍ നിറയുന്നു...
"yes mam, this is the origin of Cauvery."
"How can you say that?"
"അപ്പടിത്താന്‍ ശൊല്ലിവെച്ചിരുക്ക്മ്മാ.... ഇങ്കെ ഉത്ഭവിച്ച് ഇന്തമണ്ണിലൂടെ ഇതേ തണ്ണീതാന്‍ കീളേ കാവേരിയില്‍ വന്ത് നിറയത്. "
"ഇന്തമാതിരി സിമന്റ് തൊട്ടിയിലേ ഊറ്റിവച്ചിര്ക്കറ തണ്ണിയാ...... "
"അമ്മാ അപ്പടിയൊന്നും ശൊല്ലിക്കൂടാത്.....നീങ്ക വരണം തുളാസംക്രമദിനം കീളെ കാവേരിയില്‍ ഇന്ത തണ്ണിവന്ത് ഗുളുഗുളാന്നു പൊങ്ങിവരത് കണ്ണാലെ പാക്കണം.... അപ്പൊത്താന്‍ തെരിയും."
മലയിറങ്ങിവരുമ്പോള്‍ കണ്ടു, സന്തോഷം തരുന്ന ഒരു കാഴ്ച്ച.സീമന്റുതൊട്ടിയില്‍ നിന്നു രക്ഷപ്പെട്ട് മലയിറമ്പുകളിലൂടെ പതുങ്ങി ഒലിച്ചിറങ്ങി പിച്ചവെക്കാന്‍ പഠിക്കുന്ന തലക്കാവേരിയിലെ കുഞ്ഞുവെള്ളക്കുഞ്ഞുങ്ങള്‍ .....ചുറ്റിലും നിറഞ്ഞുകാണുന്ന മലകളില്‍നിന്നെല്ലാം ഇതുപോലെ കാവേരിയിലേക്ക് ഒഴുകിയിറങ്ങുന്നുണ്ടാവും ഏതൊക്കെയോ ബന്ധനങ്ങളില്‍ നിന്നും രക്ഷപ്പെട്ടിറങ്ങിയ തലക്കാവേരിക്കുഞ്ഞുങ്ങള്‍ .
ഓം സര്‍വേശാം സ്വസ്തിര് ഭവതു
സര്‍വേശാം ശാന്തിര് ഭവതു
സര്‍വേശാം പൂര്‍ണ്ണം ഭവതു
സര്‍വേശാം മഗളം ഭവതു
ഓം ശാന്തി ശാന്തി ശാന്തി....
സര്‍വേശാം ശാന്തിര് ഭവതു
സര്‍വേശാം പൂര്‍ണ്ണം ഭവതു
സര്‍വേശാം മഗളം ഭവതു
ഓം ശാന്തി ശാന്തി ശാന്തി....