
മൂന്നാറില്‍ ഏഴുദിവസം എന്നു പറഞ്ഞപ്പോള്‍ എല്ലാവര്ക്കും അത്ഭുതമായിരുനു. ഇത്രക്കൊക്കെ എന്താണ് അവിടെ കാണാനുള്ളത് എന്ന്?
ചിന്നക്കനാലിലുള്ള സ്റ്റെര്‍ലിങ്ങ് റിസോര്‍ട്ടില്‍ ആയിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. രാവിലെ സൈറ്റ്സീയിങ്ങും വൈകുന്നേരം പ്രകൃതിഭംഗിയാസ്വദിച്ചുകൊണ്ടുള്ള നടത്തവും സന്ധ്യകളില്‍ കൂട്ടിനെത്തുന്ന നനുത്ത തണുപ്പും ഒക്കെക്കൂടെ അഞ്ചു ദിവസം പോയതറിഞ്ഞില്ല. ദൂരങ്ങളില്‍ പരന്നു നിറയാന്‍ തുടങ്ങുന്ന മഞ്ഞിലൂടെ ജലച്ചായചിത്രം പോലെ തെളിഞ്ഞിരുന്ന ആനയിറങ്കല്‍ ഡാമും തടാകവും തേയിലക്കാടുകളും ചീവീടുകളുടെ കരച്ചിലും സന്ധ്യയുടെ മണവും മൂന്നാറിന്റെ എസ്സന്‍സ് വൈകുന്നേരങ്ങളിലെ നടത്തങ്ങളില്‍ മുഴുവനായും ഞങ്ങളിലെത്തിച്ചു. ഡെല്‍ഹിയിലെ തിരക്കുനിറഞ്ഞ വൈകുന്നേരങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു അത്.

നാളെക്കഴിഞ്ഞാല്‍ തിരിച്ചുപോകണമെന്ന ചിന്ത വല്ലാതെ വിഷമിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് ഒരിക്കലും മറക്കാന്‍ കഴിയാത്ത അധികം പേര് ആസ്വദിച്ചിരിക്കാനിടയില്ലാത്ത എന്തെങ്കിലുമൊന്ന് കൂടെ കൊണ്ടുപോകണമെന്ന് തോന്നാന്‍ തുടങ്ങിയത്. ഞങ്ങളുടെ സ്ഥിരം സാരഥിയായിരുന്ന ഫ്രാന്‍സിസിനോട് ചോദിച്ചപ്പോള്‍ അയാള്‍ കുറെ സജഷന്‍സ് വെച്ചെങ്കിലും അതൊന്നുമായിരുന്നില്ല ഞങ്ങളുടെ മനസ്സില്‍ .അവസാനം അയാള്‍ പറഞ്ഞു " നമുക്ക് കുലുക്കുമലയില്‍ പോകാം...... നിങ്ങള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ നല്ലൊരു സൂര്യോദയം കാണാം. രാവിലെ നാലേമുക്കാലിന്നു ഞാന്‍ ആളെ അയക്കാം."
രാവിലത്തെ തണുപ്പില്‍ എഴുന്നേല്ക്കാന് കുറച്ചു മടിയുണ്ടായിരുന്നെങ്കിലും പോകാന്‍തന്നെ തീരുമാനിച്ചു. അഞ്ചുമണിക്ക് ജീപ്പ് വന്നു. ഡ്രൈവര്‍ പുതിയൊരാളായിരുന്നു.
ചെറിയ തണുപ്പുണ്ട്. ഡെല്‍ഹിയിലെ കടുത്ത തണുപ്പ് ശീലമായ ഞങ്ങള്‍ക്ക് ഏപ്രിലിലെ മൂന്നാറിലെ തണുപ്പിനോട് വലിയ പേടിയൊന്നും തോന്നാതിരുന്നതിനാല്‍ വേണ്ടത്ര വൂളനൊന്നും കരുതിയിരുന്നില്ല. ജീപ്പ് ഇരുട്ടിനെ തുളച്ചുകൊണ്ട് ഓടാന്‍ തുടങ്ങി .വഴിയിലൊന്നും ആരുമുണ്ടായിരുന്നില്ല. ചിന്നക്കനാലും സൂര്യനെല്ലിയും ഉറങ്ങിക്കിടക്കുന്ന ഒരു ഗ്രാമവും കഴിഞ്ഞ് ഞങ്ങള്‍ ഒരെസ്റ്റേറ്റിന്റെ ഇടുക്കുവഴികളിലൂടെ മലകയറാന്‍ തുടങ്ങി. ഞങ്ങള്‍ രണ്ടുപേരും മാത്രമാണ് എന്നതോന്നലില്‍ ചെറുതായി ഭയം തോന്നാന്‍ തുടങ്ങി. ജീപ്പിന്റെ വെളിച്ചം മാത്രം. ചുറ്റിലും എന്താണെന്ന് ഒരു പിടിയുമുണ്ടായിരുന്നില്ല. വീതികുറഞ്ഞ ഹെയര്‍പിന്‍ വളവുകളില്‍ ജീപ്പ് കടന്നുപോകാന്‍ ബുദ്ധിമുട്ടി. ചെറുതായൊന്നു തെറ്റിയാല്‍ വീഴുന്നത് കൊക്കയിലേക്കാണെന്നത് തിരിച്ചറിയാന്‍ വെളിച്ചമുണ്ടായിരുന്നില്ലല്ലൊ.

കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ചെക്ക്പോസ്റ്റ് വന്നു. ഇരുട്ടില്‍ എവിടെയൊക്കെയോ ആരോക്കെയൊ ഉണ്ടെന്ന തോന്നല്‍ ലേശം സമാധാനം തന്നു. അവിടെ നിന്നും പാസെടുത്തിട്ടു വേണം മുന്നോട്ടുപോകാന്‍. വീണ്ടും അതെ പോലെ കുറേദൂരം കൂടി മുന്നോട്ടുപോയി. ആ മലയുടെ ഒരുഭാഗം തമിഴ്നാടും മറുഭാഗം കേരളവുമാണ്. കാലാവസ്ഥ നന്നെങ്കില്‍ ഒരുഭാഗത്ത് ദൂരെ കൊടൈക്കനാല്‍ കാണാന്‍ പറ്റുമത്രെ. പക്ഷെ ഇരുട്ടും മഞ്ഞും കാരണം ഒന്നും കാണാനുണ്ടായിരുന്നില്ല. കുറേ ദൂരം പിന്നിട്ടപ്പോള്‍ ഒരു തുറന്ന സ്ഥലത്തെത്തിയപോലെതോന്നി. ഞങ്ങളെക്കാള്‍ മുന്നിലെത്തിയ രണ്ടു ജീപ്പുകള്‍ അവിടെ കണ്ടപ്പോഴാണ് ശരിക്കും സമാധാനമായത്. രണ്ട് ചെറിയകുട്ടികളുമായി ഒരു ഉത്തരേന്ത്യന്‍ ഫാമിലിയായിരുന്നു ഒന്നില്‍ എന്നത് അത്ഭുതം തോന്നിച്ചു . മടിപിടിച്ച ഭര്‍ത്താവിനെ ഉറങ്ങാന്‍ വിട്ട് തനിയെ വന്ന ഒരു ബോംബെക്കാരിയായിരുന്നു മറ്റേതില്‍ . അവരെ തലെദിവസം മറ്റൊരു സ്ഥലത്ത് വെച്ച് ഞങ്ങള്‍ പരിചയപ്പെട്ടിരുന്നു.
ജീപ്പില്‍നിന്നും പുറത്തിറങ്ങിയപ്പോള്‍ ശരിക്കും മറ്റൊരുലോകത്തെത്തിയ അനുഭവമായിരുന്നു.

ആകാശവും പുതച്ച് ഭൂമി കൊച്ചുകുട്ടിയെപ്പോലെ എല്ലാം മറന്നുറങ്ങുന്ന കാഴ്ച്ച മറക്കാനാവില്ല. ആകാശയാത്രയിലെന്നപോലെ എങ്ങും വെളുത്ത മേഘങ്ങള്‍ മാത്രം . മണ്ണില്‍ നില്‍ക്കുകയായിരുന്നില്ലെങ്കില്‍ ഒരുപക്ഷെ സംശയം തോന്നുമായിരുന്നു. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം എണ്ണായിരം അടി ഉയരത്തിലാണത്രെ ഞങ്ങള്‍ നില്‍ക്കുന്നത്. അതനുഭവിപ്പിച്ചുകൊണ്ട് തണുത്ത കാറ്റ് ശക്തിയായി ആഞ്ഞടിച്ചുകൊണ്ടിരുന്നു. വെളുത്ത മേഘങ്ങള്‍ക്കും നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തിനുമിടയില് ഇനിയെന്ത് എന്നാലോചിച്ചിരിക്കുമ്പോഴാണ് ആകാശം പതുക്കെ നിറം മാറാന്‍ തുടങ്ങിയത്.

നോക്കിയിരിക്കെ വെളുത്ത പഞ്ഞിപ്പുതപ്പുകള്‍ക്കിടയിലെവിടെയോ ഒരു മല ഉറക്കമുണരുന്നു. പരന്നുകിടന്ന മുടി മാടിയൊതുക്കിക്കെട്ടുന്നു.

വാരിയണിഞ്ഞ ചേലത്തുമ്പ് കാറ്റിന്റെ കുസൃതിയില്‍ ആകാശമാകെ പരന്നു നിറഞ്ഞ് നിറങ്ങളുടെ ഒരു മായക്കാഴ്ച്ചയൊരുക്കുന്നു.

പതുക്കെ ഉയരുന്ന നെറ്റിയില്‍ ചുകപ്പു നിറത്തില്‍ വട്ടമൊത്തൊരു കുംങ്കുമപ്പൊട്ട് . അതില്‍ നിന്നുമുയരുന്ന പ്രകാശത്തില്‍ പ്രപഞ്ചമൊന്നാകെ ഉറക്കമുണരുന്നു.

സ്വര്‍ഗ്ഗ തുല്യമായ കാഴ്ച്ചകള്‍ക്കുമുന്നില്‍ ഞങ്ങള്‍ സ്തബ്ധരായി നിന്നു.
മടങ്ങുമ്പോള്‍ ഡ്രൈവര്‍ പറഞ്ഞുകൊണ്ടിരുന്നു" നിങ്ങള്‍ ഭാഗ്യം ചെയ്തവരാണ്........ മഞ്ഞുകാരണം വരുന്നവര്‍ പലപ്പോഴും ഒന്നും കാണാതെ മടങ്ങിപ്പോകാറാണ് പതിവ്. ഞങ്ങള്‍ക്കുമറിയാമായിരുന്നു. ജീവിതകാലംമുഴുവന്‍ ഓര്‍ത്തുവെക്കനൊരു സൂര്യോദയവും മനസ്സിലേറ്റിക്കൊണ്ടുപോകുമ്പോള്‍ മറ്റെന്തു പറയാനാണ്.